Published on 07-09-2021
ജനസംഖ്യാപരമായ മാറ്റത്തിന്റെ (demographic transition) ഫലമായുണ്ടാകുന്ന വെല്ലുവിളികളെ നേരിടുന്നതിലേക്ക് സംസ്ഥാനത്തിന്റെ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിയിരിക്കുന്നുവെന്ന് കൊച്ചിയിലെ സെന്റർ ഫോർ സോഷ്യോ-എക്കണോമിക്ക് ആന്റ് എൻവയൺമെന്റൽ സ്റ്റഡീസ് (സി.എസ്.ഇ.എസ്.) നടത്തിയ പഠനം വ്യക്തമാക്കുന്നു. സംസ്ഥാനം സ്വീകരിക്കുന്ന നയങ്ങളായിരിക്കും ഭാവിയിലെ മാറ്റം തീരുമാനിക്കുന്നത്. കേരളത്തിലെ പ്രത്യുല്പാദന നിരക്ക് (fertility rate) റീപ്ലേസ്‌മെന്റ് നിരക്കിനേക്കാൾ (replacement rate) കുറവും, കേരളീയരുടെ ശരാശരി ജീവിത ദൈർഘ്യം (life expectancy) 75 വയസ്സും ആയതിൽ നിന്നും ജനസംഖ്യാപരമായ മാറ്റം കേരളത്തിൽ പക്വത പ്രാപിച്ചു കഴിഞ്ഞു എന്നത് വ്യക്തമാണ്. കേരളത്തിലെ ദശാബ്ദ ജനസംഖ്യാ വളർച്ചാ നിരക്ക് 2001-2011 കാലയളവിൽ 5 ശതമാനത്തിൽ താഴെയാണ്, അതിൽ തന്നെ രണ്ടു ജില്ലകൾ നെഗറ്റീവ് വളർച്ചയാണ് കാണിക്കുന്നത്. സി.എസ്.ഇ.എസിലെ അസോസിയേറ്റ് ഫെലോ ആയ ഡോ. ബൈശാലി ഗോസ്വാമി നടത്തിയ ഈ പഠനം കേരളത്തിലുണ്ടായ ജനസംഖ്യാപരമായ മാറ്റത്തിന്റെ പാതയെ സമാനമായ ജനസംഖ്യാ സൂചകങ്ങൾ ഉള്ള മറ്റു രാജ്യങ്ങളിലെ പ്രവണതകളുമായി താരതമ്യം ചെയ്തു മനസിലാക്കാനാണ് ശ്രമിച്ചിരിക്കുന്നത്.
പ്രത്യുല്പാദനത്തിൽ വന്ന മാറ്റവും കുടുംബവും
സംസ്ഥാനത്തെ പ്രത്യുല്പാദനനിരക്ക് പകരം വെക്കൽ നിരക്കിനൊപ്പം (replacement level of fertility) 1988ൽ തന്നെ എത്തിയിരുന്നു. അതായത് ഒരു സ്ത്രീക്ക് 2.1 കുട്ടികൾ എന്ന തരത്തിൽ. പാശ്ചാത്യരാജ്യങ്ങളിലും ചില കിഴക്കൻ-തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും പ്രത്യുല്പാദന നിരക്ക് പകരം വെക്കൽ നിരക്കിനേക്കാൾ താഴെയെന്ന നേട്ടം കരസ്ഥമാക്കിയതിനെത്തുടർന്ന് സാമൂഹ്യമായ പല മാറ്റങ്ങളും സംഭവിച്ചു. വിവാഹം, പ്രസവം എന്നിവ നീട്ടിവെക്കൽ, വിവാഹമോചനങ്ങളുടെ എണ്ണം വർധിക്കൽ, അണുകുടുംബങ്ങളിലുണ്ടാകുന്ന വിള്ളലുകൾ, വിവാഹപൂർവ സഹവാസം (pre-marital cohabitation) എന്നിങ്ങനെ. ഇത് രണ്ടാം ജനസംഖ്യാപരമായ മാറ്റം എന്ന തരത്തിൽ പുതിയൊരു ജനസംഖ്യാമാറ്റത്തിന് വഴിതെളിച്ചു. ഏഷ്യൻ സാഹചര്യത്തിൽ വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുക എന്നത് സാധാരണമല്ല. വിവാഹവും പ്രസവവും തമ്മിൽ ദൃഢമായി ബന്ധിപ്പിക്കപ്പെട്ടുമിരിക്കുന്നു. അതുകൊണ്ടുതന്നെ വിവാഹത്തിലും, വിവാഹബന്ധത്തിനുള്ളിലെ പ്രസവത്തിലും വന്നിട്ടുള്ള മാറ്റങ്ങൾ തന്നെയാണ് ഈ രാജ്യങ്ങളിൽ പ്രത്യുല്പാദന നിരക്ക് പകരം വെക്കൽ നിരക്കിന്റെ താഴെ എത്താനുള്ള പ്രധാന കാരണം.
അതേ സമയം, കഴിഞ്ഞ മൂന്നു ദശകങ്ങളായി പ്രത്യുല്പാദനനിരക്ക് കേരളത്തിൽ വളരെ സാവധാനം മാത്രമാണ് കുറയുന്നത്. 1971ൽ ഒരു സ്ത്രീക്ക് നാല് കുട്ടികളെന്നതായിരുന്നു കേരളത്തിലെ പ്രത്യുല്പാദന നിരക്കെങ്കിൽ 1988 ആയപ്പോഴേക്ക് (കേവലം രണ്ടു ദശകങ്ങൾക്കുള്ളിൽ) ഒരു സ്ത്രീക്ക് 2 കുട്ടികളെന്ന നിരക്കിലേക്ക് താഴ്‌ന്നു. എന്നാൽ അതിനു ശേഷം കേരളത്തിന്റെ പ്രത്യുല്പാദനനിരക്ക് 1.7നും 1.9നും ഇടയിലായി നിലനിന്നു പോവുകയാണ്. 2015-16ലെ ദേശീയ കുടുംബാരോഗ്യസർവേ അനുസരിച്ച് 25 വയസിനും 49 വയസിനും ഇടയിൽ പ്രായമുള്ള സ്ത്രീകളുടെ ശരാശരി വിവാഹപ്രായം കേരളത്തിൽ 21.5 വയസാണ്. വിവാഹിതരാവാത്ത സ്ത്രീകൾ 4 ശതമാനം മാത്രമാണ്. വിവാഹമോചനനിരക്കിൽ കാര്യമായ വ്യത്യാസങ്ങൾ കാണാനുമില്ല. വിവാഹത്തിനും, ആദ്യപ്രസവത്തിനുമിടയിലുള്ള ഇടവേള മാത്രമാണ് സാവധാനമാണെങ്കിലും വർധിച്ചു വരുന്നത്. അതുകൊണ്ടുതന്നെ മറ്റു വികസിത ഏഷ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് വിവാഹ-കുടുംബ സംവിധാനങ്ങൾക്ക് കേരളസമൂഹത്തിന്റെ ജനസംഖ്യാപരമായി മാറിയ ഇപ്പോഴത്തെ പരിതസ്ഥിതിയിലും വലിയ പ്രാധാന്യമുണ്ട്. ദക്ഷിണ യൂറോപ്യൻ രാജ്യങ്ങളിലെ പ്രത്യുല്പാദന അനുഭവങ്ങൾ വിശദീകരിക്കാൻ ജനസംഖ്യാശാസ്ത്രജ്ഞർ ഉപയോഗിക്കുന്ന “കുടുംബസംവിധാനത്തിനുള്ള പ്രാമുഖ്യം“ (familism) എന്ന ആശയത്തിന് കേരളത്തിലും പ്രസക്തി ഉണ്ടെന്ന് പഠനം വെളിപ്പെടുത്തുന്നു. കുടുംബകേന്ദ്രീകൃതമായ ക്ഷേമസംവിധാനങ്ങൾ, കുടുംബാധിഷ്ഠിതമായ ഉല്പാദനപ്രക്രിയ, കുടുംബബന്ധത്തിലധിഷ്ഠിതമായ മൂല്യവ്യവസ്ഥ എന്നിവ രണ്ടാം ജനസംഖ്യാപരമായ മാറ്റങ്ങൾ അതിന്റെ പൂർണ അർഥത്തിൽ കേരളത്തിൽ അനുഭവപ്പെടുന്നതിൽ കാലതാമസമുണ്ടാക്കുന്നുണ്ടെന്ന് പറയാം. എന്നാൽ വിദ്യാഭ്യാസനേട്ടങ്ങൾ, പ്രത്യേകിച്ചും സ്ത്രീകൾ വിദ്യാഭ്യാസരംഗത്ത് കൈവരിക്കുന്ന പുരോഗതി, ഈ മൂല്യവ്യവസ്ഥയിൽ രണ്ടാം ജനസംഖ്യാപരമായ മാറ്റത്തിന് അനുപൂരകമായ തരത്തിൽ പരിണാമങ്ങളുണ്ടാക്കുന്നതിന് കാരണമായേക്കാം. ഇത് കൂടുതൽ ലിംഗപരമായ സമത്വത്തിലേക്കും, അതിന്റെ ഭാഗമായി വിവാഹത്തിലും, പ്രസവത്തിലും ഉണ്ടാകുന്ന മാറ്റങ്ങളിലേക്കും കേരളസമൂഹത്തെ വഴിതെളിക്കാനിടയുണ്ട്. വളരെ കുറഞ്ഞ പ്രത്യുല്പാദനനിരക്കിനും (1.3ഓ അതിൽ കുറവോ) അതിന്റെ പരിണതഫലമായ പ്രായമാകലിനും, നെഗറ്റീവ് ജനസംഖ്യാവളർച്ചയ്ക്കും അവയുടേതായ ജനസംഖ്യാപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരാം. ഇത് എത്രയും വേഗം മനസിലാക്കി, കുടുംബത്തിലധിഷ്ഠിതമല്ലാത്ത സംരക്ഷണസമ്പ്രദായം കൂടി രൂപപ്പെടുത്തേണ്ടത് ആവശ്യമാണ്.
പ്രായഘടനയിലുള്ള (age structure) മാറ്റവും അതിഥി തൊഴിലാളികളുടെ വരവും
പ്രത്യുല്പാദനനിരക്കിലും മരണനിരക്കിലും ഉണ്ടായ കുറവ് കേരളജനസംഖ്യയുടെ പ്രായഘടനയിൽ കാര്യമായ വ്യത്യാസങ്ങൾ വരുത്തിയിട്ടുണ്ട്. വേഗത്തിൽ പ്രായമായിക്കൊണ്ടിരിക്കുന്ന ഒരു സമൂഹമാണ് കേരളം. തൊഴിൽസേനയിൽ 20നും 34നും ഇടയിലുള്ള യുവാക്കളുടെ അനുപാതം 1991ൽ 50 ശതമാനമായിരുന്നത് 2011 ആയപ്പോൾ 39 ശതമാനം ആയി കുറഞ്ഞു. ഈ അവസ്ഥ ഇനിയും തുടരുമെന്നാണ് സെൻസസ് അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. തൊഴിൽസേനയിൽ യുവാക്കളുടെ എണ്ണം കുറയുന്നത് യുവ തൊഴിലാളികളുടെ, പ്രത്യേകിച്ച് കായികാധ്വാനം ചെയ്യുന്നവരുടെ അപര്യാപ്തതയ്ക്ക് കാരണമായിട്ടുണ്ട്. വിദഗ്ദ്ധ-അവിദഗ്ദ്ധ തൊഴിലാളികളുടെ ലഭ്യതക്കുറവും, ഉയർന്ന കൂലിയും, സ്ഥിരമായി തൊഴിൽ ലഭിക്കുന്നതിനുള്ള സാധ്യതകളും, അതിഥിത്തൊഴിലാളികളോടുള്ള അനുഭാവപൂർണമായ സമീപനവും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമായി കേരളത്തെ മാറ്റിയിട്ടുണ്ട്. അതുകൊണ്ടുതന്നെ, കേരളത്തിന്റെ ജനസംഖ്യാപരമായ മാറ്റത്തിന്റെ വേഗത കേരളസമൂഹത്തിന്റെ ഇന്നത്തെ മാനവവികസനത്തിലേക്ക് എത്ര വേഗത്തിൽ അതിഥിത്തൊഴിലാളികൾ ഇഴുകിച്ചേരുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയിരിക്കും.
മരണനിരക്കിലുണ്ടാകുന്ന മാറ്റങ്ങൾ
മരണനിരക്കിലുണ്ടാകുന്ന കുറവിൽ (mortality transition) നീണ്ട ചരിത്രം ഉണ്ടെങ്കിലും സംസ്ഥാനം ഇനിയും മരണനിരക്കിലെ കുറവിൽ, അതായത് മരണം 80 വയസ്സിനു മുകളിലുള്ളവരിലേക്ക് കേന്ദ്രീകരിക്കുകയെന്ന കൂടുതൽ മെച്ചപ്പെട്ട ഘട്ടത്തിലേക്ക് എത്തിച്ചേർന്നിട്ടില്ലെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. മാറ്റത്തിന്റെ ആദ്യഘട്ടത്തിൽ സാംക്രമിക രോഗങ്ങളെ (communicable diseases) അവയുടെ തുടക്കത്തിൽ തന്നെ പ്രതിരോധിക്കുന്നതിലും അതിലൂടെ ജീവിതദൈർഘ്യം കൂട്ടുന്നതിലും സംസ്ഥാനം വിജയിച്ചു. മലയാളികളുടെ ആയുർദൈർഘ്യം 1970-75ൽ 62 വയസ്സായിരുന്നത് 1996-2000ൽ 72 വയസ്സായും, 2014-18ൽ 75 വയസ്സായും ഉയർന്നു. ഇതിന്റെയൊക്കെ ഭാഗമായി മരണനിരക്കിലുണ്ടായ കുറവ് കുറഞ്ഞ പ്രായക്കാരിലാണ് കേന്ദ്രീകരിക്കപ്പെട്ടത്. ഈ നേട്ടം നിലനിർത്തുന്നതിന് കേരളം മുതിർന്നവരിലെ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പ്രതിരോധിക്കുന്നതിനും വിവിധ പ്രായക്കാരെ വേർതിരിച്ചു കണ്ടുകൊണ്ടുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.
മരണനിരക്കിലുണ്ടായ ഗുണപരമായ മാറ്റത്തിനൊപ്പം കേരളത്തിൽ സാംക്രമിക രോഗങ്ങളിൽ നിന്നും പകരാത്ത രോഗങ്ങളിലേക്കുള്ള (non-communicable diseases) സ്വാഭാവിക പരിണാമവും സംഭവിച്ചിട്ടുണ്ട്. ഇന്ത്യയിലെ സാംക്രമികരോഗനിരക്കിൽ ഏറ്റവും മാറ്റം രേഖപ്പെടുത്തിയത് കേരളമാണ്. 1990നും 2016നും ഇടയിൽ കേരളത്തിൽ ആകെയുണ്ടായ രോഗങ്ങളുടെ നാലിൽ മൂന്നും പകരാത്ത രോഗങ്ങൾ ആയി മാറിയത് മരണനിരക്ക് 75 വയസിനു മുകളിലേക്ക് കേന്ദ്രീകരിക്കുന്നതിന് കാരണമായി. രോഗങ്ങളിലുണ്ടായ മാറ്റവും അതുമൂലം ജീവിതദൈർഘ്യത്തിലുണ്ടായ വർധനവും സംസ്ഥാനം ജനസംഖ്യാപരമായ മാറ്റത്തിന്റെ നിലവിൽ അംഗീകരിക്കപ്പെട്ട സിദ്ധാന്തമായ മൂന്നാമത്തേതും അവസാനത്തേതുമായ ഘട്ടത്തിൽ എത്തി എന്നതിന്റെ സൂചനയാണ്. അതേ സമയം പല വികസിതരാജ്യങ്ങളുടെയും അനുഭവങ്ങൾ മരണനിരക്കിൽ delayed degenerative diseases എന്നറിയപ്പെടുന്ന നാലാമതൊരു ഘട്ടം കൂടി ഉണ്ടെന്ന് സ്ഥാപിക്കുന്നു. ഈ ഘട്ടത്തിൽ മരണനിരക്ക് ലിംഗഭേദമെന്യേ 80 വയസിനു മുകളിലാണ് കേന്ദ്രീകരിക്കപ്പെടുന്നത്.
ആഗോളതലത്തിലെ അനുഭവങ്ങൾ വെച്ച് പഠനം ചൂണ്ടിക്കാണിക്കുന്നത് ആരോഗ്യക്ഷയം മൂലമുണ്ടാകുന്ന പ്രായാടിസ്ഥാനമായുള്ള മരണനിരക്കിനെ 70 വയസിനു മുകളിലെന്ന ഇന്നത്തെ നിലയിൽ നിന്ന് 80 വയസിനു മുകളിലേക്ക് മാറ്റാനുള്ള സാധ്യതകൾ ഇനിയും കേരളത്തിനുണ്ടെന്നാണ്. പ്രായമായവരെ ലക്ഷ്യമാക്കിയുള്ള പൊതു ആരോഗ്യ ഇടപെടലുകളും വൈദ്യശാസ്ത്രരംഗത്തെ പുരോഗതിയും ഉപയോഗിച്ച് 80 വയസ്സിനു മുകളിലുള്ളവരുടെ അതിജീവനം മെച്ചപ്പെടുത്താൻ കഴിയും. ഇന്ത്യയിൽ പ്രായമായവരുടെ അനുപാതം ഏറ്റവും അധികമുള്ള സംസ്ഥാനം എന്ന നിലയിൽ കേരളം വൃദ്ധരുടെ പ്രത്യേക ആരോഗ്യ ആവശ്യങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. പ്രായമായവരിൽ തന്നെ വിവിധ പ്രായത്തിലുള്ളവരെ പരിഗണിക്കുന്ന തരത്തിൽ പുതിയ നയങ്ങളും ഇടപെടലുകളും സംസ്ഥാനം രൂപീകരിക്കണമെന്നും പഠനം പറയുന്നു. ഇത് മരണനിരക്കിന്റെ തോത് 80 വയസിനു മുകളിലേക്ക് കേന്ദ്രീകരിക്കാൻ സഹായിക്കും. ഇതിന് അതിവൃദ്ധർക്കിടയിൽ (80 വയസിനു മുകളിൽ) മരണകാരണമായേക്കാവുന്ന രോഗങ്ങളുടെ പ്രായ-ലിംഗ അടിസ്ഥാനത്തിലുള്ള വിവരങ്ങൾ ലഭ്യമാക്കണമെന്നും പഠനം പറയുന്നു. ജനസംഖ്യാപരമായ മാറ്റത്തെ മനസിലാക്കുന്നതിനോടൊപ്പം സംസ്ഥാനത്തെ അതിവൃദ്ധരെ ബാധിക്കുന്ന രോഗങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ മനസിലാക്കുവാനും ഇതുവഴി സാധിക്കും. അന്താരാഷ്ട്രതലത്തിലുള്ള അനുഭവങ്ങളിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളുന്നത് മനുഷ്യനിർമിതവും ആരോഗ്യക്ഷയത്തിനു കാരണമാകുന്നതുമായ അസുഖങ്ങളെ നേരിടുന്നതിൽ ഇതുവരെ സംസ്ഥാനം അഭിമുഖീകരിച്ചുകൊണ്ടിരുന്ന വീഴ്ചയെ മറികടന്ന് വൃദ്ധർക്കിടയിലെ മരണനിരക്കിനെ കുറച്ചുകൊണ്ടുവരാൻ സഹായകമാകുമെന്നും പഠനം പറയുന്നു.
കൂടുതൽ വിവരങ്ങൾക്ക് ദയവായി താഴെപ്പറയുന്ന നമ്പറിൽ ബന്ധപ്പെടുക:
ഡോ. ബൈശാലി ഗോസ്വാമി, Associate Fellow, CSES (9446412700)
ഡോ. എൻ. അജിത് കുമാർ, Director, CSES (9446395108)