Press Release

ധന കേന്ദ്രീകരണം രാഷ്ട്രീയ കേന്ദ്രീകരണത്തിനുള്ള ആയുധം – പ്രൊഫ. സി.പി. ചന്ദ്രശേഖർ

Published on 15.09.2023

കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന ധന കേന്ദ്രീകരണ നടപടികൾ രാഷ്ട്രീയ കേന്ദ്രീകരണത്തിനുള്ള മാർഗ്ഗമായിട്ടാണ് ഉപയോഗിക്കുന്നത്. ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറൽ ചട്ടക്കൂടിനെ തകർത്ത് തീർത്തും  കേന്ദ്രീകൃതമായ ഒരു ഭരണവ്യവസ്ഥ സ്ഥാപിക്കപ്പെടുകയാണ് ഇതിന്റെ ആത്യന്തിക ഫലം. സംസ്ഥാനങ്ങളുടെ യൂണിയനാണ് ഇന്ത്യ എന്ന അടിസ്ഥാന സ്വഭാവം രാഷ്ട്രത്തിനു നഷ്ടമാകുന്നതരം കേന്ദ്രീകരണ പ്രവണതകളാണ് അരങ്ങേറുന്നത് എന്ന് പ്രൊഫ. സി.പി.ചന്ദ്രശേഖർ. മസാച്യുസെറ്റ്‌സ് യൂണിവേഴ്‌സിറ്റിയിലെ പൊളിറ്റിക്കൽ ഇക്കണോമി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (PERI,)സീനിയർ റിസർച്ച് ഫെലോ ആണ് പ്രൊഫസർ സി ​​പി ചന്ദ്രശേഖർ.

പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞൻ പ്രൊഫസർ കെ കെ ജോർജിൻറെ സ്മരണയ്ക്കായി സെന്റർ ഫോർ സോഷ്യോ ഇക്കണോമിക് ആന്റ് എൻവയോൺമെന്റൽ സ്റ്റഡീസ് (CSES) കൊച്ചി, സ്കൂൾ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് (SMS), CUSAT, കെ എൻ രാജ് സ്റ്റഡി സെന്റർ ഫോർ പ്ലാനിംഗ് ആൻഡ് സെന്റർ-സ്റ്റേറ്റ് റിലേഷൻസ്, മഹാത്മാഗാന്ധി സർവകലാശാല എന്നിവർ സംയുക്തമായി സംഘടിപ്പിച്ച അനുസ്മരണ പ്രഭാഷണത്തിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ഭരണഘടന ഫെഡറൽ ധന വിന്യാസത്തിനായി വിഭാവനം ചെയ്ത വ്യവസ്ഥകളും സംവിധാനങ്ങളും ഒന്നൊന്നായി ദുർബ്ബലപ്പെടുകയാണ്. നികുതി അധികാരങ്ങൾ  ഏറിയ കൂറും കേന്ദ്ര സർക്കാരിനും  ചെലവുകൾ ഏറെയും  സംസ്ഥാനങ്ങൾക്കും എന്ന അസന്തുലിതാവസ്ഥയെ അഭിസംബോധന ചെയ്യാനാണ് ഭരണഘടന ധന വിന്യാസ വ്യവസ്ഥകളും സ്വതന്ത്ര ധന കമ്മീഷനും എല്ലാം  രൂപപ്പെടുത്തിയത്. ഈ വ്യവസ്ഥകൾ നോക്കുകുത്തിയാകുകയാണ്. ധന കമ്മീഷൻ തന്നെ കേന്ദ്ര സർക്കാർ നയങ്ങൾ നടപ്പിലാക്കാനുള്ള ഏജൻസിയായി മാറുന്നു. GST  സസ്ഥാനങ്ങളുടെ വിഭവ സമാഹരണ സാദ്ധ്യതകൾക്ക് വലിയ വിഘാതം സൃഷ്ടിച്ചു. ഇന്ത്യൻ സംസ്ഥാനങ്ങൾ 50 ശതമാനത്തിലേറെ വരുമാനത്തിനും കേന്ദ്ര സർക്കാരിനെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. മാത്രമല്ല, തങ്ങൾക്കു വേണ്ട വിഭവത്തിന്റെ മൂന്നിൽ രണ്ടിനു പോലും സംസ്ഥാനങ്ങൾക്ക് യാതൊരു നിയന്ത്രണവുമില്ലാതെയായി. .

ഈ സ്ഥിതി രാഷ്ട്രീയമായ കേന്ദ്രീകരണത്തിലേയ്ക്കാണ് നയിക്കുന്നത്. സംസ്ഥാനങ്ങൾക്ക് തങ്ങളുടെ രാഷ്ട്രീയ മുൻഗണനകളുടെയും  അവയുടെ ജനവിധിയുടെ അടിസ്ഥാനത്തിലും  വികസന പ്രവർത്തനങ്ങൾ ഏറ്റെടുക്കാനാവാത്ത വിധം അവയെ സാമ്പത്തികമായി കൂച്ചുവിലങ്ങിടുകയാണ്. ഒരു രാജ്യം, ഒരു നികുതി, ഒരു വിപണി, ഒരു തെരഞ്ഞെടുപ്പ് തുടങ്ങി ആവർത്തിക്കപ്പെടുന്ന ആശയങ്ങളും ഇതുമായി ബന്ധപ്പെട്ടതാണ്. ഇന്ത്യ സംസ്ഥാനങ്ങളുടെ യൂണിയനാണ് എന്ന  വൈവിദ്ധ്യത്തിന്റെ അടിസ്ഥാന ഘടനയാണ് വെല്ലുവിളിക്കപ്പെടുന്നത്. രാജ്യത്ത് രൂക്ഷമാകുന്ന അസമത്വത്തെ ഊട്ടി ഉറപ്പിക്കുന്ന നയങ്ങളാണ് ഈ സ്ഥിതിയുടെ പ്രഭവസ്ഥാനം. വരുമാനവും സമ്പത്തും കൂടുതൽ കൂടുതൽ കേന്ദ്രീകരിക്കപ്പെടുന്ന സ്ഥിതി 1960 കൾ വരെ അധികാരികളുടെ ആശങ്കയായിരുന്നു. സമ്പത്തിന്റെ വിതരണം സംബന്ധിച്ച മഹലനോബിസ് കമ്മിറ്റി റിപ്പോർട്ടും മറ്റും ഇതിനു തെളിവാണ്. എന്നാൽ ഇത്തരം ഒരു തരം ആശങ്കകളും ഇപ്പോൾ ഉണ്ടാകാറില്ല. മറിച്ച്, ബിസിനസ് കോർപ്പറേറ്റുകൾക്ക് കൊടുക്കുന്ന “സൗജന്യങ്ങൾ ” മഹത്തരമാകുകയും തൊഴിലിനും ഭക്ഷണത്തിനുമായി ചെലവിടുന്ന പണം മൂല്യമില്ലാത്ത “ഫ്രീബി” ആയി മാറുകയും ചെയ്യുന്നതാണ് ഇന്നത്തെ രീതി.

കൊച്ചി സർവ്വകലാശാലയിൽ നടന്ന പ്രഭാഷണ പരിപാടിയിൽ വൈസ് ചാൻസ്ലർ പ്രൊഫ. പി.ജി. ശങ്കരൻ അധ്യക്ഷനായിരുന്നു. കേരള ചരിത്ര ഗവേഷണ കൗൺസിൽ ചെയർമാൻ പ്രൊഫ. P.K മൈക്കിൾ തരകൻ, CSES സീനിയർ ഫെലോ കെ. കെ. കൃഷ്ണകുമാർ, സ്‌കൂൾ ഓഫ് മാനേജ്മെൻറ് സ്റ്റഡീസ് ഡയറക്ടർ ഡോ. ജഗതി രാജ് വി.പി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ശ്രീ. ബിബിൻ തമ്പി സ്വാഗതവും പ്രൊഫ. എസ് . മുരളീധരൻ കൃതജ്ഞതയും രേഖപ്പെടുത്തി.