CSES in Media

43 ശതമാനം എ.ടി.എമ്മിലും സാനിറ്റൈസർ ഇല്ല

This report on CSES study was published in Madhyamam on 29.07.2020

സംസ്ഥാനത്തെ എ.ടി.എം കൗണ്ടറുകളിൽ 43 ശതമാനത്തിലും സാനിറ്റൈസറില്ലെന്ന് പഠനം. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സെന്റർ ഫോർ സോഷ്യോ-ഇക്കണോമിക് ആന്റ് എൻ‌വയൺ‌മെന്റൽ സ്റ്റഡീസ് (സി.എസ്.ഇ.എസ്) ജൂലൈ 24 മുതൽ 27 വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ 276 എ.ടി.എമ്മുകളിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.

റിസർവ് ബാങ്ക് കണക്കനുസരിച്ച് സംസ്ഥാനത്ത് 9931 എ.ടി.എം കൗണ്ടറുകളാണുള്ളത്. വൈറസ് വ്യാപനത്തിന് ഇവിടങ്ങളിൽ സാധ്യത കൂടുതലാണ്. സ്ഥിരമായി അടഞ്ഞുകിടക്കുന്ന ചെറിയ മുറികളായതിനാൽ വായുസഞ്ചാരം കുറവായിരിക്കും. പല എ.ടി.എമ്മുകളിലും വളരെ ചെറിയ കുപ്പിയാണ് വെച്ചിട്ടുള്ളത്. അവയിൽ പലപ്പോഴും സാനിറ്റൈസർ ഉണ്ടാകാറില്ല. എളുപ്പത്തിൽ ശ്രദ്ധയിൽ‌പെടാത്തവിധം സാനിറ്റൈസർ കുപ്പിവെച്ച കൗണ്ടറുകളുമുണ്ട്. പണം എടുക്കുന്നതിന് മുമ്പും പിമ്പും കൈകൾ സാനിറ്റൈസ് ചെയ്യുന്നതിന്റെ പ്രാധാന്യവും രീതിയും 40 ശതമാനം എ.ടി.എമ്മുകളിൽ മാത്രമേ പ്രദർശിപ്പിച്ചിട്ടുള്ളൂ. മൂന്നിലൊന്ന് എ.ടി.എമ്മുകളിൽ മാത്രമാണ് ഈ നിർദ്ദേശങ്ങൾ മലയാളത്തിലുള്ളത്.

സംസ്ഥാനത്തെ എ.ടി.എമ്മുകളിൽ 31 ശതമാനവും എസ്.ബി.ഐയുടേതാണ്. ഇവയിൽ പകുതിയിൽ താഴെ കൗണ്ടറുകളിൽ മാത്രമാണ് സാനിറ്റൈസർ കാണാനായത്. എന്നാൽ, കേരളം ആസ്ഥാനമായ 70 ശതമാനം സ്വകാര്യ ബാങ്കുകളുടെ എ.ടി.എമ്മുകളിലും സാനിറ്റൈസറുണ്ട്. ബാങ്ക് ശാഖകളോട് ചേർന്ന എ.ടി.എമ്മുകളിൽ ഒറ്റയ്ക്ക് നിൽ‌ക്കുന്നവയെ അപേക്ഷിച്ച് സാനിറ്റൈസർ ലഭ്യത കുറവാണ്.