CSES in Media

ധന കേന്ദ്രീകരണം രാഷ്ട്രീയ കേന്ദ്രീകരണ ആയുധം: പ്രഫ.സി.പി.ചന്ദ്രശേഖർ

This report was published in Malayala Manorama on 16/09/2023

കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന ധന കേന്ദ്രീകരണ നടപടികൾ രാഷ്ട്രീയ കേന്ദ്രീകരണത്തിനുള്ള മാർഗമായാണ് ഉപയോഗിക്കുന്നതെന്നു മാസച്യുസിറ്റ്‌സ് യൂണിവേഴ്‌സിറ്റിയിലെ പൊളിറ്റിക്കൽ ഇക്കണോമി റിസർച് ഇൻസ്റ്റിറ്റ്യൂട്ട് സീനിയർ റിസർച്ച് ഫെലോ പ്രഫ.സി.പി.ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു. ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറൽ ചട്ടക്കൂടിനെ തകർത്തു തീർത്തും  കേന്ദ്രീകൃതമായ ഭരണവ്യവസ്ഥ സ്ഥാപിക്കുകയാണ് ഇതിന്റെ ആത്യന്തിക ഫലമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞൻ പ്രഫ.കെ.കെ.ജോർജിന്റെ സ്മരണയ്ക്കായി സെന്റർ ഫോർ സോഷ്യോ ഇക്കണോമിക് ആൻഡ് എൻവയൺമെന്റൽ സ്റ്റഡീസ്, കുസാറ്റ് സ്കൂൾ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്, കെ.എൻ.രാജ് സ്റ്റഡി സെന്റർ ഫോർ പ്ലാനിങ് ആൻഡ് സെന്റർ-സ്റ്റേറ്റ് റിലേഷൻസ്, എം.ജി.സർവകലാശാല എന്നിവ സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സംസ്ഥാനങ്ങൾക്കു തങ്ങളുടെ രാഷ്ട്രീയ മുൻഗണനകളുടെയും  അവയുടെ ജനവിധിയുടെ അടിസ്ഥാനത്തിലും  വികസനപ്രവർത്തനങ്ങൾ ഏറ്റെടുക്കാനാകാത്ത വിധം അവയെ സാമ്പത്തികമായി കൂച്ചുവിലങ്ങിടുകയാണ്. ഒരു രാജ്യം, ഒരു നികുതി, ഒരു വിപണി, ഒരു തിരഞ്ഞെടുപ്പ് തുടങ്ങി ആവർത്തിക്കപ്പെടുന്ന ആശയങ്ങളും ഇതുമായി ബന്ധപ്പെട്ടതാണ്. വൈവിധ്യത്തിന്റെ അടിസ്ഥാന ഘടനയാണു വെല്ലുവിളിക്കപ്പെടുന്നത്. അസമത്വം ഊട്ടി ഉറപ്പിക്കുന്ന നയങ്ങളാണ് ഈ സ്ഥിതിയുടെ പ്രഭവ സ്ഥാനം.

ധന കമ്മിഷൻ തന്നെ കേന്ദ്ര സർക്കാർ നയങ്ങൾ നടപ്പിലാക്കാനുള്ള ഏജൻസിയായി മാറുന്നു. ബിസിനസ് കോർപറേറ്റുകൾക്കു കൊടുക്കുന്ന സൗജന്യങ്ങൾ മഹത്തരമാകുകയും തൊഴിലിനും ഭക്ഷണത്തിനുമായി ചെലവിടുന്ന പണം മൂല്യമില്ലാത്തതായി മാറുകയും ചെയ്യുന്നതാണ് ഇന്നത്തെ രീതിയെന്നും പ്രഫ.സി.പി.ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി. വൈസ്ചാൻസലർ ഡോ.പി.ജി.ശങ്കരൻ അധ്യക്ഷത വഹിച്ചു. കേരള ചരിത്ര ഗവേഷണ കൗൺസിൽ ചെയർമാൻ പ്രഫ.പി.കെ.മൈക്കിൾ തരകൻ, സി‌എസ്‌ഇ‌എസ് സീനിയർ ഫെലോ കെ.കെ.കൃഷ്ണകുമാർ, എസ്എംഎസ് ഡയറക്ടർ ഡോ.വി.പി.ജഗതി രാജ്, ബിബിൻ തമ്പി, പ്രഫ.എസ്.മുരളീധരൻ എന്നിവർ പ്രസംഗിച്ചു.