blogs

മഹാമാരിയും കേന്ദ്ര-സംസ്ഥാന ധനകാര്യ ബന്ധവും

Krishnakumar K.K. (Senior Fellow, CSES)

13th April 2020

Disclaimer: The views expressed here are solely of the author and not of CSES

ലോകത്തെയാകെ ഗ്രസിച്ച കോവിഡ്-19 മഹാമാരി ഇന്ത്യയിലും പടരുകയാണ്. ഇന്ത്യയിൽ ആദ്യമായി കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത് 2020 ജനുവരി 30 നാണ്. വളരെ കഴിഞ്ഞ് മാർച്ച് 22 നാണ് കേന്ദ്രസർക്കാർ ഒരു മുന്നറിയിപ്പെന്ന നിലയിൽ 14 മണിക്കൂർ നീളുന്ന ജനത കർഫ്യൂവും പിന്നീട് മാർച്ച് 24ന് 21 ദിവസം നീളുന്ന അഖിലേന്ത്യാ ലോക്ക്ഡൌണും പ്രഖ്യാപിച്ചത്. കേരളം ഇതിനൊക്കെ മുൻപു തന്നെ കൊറോണബാധ പടരാതിരിക്കുന്നതിനുള്ള പല മാർഗ്ഗങ്ങളും സ്വീകരിച്ചു കഴിഞ്ഞിരുന്നു. ആദ്യ സമയത്ത് ഇന്ത്യയിൽ ഏറ്റവുമധികം കൊറോണ ബാധിതരെ കണ്ടെത്തിയ സംസ്ഥാനമായിരുന്നു കേരളം. ഇപ്പോൾ കൊറോണ ബാധിതരുടെ എണ്ണത്തിൽ ഒൻപതാം സ്ഥാനത്തേക്ക് താഴ്ന്നു. അടുത്തെങ്ങും രാജ്യം അഭിമുഖീകരിച്ചിട്ടില്ലാത്ത തരത്തിലുള്ള ദുരന്തമായാണ് കോവിഡ് – 19 മഹാമാരി മാറിക്കൊണ്ടിരിക്കുന്നത്. സാധാരണ സംഭവിക്കുന്ന ദുരന്തങ്ങളായ വെള്ളപ്പൊക്കം, വരൾച്ച, ചുഴലിക്കാറ്റ്, ഭൂകമ്പം ഇവയെ അപേക്ഷിച്ച് രാജ്യമൊട്ടാകെയാണ് ഈ മഹാമാരി ബാധിച്ചത്. അതുകൊണ്ടു തന്നെ സംസ്ഥാനങ്ങൾക്ക് തനിയെ ചെയ്യാവുന്ന ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് പരിധിയുണ്ട്. അതേ സമയം ഈ മഹാമാരിയെ തടഞ്ഞു നിർത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്കായി നേരിട്ടുള്ള ചെലവുകൾ ഭൂരിഭാഗം ചെയ്യേണ്ടിവരുന്നത് സംസ്ഥാനങ്ങളുമാണ്. ഇന്ത്യൻ ഫെഡറൽ സംവിധാനത്തിൽ മൊത്തം ചെലവിന്റെ 60 ശതമാനത്തോളം സംസ്ഥാനങ്ങളുടെ ബാധ്യതയാണ്. GSTസംവിധാനം വന്നതോടെ വരുമാനത്തിന്റെ വലിയ പങ്കും കേന്ദ്രത്തിനുമാണ്. ഇപ്പോഴത്തെ അവസ്ഥയിൽ സംസ്ഥാനങ്ങളുടെ തനതു വരുമാനം ഏറെക്കുറെ ഇല്ലാതായി എന്നുതന്നെ പറയാം. പെട്രോൾ, ഡീസൽ വില്പനയിൽ നിന്നും ലഭിക്കുന്ന (VAT) മാത്രമാണ് സംസ്ഥാനങ്ങൾക്ക് ഇപ്പോൾ കുറച്ചെങ്കിലും ലഭിക്കുന്ന വരുമാനം. അല്ലെങ്കിൽ തന്നെ ധനപ്രതിസന്ധി നേരിടുന്ന കേരളം പോലെയുള്ള സംസ്ഥാനങ്ങൾ ഈ അവസരത്തിൽ ഈ മഹാമാരിയെ നേരിടുവാനുള്ള പണം എവിടെ നിന്ന് കണ്ടെത്തും എന്നുള്ളത് ഉത്തരം കണ്ടെത്തേണ്ട ഗുരുതരമായ പ്രശ്നമാണ്. ഇത്തരുണത്തിലാണ് കേന്ദ്ര സർക്കാരിന്റെ സഹായം അത്യാവശ്യമായി വരുന്നത്. കേന്ദ്രസർക്കാർ 1.7 ലക്ഷം കോടി രൂപയുടെ ഒരു സാമ്പത്തിക പാക്കേജാണ് ആദ്യം (മാർച്ച് 26-ന്) പ്രഖ്യാപിച്ചത്. ദൌർഭാഗ്യകരമെന്നു പറയട്ടെ ഈ പാക്കേജിൽ സംസ്ഥാനങ്ങളെ സഹായിക്കുന്ന ഒരു ഘടകം പോലുമില്ലായിരുന്നു.

പിന്നീട്, പതിനഞ്ചാം ധനകാര്യകമ്മീഷൻ ദുരന്ത നിവാരണത്തിനായി 2020-21 വർഷത്തേക്കു മാറ്റി വച്ച തുകയിൽ നിന്നും 11,092 കോടി രൂപ സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്പോൺസ് മിറ്റിഗേഷൻ ഫണ്ട് (SDRMF) ന്റെ ഭാഗമായി സംസ്ഥാനങ്ങൾക്ക് റിലീസ് ചെയ്തു. ഈ തുക വിവിധ സംസ്ഥാനങ്ങൾക്കിടയിൽ വീതം വെച്ചത് കോവിഡ് – 19 വ്യാപനവുമായി ഒരു ബന്ധവുമില്ലാത്ത രീതിയിലാണ്. പകരം പതിനഞ്ചാം ധനകാര്യകമ്മീഷൻ അതിന്റെ 2020-21 വർഷത്തേക്ക് വേണ്ടിയുണ്ടാക്കിയ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരമാണ് സംസ്ഥാനങ്ങൾക്കുള്ള വിഹിതം തീരുമാനിച്ചത്. അതുകൊണ്ടുതന്നെ ഇത് റിലീസ് ചെയ്ത സമയത്ത് ഏറ്റവുമധികം കോവിഡ് ബാധിച്ച രണ്ടാമത്തെ സംസ്ഥനമായിരുന്ന കേരളത്തിന് ലഭിച്ചത് വെറും 157 കോടി രൂപയാണ്, റിലീസ് ചെയ്ത മൊത്തം തുകയുടെ 1.4% മാത്രം. സാധാരണ പ്രതീക്ഷിക്കാത്ത തരത്തിലുള്ള ദുരന്തമായ കോവിഡ് – 19 വ്യാപനത്തെ, ധനകാര്യ കമ്മീഷൻ മറ്റുതരത്തിലുള്ള ദുരന്തങ്ങളുടെ അടിസ്ഥാനത്തിൽ നിശ്ചയിച്ച മാനദണ്ഡങ്ങളുപയോഗിച്ച് തുക വീതം വച്ചപ്പോൾ ആണ് കേരളത്തിനുള്ള വിഹിതം ഇത്ര കുറഞ്ഞ് പോയത്.

2011-12 മുതൽ 2017-18 വരെ SDRMFൽ നിന്നും വിവിധ സംസ്ഥാനങ്ങൾ ചെലവഴിച്ച തുകയ്ക്കാണ് സംസ്ഥാനങ്ങൾക്കുള്ള വിഹിതം തീരുമാനിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ പതിനഞ്ചാം ധനകാര്യ കമ്മീഷൻ 70% വെയിറ്റേജും നൽകിയിരിക്കുന്നത്. കേരളം അഭിമുഖീകരിച്ച രണ്ടു മഹാ പ്രളയ ദുരന്തങ്ങളും സംഭവിച്ചത് ഈ കാലയളവിനു ശേഷമായിരുന്നു. ദുരന്തങ്ങളുടെ കാര്യത്തിൽ മുൻകാല ചരിത്രത്തിന് ഇത്ര വലിയ പരിഗണന നൽകുന്നത് ഒരിക്കലും ന്യായീകരിക്കത്തക്കതല്ല. സമാനതകളില്ലാത്ത ദുരന്തങ്ങളാണ് പലപ്പോഴും ഉണ്ടാകുന്നത്, കോവിഡ് – 19 തന്നെ ഉദാഹരണം.

അല്ലാതെ തന്നെ കേന്ദ്ര നികുതിയുടെ വിഹിതം നിശ്ചയിക്കുന്നതിൽ ചരിത്രത്തിലാദ്യമായി 2011-ലെ ജനസംഖ്യ എടുത്തതുകാരണം കേരളത്തിനു നഷ്ടമായത് ഭീമമായ തുകയാണ്, 2.5% വിഹിതമായിരുന്നു 14-ആം ധനകാര്യ കമ്മീഷൻ നിശ്ചയിച്ചതെങ്കിൽ പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ തീരുമാനമനുസരിച്ച് അത് 1.94% ആയി കുറഞ്ഞു. പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഇടക്കാല റിപ്പോർട്ടുപ്രകാരം കാണിച്ച വിവേചനം അന്തിമ റിപ്പോർട്ടിൽ തിരുത്തിയില്ലെങ്കിൽ കേരളം പോലെയുള്ള സംസ്ഥാനങ്ങൾക്ക് ദീർഘകാലാടിസ്ഥാനത്തിൽ ഭീമമായ നഷ്ടം നേരിടേണ്ടിവരും എന്നത് യാഥാർഥ്യമാണ്.

സംസ്ഥാനങ്ങൾക്ക് കടമെടുക്കാനുള്ള പരിധി GSDPയുടെ 3% എന്നുള്ളത് വർധിപ്പിക്കണം എന്നത് സംസ്ഥാനങ്ങളുടെ കാലങ്ങളായുള്ള ആവശ്യമാണ്. ദുരന്തങ്ങളുടെ കാലത്തു പോലും ഈ ആവശ്യം കേന്ദ്രസർക്കാർ പരിഗണിച്ചിട്ടില്ല. രണ്ട് മഹാപ്രളയങ്ങളുടെ കാലത്തും കേരളം ഈ ആവശ്യം ഉന്നയിച്ചെങ്കിലും അനുവദിക്കപ്പെട്ടില്ല. അതു മാത്രമല്ല, ഇപ്പോൾ സംസ്ഥാനങ്ങൾക്ക് ആദ്യഘട്ടമായി അനുവദിച്ച കടപ്പത്രങ്ങളുടെ ലേലത്തിലൂടെയുള്ള വായ്പക്ക് വളരെ കൂടിയ പലിശയാണ് ബാങ്കുകൾ ഈടാക്കുന്നത്, 8.9%. ഇതിൽപ്പോലും ഇടപെടൽ നടത്തുവാൻ കേന്ദ്രസർക്കാരോ റിസർവ് ബാങ്കോ തയ്യാറാവാത്തത് സംസ്ഥാനങ്ങളോട് കാണിക്കുന്ന കടുത്ത അന്യായമാണ്. റിസർവ് ബാങ്ക് പലിശനിരക്ക് 4.4% ആയി കുറച്ചപ്പോഴാണ് ഇതിന് മുമ്പ് കൊടുത്തിരുന്നതിനേക്കാൾ ഒരു ശതമാനത്തോളം അധിക പലിശ നൽകുവാൻ സംസ്ഥാനങ്ങൾ നിർബന്ധിതരായിരിക്കുന്നത്.

സംസ്ഥാനങ്ങൾക്ക് ഈ മഹാമാരി നേരിടുവാൻ വലിയ തോതിലുള്ള ധനസഹായം കേന്ദ്ര സർക്കാർ നൽകേണ്ടിയിരിക്കുന്നു. വിവിധ സംസ്ഥാനങ്ങൾക്ക് എത്രത്തോളം സഹായം നൽകണം എന്നത് തീരുമാനിക്കാൻ സ്വീകരിക്കേണ്ട മാനദണ്ഡങ്ങളിലും മറ്റു ദുരന്തങ്ങളെ അപേക്ഷിച്ച് വ്യത്യാസങ്ങൾ ഉണ്ടാകേണ്ടതുണ്ട്. ഈ മഹാമാരിയുടെ കാര്യത്തിൽ കേരളതിന്റെ കാര്യം മറ്റു പല സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ വ്യത്യസ്തമാണ്. ജനസംഖ്യയുടെ ഒരു നല്ല വിഭാഗം കേരളത്തിനു പുറത്ത് ആയതിനാൽ വ്യാപനം നടക്കുവാനുള്ള സാധ്യത കൂടുതലാണ്. അതു പോലെ തന്നെ അതിഥി തൊഴിലാളികളെ ലോക്ക് ഡൌൺ സമയത്ത് ആഹാരവും മരുന്നും താമസ സ്ഥലവും നൽകി സംരക്ഷിക്കാനുള്ള ബാധ്യതയും സംസ്ഥാനത്തിന് ഉണ്ട്, അത് മാത്യകാപരമായി ചെയ്യുന്നുമുണ്ട്. ഇന്ത്യയിൽ ഈ സമയത്ത് തുറന്ന റിലീഫ് ക്യാമ്പുകളിൽ പകുതിയോളം കേരളത്തിലാണ്, അവയിൽ തന്നെ ഭൂരിഭാഗവും അതിഥി തൊഴിലാളികൾക്കു വേണ്ടി തുറന്നവയാണ് എന്ന് ഓർക്കുക. ഇത്തരം ഘടകങ്ങൾ സംസ്ഥാനങ്ങൾക്കു സഹായം നൽകുമ്പോൾ കണക്കിലെടുക്കണം.