CSES in Media

രക്ഷയായത് കുടുംബശ്രീ കോവിഡ്: ദരിദ്രരുടെ വരുമാനം കൂപ്പുകുത്തി

This report on CSES study was published in Kerala Kaumudi on 14/01/2021

കോവിഡ് വ്യാപനവും നിയന്ത്രണങ്ങളും മൂലം ഗ്രാമങ്ങളിലെ മൂന്നിൽ രണ്ടുഭാഗം ദരിദ്ര കുടുംബങ്ങളുടെയും വരുമാനം പകുതിയിൽ താഴെയായി. 18 ശതമാനത്തിന്റെ വരുമാനം പൂർണമായും നിലച്ചു. തൊഴിൽനഷ്ടവും വരുമാനക്കുറവും നേരിടാൻ വായ്പകളെയാണ് ആശ്രയിച്ചത്. രക്ഷകരായത് കുടുംബശ്രീയും.

കൊച്ചിയിലെ സെന്റർ ഫോർ സോഷ്യോ-ഇക്കണോമിക്ക് ആന്റ് എൻവയൺമെന്റൽ സ്റ്റഡീസ് (സി.എസ്.ഇ.എസ്.) നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. വരുമാനം ഏറ്റവും കുറഞ്ഞ മഞ്ഞ, പിങ്ക് റേഷൻ കാർഡുടമകളിലാണ് പഠനം നടത്തിയത്.

ലോക്ക്ഡൗണിന് മുമ്പുണ്ടായിരുന്ന ജോലി നാലിൽ മൂന്നുപേർക്ക് നഷ്ടപ്പെടുകയോ ജോലി സമയം കുറയുകയോ പകരം ലഭിക്കാതിരിക്കുകയോ ചെയ്തു. ഇത് വരുമാനത്തെയും ജീവിതാവശ്യങ്ങളെയും സാരമായി ബാധിച്ചു.

കോവിഡ് മറികടക്കാൻ 72 ശതമാനം പേർ വായ്പകളെ ആശ്രയിച്ചു.

പഠനം നടത്തിയ 2020 മാർച്ചിനും സെപ്തംബറിനുമിടയിൽ ദരിദ്രകുടുംബങ്ങൾ ശരാശരി 40,667 രൂപ വായ്പയെടുത്തു. വായ്പ തിരിച്ചടയ്ക്കാനും വായ്പയെടുക്കാൻ 30 ശതമാനം പേർ നിർബന്ധിതരായി.

റിസർവ്‌ബാങ്കിന്റെ മൊറട്ടോറിയം ഭൂരിപക്ഷത്തിനും ലഭിച്ചില്ല. മൊറട്ടോറിയം പലരും അറിഞ്ഞില്ല. പലിശയിളവ് പല സ്ഥാപനങ്ങളും അനുവദിച്ചില്ല.

പൂർണ നഷ്ടം18
പകുതിയിൽ താഴെ48
പകുതിയിൽ കുറഞ്ഞില്ല5
കുറഞ്ഞു, കൃത്യമറിയില്ല17
വരുമാന നഷ്ടം (ശതമാനത്തിൽ)
കുടുംബശ്രീ57.2
സുഹൃത്തുക്കൾ, ബന്ധുക്കൾ39.2
പ്രാഥമിക സഹകരണ സംഘങ്ങൾ22.9
വാണിജ്യ ബാങ്കുകൾ10.8
ബാങ്കിതര സ്ഥാപനങ്ങൾ9.6
സ്വകാര്യ മൈക്രോഫിനാൻസ്5.4
ജില്ലാ സഹകരണബാങ്ക്3.0
സഹായസംഘങ്ങൾ3.0
കുടുംബശ്രീ രക്ഷാകരം

കോവിഡ് കാലത്ത് ദരിദ്രകുടുംബങ്ങൾക്ക് താങ്ങായത് കുടുംബശ്രീ വഴി നൽകിയ മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പകളാണ്. കുടുംബശ്രീ വായ്പയാണ് ഇവർക്ക് വളരെ എളുപ്പത്തിൽ ലഭിച്ചത്. കുടുംബശ്രീക്ക് പുറത്തുള്ള 30 ശതമാനം ദരിദ്രകുടുംബങ്ങൾ പലിശക്കാരെ ആശ്രയിച്ചു. പുറത്തുള്ളവരെയും കുടുംബശ്രീ ശൃംഖലയിൽ ഉൾപ്പെടുത്തി സർക്കാ സാമൂഹ്യ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് പഠനം നിർദേശിച്ചു.

ദുരന്തകാലത്ത് തൊഴിൽ ദൗർലഭ്യം മറികടക്കാവുന്ന വിധത്തിൽ തൊഴിലുറപ്പ് പദ്ധതി മാറ്റണം. പ്രായമുള്ളവർക്കും പറ്റുന്ന വിധത്തിൽ ജോലികൾ വിപുലീകരിക്കണം.

– അശ്വതി റിബേക്ക അശോക് (പഠനസംഘം മേധാവി)