CSES in MediaKKG Lecture 1

ഉൽപ്പന്നങ്ങൾക്ക് നികുതി കുറഞ്ഞാലും ഗുണം കമ്പനികൾക്ക്: മന്ത്രി

This report was published in Deshabhimani on 02/10/2022

ഉൽപ്പന്നങ്ങൾക്ക് നികുതി കുറഞ്ഞാലും ഗുണം ഉപഭോക്താക്കൾക്കല്ല, കമ്പനികൾക്കാണ് ലഭിക്കുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. 25 ഉൽപ്പന്നങ്ങളെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിലൂടെ ഇത് വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. സെന്റർ ഫോർ ബജറ്റ് സ്റ്റഡീസ്, സെന്റർ ഫോർ സോഷ്യോ ഇക്കണോമിക് ആൻഡ് എൻവയോൺമെന്റൽ സ്റ്റഡീസ്, ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ എന്നിവയുടെ നേതൃത്വത്തിൽ കുസാറ്റിൽ സംഘടിപ്പിച്ച പ്രൊഫ. കെ കെ ജോർജ് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

റവന്യൂവരുമാനത്തിന്റെ മൂന്നിൽ രണ്ട് കേന്ദ്രസർക്കാരിലേക്ക് പോകുമ്പോഴും ചെലവിന്റെ മൂന്നിലൊന്നുമാത്രമേ കേന്ദ്രസർക്കാർ വഹിക്കുന്നുള്ളൂ. സംസ്ഥാനത്തിന് ജനസംഖ്യക്കനുസൃതമായി അർഹമായ ഫണ്ട് നൽകാൻ കേന്ദ്രം തയ്യാറാകുന്നില്ല. കേരളത്തിന് ലഭിക്കേണ്ട കേന്ദ്ര വിഹിതം വർഷംതോറും വെട്ടിക്കുറക്കുന്നു.

കേന്ദ്രസർക്കാരും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതാണ് സംസ്ഥാനങ്ങളും ഗവർണറും തമ്മിലുള്ള തർക്കം. കേരളം കടക്കെണിയിലേക്ക് പോകുന്നുവെന്ന തെറ്റായ പ്രചാരണം വ്യാപകമാണ്. കഴിഞ്ഞവർഷം കേരളത്തിന് 11,000 കോടി വരുമാനം വർധിച്ചിട്ടുണ്ട്. ഈ വർഷം 10,000 കോടിയെങ്കിലും വർധിക്കുമെന്നാണ് കരുതുന്നത്.

കേരള മോഡൽ, കേരളത്തിൻറെ പരിമിതികളും സാധ്യതകളും തുടങ്ങി അക്കാദമിക വിഷയങ്ങളിൽ ഗൗരവമായ ചർച്ചകളും പഠനവും നടത്തിയ വ്യക്തിത്വമാണ് പ്രൊഫ. കെ കെ ജോർജ്. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധവും സംസ്ഥാനങ്ങളോടുള്ള കേന്ദ്രത്തിന്റെ കുറ്റകരമായ സമീപനങ്ങളും തുറന്നുപറയാൻ അദ്ദേഹം തയ്യാറായെന്നും മന്ത്രി അനുസ്മരിച്ചു.

കുസാറ്റ് വൈസ് ചാൻസലർ ഡോ. കെ എൻ മധുസൂദനൻ അധ്യക്ഷനായി. സാമ്പത്തിക ശാസ്ത്രജ്ഞൻ പ്രൊഫ. പിനാകി ചക്രവർത്തി പ്രഭാഷണം നടത്തി. കുസാറ്റ് സെന്റർ ഫോർ ബജറ്റ് സ്റ്റഡീസ് ഓണററി ഡയറക്ടർ പ്രൊഫ. എം കെ സുകുമാരൻ നായർ, പ്രൊഫ. കെ ജെ ജോസഫ്, ഡോ. പാർവതി സുനൈന, ഡോ. എൻ അജിത്കുമാർ എന്നിവർ സംസാരിച്ചു.