blogs

“ഹരികൃഷ്ണ”ന്റെ കൊറോണക്കാലം

Anagha C.R. (Researcher)

May 14th 2020

Disclaimer: The views expressed here are solely of the author and not of CSES

കൊറോണക്കാല മീമുകളിൽ ശ്രദ്ധിക്കപ്പെട്ട ചിലതാണിവയെന്നു തോന്നുന്നു. നോർത്ത് 24 കാതം എന്ന ചിത്രത്തിലെ ഹരികൃഷ്ണൻ എന്ന അമിത വൃത്തിക്കാരനെ ഈ രോഗകാലത്ത് ഓർത്തെടുക്കുകയാണ് മലയാളി. പരിധിയിൽ കവിഞ്ഞ അയാളുടെ വൃത്തി ശീലങ്ങൾ അസ്വാഭാവികമാക്കി തീർത്ത അയാളുടെ ജീവിതത്തെ നോക്കി ചിരിച്ച നമ്മൾ ഇന്ന്, ‘കാലത്തിനു മുന്നേ സഞ്ചരിച്ച നായകനാ’യതിനാൽ ‘ബി ലൈക് ഹരി’ എന്ന് ഗൗരവത്തോടെ പറയുന്നു. പുതിയകാലത്തിലെ ദീർഘ ദർശിയായ നായകനായി വാഴ്ത്തപ്പെടുമ്പോഴും, നമ്മൾ അധികം ചിന്തിക്കിക്കാൻ ഇടയില്ലാത്ത മറ്റൊരു തലം കൂടിയുണ്ടാകില്ലേ ഹരികൃഷ്ണൻന്റെ കൊറോണക്കാല ജീവിതത്തിന്? അയാളെപ്പോലെ സദാ അണുബാധാഭയവും പേറിനടക്കുന്ന ഒരാളുടെ കോവിഡ്‌കാല ജീവിതം എങ്ങനെയായിരിക്കുമെന്ന് ഓർത്തു നോക്കിയിട്ടുണ്ടോ? ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒന്നുറപ്പാണ്, നമ്മുടെ സങ്കൽപ്പത്തിനും ഏറെ അപ്പുറം തീർത്തും ദുഷ്കരമായ ഒരാവസ്ഥയിലൂടെയാകും അയാൾ കടന്നു പോകുന്നത്. ഇത്തരത്തിൽ പരിഹാസങ്ങൾക്കും ഒറ്റപ്പെടുത്തലുകൾക്കും ഇടയിലും ‘സാധാരണ’ ജീവിതാവസ്ഥയിലേക്ക് എത്തിപ്പെടാൻ പണിപ്പെടുന്ന നിരവധി ഉത്ക്കണ്ഠാ രോഗികളുണ്ട് നമുക്കിടയിൽ. അവരുടെ കൊറോണക്കാല ജീവിതത്തെക്കുറിച്ചാണ് ഈ കുറിപ്പ്. അണുബാധയെക്കുറിച്ചുള്ള അമിതമായ ഭയാശങ്കകൾ കൊണ്ട് പൂർണമായും ഭ്രാന്തമായ ഒരു അവസ്ഥയിലേക്കവർ എത്തിപ്പെടാതിരിക്കാൻ നമുക്കും ചിലതു ചെയ്യാനാകും, ചെയ്യാതെയിരിക്കാനും.

ഓ.സി.ഡി അഥവാ ഒബ്‌സസീവ് കം‌പൽ‌സീവ് ഡിസോ

സമകാലിക സാഹചര്യത്തിൽ മൂർച്ഛിക്കുവാൻ സാധ്യതയുള്ള ഒരു തരം ഉത്ക്കണ്ഠാരോഗമാണ് ഓ.സി.ഡി. മനസ്സിനുള്ളിലേക്ക് ആവർത്തിച്ചു കടന്നു വരുന്ന അസ്വസ്ഥതയുളവാക്കുന്ന ചിന്തകളോടും ദൃശ്യങ്ങളോടും ഒരു വ്യക്തി അറിയാതെ തന്നെയുണ്ടാകുന്ന ആസക്തിയെയാണ് ‘ഒബ്‌സഷൻസ്’ (obsessions) എന്ന് വിളിക്കുന്നത്. ഈ ചിന്തകൾ യാഥാർത്ഥമല്ല എന്ന് അനുഭവിക്കുന്ന ആൾക്കു തന്നെ അറിയാമെങ്കിലും അവയെ ഒഴിവാക്കാനോ ഇല്ലാതാക്കാനോ കഴിയുന്നില്ല. ഇത്തരം ചിന്തകൾ നിരന്തരമായി മനസ്സിലേക്ക് കടന്നുവരുമ്പോൾ നെഞ്ചിടിപ്പ്, വെപ്രാളം, വയറെരിച്ചിൽ, വിറയൽ, അമിതവിയർപ്പ് തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകും. ഈ അവസ്ഥയെ മറികടക്കാനായി ആ വ്യക്തി ചെയ്യുന്ന ആവർത്തന സ്വഭാവമുള്ള പ്രവൃത്തികളെയാണ് “കം‌പൽ‌ഷനുകൾ” (compulsions) എന്ന് വിളിക്കുന്നത്. ഇങ്ങനെ ഒബ്‌സഷനുകളും കംപൽഷനുകളും ഒത്തുചേരുന്ന രോഗാവസ്ഥയാണ് ഒബ്സസ്സീവ് കംപൽസീവ് ഡിസോഡർ അഥവാ ഓ.സി.ഡി. വിവിധതരം ഓ.സി.ഡികൾ ഉണ്ടെങ്കിലും സമകാലിക സാഹചര്യത്തിൽ പ്രസക്തമായതും അമിത വൃത്തിബോധവുമായി ബന്ധപ്പെട്ടതുമായ ഒരു വിഭാഗത്തിന്റെ പ്രതിനിധിയാണ് ഹരികൃഷ്ണൻ. കൈ ഉൾപ്പെടെയുള്ള ശരീരഭാഗങ്ങളിൽ അഴുക്കിരിപ്പുണ്ടെന്നു സംശയിച്ച് ആവർത്തിച്ചാവർത്തിച്ചു കൈ കഴുകുക, കുളിക്കുക, ശരീരത്തിലെവിടെയെങ്കിലും രോഗാണുക്കൾ കയറിട്ടുണ്ടെന്ന് ആശങ്കപ്പെട്ട് വീണ്ടും വീണ്ടും പരിശോധനകൾ നടത്തുക എന്നിവയാണ് പ്രാരംഭഘട്ട ലക്ഷണങ്ങൾ. എങ്കിലും കാലക്രമേണ, ചികിത്സയുടെ അഭാവത്തിൽ, രോഗം മൂർച്ഛിക്കുകയും മറുചിന്ത സാധ്യമല്ലാത്ത വിധം എല്ലാ ജീവിതചര്യകളും ആവർത്തിച്ചാവർത്തിച്ചു ചെയ്യേണ്ടിവരുന്ന അവസ്ഥയിലേക്ക് വരെ രോഗി എത്തപ്പെടുകയും ചെയ്യുന്നു. അത് വ്യക്തിജീവിതവും സാമൂഹ്യ ജീവിതവും ഒരു പോലെ ദുസ്സഹമാക്കിത്തീർക്കാം. യാഥാർഥ്യത്തിനും അയഥാർത്ഥത്തിനും ഇടയിൽ ചിന്തകളുടെ ചുഴിയിലേക്ക് വലിച്ചിടപ്പെടുപ്പോഴും നിസ്സഹായരായി നിലവിളിക്കാനെ പലർക്കും കഴിയാറുള്ളൂ.

കൂടുതൽ വ്യക്തതയ്ക്കായി ഒരിക്കൽ ഒരു ടെലിവിഷൻ ചർച്ചയിൽ ഒരു മനഃശാസ്ത്ര വിദഗ്‌ധൻ പങ്കുവച്ച ഒരു അനുഭവം ഇവിടെ ചേർക്കുന്നു. എട്ടാം ക്‌ളാസിൽ പഠിക്കുന്ന സമർത്ഥനായ വിദ്യാർത്ഥി കുറച്ചു നാളുകളായി പഠനത്തിൽ ശ്രദ്ധയില്ലാത്തവനും അലസനുമായി കാണപ്പെടുന്നു. അവൻ എപ്പോഴും അസ്വസ്ഥനാകുന്നു. ഡോക്ടർക്കടുത്തെത്തിയ കുട്ടിക്ക് പറയാനുണ്ടായിരുന്നത് തന്നെ കഠിനമായി അലട്ടിക്കൊണ്ടിരിക്കുന്ന അണുബാധാ ഭയത്തെക്കുറിച്ചാണ്. ആദ്യഘട്ടത്തിൽ ഒന്നും രണ്ടും മണിക്കൂറെടുത്ത് കുളിച്ചിരുന്ന താനിപ്പോൾ പുലർച്ചെ രണ്ടുമണിക്കെഴുന്നേറ്റ് കുളി തുടങ്ങുമെന്നും എന്നാൽ എട്ടു മണിക്ക് ശേഷവും ശരീരം വൃത്തിയായെന്ന സംതൃപ്തിയോടെ കുളിച്ചിറങ്ങാൻ കഴിയില്ലെന്നുമാണ് ആ കുട്ടി ഡോക്ടറോട് പറഞ്ഞത്. കൃത്യമായ അണുനിർമാർജനത്തിനായി തന്റെ ശരീരത്തെ പതിനാറു ഭാഗങ്ങളായി സ്വയം തിരിച്ചിട്ടുണ്ടെന്നും ഓരോ ഭാഗത്തും അഞ്ചു തവണ വലത്തോട്ടും അഞ്ചു തവണ ഇടത്തോട്ടും സോപ്പ് തേച്ചിട്ടും ഇളകാത്ത അഴുക്കിനെ/അണുവിനെക്കുറിച്ചോർത്ത് തന്റെ സമാധാനം നഷ്ടപ്പെടുന്നുവെന്നും അവൻ ഡോക്ടറെ അറിയിക്കുന്നു. രോഗം മൂർച്ഛിച്ച അവസ്ഥയിൽ കുളി കഴിഞ്ഞ് മറ്റൊന്നിനും സമയമില്ലാതായ കുട്ടിയുടെ സ്‌കൂളിൽ പോക്ക് നിലച്ചപ്പോഴാണ് വൈദ്യസഹായത്തിനായെത്തിക്കുന്നത്. അവിശ്വസനീയമെന്നു തോന്നാവുന്ന ഒരു സംഭവ കഥയാണിത്. അങ്ങനെയെങ്കിൽ, അനിതരസാധാരണമായ ഈ വൈറസ് കാലം എത്ര അരക്ഷിതമായ അവസ്ഥയിലേക്കാണ് ചികിത്സ കിട്ടാത്ത ഓരോ ഓ.സി.ഡി രോഗിയെയും കൊണ്ടു ചെന്നെത്തിച്ചിരിക്കുക എന്ന് സങ്കല്പിക്കാനാകുമോ?

കൊറോണ വാർത്തകണ്ടാൽ തനിക്ക് വൈറസ് ബാധ ഉണ്ടായേക്കുമെന്ന് കരുതി വാർത്താമാധ്യമങ്ങളെല്ലാം ബഹിഷ്ക്കരിക്കുന്നവരും, രോഗബാധയെ ചെറുക്കാൻ ഒരു മണിക്കൂറിൽ നിശ്ചിത തവണ കൈ കഴുകണമെന്നും അതിൻറെ പകുതി/ ഇരട്ടി തവണ ഡെറ്റോൾ വെള്ളത്തിൽ കുളിക്കണമെന്ന് നിഷ്ക്കർഷിക്കുന്നവരും, പ്രകടമായ യാതൊരു ലക്ഷണങ്ങളുമില്ലാതെ തന്നെ സ്വയം രോഗിയായി സങ്കൽപ്പിച്ച് ഐസൊലേഷൻ വാർഡിലെ ജീവിതത്തോട് പൊരുത്തപ്പെടാൻ തയ്യാറെടുത്ത് വീട്ടുകാരിൽ നിന്ന് പോലും അകന്നു മുറിയടച്ചിരിക്കുന്നവരും, അത്യാവശ്യകാര്യത്തിനു പോലും പുറത്തുപോകാൻ ഭയപ്പെടുന്ന, പോകേണ്ടിവന്നാൽ ഒന്നിലധികം മാസ്ക്കുകളും, കൈയുറകളും, ഫുൾ സ്ലീവ് വസ്ത്രങ്ങളുമിട്ട് ടിഷ്യൂ പേപ്പറും സാനിറ്റൈസറും കയ്യിൽ കരുതി കണ്ണിൽ ഭയവും കാലിൽ വിറയലും നെഞ്ചിൽ എരിച്ചിലുമായി പായുന്നവരും, തിരിച്ചുവന്ന് ചെരിപ്പുമുതൽ കണ്ണട വരെ സാനിറ്റൈസറിൽ കഴുകി മാത്രം വീട്ടുവളപ്പിൽ കയറുന്നവരും, വഴിയിലോ കടയിലോ കണ്ടവർ തനിക്ക് രോഗം കൈമാറിയിട്ടുണ്ടോയെന്നാശങ്കപ്പെട്ട് ഉറക്കം നഷ്ടമായവരും, അനിയന്ത്രിതമായ ചിന്താപ്രവാഹത്തിൽ നിന്ന് രക്ഷതേടി ദിവസത്തിൽ മുക്കാൽ സമയവും ഉറങ്ങിക്കഴിയുന്നവരും, ഉറക്കത്തിൽ ഞെട്ടിയെഴുന്നേറ്റ് ലോക്ക്ഡൌൺ കാലത്ത് കിട്ടിയ സമയം ക്രിയാത്മകമായ ഒന്നിന് വേണ്ടിയും ഉപയോഗിച്ചില്ലെന്നോർത്ത് സ്വയം പഴിക്കുന്നവരും, ഭയപ്പെടരുത്, ഭയപ്പെടരുത് എന്ന് ആയിരം തവണ മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചിട്ടും കൊറോണയെന്നു കേട്ടാൽ പോലും ഉയരുന്ന ഹൃദയമിടിപ്പിനെ അടക്കാൻ കഴിയാത്തവരും, താൻ മറ്റുള്ളവരിലേക്ക് രോഗബാധ പകർത്തുന്നുവെന്നു സംശയിച്ച് സ്വയം കുറ്റവാളിയുടെ പരിവേഷമണിയുന്നവരും ഇവിടെ, ഈ സമൂഹത്തിലുണ്ട്. ഭയാശങ്കകളുടെ പത്മവ്യൂഹത്തിൽ കുടുങ്ങിക്കിടക്കുന്നവരാണവർ. കൊറോണകാലം അത്രമേൽ അരക്ഷിതരാക്കിയവർ. നമുക്ക് ദൃശ്യമല്ല എന്ന് കരുതി ദയവായി ഈ സാധ്യതയെ റദ്ദുചെയ്യരുത്. കാരണം ഇത് വെറുമൊരു സാധ്യതയല്ല , നിരവധിപേരുടെ യാഥാർഥ്യമാണ്. അയഥാർഥ്യവുമായുള്ള ഒടുങ്ങാത്ത പോരാട്ടമാണ്. നമ്മളെളവരെ കാണുന്നില്ലെങ്കിൽ, അവരുടെ ആശങ്കകൾ നാമറിയാതെ പോകുന്നെങ്കിൽ ഒന്നേയുള്ളൂ കാരണം. ‘നോർമൽ’ ആയ നമുക്ക് മുന്നിൽ ഹരികൃഷ്ണൻറെ ‘തനിയാവർത്തനങ്ങളായി’ അപഹസിക്കപ്പെടുവാൻ അവർ തയ്യാറല്ല എന്നതുകൊണ്ട്.

പ്രബുദ്ധരായ മലയാളികൾക്ക് ഇന്നും മാനസിക വൈകല്യങ്ങളെല്ലാം ‘വട്ടാണ്’, നോക്കിനിന്നുചിരിക്കാനും ശേഷം പരിതപിക്കാനുള്ളവരുമാണ്. അതുകൊണ്ടാണ്, അതുകൊണ്ടു മാത്രമാണ് ഹരികൃഷ്ണൻ നമ്മളെ ചിരിപ്പിച്ചത്. പ്രകടമായ ലക്ഷണങ്ങൾ ഉള്ളവരെപ്പോലും വൈദ്യസഹായം ലഭ്യമാക്കുന്നതിന് പകരം പരിഹസിക്കുവാനും വിമർശിക്കാനുമല്ലേ നമ്മളിൽ ഭൂരിഭാഗവും ശ്രമിക്കുന്നത്? മാനസിക വൈകല്യങ്ങളെക്കുറിച്ചുള്ള ധാരണയില്ലായ്മയായും, ഭ്രാന്ത് എന്ന് എല്ലാത്തരം മാനസിക പ്രശ്നങ്ങളെയും ജെനറലൈസ് ചെയ്യുന്ന പാരമ്പര്യവും ചികിത്സ നൽകാതെ ഉപദേശിച്ച് ‘ശരി’യാക്കാം എന്ന മിഥ്യാബോധവും കൂടുതൽ തീവ്രവും ഭ്രാന്തവുമായ രോഗാവസ്ഥയിലേക്കാണവരെ തള്ളിവിടുന്നത്.

മുൻപ് സൂചിപ്പിച്ചതുപോലെ, അല്ലെങ്കിൽ അതിനുമെത്രയോ അപ്പുറം നമ്മുടെ യുക്തിക്കും ബോധത്തിനും നിരക്കാത്ത അനേകായിരം ചിന്തകളുടെ അത്യന്തം അപകടകരയമായ ഭാവനാലോകത്ത് വീണുപോയവരുണ്ട്. ആ സങ്കല്പലോകത്ത് ജീവിച്ച് കോമാളികളെന്നു വിളിപ്പേര് കിട്ടിയവരുണ്ട്. അത്തരം ജീവിതങ്ങളോട് മുഖം തിരിക്കുന്നവരാകരുത് ഉത്തരവാദിത്തമുള്ള സാമൂഹികജീവികളാകേണ്ട മനുഷ്യർ. ഈ രോഗകാലത്ത് ഒരല്പം കരുതൽ അവർക്കായി കൂടി നീക്കിവെക്കാം. അതിനായില്ലെങ്കിലും ദയവായി, നമ്മുടെ ‘റാഷണാലിറ്റി’യുമായ് ചെന്ന് അവരുടെ ആശങ്കകളെ, അതുണ്ടാക്കുന്ന ആവർത്തനങ്ങളുടെ ‘അർത്ഥശൂന്യത’യെ അളക്കാതിരിക്കുകയെങ്കിലും ചെയ്യുക. കാരണം നമുക്ക് പരിചിതമില്ലാത്ത ഒരു യുക്തിയാണവരെ നയിക്കുന്നത്. നമുക്കൊരിക്കലും പിടികിട്ടാനിടയില്ലാത്ത ഒന്ന്.