CSES in MediaKKG in media

ധനകാര്യ കമ്മീഷന്‍: കേരളത്തിന് ഗുണകരമല്ലെന്ന് വിദഗ്ദ്ധര്‍

This report was published in Mathruhumi on 26 May 2015

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പ്രചരിപ്പിക്കുന്നതിന് വിരുദ്ധമായി, പതിന്നാലാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശകള്‍ സംസ്ഥാനത്തിന് ദോഷകരമാണെന്ന് സാമ്പത്തികവിദഗ്ദ്ധര്‍. ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സസ്റ്റെയിനബിള്‍ ഡെവലപ്‌മെന്റ് ആന്‍ഡ് ഗവേണന്‍സ്(ഐ.എസ്.ഡി.ജി.) നടത്തിയ സെമിനാറിലാണ് ഈ വിലയിരുത്തലുണ്ടായത്.

കേന്ദ്രവിഹിതം നിശ്ചയിക്കുന്നതില്‍ 1971-ലേതിന് പകരം 2011-ലെ സെന്‍സസ് അനുസരിച്ചുള്ള ജനസംഖ്യക്ക് അനര്‍ഹ പ്രാധാന്യം നല്‍കിയത് ജനസംഖ്യാനിയന്ത്രണത്തില്‍ മുന്നിലെത്തിയ കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടിയായെന്ന് കൊച്ചിയിലെ സെന്റര്‍ ഫോര്‍ സോഷ്യോ എക്കണോമിക് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസിന്റെ അധ്യക്ഷന്‍ ഡോ. കെ.കെ.ജോര്‍ജ് പറഞ്ഞു. കേന്ദ്രാവിഷ്‌കൃതപദ്ധതികള്‍ക്കുള്ള കേന്ദ്രസഹായം വെട്ടിക്കുറച്ചു. ഇപ്പോഴും കേന്ദ്രത്തില്‍നിന്നുള്ള വിഹിതം എത്രയെന്നറിയാതെ സംസ്ഥാനങ്ങളും കേന്ദ്രംതന്നെയും ഇരുട്ടില്‍ത്തപ്പുകയാണെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ സര്‍ക്കാരുകളുടെ കാര്യത്തില്‍ അധികാര വികേന്ദ്രീകരണത്തിന്റെ പുരോഗതി പരിഗണിക്കാന്‍ ബാധ്യതയില്ലെന്നുപറയുന്ന ധനകാര്യ കമ്മീഷന്‍ തികഞ്ഞ നിരുത്തരവാദിത്വമാണ് കാട്ടിയിരിക്കുന്നതെന്ന് സെന്റര്‍ ഫോര്‍ െഡവലപ്‌മെന്റ് സ്റ്റഡീസ് പ്രൊഫസ്സര്‍ ഡോ. എം.എ.ഉമ്മന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കമ്മീഷന്റെ നിലപാടുകള്‍ ഭരണഘടനാവിരുദ്ധമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കുള്ള വിഹിതം നിശ്ചയിക്കുന്നതില്‍ ജനസംഖ്യക്ക് അന്യായമായ പ്രാധാന്യമാണ് നല്‍കിയത്. അധികാര വികേന്ദ്രീകരണ പുരോഗതിയെ പരിഗണിച്ചിട്ടേയില്ല. പഞ്ചായത്തീരാജ് മന്ത്രാലയത്തിനുള്ള പണം കേന്ദ്രസര്‍ക്കാര്‍ ഇത്തവണ വന്‍തോതില്‍ വെട്ടിക്കുറച്ചു. ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികളൊന്നുമില്ലാതെ ബിഹാറിനും ഉത്തര്‍പ്രദേശിനും അധികം പണം നല്‍കിയിട്ടെന്ത് കാര്യം?-ഉമ്മന്‍ ചോദിച്ചു. കേരള സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ജെ.പ്രഭാഷ് ചര്‍ച്ച നയിച്ചു. ഐ.എസ്.ഡി.ജി. പ്രസിഡന്റ് ജോണ്‍ സാമുവല്‍, ജോബിന്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു.