CSES in MediaKKG in media

പതിമൂന്നാം ധനകമ്മിഷൻ കേരളത്തിന്റെ സവിശേഷത തിരിച്ചറിയണം

This report on CSES study was published in Kerala Kaumudi on 08.02.2009

സംസ്ഥാനത്തിന്റെ തനതായ വികസന പാത അംഗീകരിച്ചും അതിന്റെ സവിശേഷ നേട്ടങ്ങളും കോട്ടങ്ങളും അതു സൃഷ്ടിക്കുന്ന പ്രത്യേക പ്രശ്നങ്ങളും തിരിച്ചറിഞ്ഞ് കേരളത്തിന് കൂടുതൽ ധനസഹായം അനുവദിക്കാൻ പതിമ്മൂന്നാം ധനകമ്മിഷൻ തയ്യാറാകണമെന്ന് നിർദ്ദേശം. ഗൾഫ് മേഖലയിലെ മാന്ദ്യത്തിന്റെ തിരിച്ചടി കൂടുതൽ നേരിടുന്ന സംസ്ഥാനമെന്ന നിലയിലും വനസമ്പത്തും ജൈവവൈവിധ്യവും സംരക്ഷിച്ചു  നിർത്തി ആഗോള താപനത്തിന്റെ ആഘാതം തടയുന്നതും കണക്കിലെടുത്ത് കേരളത്തിന് കൂടുതൽ വിഹിതം നൽകണമെന്ന് കൊച്ചിയിലെ സെന്റർ ഫോർ സോഷ്യോ-ഇക്കണോമിക് ആൻഡ് എൻവയൺമെന്റൽ സ്റ്റഡീസ് (സി.എസ്.ഇ.എസ്.) നടത്തിയ പഠനമാണ് നിർദ്ദേശിക്കുന്നത്.

പതിമൂന്നാം ധനകമ്മിഷൻ ഫെബ്രുവരി 9, 10 തീയതികളിൽ കേരളം സന്ദർശിക്കുന്ന സാഹചര്യത്തിലാണ് “കേരളത്തിന്റെ വികസനാനുഭവവും ധനകമ്മിഷനുകളും” എന്ന പഠന റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. സി.എസ്.ഇ.എസ്. ചെയർമാൻ ഡോ. കെ.കെ. ജോർജ്, ഫെലോ കെ.കെ. കൃഷ്ണകുമാർ എന്നിവർ ചേർന്നാണ് പഠനം നടത്തിയത്. മുൻ കാല കമ്മിഷനുകളുടെ സമീപനത്തിലെ തെറ്റായ രീതികൾ കേരളത്തിനുള്ള സഹായത്തിൽ വൻകുറവിന് ഇടയാക്കിയിട്ടുണ്ട്. അതിലൂടെ സംസ്ഥാനത്ത് ബഡ്ജറ്റ് പ്രതിസന്ധി തന്നെയുണ്ടായി. അത്തരം രീതികൾ പതിമ്മൂന്നാം കമ്മിഷൻ ആവർത്തിക്കരുതെന്ന് പഠനം ആവശ്യപ്പെടുന്നു.