Published on 21.11.2024
മാനവ വികാസത്തിലൂന്നിയ കേരളത്തിന്റെ വികസന അനുഭവം വിഭവ പരിമിതിമൂലം നേരിടുന്ന വെല്ലുവിളികളെ ജനകീയ ചെറുത്തുനിൽപ്പുകളിലൂടെ നേരിടുകയാണ് പോംവഴി എന്നു പ്രശസ്ത സ്വീഡിഷ് സാമൂഹ്യ ശാസ്ത്രജ്ഞനും നോർവെയിലെ ഓസ്ലോ യൂണിവേഴ്സിറ്റിയിലെ എമിറിറ്റസ് പ്രൊഫസറുമായ ഒലെ ടോൺക്വിസ്റ്റ് അഭിപ്രായപ്പെട്ടു. കൂടുതൽ ജനാധിപത്യ ഉള്ളടക്കവും മെച്ചപ്പെട്ട തുല്യതയുമുള്ള സമൂഹമാകാൻ കേരളത്തെ സഹായിച്ചത് ക്ഷേമപ്രവർത്തനങ്ങളും വിദ്യാഭ്യാസം പോലെയുള്ള മനുഷ്യവിഭവശേഷി വികസനത്തിലെ ഉയർന്ന മുതൽമുടക്കും എല്ലാമാണ്. എന്നാൽ സർക്കാരിന്റെ ധനഞെരുക്കം ഇതിനു പ്രതിസന്ധിയുണ്ടാക്കുകയാണ്. ധനഞെരുക്കം ജനാധിപത്യ വികസന, ഭരണ നിർവ്വഹണ വഴികൾക്കു വിഘാതമുണ്ടാക്കുന്ന സ്ഥിതിവിശേഷമാണ് വന്നുചേരുന്നത്. ഈ സ്ഥിതിവിശേഷം മുൻകൂട്ടി കണ്ട ധനശാസ്ത്ര പണ്ഡിതനായിരുന്നു പ്രൊഫ. കെ. കെ. ജോർജ് എന്നും മൂന്നാമത് പ്രൊ. കെ.കെ. ജോർജ് അനുസ്മരണ പ്രഭാഷണത്തിൽ പ്രൊഫ. ഒലെ ടോൺക്വിസ്റ്റ് പറഞ്ഞു.
കൂടുതൽ ഉൽപ്പാദനക്ഷമമായ വിജ്ഞാന മേഖലകളിൽ നടത്തേണ്ട അധികമുതൽമുടക്കിനെ ധനഞെരുക്കം പ്രതിസന്ധിയിലാക്കും എന്ന പ്രൊഫ. ജോർജിന്റെ മുന്നറിയിപ്പ് സാധുവായി മാറിയിരിക്കുന്നു. കേരളത്തിനു അർഹതപ്പെട്ട കേന്ദ്ര ധനവിഹിതത്തിനു വേണ്ടിയുള്ള ശബ്ദത്തോടൊപ്പം കൂടുതൽ ജനപങ്കാളിത്തത്തോടെയുള്ള രാഷ്ട്രീയ സാമ്പത്തിക വഴികൾ തേടിക്കൊണ്ടു മാത്രമേ ഈ പ്രതിസന്ധിയെ മറികടക്കാൻ കഴിയു.
വിവിധ മേഖലകളിൾ സാമ്പത്തികവും ഭരണപരവുമായ പങ്കാളിത്തത്തിൽ ഊന്നുന്ന വികസന സമീപനം ഉണ്ടാകണം. സഹകരണ മേഖലയുടേയും സ്വകാര്യ മേഖലയുടെയും പങ്കാളിത്തം അധിക മൂലധന സമാഹരണത്തിനായി ഉപയോഗപ്പെടുത്തണം. ഈ സ്ഥാപനങ്ങളുടെ ശേഷിയും കാര്യക്ഷമതയും ധനസമാഹരണത്തിനുള്ള ഈടായി മാറണം. കിഫ്ബി തനതായ ഒരു മൂലധന സമാഹരണ വഴിയായിരുന്നെങ്കിലും സർക്കാർ ഈട് സാങ്കേതിക കുരുക്കുകൾക്ക് കാരണമാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഇതു മറികടക്കേണ്ടതുണ്ട്.
പ്രാദേശിക വിഭവ സമാഹരണം, പങ്കാളിത്ത ജനാധിപത്യവും വികേന്ദ്രീകരണവും, സാർവ്വദേശീയ സഹകരണം എന്നിവയിൽ ഊന്നുന്ന ഒരു ബദൽ വികസന വഴിയെക്കുറിച്ചു കൂടി ഗൗരവത്തിൽ ചർച്ച ചെയ്തു കൊണ്ടേ കേരളത്തിൻ്റെ ജനപക്ഷ വികസനപാതയെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയു. അതിന് ഉതകുന്ന ജനാധിപത്യ വികസന ഭരണക്രമം സ്വായത്തമായ സമൂഹമാണ് കേരളം എന്നും ഒലെ ടോൺ ക്വിസ്റ്റ് അഭിപ്രായപ്പെട്ടു.
കൊച്ചി സർവ്വകലാശാല സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസും സെന്റർ ഫോർ സോഷ്യോ ഇക്കണോമിക് ആന്റ് എൻവയൺമെന്റൽ സ്റ്റഡീസും (CSES) സംയുക്തമായി നടത്തിയ അനുസ്മരണ പ്രഭാഷണത്തിൽ CSES ചെയർപേഴ്സൺ പ്രൊഫ. പി.കെ. മൈക്കിൾ തരകൻ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ഓഫ് മാനേജ്മെൻറ് സ്റ്റഡീസ് ഡയറക്ടർ ഡോ. കെ. എ. സക്കറിയ സ്വാഗതവും, CSES ഫെലോ ഡോ. രാഖി തിമോത്തി നന്ദിയും രേഖപ്പെടുത്തി.