Obituaries

പ്രൊഫ. കെ.കെ. ജോർജ് കേരളവികസനത്തിന്റെ ഭാവിയെക്കുറിച്ച് ജാഗ്രതപ്പെടുത്തിയ പണ്ഡിതൻ: ഡോ. തോമസ് ഐസക്

This note was published in Deshabhimani on 12/08/2022

കേരള വികസനാനുഭവങ്ങളുടെ ഭാവി പാത സംബന്ധിച്ച് പ്രവചനാത്മക ഉൾക്കാഴ്ച്ചയോടെ ജാഗ്രതപ്പെടുത്തിയ സാമ്പത്തിക ശാസ്ത പണ്ഡിതനായിരുന്നു പ്രൊഫ. കെ.കെ. ജോർജ്ജ്.

കേരള വികസനപാതയുടെ പരിമിതികൾ എന്ന പ്രൊഫ. ജോർജിന്റെ ജാഗ്രതപ്പെടുത്തൽ കേരളം എക്കാലവും കൃതജ്ഞതാപൂർവ്വം സ്മരിക്കും.

നീതിപൂർവ്വമായ വിതരണത്തിലൂന്നിയ വികസന അനുഭവത്തിന്റെ സുസ്ഥിരത ഉറപ്പാക്കാൻ പുലർത്തേണ്ട വിവേകപൂർവ്വമായ സാമ്പത്തിക സമീപനത്തെ സംബന്ധിച്ച പ്രൊഫ. ജോർജിന്റെ നിർദേശങ്ങൾ നിസ്തുല സംഭാവനയായി എക്കാലവും ഓർമ്മിക്കപ്പെടും.

ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലും പൊതുവിതരണത്തിലും എല്ലാം  ഊന്നുന്ന രീതിയുടെ സ്ഥായിത്വത്തിന് സർക്കാരിന്റെ തുടർ മുതൽമുടക്ക് അനിവാര്യമാണെന്നും അതിനുള്ള സാമ്പത്തിക ശേഷി സർക്കാർ കൈവരിക്കേണ്ടത് അനിവാര്യമാണെന്നുമുള്ള അദ്ദേഹത്തിന്റെ നിഗമനങ്ങൾ കൂടുതൽ കൂടുതൽ പ്രസക്തമാകുന്ന ഘട്ടത്തിലാണ് പ്രൊഫ. ജോർജ് വിടവാങ്ങുന്നത്.

കേന്ദ്ര സംസ്ഥാന സാമ്പത്തിക ബന്ധങ്ങളെ സംബന്ധിച്ച് അഗാധ പാണ്ഡിത്യമുള്ള അദ്ദേഹം അശോക് മിത്രയുടേയും പ്രൊഫ ഗുലാത്തിയുടേയും പിൻമുറക്കാരനായി ചാഞ്ചല്യലേശമന്യേ സംസ്ഥാനങ്ങളുടെ പക്ഷം ചേർന്നു നിന്ന സാമ്പത്തിക ശാസ്ത്ര പണ്ഡിതനായിരുന്നു.

പുതു തലമുറയെ വലിയ തോതിൽ  പ്രചോദിപ്പിച്ച അദ്ധ്യാപകൻ എന്ന  അസാധാരണമായ  സവിശേഷതയും പ്രൊഫ.ജോർജിനുണ്ട്. കൊച്ചിയിലെ സെന്റർ ഫോർ സോഷ്യോ ഇക്കണോമിക് ആന്റ് എൻവയോൺമെന്റൽ സ്റ്റഡീസ് (CSES) എന്ന പ്രമുഖ ഗവേഷണ സ്ഥാപനം അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിന് നിദാനമാണ്.  അക്കാദമിക നിഷ്ഠയുള്ള  പുതുതലമുറ ഗവേഷക സംഘത്തെ വാർത്തെടുത്തതും അനിതരസാധാരണമായ സവിശേഷതയാണ്.

15-ാം ധനകാര്യകമ്മീഷന്റെ പരിഗണനാ വിഷയങ്ങളും ധനവിന്യാസ ഫോർമുലയും സംബന്ധിച്ചും മറ്റും അദ്ദേഹം നടത്തിയ വിശകലനങ്ങൾ ഈ ദിവസവും അത്യധികം പ്രസക്തമായി നിലകൊള്ളുകയാണ്.

പ്രൊഫ. ജോർജിനോട് കേരളം കടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിൻ്റെ സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും വേദനയിൽ ഞാനും പങ്കുചേരുന്നു.