CSES in Media

ലോക്ക്ഡൗൺ: കേരളത്തില്‍ മത്സ്യ, മാംസ ലഭ്യതയിലും ഉപഭോഗത്തിലും വന്‍ ഇടിവെന്ന് പഠനം

This report on CSES study was published in Asianet News on May 20th 2020

സാമ്പത്തീകമായി പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രത്യേക സാമ്പത്തിക പാക്കേജ് പാക്കേജ് പ്രഖ്യാപിക്കണമെന്നും റിപ്പോർട്ടിൽ പ്രത്യേക പരാമർശമുണ്ട്

കൊറോണാ വൈറസ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് 24 ന് ലോക്ക്ഡൗണിലേക്ക് നീങ്ങിയ ഇന്ത്യയില്‍ ഇന്നും നിയന്ത്രിതമായ രീതിയില്‍ ലോക്ക്ഡൗൺ തുടരുകയാണ്. ഇതിനിടെ ലോക്ക്ഡൗൺ കാലത്ത് കേരളത്തിലെ മത്സ്യ, മാംസ ലഭ്യതയിലും ഉപഭോഗത്തിലും കാര്യമായ കുറവുണ്ടായതായി പഠനറിപ്പോർട്ട്. ഇക്കാലത്തെ ജനങ്ങളുടെ ഉപഭോഗരീതിയിലുണ്ടായ മാറ്റങ്ങളെ കുറിച്ച് സെന്‍റര്‍ ഫോർ സോഷ്യോ-എക്കണോമിക്ക് ആന്‍റ് എൻവയൺമെന്‍റൽ സ്റ്റഡീസ് (CSES) നടത്തിയ ഓണ്‍ലൈന്‍ പഠന റിപ്പോർട്ടിലാണ് കേരളത്തിലെ ജനങ്ങളുടെ ജീവിതരീതിയില്‍ ഉണ്ടായ മാറ്റങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നത്. സാമ്പത്തീകമായി പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നും റിപ്പോര്‍ട്ടില്‍ പ്രത്യേക പരാമര്‍ശമുണ്ട്.

ഓണ്‍ലൈനായി നടത്തിയ സർവ്വെയിൽ പങ്കെടുത്തതിൽ 82 ശതമാനം ആളുകൾ മത്സ്യത്തിന്‍റെയും, 45 ശതമാനം ആളുകൾ മാംസത്തിന്‍റെയും ലഭ്യതയിൽ കുറവുണ്ടായി എന്നഭിപ്രായപ്പെട്ടവരാണ്. 51 ശതമാനം പേർ ബേക്കറി സാധനങ്ങളുടെ ലഭ്യതയിൽ കുറവുവന്നുവെന്ന് അഭിപ്രായപ്പെട്ടു. മത്സ്യബന്ധനവും വിപണനവും അവശ്യ സർവ്വീസിന് കീഴിൽ കൊണ്ടുവന്നെങ്കിലും, വലിയ വള്ളങ്ങൾക്കും യന്ത്രവൽകൃത ബോട്ടുകൾക്കൂം ഏർപ്പെടുത്തിയ നിയന്ത്രണവും, മത്സ്യ ലേലത്തിന്‍റെ അപര്യാപ്തതയും, ഗതാഗത നിയന്ത്രണങ്ങളും മത്സ്യോല്പാദനത്തേയും തലച്ചുമടുൾപ്പെടെയുള്ള ചെറുകിട വിതരണത്തേയും സാരമായി ബാധിച്ചതായി പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

മത്സ്യ ലഭ്യത കൂടുതലും തീരദേശ മേഖലയിലോ, അതിനടുത്ത പ്രദേശങ്ങളിലോ മാത്രമായി ഒതുങ്ങിയതും മത്സ്യത്തിന്‍റെ ഉപയോഗത്തിൽ കുറവുവന്നതിന് കാരണമായി. വളരെ കുറച്ച് പേർ മാത്രമാണ് പ്രധാന ഭക്ഷ്യ വസ്തുക്കളായ അരി, ഗോതമ്പ്, മറ്റ് പലചരക്ക് സാധനങ്ങൾ, പാൽ, എന്നിവയുടെ ഉപഭോഗത്തിലും, ലഭ്യതയിലും കുറവ് ഉണ്ടായെന്ന് അഭിപ്രായപ്പെട്ടത്.  ഹോസ്പിറ്റൽ, ഇലക്ട്രിക്കൽ, ഹോം അപ്ലയൻസ്, മൊബൈൽ എന്നീ സർവീസുകള്‍ അവശ്യമായിരുന്നിട്ടും ലഭ്യമായിരുന്നില്ലെന്ന് ഏറ്റവും കൂടുതല്‍ പേര്‍ അഭിപ്രായപ്പെട്ടു. 

ലോക്ക്ഡൌൺ സമയത്ത് താഴെത്തട്ടിലുള്ളവരിൽ ഭൂരിഭാഗത്തിന്‍റെയും വരുമാനം കുറഞ്ഞതായി സർവെ ഫലം ചൂണ്ടിക്കാണിക്കുന്നു. ആകെ പ്രതികരിച്ചവരിൽ 61 ശതമാനം ഈ ലോക്ക്ഡൗൺ സമയത്ത് തങ്ങളുടെ വരുമാനം കുറഞ്ഞു എന്നഭിപ്രായപ്പെട്ടു. മുൻ‌ഗണനാ വിഭാഗക്കാരിൽ 97 ശതമാനം പേരും ഈ ലോക്ക്ഡൌൺ സമയത്ത് വരുമാനം കുറഞ്ഞുവെന്ന് റിപ്പോർട്ട് ചെയ്തപ്പോൾ മുൻ‌ഗണനേതര വിഭാഗക്കാരിൽ പകുതിയോളം പേരാണ് തങ്ങളുടെ വരുമാനം കുറഞ്ഞുവെന്ന് രേഖപ്പെടുത്തിയ്. ലോക്ക്ഡൗൺ സാമ്പത്തികമായി കൂടുതൽ കൂടുതൽ ബാധിച്ചത് സമൂഹത്തിലെ താഴെക്കിടയിലുള്ളവരെയാണെന്ന് പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സർക്കാർ പാക്കേജുകളില്‍ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളുടെ സാമ്പത്തിക പുനരുജ്ജീവനത്തിന് കൂടുതല്‍ ഊന്നൽ നല്‍കണമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. കേരളത്തിലെ പൊതു വിതരണ സംവിധാനത്തോട് മുൻ‌ഗണനാ വ്യത്യാസമില്ലാതെ എല്ലാത്തട്ടിലുള്ളവരും ആഭിമുഖ്യം കാണിച്ചുവെന്നതും, നിത്യോപയോഗ സാധനങ്ങൾക്കായി ജനങ്ങൾ പ്രാദേശികമായ പലചരക്ക് കടകളെ കൂടുതലായി ആശ്രയിക്കാൻ തുടങ്ങിയെന്നതും ഈ കാലയളവിലുണ്ടായ ശ്രദ്ധേയമായ മാറ്റങ്ങളാണെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. സെന്‍റര്‍ ഫോർ സോഷ്യോ-എക്കണോമിക്ക് ആന്‍റ് എൻവയൺമെന്‍റൽ സ്റ്റഡീസിലെ ബിബിൻ തമ്പി, സുരഭി അരുൺകുമാർ എന്നിവരാണ് പഠനം നടത്തിയത്.