Obituaries

കെ. കെ ജോർജ് സാറിന്റെ ആത്മകഥയും കേരള ധനകാര്യ പ്രതിസന്ധിയും: ജോസ് സെബാസ്റ്റ്യൻ

പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞൻ പ്രൊഫസർ കെ. കെ ജോർജ് ന്റെ ആത്മകഥ ” A Journey of My Life” കറന്റ്‌ ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്നു. മലയാളം പരിഭാഷ താമസിയാതെ ഇറങ്ങും എന്ന് പ്രതീക്ഷിക്കാം. ഇടത്തരം കർഷക കുടുംബത്തിൽനിന്ന് സ്ഥിരപരിശ്രമത്തിലൂടെ ഇന്ത്യയാകെ അറിയപ്പെടുന്ന സാമ്പത്തിക ശാസ്ത്രജ്ഞൻ ആയി വളർന്ന സാറിന്റെ ആത്മകഥ വായിച്ചിരിക്കേണ്ട ഒരു കൃതി ആണ്. 21 അധ്യായങ്ങൾ ഉള്ള പുസ്തകം അദ്ദേഹത്തിന്റെ ബാല്യം മുതൽ  ഉള്ള പരിസരങ്ങളെയും വ്യക്തികളെയും സംഭവങ്ങളെയും കുറിച്ചുള്ള ഒരു നാൾവഴി തന്നെയാണ്.

പ്രൊഫസർ ജോർജ് പ്രൊഫസർ ഐ. എസ് ഗുലാത്തിയുടെ ശിഷ്യത്വവും പരിലാളനയും കിട്ടാൻ ഭാഗ്യം ലഭിച്ച ആളാണ്‌. രണ്ടുപേരും ചേർന്നു കേന്ദ്ര സംസ്ഥാന ബന്ധങ്ങളെ കുറിച്ച് നടത്തിയ പഠനങ്ങൾ ആധികാരികമാണ്.

അടിസ്ഥാനപരമായി  ഒരു മനുഷ്യസ്നേഹി ആയതുകൊണ്ട് ആവാം എന്നും അദ്ദേഹം ഒരു ഇടതുപക്ഷ സഹയാത്രികൻ ആയിരുന്നു.ചില സ്ഥാനമാനങ്ങളും നേട്ടങ്ങളും അതുകൊണ്ട് അദ്ദേഹത്തിന് ഉണ്ടായിട്ടുണ്ട്. അതിന്റെ നന്ദി അദ്ദേഹം അവരോട് കാണിച്ചിട്ടുമുണ്ട്.  അതുപക്ഷെ ഒരു സാമ്പത്തിക ശാസ്ത്രജ്ഞൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ നിക്ഷ്പക്ഷതയെയും വസ്തുനിഷ്ടതയെയും  ബാധിച്ചോ എന്ന് എനിക്ക് സംശയം ഉണ്ട്‌.

അദ്ദേഹത്തിന്റെ ഒരു പ്രധാന സംഭാവന കേരള ധനകാര്യത്തെ കുറിച്ചുള്ള പഠനം ആണ്. ” Kerala”s Fiscal Crisis: A Diagnosis ” എന്ന  1990 ലെ അദ്ദേഹത്തിന്റെ പ്രബന്ധം കേരള ധനകാര്യ പ്രതിസന്ധിയുടെ അടിസ്ഥാന കാരണങ്ങൾ കണ്ടെത്താനുള്ള ശ്രമം ആയിരുന്നു. അദ്ദേഹത്തിന്റെയും പ്രൊഫസർ ഗുലാത്തിയുടെയും  പൊതുവായ വീക്ഷണം ഇന്ത്യയിലെ കേന്ദ്ര- സംസ്ഥാന ബന്ധങ്ങളിലെ സംസ്ഥാനങ്ങൾക്ക് വിരുദ്ധമായ അസമത്വം പരിഹരിക്കേണ്ടത് ഉണ്ട്‌ എന്നാണ്. ഇത് കേരളത്തിലെ ഇടതുപക്ഷത്തിന് എന്നും പഥ്യമായ ഒരു കാഴ്ചപ്പാട് ആണ്. പക്ഷെ സംസ്ഥാനത്തിന്  ഭരണഘടന നൽകിയിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ചു വിഭവ സമാഹരണം നടത്തുക കൂടി വേണ്ടേ? കേരളത്തിന്റെ ധനകാര്യ പ്രതിസന്ധിയുടെ കാരണം കണ്ടെത്താനുള്ള അദ്ദേഹത്തിന്റെ രോഗനിർണയം (Diagnosis) പിഴച്ചത്  ഇവിടെയാണ്‌. പ്ലാനിങ് കമ്മീഷൻ, 8,9 ധനകാര്യ കമ്മിഷനുകൾ, National Institute of Public Finance and Policy തുടങ്ങിവയുടെ ഒക്കെ പഠനങ്ങൾ നികുതി പരിശ്രമത്തിൽ ( Tax effort) കേരളം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ശരാശരിക്ക് മുകളിൽ ആണ് എന്ന് കണ്ടെത്തിയിട്ടുണ്ടായിരുന്നു. ഈ കണ്ടെത്തലിൽ കേരളത്തെ സംബന്ധിച്ചിടത്തോളം ഗുരുതരമായ രീതിശാസ്ത്ര പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഈ പഠനങ്ങളെ ചൂണ്ടിക്കാണിച്ചു കേരളം നികുതി പിരിവിൽ മുൻപിൽ ആണെന്നും കേന്ദ്രത്തിന്റെ അവഗണന ആണ് കേരളത്തിന്റെ ധനകാര്യ പ്രശ്നങ്ങൾക്ക് കാരണം എന്നും ജോർജ് സാർ സിദ്ധാന്ധിച്ചു. കേരളത്തിന്റെ നേട്ടങ്ങളെ അംഗീകരിച്ചു കൂടുതൽ കൂടുതൽ വിഭവങ്ങൾ നൽകുന്നതിന് പകരം നേട്ടങ്ങളെ വിഭവങ്ങൾ കുറക്കാൻ ഉള്ള ഒഴികഴിവായി കേന്ദ്ര ഏജൻസികൾ എടുക്കുന്നു എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കേരളം നികുതി പരിശ്രമത്തിൽ മുന്നിലാണ് എന്ന തെറ്റായ  കണ്ടെത്തലിൽ ഉളവായിട്ടുള്ള രീതിശാസ്‌ത്രപരമായ തെറ്റുകൾ ഈയുള്ളവൻ കണ്ടെത്തി ജോർജ് സാർ തന്റെ പ്രബന്ധം പ്രസിദ്ധീകരിച്ച അതേ  Economic and Political Weekly  ഇൽ പ്രസിദ്ധീകരിച്ചത് 2019 ഇൽ ആണ്(” Kerala’s Persistent Fiscal Stress: A Failure in Public Resource Mobilisation? “).

പക്ഷെ ഉന്നത ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും കൂട്ടുകെട്ട് ജോർജ് സാറിന്റേത് അടക്കമുള്ളവരുടെ കണ്ടെത്തൽ ശരിക്കും മുതൽ എടുത്തു. കേരളം നികുതി പരിശ്രമത്തിൽ മുന്നിൽ അല്ലേ? ഇനി മാർഗം കടം എടുപ്പേ ഉള്ളൂ എന്നുകണ്ടു കടമെടുപ്പിന് ന്യായീകരണം കണ്ടെത്തി. അന്ന് തുടങ്ങിയ ആ തെറ്റ് ഇന്നും തുടരുന്നു. ഒരുപക്ഷെ  2019 ഇൽ ഞാൻ  കണ്ടെത്തിയത് 1990 ഇൽ ജോർജ് സാർ കണ്ടെത്തിയിരുന്നു എങ്കിൽ കേരളത്തിന്റെ ഇന്നും തുടരുന്ന ധനകാര്യ പ്രതിസന്ധി വളരെ കുറയുമായിരുന്നു. അദ്ദേഹത്തിന്റെ പ്രസിദ്ധമായ “Limits to Kerala Model of Development ” എന്ന കൃതി നേരത്തെ പറഞ്ഞ അദ്ദേഹത്തിന്റെ പ്രബന്ധത്തിന്റെ വിപുലീകരിച്ച പതിപ്പാണ്. സാമൂഹിക- സാമ്പത്തിക വിദഗ്ധർ നിഷ്പക്ഷത വിട്ട് കക്ഷി രാഷ്ട്രീയക്കാർക്കു തങ്ങളുടെ  കണ്ടെത്തലുകൾ സ്വാർഥലാഭത്തിന് ഉപയോഗിക്കാൻ അവസരം കൊടുത്താൽ അത്‌ സമൂഹത്തിന്  ഉണ്ടാക്കുന്ന ദോഷത്തിന് ഇത് ഉദാഹരണമാണ്.

ഇത്തരം ചില പ്രമാദങ്ങൾ ഒഴിച്ചാൽ കേരളത്തിന്‌ വലിയ സംഭാവന നൽകിയ വ്യക്തി ആണ് ജോർജ് സാർ.  അദ്ദേഹത്തിന്റെ മുൻകയ്യിൽ സ്ഥാപിച്ച Centre for Socio Economic and Environmental Studies (CSES) എന്ന സ്ഥാപനം മാത്രം മതി അദ്ദേഹം എന്നെന്നും ഓർമ്മിക്കപ്പെടാൻ.

ജോസ് സെബാസ്റ്റ്യൻ

മുൻ ഡയറക്ടർ ഗിഫ്റ്റ് (ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ)