CSES in Media

ദാരിദ്ര്യ നിർമാർജന പദ്ധതികൾ: മാറ്റങ്ങൾ ആവശ്യമെന്ന് പഠനം

This report was published in Malayala Manorama on 14.03.2024

അതിദാരിദ്ര്യം ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതികൾ പ്രശംസനീയമാണെങ്കിലും മാറ്റങ്ങൾ ആവശ്യമാണെന്നു പഠനം. കൊടിയ ദാരിദ്ര്യത്തിലേക്കു വീഴാൻ സാധ്യതയുള്ളവരെ നേരത്തെ കണ്ടെത്തി പ്രശ്ന‌ പരിഹാരത്തിന് ഇടപെടണമെന്നു കൊച്ചിയിലെ സെന്റർ ഫോർ സോഷ്യാ ഇക്കണോമിക് ആൻഡ് എൻവയൺമെന്റൽ സ്റ്റഡീസ് (സിഎസ്ഇഎസ്) പഠനത്തിൽ ചൂണ്ടിക്കാട്ടി. അഗതിരഹിത കേരളം പദ്ധതിയും അതിദാരിദ്ര്യ നിർമാർജന പരിപാടിയും സംയോജിപ്പിക്കണമെന്നും ശുപാർശയുമുണ്ട്.

ആദിവാസി ജനസംഖ്യ കൂടുതലുള്ള വടക്കൻ കേരളത്തിലെ പനമരം, ഗണ്യമായ മത്സ്യത്തൊഴിലാളി ജനസംഖ്യയുള്ള തെക്കൻ കേരളത്തിലെ ആലപ്പാട്, മധ്യകേരളത്തിലെ നഗര സാമീപ്യ പഞ്ചായത്തായ അശമന്നൂർ എന്നിവിടങ്ങളിലാണു പഠനം നടത്തിയത്.

ചില ശുപാർശകൾ:

. അങ്ങേയറ്റം ദരിദ്ര കുടുംബങ്ങളെ വാർഡ് തല സമിതി വർഷം തോറും സന്ദർശിച്ച് സാഹചര്യങ്ങൾ വിലയിരുത്തി മൈക്രോ പ്ലാൻ ഭേദഗതി ചെയ്യണം.

. അതിദാരിദ്ര്യ നിർമാർജന പദ്ധതി 5 വർഷത്തിനു ശേഷവും തുടരണം. കുടുംബങ്ങൾ തീവ്ര ദാരിദ്ര്യത്തിലേക്കു തിരികെ പോകുന്നതും പുതിയ കുടുംബങ്ങൾ അതിലേക്കു വഴുതി വീഴുന്നതും തടയണം.

. കുടുംബത്തിൻറെ ആശ്രയമായ അംഗത്തിൻ്റെ പെട്ടെന്നുള്ള മരണമോ രോഗമോ കുടുംബങ്ങളെ കടുത്ത ദാരിദ്ര്യത്തിലേക്കു തള്ളിവിടാം. തദ്ദേശ സ്ഥാപന തലത്തിൽ ദുരിതാശ്വാസ ഫണ്ട് ആരംഭിക്കണം സംസ്ഥാന, തദ്ദേശ ഭരണകൂടങ്ങൾ യോജിച്ചും വ്യക്‌തികളിൽ നിന്നു സംഭാവന സ്വീകരിച്ചും പദ്ധതി നടപ്പാക്കാം.

. ഇത്തരം സാഹചര്യമുള്ള കുടുംബങ്ങളെ പതിവു സാങ്കേതികത്വം ഒഴിവാക്കി അതിദരിദ്രരുടെ പട്ടികയിൽ ഉൾപ്പെടുത്താവുന്ന രീതിയിൽ മാനദണ്ഡങ്ങൾ പരിഷ്കരിക്കണം.

. തൊഴിൽ സാധ്യതകളും നൈപുണ്യവും വർധിപ്പിക്കാൻ ഗ്രാമീണ കൗശല്യ യോജന, കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസ്, കുടുംബശ്രീ എന്നിവയുമായി ചേർന്നു പിന്തുണ നൽകണം.

. വീടുകളിലിരുന്നു വരുമാനം ഉണ്ടാക്കാനുള്ള സംരഭങ്ങൾക്കു സഹായം നൽകണം. വയോജനങ്ങൾക്കു വേണ്ടി വിളക്ക് തിരി, ചൂൽ നിർമാണങ്ങൾ ആരംഭിച്ചതു മാതൃകയാക്കാം.

. മുടക്കമില്ലാതെ ഭക്ഷണം നൽകാൻ കുടുംബശ്രീ അയൽക്കൂട്ടത്തെയോ അയൽ വീട്ടുകാരെയോ ചുമതലപ്പെടുത്താം. അന്ത്യോദയ അന്ന യോജന, കുടുംബശ്രീ എന്നിവയിൽ ഇവരുടെ പങ്കാളിത്തം മെച്ചപ്പെടുത്തണം.