CSES in Media

പ്ലാറ്റ്ഫോം സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയും ഭാവിയിലെ തൊഴിലിടങ്ങളും

This report was published in Chintha Weekly on 30/12/2022

തൊഴില്‍ മേഖലയില്‍ ഈയടുത്തകാലത്തുണ്ടായ വിപ്ലവകരമായ മാറ്റമാണ് പ്ലാറ്റ്ഫോം സമ്പദ്വ്യവസ്ഥയുടെ (platform economy) ഉദയം. മൊബൈല്‍ ആപ്ലിക്കേഷനുകളും ഇന്‍റര്‍നെറ്റും ഉള്‍പ്പെടുന്ന ഇന്‍ററാക്ടീവ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ വഴി നല്‍കപ്പെടുന്ന ഉല്പന്നങ്ങളുടെയും സേവനങ്ങളുടെയും എണ്ണം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. യാത്രകള്‍ക്കായി വാഹനം സംഘടിപ്പിക്കുക, ഭക്ഷണം ഡെലിവറി ചെയ്യുക, വെബ്സൈറ്റുകള്‍ ഉണ്ടാക്കാനും ഡോക്യുമെന്‍റുകള്‍ വിവര്‍ത്തനം ചെയ്യാനുമായി ഫ്രീലാന്‍സര്‍മാരെ കണ്ടെത്തുക തുടങ്ങി വിവിധങ്ങളായ സേവനങ്ങള്‍ ഇത്തരം പ്ലാറ്റ്ഫോമുകളിലൂടെ നല്‍കപ്പെടുന്നു.

ഇത്തരം പ്ലാറ്റ്ഫോമുകളിലൂടെ തൊഴില്‍ തേടുന്ന തൊഴിലാളികളാണ് പ്ലാറ്റ്ഫോം സമ്പദ്വ്യവസ്ഥയുടെ അവിഭാജ്യഘടകം. പ്ലാറ്റ്ഫോം തൊഴിലുകളെ പ്രധാനമായും രണ്ടായി തരംതിരിക്കാം: ഒന്ന്, തൊഴിലാളികള്‍ നേരിട്ട് അതാത് സ്ഥലങ്ങളിലെത്തി ജോലി ചെയ്യുന്ന ലൊക്കേഷന്‍അധിഷ്ഠിത തൊഴിലുകള്‍. ടാക്സി സേവനങ്ങള്‍, ഡെലിവറി സേവനങ്ങള്‍, പ്ലംബിങ്ങും ഇലക്ട്രിക്കല്‍ വര്‍ക്കും പോലെയുള്ള സേവനങ്ങള്‍, വീട്ടുജോലികളും രോഗീപരിചരണങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങളും തുടങ്ങിയവ ഈ വിഭാഗത്തിലുള്‍പ്പെടുത്താം. രണ്ട്, ഓണ്‍ലൈന്‍ ആയോ വിദൂരത്തിരുന്നോ നിര്‍വഹിക്കപ്പെടുന്ന വെബ്അധിഷ്ഠിത തൊഴിലുകള്‍; നിയമധനകാര്യ സേവനങ്ങള്‍, സോഫ്റ്റ്വെയര്‍ ഡെവലപ്പ്മെന്‍റ് തുടങ്ങിയവ ഈ വിഭാഗത്തിലുള്‍പ്പെടുന്നു. കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ ഇത്തരം പ്ലാറ്റ്ഫോം അധിഷ്ഠിത തൊഴിലുകളുടെ എണ്ണം ലോകത്ത് അഞ്ചുമടങ്ങ് വര്‍ധിച്ചതായി ഐ.എല്‍.ഒ.യുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു (ILO Report, World Employment and Social Outlook 2021 കാണുക). എന്നാല്‍ ഈ വര്‍ധനവിന്‍റെ ഭൂരിഭാഗവും കേന്ദ്രീകരിച്ചിരിക്കുന്നത് ചുരുക്കം ചില രാജ്യങ്ങളിലാണെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്; അമേരിക്ക (29 ശതമാനം), ഇന്ത്യ (8 ശതമാനം), ബ്രിട്ടന്‍ (5 ശതമാനം).

നിതി ആയോഗിന്‍റെ 2022ലെ റിപ്പോര്‍ട്ട് (India’s Booming Gig and Platform  Economy) പ്രകാരം ഇന്ത്യയിലെ 300ഓളം നഗരങ്ങളില്‍ പ്ലാറ്റ്ഫോമുകള്‍ വഴി വിവിധങ്ങളായ സേവനങ്ങള്‍ നല്‍കപ്പെടുന്നുണ്ട്. ചെറുതും ഇടത്തരവുമായ പ്ലാറ്റ്ഫോമുകളെ ഒഴിവാക്കി, വലിയ പ്ലാറ്റ്ഫോമുകളെ മാത്രമെടുത്ത് കണക്കാക്കിയാല്‍ തന്നെ ഏതാണ്ട് 33 ലക്ഷം തൊഴിലാളികളാണ് ഇന്ത്യയില്‍ ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്. അതായത് ഈ പുതിയ കാലത്ത് ഒരിക്കലും അവഗണിക്കപ്പെടാനാവാത്ത ഒരു തൊഴില്‍മേഖലയായി പ്ലാറ്റ്ഫോം സമ്പദ്വ്യവസ്ഥ ശക്തിപ്പെടുന്നുവെന്നര്‍ഥം.

പ്ലാറ്റ്ഫോം ജോലികളുടെ വളര്‍ച്ച
പ്ലാറ്റ്ഫോം സമ്പദ്വ്യവസ്ഥ എന്നത് വളരെ സങ്കീര്‍ണമായ ഒരു പ്രതിഭാസമാണ്. ‘തൊഴിലി’നെക്കുറിച്ചുള്ള നിര്‍വചനങ്ങളെയും തൊഴിലുടമ-തൊഴിലാളി ബന്ധങ്ങളെക്കുറിച്ചുള്ള പൊതുസങ്കല്പനങ്ങളെയുമാകെ അത് മാറ്റിമറിച്ചുകളഞ്ഞു. നിര്‍ദ്ദിഷ്ടമല്ലാത്ത ജോലി സമയം, ജോലികള്‍ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം, എപ്പോള്‍ വേണമെങ്കിലും ജോലി ചെയ്യാനുള്ള അവസരം എന്നിവയൊക്കെയാണ് പ്ലാറ്റ്ഫോം തൊഴിലുകളെ കൂടുതല്‍ പ്രിയപ്പെട്ടതാക്കുന്നത്. മറ്റു ജോലികള്‍ ലഭിക്കാത്തതു കൊണ്ട് പ്ലാറ്റ്ഫോം തൊഴിലുകള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുന്നവരും, കൂടുതല്‍ വരുമാനം ലഭിക്കാനായി സ്ഥിരമായി ചെയ്യുന്ന മറ്റു ജോലികള്‍ക്ക് പുറമെ പ്ലാറ്റ്ഫോം ജോലികള്‍ ചെയ്യുന്നവരുമൊക്കെ പ്ലാറ്റ്ഫോം തൊഴിലാളികള്‍ക്കിടയിലുണ്ട്. കാര്യമായ തടസ്സങ്ങളില്ലാതെ ആര്‍ക്കും ഇത്തരം ജോലികളിലേക്ക് പ്രവേശിക്കാം എന്നതാണ് പ്ലാറ്റ്ഫോം തൊഴിലുകളുടെ മറ്റൊരു സവിശേഷത. ഇന്‍റര്‍നെറ്റിന്‍റെ വ്യാപനവും, താങ്ങാനാവുന്ന തരത്തിലുള്ള ഡാറ്റാ ചാര്‍ജുകളും, വലിയ വിലയില്ലാതെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളുടെ ലഭ്യതയും പ്ലാറ്റ്ഫോംഅധിഷ്ഠിത തൊഴിലുകളുടെ വളര്‍ച്ചയ്ക്ക് ലോകമെമ്പാടും വഴിയൊരുക്കി. കോവിഡ്-19 മഹാമാരിയും പ്ലാറ്റ്ഫോം സമ്പദ്വ്യവസ്ഥയുടെ വ്യാപനത്തിന് വേഗത കൂട്ടിയതായി പൊതുവെ വിലയിരുത്തപ്പെടുന്നുണ്ട്. ഉദാഹരണത്തിന് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി പരക്കെ സ്വീകരിക്കപ്പെട്ടിരുന്ന വര്‍ക്ക് ഫ്രം ഹോം സംവിധാനങ്ങള്‍ ഇകൊമേഴ്സിന്‍റെയും, ഇ-സേവനങ്ങളുടെയും, ഓണ്‍ലൈന്‍ ഫ്രീലാന്‍സ് ജോലികളുടെയും സാധ്യതകളെ പതിന്മടങ്ങ് വര്‍ധിപ്പിച്ചു.

ഇത്തരത്തില്‍ ഡിജിറ്റല്‍ തൊഴില്‍ പ്ലാറ്റ്ഫോമുകള്‍ മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള അവസരങ്ങളാണ് തൊഴിലാളികള്‍ക്കും, വ്യവസായങ്ങള്‍ക്കും, സമൂഹത്തിനും മുന്നില്‍ തുറന്നുവെയ്ക്കുന്നത്. എണ്ണമില്ലാത്ത, വ്യത്യസ്തങ്ങളായ തൊഴിലവസരങ്ങളാണ് ഇത്തരം പ്ലാറ്റ്ഫോമുകള്‍ വഴി നല്‍കപ്പെടുന്നത്. സ്ത്രീകളും കുടിയേറ്റക്കാരും യുവാക്കളും ഭിന്നശേഷിക്കാരും ഉള്‍പ്പെടെ വ്യത്യസ്ത വിഭാഗങ്ങളിലുള്ള തൊഴിലാളികള്‍ക്ക് ഉപജീവനമാര്‍ഗം നല്‍കാന്‍ ഇത്തരം പ്ലാറ്റ്ഫോമുകള്‍ക്ക് സാധിക്കുന്നുമുണ്ട്.

എന്നാല്‍ എല്ലാ ഗുണങ്ങള്‍ക്കുമൊപ്പം തൊഴില്‍ സാഹചര്യങ്ങള്‍ക്ക് ഗുരുതരമായ ഭീഷണിയും ഈ പുതിയ തൊഴില്‍ രീതി ഉയര്‍ത്തുന്നുണ്ടെന്നുള്ളത് വിസ്മരിച്ചുകൂടാ. ഉദാഹരണത്തിന് പ്ലാറ്റ്ഫോം തൊഴിലുകള്‍ തൊഴിലാളികള്‍ക്ക് ഫ്ളെക്സിബിലിറ്റി നല്‍കുന്നുണ്ടെങ്കിലും പലപ്പോഴും മെഷീന്‍ നിര്‍മിതമായ അല്‍ഗോരിതംവഴി വളരെ യാന്ത്രികമായാണ് ഇവ നിയന്ത്രിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ഒരാളുടെ സാഹചര്യം മനസ്സിലാക്കാനോ അതിനനുസരിച്ച് അനുയോജ്യമായ തീരുമാനങ്ങളെടുക്കാനോ സാധിക്കാതെ വരുന്നു. ഉദാഹരണത്തിന് ഊബര്‍ ഡ്രൈവര്‍മാരെ പൂര്‍ണമായും നിയന്ത്രിക്കുന്നത് മൊബൈല്‍ ആപ്ലിക്കേഷനുകളാണ്. എന്നാല്‍ അടുത്ത റൈഡിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ (എത്തേണ്ട സ്ഥലം, യാത്രാസമയം) ഈ ആപ്ലിക്കേഷന്‍ ഡ്രൈവര്‍മാര്‍ക്ക് നല്‍കുന്നില്ല. ഒരു ഡ്രൈവര്‍ കുറച്ചധികം റൈഡ് ഓര്‍ഡറുകള്‍ സ്വീകരിക്കാതിരിക്കുകയോ, മൂന്നോ അതിലധികമോ റൈഡ് ഓര്‍ഡറുകള്‍ ഒരുമിച്ച് നിരസിക്കുകയോ ചെയ്താല്‍ അതവരുടെ വരുമാനത്തെ തന്നെ ബാധിക്കും. ഡ്രൈവറുടെ റേറ്റിംഗ് യാത്രക്കാര്‍ കുറച്ചാല്‍ അത് ഒരു ഡ്രൈവറെ ഓട്ടോമാറ്റിക്കായി നിരോധിക്കുന്നതിനുവരെ കാരണമാകും. അല്‍ഗോരിതത്തിന്‍റെ തീരുമാനത്തെ ചോദ്യം ചെയ്യാനും മാര്‍ഗമൊന്നുമില്ല. തൊഴിലിടങ്ങളിലുണ്ടാകുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പരാതി നല്‍കാനുള്ള സംവിധാനങ്ങളുമില്ല. അങ്ങനെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ അല്‍ഗോരിതത്തെ ഉപയോഗിച്ചുകൊണ്ട് വര്‍ക്ക് അലോക്കേഷന്‍ നടത്തുകമാത്രമല്ല, തൊഴിലാളികളെ നിരന്തരം നിരീക്ഷിക്കുകയും മൂല്യനിര്‍ണ്ണയം നടത്തുകയും ചെയ്യുന്നു. ഒരു പ്രത്യേക രീതിയിലോ ചില സമയങ്ങളിലോ ജോലി ചെയ്യാന്‍ അല്‍ഗോരിതങ്ങള്‍ തൊഴിലാളികളെ നിര്‍ബന്ധിക്കുന്നു. ഇത്തരത്തില്‍ മനുഷ്യ ഇടപെടല്‍ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ട് തൊഴിലിനെ അല്‍ഗോരിതം നിയന്ത്രിക്കുന്നു എന്നത് പ്ലാറ്റ്ഫോം തൊഴിലുകളെ ആകര്‍ഷകമാക്കുന്ന ഫ്ലെക്സിബിലിറ്റിയെത്തന്നെ ഇല്ലാതാക്കുന്നു.

അതുപോലെതന്നെ, പ്ലാറ്റ്ഫോം തൊഴിലുകള്‍ക്ക് എന്‍ട്രി ബാരിയറുകള്‍ ഇല്ല എന്ന് അവകാശപ്പെടുമ്പോഴും, ശ്രദ്ധിക്കപ്പെടാതെ പോകുന്ന എന്‍ട്രി ബാരിയറുകള്‍ ഈ മേഖലയില്‍ നിലനില്‍ക്കുന്നുണ്ടെന്നതാണ് സത്യം. ഉദാഹരണത്തിന് ടാക്സി സര്‍വീസുകള്‍, ഫുഡ് ഡെലിവറി തുടങ്ങിയ പ്ലാറ്റ്ഫോമുകളിലേക്ക് ഒരാള്‍ക്ക് കടക്കണമെങ്കില്‍ സ്വന്തമായി വാഹനം ഉണ്ടാകേണ്ടിയിരിക്കുന്നു. എന്നാല്‍ ഒരു ശരാശരി ഇന്ത്യന്‍ തൊഴിലാളിക്ക് ഇതിനായുള്ള മൂലധനം ഉണ്ടാകാനുള്ള സാധ്യത തുലോം തുച്ഛമായിരിക്കും. ഇതുകാരണം പ്ലാറ്റ്ഫോം സമ്പദ്വ്യവസ്ഥയിലേക്ക് പ്രവേശിക്കണമെങ്കില്‍ തൊഴിലാളികള്‍ വായ്പകളെ ആശ്രയിക്കേണ്ടതായി വരുന്നു. ചില സമയങ്ങളില്‍ പ്ലാറ്റ്ഫോം കമ്പനികള്‍ തന്നെ തൊഴിലാളികള്‍ക്കാവശ്യമായ വായ്പാസൗകര്യം ഒരുക്കി നല്‍കുന്നുണ്ട്. ഇത്തരത്തിലുള്ള സാമ്പത്തിക ആശ്രിതത്വം പലപ്പോഴും തൊഴിലാളികള്‍ക്കുമേല്‍ പ്ലാറ്റ്ഫോം കമ്പനികള്‍ക്ക് അമിതമായ അധികാരം ലഭിക്കുന്നതിന് കാരണമാകുന്നു.

പ്ലാറ്റ്ഫോമുകള്‍ അവരുടെ ഉപഭോക്തൃ അടിത്തറ വര്‍ദ്ധിപ്പിക്കുന്നതോടെ തൊഴില്‍ കരാറുകളും ആനുകൂല്യങ്ങളും പ്രതിഫലവും തൊഴിലാളികള്‍ക്കെതിരായി മാറ്റുന്നതായി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഏതെങ്കിലും തരത്തില്‍ പ്രതിഷേധിക്കാന്‍ പോലുമാകാതെ ഈ മാറ്റങ്ങളെ അങ്ങനെതന്നെ ഈ തൊഴിലാളികള്‍ക്ക് അംഗീകരിക്കേണ്ടിയും വരുന്നു. കാലക്രമേണ കുറഞ്ഞ പ്രതിഫലത്തിലും, കുറഞ്ഞ ഇന്‍സെന്‍റീവിലും കൂടുതല്‍ സമയം ജോലി ചെയ്യാന്‍ അവര്‍ നിര്‍ബന്ധിതരാക്കപ്പെടുന്നു. ഇതെല്ലാം പ്ലാറ്റ്ഫോം തൊഴിലാളികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ മോശമായി ബാധിക്കുന്നു. ഇതിനുപുറമെ അപകടത്തില്‍പ്പെടുവാനുള്ള സാധ്യതകളും പ്ലാറ്റ്ഫോം തൊഴിലാളികളുടെ ഇടയില്‍ വളരെ കൂടുതലാണ്. വെബ്അധിഷ്ഠിത പ്ലാറ്റ്ഫോം തൊഴിലുകളെക്കാള്‍ ലൊക്കേഷന്‍അധിഷ്ഠിത പ്ലാറ്റ്ഫോം തൊഴിലുകളിലാണ് ഇത്തരത്തിലുള്ള തൊഴില്‍ ചൂഷണങ്ങള്‍ കൂടുതല്‍ നടക്കുന്നത്. ലോകമെമ്പാടുമുള്ള ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ ഉയര്‍ത്തുന്ന ഒരു പ്രധാന വിഷയമാണിത്.

പ്ലാറ്റ്ഫോം തൊഴിലാളികളെ പൊതുവെ സ്വതന്ത്ര കരാറുകാര്‍ (independent contractors) എന്നും ഡെലിവറി പാര്‍ട്ട്ണര്‍മാര്‍ എന്നും രണ്ടായി തരംതിരിക്കാം. പ്ലാറ്റ്ഫോമുകളില്‍ ജോലി ചെയ്യുന്നവര്‍ ‘തൊഴിലാളികള്‍’ എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടാത്തതുകൊണ്ട് അവര്‍ക്ക് തൊഴിലിടങ്ങളില്‍ ലഭ്യമാക്കേണ്ട പല സുരക്ഷിതത്വങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെടുന്നതായി 2021ലെ ഫെയര്‍വര്‍ക്ക് റിപ്പോര്‍ട്ട് (Fairwork India Ratings 2021:- Labour Standards in the Platform Economy) ചൂണ്ടിക്കാണിക്കുന്നു. ഇതിനുപുറമെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ വഴിയാണ് ഈ തൊഴിലുകള്‍ നിയന്ത്രിക്കപ്പെടുന്നത് എന്നതുകൊണ്ട് തൊഴിലാളികള്‍ പരസ്പരം കാണാനുള്ള സാധ്യതകള്‍ മറ്റു തൊഴിലുകളെ അപേക്ഷിച്ച് തുലോം വിരളമാണ്. അതുകൊണ്ടുതന്നെ സംഘടിക്കാനും യൂണിയനുകള്‍ രൂപീകരിക്കാനും തൊഴില്‍ ചൂഷണങ്ങള്‍ക്കെതിരെ ഒരുമിച്ച് പ്രതിഷേധിക്കാനുമുള്ള സാധ്യതകളും പ്ലാറ്റ്ഫോം തൊഴിലാളികള്‍ക്കു മുന്നില്‍ കൊട്ടിയടയ്ക്കപ്പെടുന്നു. ഇത്തരത്തിലുള്ള പ്രതിബന്ധങ്ങളും തൊഴില്‍ ചൂഷണങ്ങളും പരിഗണിച്ചാല്‍ കഴിഞ്ഞ കുറച്ചുനാളുകളായി കൊച്ചിയിലെ സ്വിഗ്ഗി തൊഴിലാളികള്‍ കമ്പനിക്കെതിരെ നടത്തിവരുന്ന സമരങ്ങളും പണിമുടക്കുകളും അതിശയിപ്പിക്കുന്നതല്ല.

പ്ലാറ്റ്ഫോം സമ്പദ്വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിച്ചു വരുമ്പോഴും, ഈ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രത്യേകമായ പ്രശ്നങ്ങളിലേക്കും പ്രതിബന്ധങ്ങളിലേക്കും കൂടുതല്‍ ശ്രദ്ധ പതിയേണ്ടതുണ്ട്. പരമ്പരാഗത തൊഴില്‍ വിപണിയില്‍ നിലനില്‍ക്കുന്ന ലിംഗവിവേചനപരമായ എല്ലാ പ്രശ്നങ്ങളും, പ്ലാറ്റ്ഫോം സമ്പദ്വ്യവസ്ഥയിലും തുടരുന്നുണ്ട്; ലിംഗപരമായ വേതന വ്യത്യാസം, ജെന്‍ഡര്‍ സ്റ്റീരിയോടൈപ്പുകള്‍, ഡിജിറ്റല്‍ അസമത്വം എന്നിവ അവയില്‍ ചിലതാണ്. പ്ലാറ്റ്ഫോം തൊഴിലാളികളെക്കുറിച്ചുള്ള ആധികാരികമായ കണക്കുകള്‍ ലഭ്യമല്ലെങ്കിലും, ഈ മേഖലയിലെ തൊഴിലുകള്‍ക്കിടയില്‍ കാര്യമായ ലിംഗവ്യത്യാസം നിലനില്‍ക്കുന്നതായി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന് സ്ത്രീകള്‍ പ്രധാനമായും ബ്യൂട്ടീഷ്യന്‍, വീട്ടുജോലികളുമായി ബന്ധപ്പെട്ട സേവനങ്ങള്‍ എന്നിവയില്‍ കേന്ദ്രീകരിക്കുമ്പോള്‍, പുരുഷന്മാര്‍ പ്രധാനമായും ടാക്സി സേവനം, ഡെലിവറി സേവനങ്ങള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്നു. തിരക്കേറിയ സമയങ്ങളില്‍ ജോലി ചെയ്യുമ്പോഴാണ് കൂടുതല്‍ വരുമാനം നേടാന്‍ സാധിക്കുക എന്നത് സ്ത്രീകള്‍ക്ക് പലപ്പോഴും എതിരായി വരുന്നുണ്ട്. വീട്ടിലെ ഉത്തരവാദിത്തങ്ങളും, കുട്ടികളുടെ ചുമതലകളും ഇപ്പോഴും സമൂഹം സ്ത്രീകളുടേത് മാത്രമായി നിഷ്കര്‍ഷിച്ചിരിക്കുന്നതുകൊണ്ട്, വേതനവും ആനുകൂല്യങ്ങളും കൂടുതല്‍ ലഭിക്കുന്ന പീക്ക് അവറുകള്‍ കൃത്യമായി തെരഞ്ഞെടുത്ത് ജോലി ചെയ്യാന്‍ പലപ്പോഴും സ്ത്രീകള്‍ക്ക് കഴിയാതെ വരുന്നു. ഇത് ജോലിയില്‍ നിന്നു ലഭിക്കുന്ന പ്രതിഫലത്തില്‍ ലിംഗപരമായ വ്യത്യാസം ഉണ്ടാകാന്‍ കാരണമാകുന്നു.

മുന്നോട്ടുള്ള വഴി
പ്ലാറ്റ്ഫോം സമ്പദ്വ്യവസ്ഥയുമായി ബന്ധപ്പെട്ട് വ്യത്യസ്തങ്ങളായ കാഴ്ചപ്പാടുകളാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. ഈ പുതിയ തൊഴില്‍രീതിയെ പിന്തുണയ്ക്കുന്നവര്‍, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള ഈ മേഖലയുടെ സാധ്യതകളെക്കുറിച്ച് വാചാലരാകുമ്പോള്‍, വിമര്‍ശകര്‍ ഈ മേഖലയില്‍ നിലനില്‍ക്കുന്ന തൊഴില്‍ ചൂഷണത്തെ ചൂണ്ടിക്കാണിക്കുന്നു. തീര്‍ച്ചയായും പ്ലാറ്റ്ഫോം മേഖലയില്‍ ജോലിചെയ്യുന്ന ലക്ഷക്കണക്കിനായ തൊഴിലാളികളുടെ ക്ഷേമത്തിനുവേണ്ടി നിയമങ്ങളും നിയന്ത്രണചട്ടക്കൂടുകളും (regulatory framework) ഉണ്ടാകേണ്ടിയിരിക്കുന്നു. തൊഴിലാളികള്‍ക്ക് സാമൂഹിക സുരക്ഷ നല്‍കുന്നതിനൊപ്പം പ്ലാറ്റ്ഫോമുകള്‍ വാഗ്ദാനം ചെയ്യുന്ന ഫ്ളെക്സിബിലിറ്റിയും ഉറപ്പാക്കുന്ന ഒരു സന്തുലിത ചട്ടക്കൂടായിരിക്കണം അത്. കേന്ദ്രസര്‍ക്കാര്‍ 2020ല്‍ അവതരിപ്പിച്ച സാമൂഹികസുരക്ഷാ കോഡ് (2020) പ്ലാറ്റ്ഫോം ജോലികളുടെ അഭൂതപൂര്‍വമായ വളര്‍ച്ചയെ അംഗീകരിക്കുന്നുണ്ടെങ്കിലും ഈ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് വേണ്ടത്ര ആശ്വാസം നല്‍കാനായി ഈ കോഡിന് സാധിച്ചതായി ഇതുവരെ നിരീക്ഷിക്കപ്പെട്ടിട്ടില്ല. പ്ലാറ്റ്ഫോം തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിന് ഇന്ത്യ മറ്റ് രാജ്യങ്ങളിലെ അനുഭവങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളേണ്ടതുണ്ട്. ഉദാഹരണത്തിന്, 2021 ഫെബ്രുവരിയില്‍ ബ്രിട്ടനിലെ സുപ്രീം കോടതി പുറപ്പെടുവിച്ച ഒരു വിധി രാജ്യത്തെ ഊബര്‍ ഡ്രൈവര്‍മാരെ ‘തൊഴിലാളികള്‍’ എന്ന് പുനര്‍നിര്‍വചിച്ചു. മിനിമം വേതനം, ശമ്പളമുള്ള അവധിക്കാലം, പെന്‍ഷന്‍ പ്ലാന്‍, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ ഈ പുനര്‍നിര്‍വചനത്തിന്‍റെ ഭാഗമായി ബ്രിട്ടനിലെ ഊബര്‍ ഡ്രൈവര്‍മാര്‍ക്ക് ലഭിക്കുകയുണ്ടായി. 2021 ല്‍, ഊബര്‍ ഈറ്റ്സ് പോലെയുള്ള ഡെലിവറി സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന റൈഡര്‍മാരെ ശമ്പളക്കാരായ ജീവനക്കാരായി അംഗീകരിച്ച യൂറോപ്യന്‍ യൂണിയനിലെ ആദ്യ രാജ്യമായി സ്പെയിന്‍ മാറി.

പ്ലാറ്റ്ഫോമുകളെ കൂടുതല്‍ തൊഴിലാളി സൗഹൃദമാക്കുന്നതിനായി തൊഴിലാളി യൂണിയനുകള്‍, സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷനുകള്‍, പ്ലാറ്റ്ഫോം തൊഴില്‍ ദാതാക്കള്‍, സര്‍ക്കാരുകള്‍ എന്നിവര്‍ക്കിടയില്‍ ഗൗരവമായ ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. പ്ലാറ്റ്ഫോം തൊഴില്‍മേഖലയില്‍ തൊഴിലാളികള്‍ നേരിടുന്ന വെല്ലുവിളികളെയും തൊഴില്‍ ചൂഷണങ്ങളെയും പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ കൂടുതല്‍ ഊര്‍ജം പകരും•