Press Release

പുതിയ തദ്ദേശ ഭരണ സമിതികൾ കാലാവസ്ഥാ പ്രതിരോധം ഉൾച്ചേർന്ന വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കണം – ശാരദാ മുരളീധരൻ

Published on 20.11.2025

കാലാവസ്ഥാ വെല്ലുവിളികളെ നേരിട്ട് പ്രാദേശിക സമൂഹങ്ങൾക്ക് അതിജീവനക്ഷമത ഉറപ്പാക്കുന്നതരത്തിൽ പ്രാദേശിക ആസൂത്രണവും വികസന പദ്ധതികളും നവീകരിക്കണമെന്ന് മുൻ ചീഫ് സെക്രട്ടറി  ശാരദാ മുരളീധരൻ. കൊച്ചി സർവ്വകലാശാലയിൽ വെച്ച് സെന്റർ ഫോർ സോഷ്യോ-ഇക്കണോമിക് ആന്റ് എൻ‌വയണ്മെന്റൽ സ്റ്റഡീസും (സി.എസ്.ഇ.എസ്.) കുസാറ്റിലെ സെന്റർ ഫോർ മാനേജ്മെന്റ് സ്റ്റഡീസും (എസ്.എം.എസ്.) സംയുക്തമായി സംഘടിപ്പിച്ച  നാലാമത് പ്രൊഫ. കെ. കെ. ജോർജ് സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു ശാരദാമുരളീധരൻ.

ദേശീയ ദുരന്ത പ്രതികരണ നിയമം നിലവിൽ വരുമ്പോൾ ദുരന്ത നിവാരണ നടപടികളിൽ പ്രാദേശിക ഭരണകൂടങ്ങളുടെ പങ്കും പ്രാധാന്യവും വിഭാവനം ചെയ്യപ്പെട്ടിരുന്നില്ല. ഭരണഘടനയിൽ കൊണ്ടുവന്ന  പഞ്ചായത്തിരാജ്, നഗരപാലികാ  ഭേദഗതികളിലും തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് കാലാവസ്ഥാദുരന്ത പ്രതിരോധത്തിലും പ്രതികരണത്തിലുമുള്ള പങ്ക്  വ്യക്തമായിരുന്നില്ല.  2018 ൽ കേരളത്തിലുണ്ടായ കനത്ത പ്രളയവും പിന്നീടുണ്ടായ കോവിഡ് മഹാമാരിയും ദുരന്ത പ്രതികരണത്തിലും പ്രതിരോധത്തിലും പ്രാദേശിക ഭരണകൂടങ്ങളുടെ പ്രാധാന്യം വ്യക്തമാക്കി.

കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന തീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങൾ പ്രാദേശിക സമൂഹങ്ങളുടെ ഉപജീവനത്തിനും  അതിജീവനത്തിനും കനത്ത വെല്ലുവിളി സൃഷ്ടിക്കുകയാണ്. പ്രാദേശിക സമൂഹങ്ങൾക്ക് കാലാവസ്ഥാ വെല്ലുവിളികളെ പ്രതിരോധിക്കുന്നതിനുള്ള ശേഷി സൃഷ്ടിക്കാൻ  തരത്തിലുള്ള ആസൂത്രണ വികസന പ്രവർത്തനങ്ങൾ ആവിഷ്ക്കരിക്കാൻ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് സാധിക്കും.

പശ്ചാത്തല നിർമ്മിതികളിലും കൃഷി തുടങ്ങിയ ഉപജീവനത്തുറകളിലും ഈ വീക്ഷണത്തോടെ ഇടപെടാൻ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് സാധിക്കണം.   കാലാവസ്ഥാ ഭീഷണിയുടെയും ദുരന്ത സാധ്യതകളുടെയും പശ്ചാത്തലത്തിലാകണംഅവയുടെ വികസന ഇടപെടലുകൾ  ആസൂത്രണം ചെയ്യേണ്ടത് .

കാലാവസ്ഥാ പ്രതിരോധം ആഗോളതലത്തിൽ മാത്രം ചർച്ച ചെയ്യേണ്ട ഒന്നല്ല. പ്രാദേശിക സമൂഹങ്ങളുടെ കാലാവസ്ഥാ പ്രതിരോധശേഷിയിൽ  തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പങ്ക് വളരെ പ്രധാനമാണ്. കേരളത്തിൽ ഇതിനു സവിശേഷ പ്രാധാന്യമുണ്ട്.  തദ്ദേശഭരണ സ്ഥാപനങൾക്ക് പ്രതിവർഷം  15000 കോടി രൂപ കൈമാറുന്ന സംസ്ഥാനമാണ് കേരളം’. ഈ ധനവിനിയോഗത്തിൽ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് ഒരു കാലാവസ്ഥാ പ്രതിരോധ വീക്ഷണം കൈവരിക്കേണ്ടതുണ്ട്. ഇത് സംസ്ഥാന തലത്തിലും ദേശിയ തലത്തിലും പ്രോത്സാഹിപ്പിക്കപ്പെടുകയും വേണം.

പ്രകടമായ പ്രതിസന്ധികൾക്കപ്പുറം കാലാവസ്ഥാ മാറ്റം സൃഷ്ടിക്കുന ഭീഷണികളും കേരളം അനുഭവിക്കുന്നുണ്ട്. മനുഷ്യ- വന്യജീവി സംഘർഷം, വന്യജീവികളിൽ നിന്നും മൃഗങ്ങളിൽ നിന്നും പകരുന്ന രോഗങ്ങൾ എല്ലാം പ്രത്യക്ഷത്തിനപ്പുറമുള്ള ഈ പ്രതിസന്ധിയുടെ ഉദാഹരണങളാണ്.  ഇവിടെയെല്ലാം പ്രതിരോധ ശേഷി കൈവരിക്കുന്നതിൽ പ്രാദേശിക വികസന പ്രക്രിയയയ്ക്ക് വലിയ പങ്കുണ്ട്.

പുതിയതായി നിലവിൽ വരുന്ന  തദ്ദേശ ഭരണ സമിതികൾ കാലാവസ്ഥാ പ്രതിരോധം ഉൾച്ചേരുന്ന ആസൂത്രണ വികസന പ്രവർത്തനങ്ങൾ ഏറ്റെടുക്കണമെന്ന് ശാരദാ മുരളീധരൻ ആവശ്യപ്പെട്ടു.

കേരള വികസനത്തിലെ  വിഷനറിയായ ഗവേഷകനും അദ്ധ്യാപകനും വഴികാട്ടിയുമായിരുന്നു പ്രൊഫ. കെ. കെ. ജോർജ്ജ് എന്ന് ശാരദാ മുരളീധരൻ അനുസ്മരിച്ചു.

സി.എസ്.ഇ.എസ്. ചെയർ‌പേഴ്സൺ പ്രൊഫ. പി. കെ. മൈക്കിൾ തരകൻ അദ്ധ്യക്ഷനായിരുന്നു.