blogs

സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണവും ഭിന്നശേഷി സമൂഹവും

ദേശീയ വിദ്യാഭ്യാസ നയം (2020) നടപ്പാക്കുന്നതിന്റെ ഭാഗമായി, കേരള പാഠ്യപദ്ധതി ചട്ടക്കൂട് പൊതുസമൂഹം സമഗ്രമായ ചർച്ചകൾക്കും അഭിപ്രായ രൂപീകരണത്തിനും വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. ലേഖകൻ കൂടി പങ്കാളിയായ വ്യത്യസ്തങ്ങളായ പഠനാനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഭിന്നശേഷി സൗഹൃദമായ ഒരു സ്ക്കൂൾവിദ്യാഭ്യാസക്രമം എങ്ങനെ രൂപപ്പെടുത്താമെന്ന ചില ചിന്തകൾ പങ്കുവെക്കുകയാണ് സി.എസ്.ഇ.എസ്. റിസർച്ച് ഓഫീസർ റംഷാദ് എം.

വ്യത്യസ്തങ്ങളായ ശാരീരിക-മാനസിക വൈകല്യങ്ങൾ ഉള്ളവരെ പൊതുവായി വിശേഷിപ്പിക്കാൻ ‘ഭിന്നശേഷിക്കാർ‘ (differently abled) എന്ന വാക്ക് ഉപയോഗിച്ചുതുടങ്ങുന്നത് നിരവധി കാലത്തെ ചർച്ചകൾക്കും അഭിപ്രായ രൂപീകരണങ്ങൾക്കും ശേഷമാണ്. ഭിന്നശേഷിക്കാരുടെ അവകാശങ്ങളെ ഗൗരവമായി സമീപിക്കുന്ന തലത്തിലേക്ക് നമ്മുടെ സമൂഹം വളർന്നിട്ട് അധികമായിട്ടില്ല. അരികുവൽക്കരിക്കപ്പെട്ട സമൂഹങ്ങളെക്കുറിച്ചുള്ള ചർച്ചകൾ പൊതുമണ്ഡലത്തിൽ വ്യാപകമായതോടു കൂടിയാണ് ഭിന്നശേഷിയുള്ളവരെ വേദനിപ്പിക്കുന്ന പല വാക്കുകളും പ്രയോഗങ്ങളും ദൈനംദിനജീവിതത്തിൽ അറിഞ്ഞോ അറിയാതെയോ ഉപയോഗിച്ചിരുന്നത് തിരിച്ചറിയാനും തിരുത്തപ്പെടാനും തുടങ്ങിയത്.

2008-ൽ നടന്ന ഭിന്നശേഷിക്കാരുടെ അവകാശങ്ങളെക്കുറിച്ചുള്ള കൺ‌വെൻഷൻ (CRPD) ഭിന്നശേഷിക്കാർ നേരിടുന്ന വിവിധങ്ങളായ പ്രശ്നങ്ങളെയും, അവർ ദൈനംദിന ജീവിതത്തിൽ അനുഭവിക്കുന്ന വേർതിരിവുകളെയും, അവരുടെ അവകാശങ്ങളെയും കുറിച്ചുള്ള അവബോധം സർക്കാർസംവിധാനങ്ങളിലും പൊതുജനങ്ങൾക്കിടയിലും വളർത്തിയെടുക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ശാരീരികവൈകല്യങ്ങൾക്കപ്പുറം വൈകല്യങ്ങൾക്ക് വ്യത്യസ്തമായ മാനങ്ങൾ ഉണ്ടെന്നും, ഓരോ വൈകല്യവും ഓരോ തരത്തിൽ പരിഗണിക്കപ്പെടേണ്ടതാണെന്നുമുള്ള ബോധ്യങ്ങളിലേക്ക് പൊതുസമൂഹം വികസിക്കുന്നത് അതോടെയാണ്. അതുവരെ ഭിന്നശേഷിക്കാരുടെ ആരോഗ്യവും ക്ഷേമവും മാത്രം പരിഗണിച്ചുകൊണ്ടുള്ള ഒരു സമീപനമായിരുന്നു നയരൂപീകരണങ്ങളിൽ സ്വീകരിച്ചിരുന്നതെങ്കിൽ ഈ കൺ‌വെൻഷനോടുകൂടി, ഭിന്നശേഷിക്കാരുടെ മനുഷ്യാവകാശത്തിനു ഊന്നൽ നൽകിക്കൊണ്ടുള്ള ഒരു സമീപനത്തിലേക്ക് ലോകമാകെ മാറി. ഇതിന്റെ തുടർച്ചയായാണ് ഇന്ത്യയിൽ 2016 ലെ ഭിന്നശേഷി അവകാശ നിയമം (RPWD Act, 2016) നടപ്പിലാക്കിയത്.

2008ലെ കൺ‌വെൻഷനോടുകൂടി person with disability എന്ന പ്രയോഗം ലോകമാകെ വ്യാപകമാവാൻ തുടങ്ങി. വൈകല്യമെന്നത് ആരും സ്വയം സൃഷ്ടിക്കുന്നതല്ലെന്നും, വൈകല്യങ്ങൾ വിവിധതരത്തിലുള്ള പ്രയാസങ്ങൾ ഈ സമൂഹം അനുഭവിക്കുന്നുണ്ടെന്നും, അവ പരിഗണിച്ചുകൊണ്ടും അവരുടെ മനുഷ്യാവകാശങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ടുമുള്ള ഒരു സമീപനമാണ് നയരൂപീകരണത്തിൽ ഉണ്ടാവേണ്ടത് എന്നതുമാണ് ഈ പ്രയോഗം ലക്ഷ്യംവെക്കുന്നത്. എന്നാൽ മലയാളത്തിൽ ഈ വാക്കിനു അനുയോജ്യമായ ഒരു പദം കണ്ടെത്താൻ കഴിയാത്തതിനാൽ ഭിന്നശേഷിക്കാർ എന്ന പ്രയോഗം തന്നെയാണ് ഇപ്പോഴും ഉപയോഗിച്ചുവരുന്നത്.

നമ്മുടെ സംസ്ഥാനം ചരിത്രപരമായ ഒരു പ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്ന ഘട്ടത്തിലാണ് ഈ വർഷത്തെ അന്താരാഷ്ട്ര ഭിന്നശേഷി ദിനമെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ദേശീയ വിദ്യാഭ്യാസ നയം (2020) നടപ്പാക്കുന്നതിന്റെ ഭാഗമായി, കേരള പാഠ്യപദ്ധതി ചട്ടക്കൂട് പൊതുസമൂഹം സമഗ്രമായ ചർച്ചകൾക്കും അഭിപ്രായ രൂപീകരണത്തിനും വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. സ്ക്കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മയുടെ കാര്യത്തിൽ കേരളം കൈവരിച്ച നേട്ടങ്ങൾ അന്താരാഷ്ട്രതലത്തിൽ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുള്ളതാണ്. കേരളത്തിന്റെ പൊതുവിദ്യാലയങ്ങളുടെ പശ്ചാത്തലസൗകര്യങ്ങളിൽ കഴിഞ്ഞ കുറച്ചുവർഷങ്ങളായി ഉണ്ടായിട്ടുള്ള കാതലായ പുരോഗതിയും ഏറെ പ്രശംസനീയമാണ്. എന്നാൽ തുല്യനീതിയിലടിയുറച്ചുകൊണ്ട് പുരോഗമനവും-ശാസ്ത്രീയവുമായ മാർഗങ്ങളിലൂടെ വ്യത്യസ്ത സാമൂഹ്യ-സാമ്പത്തിക പശ്ചാത്തലമുള്ള കുട്ടികളുടെ വ്യത്യസ്തങ്ങളായ ആവശ്യങ്ങളെ പരിഗണിക്കുകയും പരിഹരിക്കുകയും ചെയ്യുമ്പോഴാണ് ഉൾച്ചേർന്ന വിദ്യാഭ്യാസം (inclusive education) എന്ന ലക്ഷ്യം അതിന്റെ പൂർണതയിലേക്കെത്തിക്കാൻ സാധിക്കൂ. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികളാണ് പ്രധാനമായും പൊതുവിദ്യാലയങ്ങളെ ആശ്രയിക്കുന്നത് എന്നതു തന്നെയാണ് നമ്മുടെ പൊതുവിദ്യാഭ്യാസരംഗം കൂടുതൽ ഭിന്നശേഷി സൗഹൃദമാകേണ്ടതിന്റെ ആവശ്യകത അടിവരയിടുന്നത്. പണമില്ലാത്തതു കൊണ്ട് തങ്ങളുടെ വൈകല്യങ്ങളെ മറികടക്കാനുള്ള അവസരം നമ്മുടെ കുട്ടികൾക്ക് ലഭിക്കാതെ പോകരുത്.

ലേഖകൻ കൂടി പങ്കാളിയായ വ്യത്യസ്തങ്ങളായ പഠനാനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഭിന്നശേഷി സൗഹൃദമായ ഒരു സ്ക്കൂൾവിദ്യാഭ്യാസക്രമം എങ്ങനെ രൂപപ്പെടുത്താമെന്ന ചില ചിന്തകൾ പങ്കുവെക്കുക എന്നതാണ് ഈ കുറിപ്പിന്റെ ഉദ്ദേശ്യം.

വിദ്യാഭ്യാസം മൗലികാവകാശം

സാർവത്രികവും സൗജന്യവുമായ വിദ്യാഭ്യാസം ആറ് വയസ്സിനും പതിനാല് വയസ്സിനും ഇടക്കുള്ള മുഴുവൻ കുട്ടികളുടെയും മൗലികാവകാശമാണെന്ന് ഭരണഘടനയുടെ 21 എ അനുച്ഛേദം കൃത്യമായി പറയുന്നുണ്ട്. എന്നാൽ, ഭിന്നശേഷിക്കാർക്കിടയിലെ സാക്ഷരത കേരളത്തിൽ 70.79 ശതമാനം മാത്രമാണെന്ന് 2011 ലെ സെൻസസ് ഡേറ്റ സൂചിപ്പിക്കുന്നു. കേരളത്തിലെ ഭിന്നശേഷിക്കാരിൽ 18 ശതമാനം പേരും ഒരു തരത്തിലുള്ള വിദ്യാലയത്തിലും പോയിട്ടില്ല എന്നതും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. സംസ്ഥാന സർക്കാരും തദ്ദേശ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളുമെല്ലാം ചേർന്ന് ഈ പ്രശ്നത്തിനു പരിഹാരം കാണാനും, മുഴുവൻ പേരെയും ഏതെങ്കിലും തരത്തിലുള്ള വിദ്യാഭ്യാസ സംവിധാനത്തിന്റെ ഭാഗമാക്കാനും വ്യത്യസ്തമായ പരിപാടികൾ നടപ്പിലാക്കുന്നുണ്ട്. റെഗുലർ സ്കൂളുകൾ കൂടാതെ, സ്പെഷ്യൽ സ്കൂളുകളും, ബഡ്സ്-ബി.ആർ.സി.കളും, വീടുകളിൽ എത്തിയുള്ള പഠന പ്രവർത്തനവുമെല്ലാം ഇതിന്റെ ഭാഗമാണ്.

എങ്കിലും, ഏതെങ്കിലും തരത്തിലുള്ള വിദ്യാഭ്യാസത്തിന്റെ ഭാഗമാ‍വാത്ത ഒരാളുമില്ലെന്ന് ഉറപ്പാക്കുക എന്നത് സമൂഹത്തിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായ സാഹചര്യമാണ് ഭിന്നശേഷിക്കാരുടേതെന്നത് പരിഗണിച്ചുള്ള ഒരു സമീപനം ഇക്കാര്യത്തിൽ ഉണ്ടാവേണ്ടതുണ്ട്. പ്രത്യേകിച്ച് ബുദ്ധിപരമായ വൈകല്യമുള്ളവരുടെ കാര്യത്തിൽ വിദ്യാഭ്യാസമെന്നതിനും, സാക്ഷരത എന്നതിനുമെല്ലാം വ്യത്യസ്തമായ ഒരു സമീപനം തന്നെ വേണ്ടി വന്നേക്കാം. നിലവിലുള്ള പഠനപ്രവർത്തനം (മൂല്യ നിർണ്ണയമടക്കം) അവർക്കെത്രത്തോളം അനുയോജ്യമാണെന്നും, അതിൽ ഏതു തരത്തിലുള്ള മാറ്റങ്ങൾ ഉണ്ടാവണമെന്നും വളരെ ഗൗരവത്തോടെ ചർച്ച ചെയ്യേണ്ടതുണ്ട്.

ഉൾച്ചേർന്ന വിദ്യാഭ്യാസം (Inclusive education)

2016-ലെ ഭിന്നശേഷി അവകാശ നിയമവും, 2009-ലെ വിദ്യാഭ്യാസാ‍വകാശ നിയമവും എല്ലാവർക്കും ഒരുപോലെ പ്രാപ്യമാകുന്ന ഒരു വിദ്യാഭ്യാസ മാതൃക രാജ്യത്താകെ നടപ്പാക്കണമെന്ന് ശുപാർശ ചെയ്യുന്നുണ്ട്. വ്യത്യാസങ്ങളും പ്രയാസങ്ങളും പരിഗണിക്കാതെ, സാധ്യമാകുന്നിടങ്ങളിലെല്ലാം എല്ലാകുട്ടികളും ഒരുമിച്ച് പഠിക്കണമെന്നതാണ് ഉൾച്ചേർന്ന വിദ്യാഭ്യാസത്തിന്റെ (inclusive education) തത്വം. കേരളത്തിലെ മുഴുവൻ സർക്കാർ-എയ്ഡഡ് സ്കൂളുകളിലും സീറോ റിജക്ഷൻ പോളിസി സ്വീകരിക്കുന്നുണ്ട്. എങ്കിലും, സാമൂഹ്യ നീതി വകിപ്പിനു വേണ്ടി സി.എസ്.ഇ.എസ്. നടത്തിയ പഠനത്തിൽ, കേരളത്തിലെ ഭിന്നശേഷി കുട്ടികളിൽ മൂന്നിൽ രണ്ടാൾക്ക് മാത്രമാണ് ഒരുമിച്ചുള്ള വിദ്യാഭ്യാസത്തിന് അവസരം ലഭിക്കുന്നത് എന്ന് വ്യക്തമാക്കുന്നു.

സമഗ്ര ശിക്ഷ അഭിയാൻ ഉൾച്ചേർന്ന വിദ്യാഭ്യാസം ഒരു പ്രധാന ഉത്തരവാദിത്തമായി ഏറ്റെടുത്തുകൊണ്ടുള്ള നിരവധി പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. കലാ-കായിക മേഖലയിൽ മികവ് തെളിയിച്ച ഭിന്നശേഷി കുട്ടികൾക്കായി  ശ്രേഷ്ഠ എന്ന പരിപാടി, ഇവരെയും കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള കലോത്സവം (inclusive arts fest), സഹവാസ ക്യാമ്പുകൾ, എൻ.എസ്.എസ്./എൻ.സി.സി./എസ്.പി.സി. അംഗങ്ങളുടെ സഹായത്തോടെ വൈകല്യമുള്ള കുട്ടികൾക്കായുള്ള ‘സഹചാരി’ (കിടപ്പിലായവരുടെയും ചലന വൈകല്യമുള്ളവരുടെയുമൊക്കെ വീടുകളിൽ അദ്ധ്യാപകരും, റിസോഴ്സ് ടീച്ചർമാരും, സഹപാഠികളും എത്തുന്ന പദ്ധതിയാണ് ‘സഹചാരി’) തുടങ്ങിയവ ഈ ലക്ഷ്യത്തിനായുള്ള ചില ഇടപെടലുകളാണ്. മാത്രമല്ല, ഇത്തരം കുട്ടികൾക്ക് ആവശ്യമായ പ്രത്യേക ലൈബ്രറി വീട്ടിൽ സജ്ജീകരിക്കാനും എസ്.എസ്.കെ. പദ്ധതിയുണ്ട്.

അതേസമയം, സി.എസ്.ഇ.എസിന്റെ പഠനത്തിൽ നിന്നും കണ്ടെത്തിയ ഒരു പ്രധാനകാര്യം ഉൾച്ചേർന്ന വിദ്യാഭ്യാസം വിജയിപ്പിക്കുന്നതിൽ റിസോഴ്സ് അധ്യാപകർക്കുള്ള പങ്കിനെക്കുറിച്ചാണ്. മാനവവിഭവശേഷിവികസന മന്ത്രാലയം (Ministry of Human Resource Development) വിഭാവനം ചെയ്യുന്ന റിസോഴ്സ് ടീച്ചർ-വിദ്യാർത്ഥി അനുപാതം 1:5 ആണെങ്കിൽ സംസ്ഥാനത്തെ ശരാശരി അനുപാതം 1:61 ആണ്. മാത്രമല്ല, നിലവിൽ അഞ്ചോ അതിലധികമോ ഭിന്നശേഷി കുട്ടികളുള്ള സ്കൂളുകളിൽ മാത്രമാണ് സ്ഥിരമായി റിസോഴ്സ് അധ്യാപകർ സന്ദർശിക്കുന്നത് (അതും ആഴ്ചയിൽ രണ്ട് ദിവസം മാത്രം). ഇത് മിക്കപ്പോഴും ഹൈസ്ക്കൂളുകളുമാവും (അവിടെയാണല്ലോ കൂടുതൽ കുട്ടികൾ). ഇവ കാരണം ചെറിയ ക്ലാസിലെ കുട്ടികളിലെ വൈകല്യം നേരത്തെ തിരിച്ചറിഞ്ഞ്, ഏറ്റവും വേഗത്തിൽ ഇടപെടൽ നടത്തുന്നതിന് പലപ്പോഴും കഴിയാതെ പോകുന്നുണ്ട്.

ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ട ശ്രദ്ധയും പരിഗണനയും ക്ലാസിൽ എല്ലായ്പ്പോഴും നൽകാൻ അദ്ധ്യാപകർക്ക് കഴിയണമെന്നില്ല. മാത്രമല്ല, വ്യത്യസ്തമായ ഭിന്നശേഷിക്കുട്ടികളെ കൈകാര്യം ചെയ്യാനാവശ്യമായ പരിശീലനവും അദ്ധ്യാപകർക്ക് കിട്ടിയിട്ടുണ്ടാവില്ല, ഇവിടെയാണ് പ്രത്യേക പരിശീലനം കിട്ടിയ റിസോഴ്സ് അധ്യാപകരുടെ പ്രാധാന്യം വരുന്നത്. ഭിന്നശേഷി അവകാശ നിയമത്തിൽ പുതുതായി ഉൾപ്പെട്ട ഭിന്നശേഷിക്കാരെക്കൂടി പരിഗണിച്ചുകൊണ്ട് സമഗ്രമായ ഒരു ‘ഉൾച്ചേർന്ന വിദ്യാഭ്യാസ നയം’ (inclusive education policy) നമുക്കുണ്ടാവേണ്ടതുണ്ട്.

ബഡ്സ് സ്കൂളുകൾ

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ മാനസികവൈകല്യമുള്ള കുട്ടികൾക്കായി 2007 -ൽ സംസ്ഥാനത്ത് നടപ്പിലാക്കിയ പദ്ധതിയാണ് ബഡ്സ് സ്കൂൾ. 18 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസവും പരിശീലനവും ഉറപ്പാക്കുന്നതിനായി കുടുംബശ്രീ മിഷൻ ആരംഭിച്ച ഈ പദ്ധതി തദ്ദേശ സ്ഥാപനങ്ങളാണ് നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി സൗജന്യ ഭക്ഷണവും യാത്രാസൗകര്യവും ഉറപ്പാക്കുന്നുണ്ട്. 18 വയസ്സിനു മുകളിലുള്ളവർക്കായി ബഡ്സ് റിഹാബിലിറ്റേഷൻ സെന്റർ (ബി.ആർ.സി.) എന്നൊരു സംവിധാനവും വിഭാവനം ചെയ്തിട്ടുണ്ടെങ്കിലും പല തദ്ദേശ സ്ഥാപനങ്ങളും ഏതെങ്കിലും ഒരു സ്ഥാപനം മാത്രമാണ് നടത്തുന്നത്.

തദ്ദേശ സ്ഥാപന പരിധിയിൽ തന്നെ സ്ഥിതി ചെയ്യുന്നു എന്നതും സൗജന്യ ഭക്ഷണവും യാത്രാ സംവിധാനവും ഉണ്ടെന്നതും ബഡ്സിന്റെ ഏറ്റവും വലിയ സവിശേഷതയാണ്. കുട്ടികളെ പകൽ സമയത്ത് സംരക്ഷിക്കാൻ ബഡ്സ് സ്കൂളുകൾ ഉള്ളതുകൊണ്ട് മാത്രം ജോലിക്കും മറ്റ് അത്യാവശ്യ കാര്യങ്ങൾക്കും പുറത്ത് പോവാൻ സാധിക്കുന്ന ധാരാളം രക്ഷിതാക്കളുണ്ട്. മുഴുവൻ തദ്ദേശ സ്ഥാപനങ്ങളും ഈ പദ്ധതി നടപ്പാക്കണമെന്ന് നിർദ്ദേശമുണ്ടെങ്കിലും, സംസ്ഥാനത്താകെ 293 ബഡ്സ് സ്ഥാപനങ്ങൾ മാത്രമാണുള്ളത്. (ഇതിൽ ഒരേ തദ്ദേശ സ്ഥാപനത്തിൽ തന്നെ ബഡ്സും ബി.ആർ.സി.യും ഉണ്ടാവാനുള്ള സാധ്യതയുമുണ്ട്.) സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ മാനസികവൈകല്യങ്ങളുള്ള കുട്ടികളുടെയും അവരുടെ രക്ഷിതാക്കളുടെയും ക്ഷേമമുറപ്പാക്കുന്നതിനായി മുഴുവൻ തദ്ദേശ സ്ഥാപനങ്ങളും ബഡ്സ് സ്ഥാപനങ്ങൾ അടിയന്തരമായി തുടങ്ങേണ്ടതുണ്ട്.

ബഡ്സ് സ്കൂളുകളിൽ ഫിസിയോ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, മെഡിക്കൽ ഓഫീസർ, സോഷ്യൽ വർക്കർ തുടങ്ങിയവരുടെ സേവനം കൃത്യമായ ഇടവേളകളിൽ ഉറപ്പാക്കാൻ സർക്കാർ നിർദ്ദേശമുണ്ട്. സർക്കാർ നിർദ്ദേശപ്രകാരമുള്ള ‘അദ്ധ്യാപക-വിദ്യാർത്ഥി അനുപാതം’ 1:8 ആണെങ്കിൽ നിലവിലത് 1:16 ഉം, ‘ആയ-വിദ്യാർത്ഥി അനുപാതം’ 1:15 നു പകരം 1:62 –മാണെന്ന് സി.എസ്.ഇ.എസ്. പഠനം വ്യക്തമാക്കുന്നു. ഇത് അടിയന്തരമായി പരിഹരിക്കേണ്ടതുണ്ട്. സംസ്ഥാനത്ത് കുട്ടികൾ കുറവായതിന്റെ പേരിൽ ഉപയോഗിക്കാതെ കിടക്കുന്ന സ്കൂളുകളും, ക്ലാസ് മുറികളും ബഡ്സ് സ്ഥാപനങ്ങൾക്കായി ഉപയോഗിച്ച് അവയുടെ അടിസ്ഥാന സൗകര്യങ്ങളും, എണ്ണവും വർദ്ധിപ്പിക്കുന്നത് പരിഗണിക്കാവുന്നതാണ്.

വൈവിധ്യവും പങ്കാളിത്തവും

2016-ലാണ് രാജ്യത്ത് ഭിന്നശേഷി അവകാശ നിയമം നിലവിൽ വന്നത്, അതിനു മുൻപ് ഏഴ് തരത്തിലുള്ള വൈകല്യങ്ങളായിരുന്നു അംഗീകരിക്കപ്പെട്ടിരുന്നതെങ്കിൽ, പുതിയ നിയമത്തോടെ ഇത് 21 എണ്ണമായി മാറി. വൈവിധ്യമാർന്ന പുതിയ പല വൈകല്യങ്ങളും നിയമപരമായി അംഗീകരിക്കപ്പെട്ടെങ്കിലും ഇവയെയൊന്നും പൂർണ്ണമായി പഠിക്കാനോ, ഓരോ വൈകല്യത്തിനും ആവശ്യമായ ഇടപെടലുകൾ ഉറപ്പാക്കാനോ നമുക്കിപ്പോഴും സാധിച്ചിട്ടില്ല. ഒരേ തരത്തിലുള്ള വൈകല്യം വ്യത്യസ്ത തീവ്രതയിൽ ഓരോരുത്തരെയും ബാധിക്കുന്നത് ഈ മേഖലയെ കൂടുതൽ സങ്കീർണ്ണമാക്കുന്നു. സ്വാഭാവികമായും ഈ ഒരു അവ്യക്തത വിദ്യാഭ്യാസ മേഖലയിലും തുടരുന്നുണ്ട്.

കാഴ്ച വൈകല്യമുള്ളവരോടും, കേൾവി-സംസാര വൈകല്യമുള്ളവരോടും, എടുക്കുന്ന സമീപനവും ഓട്ടിസമുള്ളവരോടുള്ള സമീപനവും വ്യത്യസ്തമാണ്. പാഠ്യപദ്ധതി ചർച്ചക്കുള്ള കുറിപ്പിലും ഈ കാര്യം ചർച്ച ചെയ്യേണ്ടതിന്റെ പ്രാധാന്യം പറയുന്നുണ്ട്. മാത്രമല്ല, ഓരോ കുട്ടിക്കും, ഓരോ വൈകല്യത്തിനും അനുയോജ്യമായ (appropriate education) വിദ്യാഭ്യാസം ലഭ്യമാക്കേണ്ടതിനെക്കുറിച്ചും കുറിപ്പ് സൂചിപ്പിക്കുന്നുണ്ട്.

എസ്.എസ്.കെ. ‘നമുക്കൊന്നിച്ച് പഠിക്കാം’ എന്ന പേരിൽ ആറു കൈപ്പുസ്തകങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. സ്വരം (കേൾവി വൈകല്യമുള്ളവർക്ക്), ചലനം (ചലന വൈകല്യമുള്ളവർക്ക്), മഴവില്ല് (കാഴ്ച വൈകല്യമുള്ളവർക്ക്), ബോധി (ബുദ്ധിപരമായ വൈകല്യമുള്ളവർക്ക്) സഹായി (ഓട്ടിസമുള്ളവർക്ക്), പ്രതീക്ഷ (സെറിബ്രൽ പാൾസിയുള്ളവർക്ക്) എന്നിവയാണിവ. ഭിന്നശേഷി അവകാശ നിയമം വരുന്നതിനു മുൻപ് തയ്യാറാക്കിയവയാണിവ. പുതിയ വൈകല്യങ്ങളെക്കൂടി ഉൾക്കൊള്ളിച്ച് ഈ പ്രവർത്തനം വിപുലമാക്കണം.

ഇത്തരം ഇടപെടലുകൾ പാഠ്യ പ്രവർത്തനങ്ങളിൽ മാത്രമല്ല, പാഠ്യേതര പ്രവർത്തനങ്ങളിലും നടപ്പാവണം. ഉൾച്ചേർന്ന കലോത്സവവും, ശ്രേഷ്ഠയുമെല്ലാം മാതൃകാ പ്രവർത്തനങ്ങളാണെങ്കിലും കേവലം പങ്കാളിത്തമെന്നതിനപ്പുറം, ഭിന്നശേഷി കുട്ടികൾക്ക് പ്രത്യേകം തിളങ്ങാവുന്ന, അവരുടെ കഴിവു തെളിയിക്കാവുന്ന മത്സരങ്ങളും മറ്റും മനപ്പൂർവമായി ഉൾപ്പെടുത്താനുള്ള ശ്രമമുണ്ടാവണം. ‘ടോട്ടോചാൻ‘ എന്ന പ്രസിദ്ധ ബാലസാഹിത്യകൃതിയിൽ ‘തകാഹാഷി’ എന്ന ഭിന്നശേഷി വിദ്യാർഥിയെ വിജയിപ്പിക്കാൻ വേണ്ടി മാത്രമായി ‘കൊബൊയാഷി മാസ്റ്റർ‘ കായിക മത്സരങ്ങളിൽ പ്രത്യേക ഇനം ഉൾപ്പെടുത്തിയതിനെക്കുറിച്ച് പറയുന്നുണ്ട്. ഇത്തരത്തിലുള്ള സാധ്യതകൾ പരിശോധിക്കാവുന്നതാണ്. ഇത് വൈകല്യം ഒരു പരിമിതിയല്ലെന്ന തിരിച്ചറിവ് കുട്ടികളിൽ ഉണ്ടാക്കാനും അങ്ങനെ അവരുടെ ആത്മവിശ്വാസം വർധിപ്പിക്കാനും സഹായിക്കും.

പഠന വൈകല്യം

പുതിയ ഭിന്നശേഷി അവകാശ നിയമത്തിന്റെ ഏറ്റവും പ്രധാനപ്പെട്ടൊരു നേട്ടമാണ് പഠനവൈകല്യത്തെ (learning disability) അംഗീകരിച്ചത്. ഭാഷാ പഠനത്തിന്റെയും ഗണിത പഠനത്തിന്റെയും മന്ദഗതിയിലുള്ള പഠനത്തിന്റെയും (slow learning) കയ്യെഴുത്തിന്റെയുമെല്ലാം പേരിൽ പഴിക്കപ്പെടുകയും അവഗണിക്കപ്പെടുകയും മുദ്രകുത്തപ്പെടുകയും ചെയ്യപ്പെട്ട ധാരാളം പേർ നമുക്കിടയിലുണ്ട്. ഇതൊന്നും ഒരാളുടെ കുറ്റമോ കുറവോ അല്ലെന്നും ഇവയെല്ലാം സ്വാഭാവികമായ ഒരവസ്ഥയാണെന്നും തിരിച്ചറിഞ്ഞ്, അതിനനുയോജ്യമായ ഇടപെടലുകളും പ്രവർത്തനങ്ങളും സ്വീകരിക്കാൻ ഈ നിയമം സഹായിച്ചു. റിസോഴ്സ് ടീച്ചർമാരുടെ പ്രാധാന്യം ഇത്തരം സാഹചര്യങ്ങളിൽ വളരെ പ്രധാനമാണ്.

ഭാഷാ പഠനത്തിനും എഴുത്തിനുമുള്ള ബുദ്ധിമുട്ടുകൾ, ഗണിത പഠനത്തിനുള്ള ബുദ്ധിമുട്ടുകൾ, കയ്യെഴുത്തിലുള്ള ബുദ്ധിമുട്ടുകൾ തുടങ്ങിയവ പഠന വൈകല്യങ്ങളായി തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. ഇത്തരം കുട്ടികൾക്ക് വേണ്ട പ്രത്യേക പിന്തുണയും ഇടപെടലും ഉറപ്പാക്കാൻ സ്വകാര്യ സ്കൂളുകൾ പ്രത്യേകം അദ്ധ്യാപകരെയും മറ്റും മുഴുവൻ സമയത്തേക്ക് നിയമിക്കുമ്പോൾ, ബി.ആർ.സി. തലത്തിൽ മാത്രം റിസോഴ്സ് ടീച്ചറെ നിയമിച്ച് ഒന്നിലധികം സ്കൂളുകളുടെ ചുമതല നൽകുന്ന പൊതുവിദ്യാഭ്യാസ സംവിധാനത്തിന്റെ പരിമിതി പാവപ്പെട്ട കുട്ടികൾക്ക് വേണ്ടത്ര ശ്രദ്ധ ലഭിക്കാത്ത സാഹചര്യം സൃഷ്ടിക്കുന്നു. മാത്രമല്ല, പലപ്പോഴും ഒന്നോ രണ്ടോ ദിവസം മാത്രം ഒരു സ്കൂൾ വിസിറ്റ് ചെയ്യുന്ന റിസോഴ്സ് അധ്യാപകർക്ക് കുട്ടികളുടെ വ്യത്യസ്തങ്ങളായ പഠനവൈകല്യങ്ങൾ കൃത്യമായി കണ്ടെത്താൻ സാധിക്കണമെന്നുമില്ല. കുട്ടികളുമായി നിരന്തരമായി ഇടപെടുന്ന റെഗുലർ അധ്യാപകർക്കായിരിക്കും കുട്ടികളുടെ വ്യത്യസ്തങ്ങളായ പ്രശ്‌നങ്ങൾ മനസിലാക്കാൻ സാധിക്കുക. അധ്യാപകപരിശീലനത്തിന്റെ ഭാഗമായി പഠനവൈകല്യം തിരിച്ചറിയാനുള്ള പരിശീലനം ഇപ്പോൾ റെഗുലർ അധ്യാപകർക്ക് നൽകുന്നുണ്ടെങ്കിലും അത് അപര്യാപ്തമാണെന്ന് ലേഖകൻ സംസാരിച്ച പല അധ്യാപകരും സൂചിപ്പിക്കുകയുണ്ടയി. അതുകൊണ്ട് കുട്ടികളുടെ വ്യത്യസ്തങ്ങളായ പഠനവൈകല്യങ്ങളെ വളരെ നേരത്തെ തന്നെ തിരിച്ചറിയാൻ സഹായിക്കുന്ന ശാസ്ത്രീയമായ പരിശീലനം അധ്യാപകപരിശീലനങ്ങളുടെ ഒരു പ്രധാനഭാഗമാക്കുക എന്നത് പരിഗണിക്കാവുന്നതാണ്.

പഠന വൈകല്യമുള്ള കുട്ടികളെ ഒരു പ്രത്യേക വിഭാഗമായി കണ്ടുകൊണ്ടുള്ള പഠന പദ്ധതിയും, ബോധന രീതിയും രൂപപ്പെടുത്തണം. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ ലേണിങ് എൻ‌ഹാൻസ്മെന്റ് പ്രോഗ്രാം (എൽ.ഇ.പി.) എന്ന പദ്ധതിക്കു കീഴിലായി മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, സുരീലി ഹിന്ദി, ഹലോ വേൾഡ്, ഉല്ലാസ ഗണിതം, ശാസ്ത്രപാഠം തുടങ്ങി വിവിധ പരിപാടികൾ നടക്കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്.

നൂതന ആശയങ്ങളും അടിസ്ഥാന സൗകര്യങ്ങളും

ഈ വർഷത്തെ അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തിന്റെ പ്രമേയം പ്രാപ്യവും തുല്യവുമായ ലോക സൃഷ്ടിക്കായി നൂതനാശയങ്ങളുടെ പ്രാധാന്യത്തെ ഊന്നിക്കൊണ്ടുള്ളതാണ്. നമ്മുടെ വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് കൈറ്റ് (കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ). വിദ്യാഭ്യാസ മേഖലയിൽ ധാരാളം നൂതന ആശയങ്ങൾ ഈ സ്ഥാപനം നടപ്പാക്കുന്നുണ്ട്. എന്നാൽ ഭിന്നശേഷി വിദ്യാർത്ഥികളുടെ പഠന സാഹചര്യം മെച്ചപ്പെടുത്തുന്നതിനും അവർക്കാവശ്യമായ പഠന സാമഗ്രികളും അധ്യാപന സഹായികളും മറ്റും തയ്യാറാക്കുന്നതിനും കൈറ്റിനോ മറ്റേതെങ്കിലും സംവിധാനങ്ങൾക്കോ എത്രത്തോളം സാധിച്ചിട്ടുണ്ടെന്നത് പരിശോധനാവിധേയമാക്കേണ്ടതാണ്.

കേരള സ്റ്റാർട്ടപ് മിഷന്റെയെല്ലാം നേതൃത്വത്തിൽ ചില പുതിയ കണ്ടുപിടുത്തങ്ങൾ നടക്കുന്നുണ്ടെങ്കിലും അതെല്ലാം നമ്മുടെ കുട്ടികൾക്ക് എത്രത്തോളം ഉപകരിക്കുന്നുണ്ട്, അവർക്കെത്രത്തോളം പ്രാപ്യമാകുന്നുണ്ട് എന്നുതും പരിശോധിക്കണം. വൈവിധ്യമാർന്ന വൈകല്യങ്ങളെ പരിഗണിച്ചുകൊണ്ടുള്ള പുതിയ സാങ്കേതികവിദ്യകൾ രൂപപ്പെടേണ്ടതുണ്ട്. ശാരീരിക വൈകല്യം മാത്രമല്ല ബുദ്ധിപരമായ വൈകല്യമുള്ളവരുടെ സാഹചര്യങ്ങൾക്കും, സൗകര്യങ്ങൾക്കും കൂടി ഇത്തരം ഗവേഷണങ്ങളിൽ ഊന്നൽ നൽകണം.

ഭിന്നശേഷിക്കാർക്കായുള്ള അടിസ്ഥാന സൗകര്യമെന്ന് കേൾക്കുമ്പോൾ റാമ്പും, വീൽ ചെയറും മാത്രമാണ് പൊതുവായി പരിഗണിക്കപ്പെടുന്നത്. ബാരിയർ ഫ്രീ കേരള പദ്ധതിയുടെ ഭാഗമായി വിവിധ സർക്കാർ കെട്ടിടങ്ങൾ വൈകല്യമുള്ളവർക്ക് പ്രാപ്യമാകുന്ന തരത്തിൽ മാറ്റി പണിയുന്നുണ്ടെങ്കിലും, ഏറ്റവും അടിസ്ഥാന സൗകര്യമായ ഭിന്നശേഷി സൗഹൃദ ടോയ്‌ലെറ്റുകൾ പലയിടങ്ങളിലുമില്ല. 2016-17-ലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷണൽ പ്ലാനിംഗ് ആന്റ് അഡ്‌മിനിസ്ട്രേഷൻ (NIEPA) റിപ്പോർട്ട് സൂചിപ്പിക്കുന്നത് കേരളത്തിലെ അഞ്ചിൽ രണ്ട് സ്കൂളുകൾക്കും റാമ്പ് സൗകര്യവും, നാലിൽ മൂന്ന് സ്കൂളുകൾക്ക് ഭിന്നശേഷി സൗഹൃദ ടോയ്‌ലെറ്റുമില്ല എന്നാണ്. റാമ്പും, ടോയ്‌ലെറ്റും, ലിഫ്റ്റും, സൈൻ ബോർഡുകളും, ഭിന്നശേഷി സൗഹൃദ ലൈബ്രറിയും, ലാബുകളും, ക്ലാസ് റൂമുകളും, നടപ്പാതകളും, വാതിൽ പടികളുമടക്കം വളരെ ജാഗ്രതയോടു കൂടിയ ഒരു ഭൗതികാന്തരീക്ഷം നമ്മുടെ കുട്ടികൾക്കായി നമുക്കൊരുക്കേണ്ടതുണ്ട്.

ഭിന്നശേഷി സൗഹൃദ പാഠ്യ പദ്ധതി

വിദ്യാലയങ്ങൾ കുട്ടികളുടെ പൊതുബോധ നിർമ്മിതിയിൽ സൃഷ്ടിക്കുന്ന സ്വാധീനം വളരെ വലുതാണ്. പാഠപുസ്തകത്തിൽ നിന്ന് മാത്രമല്ല, സമപ്രായക്കാരിൽ നിന്നും അദ്ധ്യാപകരിൽ നിന്നും ലഭിക്കുന്നതും, വായനയിലൂടെയും അനുഭവത്തിലൂടെയും കാഴ്ചയിലൂടെയും കേൾവിയിലൂടെയുമെല്ലാം ആർജിക്കുന്നതുമായ വിവരങ്ങൾ കുട്ടികളുടെ ചിന്തയും തിരിച്ചറിവുമെല്ലാം രൂപപ്പെടുത്തുന്നതിൽ നിർണ്ണായ പങ്ക് വഹിക്കുന്നുണ്ട്.

ഭിന്നശേഷിയെ തിരിച്ചറിഞ്ഞും, അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കിയും, അവരുടെ അവകാശങ്ങളും അന്തസ്സും ക്ഷേമവും ഉറപ്പാക്കി അവരോട് അനുഭാവപൂർവം ഇടപഴകാൻ സാധിക്കുന്ന സമൂഹസൃഷ്ടിക്ക് വ്യത്യസ്തമായ വൈകല്യങ്ങളെക്കുറിച്ചും, ഭിന്നശേഷിക്കാർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചുമുള്ള പുരോഗമനപരവും ശാസ്ത്രീയവുമായ കാഴ്ചപ്പാടുകൾ നമ്മുടെ പാഠ്യപദ്ധതിയിൽ  ഉൾപ്പെടുത്തേണ്ടതുണ്ട്. ഭിന്നശേഷിയുള്ള കുട്ടികളും അവരുടെ കുടുംബവും അനുഭവിക്കുന്ന പ്രയാസങ്ങൾ മനസ്സിലാക്കി, അവരോട് സമൂഹം കാണിക്കേണ്ട ഉത്തരവാദിത്തത്തെ കുറിച്ചുള്ള അവബോധം ചെറിയ പ്രായത്തിലെ കുട്ടികൾക്കിടയിൽ രൂപപ്പെടുത്താൻ ഇത് സഹായകമാകും.

തീർച്ചയായും ഈ കാര്യങ്ങളടക്കം പരിഗണിച്ചുകൊണ്ട്, ഭിന്നശേഷിയുള്ള കുട്ടികളുടെ അവകാശങ്ങളും അന്തസ്സും ക്ഷേമവും ഉറപ്പാക്കുന്നതിനാവശ്യമായ ഒരു പൊതുവിദ്യാഭ്യാസക്രമം രൂപപ്പെടുത്താൻ നമുക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കാം.