Press Release

ഡയലോഗ്സ് ഓൺ കേരളാ ഡെവലപ്പ്മെന്റ് കോൺഫറൻസ് പരമ്പര പ്ലാനിങ് ബോർഡ് വൈസ് ചെയർപേഴ്സൺ, പ്രൊഫ. വി.കെ. രാമചന്ദ്രൻ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു

Published on 12-01-2023

സാമൂഹ്യശാസ്ത്ര ഗവേഷകരംഗത്ത് 25 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി സെന്റർ ഫോർ സോഷ്യോ-എക്കണോമിക്ക് ആന്റ് എൻവയൺമെന്റൽ സ്റ്റഡീസ് (സി.എസ്.ഇ.എസ്.) ആരംഭിക്കുന്ന ഡയലോഗ്‌സ് ഓൺ കേരള ഡെവലപ്പ്മെന്റ് എന്ന കോൺഫറൻസ് പരമ്പര പ്ലാനിങ് ബോർഡ് വൈസ് ചെയർപേഴ്സൺ, പ്രൊഫ. വി.കെ. രാമചന്ദ്രൻ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു. ആരോഗ്യവും ജനസംഖ്യാപരവുമായ സൂചികകളിൽ കേരളം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിലാണെങ്കിലും ഇനിയും കൂടുതൽ മുന്നേറാനുള്ള സാധ്യതകൾ സംസ്ഥാനത്തിനു മുന്നിലുണ്ടെന്ന് കോൺഫറൻസ് സീരിസ് ഉദ്‌ഘാടനം ചെയ്തുകൊണ്ട് പ്രൊഫ. വി.കെ. രാമചന്ദ്രൻ പറഞ്ഞു. കഴിഞ്ഞ കുറച്ചുവർഷങ്ങൾക്കുള്ളിൽ വലിയ പുരോഗതിയാണ് കേരളത്തിന്റെ പൊതുജനാരോഗ്യമേഖലയിൽ ഉണ്ടായിരിക്കുന്നത്. ഉയർന്ന ആയുർദൈർഘ്യം ഉൾപ്പെടെയുള്ള ജനസംഖ്യാപരമായ മാറ്റങ്ങൾ ഉയർത്തുന്ന പുതിയ വെല്ലുവിളികളെ നേരിടുക എന്നതിലേക്കാണ് സംസ്ഥാനത്തിന്റെ ശ്രദ്ധ ഇനി കൂടുതൽ പതിയേണ്ടത്. വയോജനങ്ങളുടെ ആരോഗ്യവും, പരിചരണവും അതുകൊണ്ടുതന്നെ സവിശേഷ പരിഗണന അർഹിക്കുന്ന മേഖലയാണ് – അദ്ദേഹം കൂട്ടിച്ചേർത്തു. 

കേരളം അഭിമുഖീകരിക്കുന്ന ഒരു വികസന പ്രശ്നത്തെ മുൻനിർത്തി മൂന്നുവർഷത്തിലൊരിക്കൽ ഗൗരവകരമായ അക്കാദമിക-നയരൂപീകരണ ചർച്ചകൾക്ക് വേദിയൊരുക്കുക എന്നതാണ് സി.എസ്.ഇ.എസ്. ആരംഭിക്കുന്ന ദേശീയ കോൺഫറൻസ് പരമ്പര ലക്ഷ്യം വെക്കുന്നത്. ജനുവരി 12, 13 തീയതികളിൽ തിരുവനന്തപുരം തൈക്കാടുള്ള കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആന്റ് ഫാമിലി വെൽഫയറിൽ (KSHIFW) നടക്കുന്ന പ്രഥമ ദ്വിദിന കോൺഫറൻസിൽ “മാറുന്ന കേരളത്തിന്റെ വെല്ലുവിളികൾ: ആരോഗ്യംജനസംഖ്യാമാറ്റം (Challenges of Health and Demographic Transition) എന്ന വിഷയമാണ് ചർച്ച ചെയ്യുന്നത്. കേരളം നേരിടുന്ന ആരോഗ്യപരവും ജനസംഖ്യാപരവുമായ പുതിയ വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ സംസ്ഥാനം നിലവിൽ കൈക്കൊള്ളുന്ന ഇടപെടലുകളുകളെ കുറിച്ച് ചർച്ച ചെയ്യുക, ഈ മേഖലയിൽ സംസ്ഥാനത്തിന്റെ മുന്നോട്ടുള്ള പാതയെക്കുറിച്ച് ആഴത്തിലുള്ള വിചിന്തനം നടത്തുക എന്നതാണ് പ്രഥമ കോൺഫറൻസ് ലക്ഷ്യംവെക്കുന്നത്. 

സി.എസ്.ഇ.എസ്. ഡയറക്ടർ ഡോ. എൻ. അജിത് കുമാർ ആമുഖപ്രഭാഷണം നടത്തിയ ഉദ്‌ഘാടന സെഷനിൽ വ്യത്യസ്ത വിഷയങ്ങളിലായി മൂന്ന് മുഖ്യപ്രഭാഷണങ്ങൾ നടന്നു. സർവേ ഡേറ്റകളുടെ അടിസ്ഥാനത്തിൽ കേരളത്തിന്റെ ജനസംഖ്യാപരമായ മാറ്റങ്ങളെക്കുറിച്ച് ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസസ് (IIPS) ഡയറക്‌ടർ ഡോ. കെ.എസ്. ജെയിംസ് സംസാരിച്ചു. കേരളത്തിൽ സമീപവർഷങ്ങളിലുണ്ടായ ജനസംഖ്യാപരമായ പരിവർത്തനങ്ങളുടെ ഭാഗമായി കേരളത്തിന്റെ കുടുംബഘടനയിൽ ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും അത് കേരളസമൂഹത്തിൽ ഉണ്ടാക്കുന്ന പ്രതിഫലനങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പുതിയ കാലത്തെ കുടുംബഘടനയുടെ സ്വഭാവത്തെ മനസിലാക്കാൻ സഹായകമാകുന്ന തരത്തിൽ ജനസംഖ്യാപരമായ സൂചികകളുമായി ബന്ധപ്പെട്ട വിവരശേഖരണരീതികളിൽ കാലാനുസൃതമായ മാറ്റം ഉണ്ടാകേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിന്റെ ആരോഗ്യ-പരിചരണമേഖലകൾ നേരിടുന്ന പുതിയ വെല്ലുവിളികളെക്കുറിച്ച് അച്ചുതമേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസ് തലവൻ ഡോ. ബിജു സോമൻ സംസാരിച്ചു. ആരോഗ്യവുമായി ബന്ധപ്പെട്ട സൂചികകളിലും പൊതുജനാരോഗ്യമേഖലയുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യങ്ങളിലും കേരളം ദേശീയശരാശരിയെക്കാൾ ഏറെ മുന്നിലാണ്. ആരോഗ്യം എന്നു പറയുന്നത് രോഗങ്ങളും മരണങ്ങളും എന്നതല്ല; പ്രവർത്തനനിരതരാകാനുള്ള ഒരാളുടെ കഴിവാണ്. ഗുണമേന്മയുള്ള ആരോഗ്യം ആണ് നമ്മൾ ലക്ഷ്യം വെക്കേണ്ടത്. – ഡോ. ബിജു സോമൻ പറഞ്ഞു. ആരോഗ്യമേഖലയിൽ ഡിജിറ്റലൈസേഷൻ പ്രോത്സാഹിപ്പിക്കേണ്ടതിനെക്കുറിച്ചും, “വൺ ഹെൽത്ത്“ സമീപനം രൂപപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോഗ്യസംരക്ഷണത്തിനായി കേരളസമൂഹം ചെലവഴിക്കുന്ന തുകയെക്കുറിച്ചുംആരോഗ്യമേഖലയിലെ സർക്കാർ നിക്ഷേപം ഇനിയും ഉയർത്തേണ്ട ആവശ്യകതയെക്കുറിച്ചും കോഴിക്കോട് ഗവൺ‌മെന്റ് മെഡിക്കൽ കോളേജ് പതോളജി വിഭാഗം മുൻ പ്രൊഫസർ ഡോ. കെ.പി. അരവിന്ദൻ സംസാരിച്ചു. ആരോഗ്യത്തിനായി ഒരു വ്യക്തി ചെലവഴിക്കുന്ന ശരാശരി തുക ഏറ്റവും ഉയർന്നു നിൽക്കുന്ന സംസ്ഥാനമാണ് കേരളം. ആരോഗ്യമേഖലയിൽ കേരളസർക്കാർ ഉയർന്ന നിക്ഷേപം നടത്തുന്നുണ്ടെങ്കിലും വ്യക്തിഗത ചെലവുകളും വളരെ കൂടുതലാണ്. കഴിഞ്ഞ കുറച്ചുവർഷങ്ങളായി സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടായിട്ടുണ്ട്. എന്നാൽ ഇനിയും നമ്മൾ മുന്നോട്ടുപോകാനുണ്ട്. മെഡിക്കൽ ഉപകരണങ്ങളുടെ കാര്യത്തിലും, ആരോഗ്യമേഖലയിലെ അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തിലും സംസ്ഥാനം ഏറെ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും ആരോഗ്യപ്രവർത്തകരുടെ എണ്ണം ആവശ്യത്തിനില്ലാത്തത് സംസ്ഥാനം നേരിടുന്ന ഒരു വലിയ വെല്ലുവിളിയാണ്. – അദ്ദേഹം പറഞ്ഞു.

ഉച്ച കഴിഞ്ഞ് രണ്ട് പാരലൽ സെഷനുകളിലായി “ജനസംഖ്യാപരമായ മാറ്റങ്ങൾ ആരോഗ്യ മേഖലയിൽ ഉണ്ടാക്കുന്ന പ്രതിഫലനങ്ങൾആരോഗ്യ മേഖലയിലെ അസമത്വങ്ങൾ എന്നീ വിഷയങ്ങൾ ചർച്ച ചെയ്തു. അച്ചുതമേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസ് പ്രൊഫസർ ഡോ. രഖാൽ ഗെയ്തൊണ്ടെഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസസ് (IIPS) പ്രൊഫസർ ഡോ. ടി.വി. ശേഖർ എന്നിവർ ഈ സെഷനുകൾക്ക് അധ്യക്ഷത വഹിച്ചു. രണ്ടു സെഷനുകളിലായി പന്ത്രണ്ട് അക്കാദമിക പേപ്പറുകൾ അവതരിപ്പിക്കപ്പെട്ടു.  കേരളത്തിന്റെ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തുന്ന യുവഗവേഷകർ, നയരൂപീകരണകർത്താക്കൾ, അധ്യാപകർ എന്നിവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പേപ്പറുകളാണ് അവതരിപ്പിക്കപ്പെട്ടത്. 

കോൺഫറൻസിന്റെ രണ്ടാം ദിവസം ജനുവരി 13 രാവിലെ രണ്ടു പാരലൽ സെഷനുകളിലായി “സർക്കാർ സംവിധാനങ്ങളും കേരളത്തിന്റെ മാറുന്ന ആരോഗ്യ സാഹചര്യവും, വയോജനാരോഗ്യവും പരിചരണവും എന്നീ വിഷയങ്ങൾ ചർച്ച ചെയ്യും. ഉച്ചകഴിഞ്ഞ് നടക്കുന്ന കൺക്ലൂഡിംഗ് പ്ലീനറിയിൽ കേരളത്തിന്റെ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട ഗവേഷണങ്ങളിൽ സമാനതകളില്ലാത്ത സംഭാവനകൾ നടത്തിയ പരിചയസമ്പന്നരായ ഗവേഷകർ സംസാരിക്കും. ഡോ. ഇരുദയ രാജൻ (സ്ഥാപക ചെയർപേഴ്സൺ, ഐ.ഐ.എം.എ.ഡി. & മുൻ പ്രൊഫസർ, സി.ഡി.എസ്.) അധ്യക്ഷത വഹിക്കുന്ന ഈ സെഷനിൽ നാല് പ്രബന്ധങ്ങളായിരിക്കും അവതരിപ്പിക്കപ്പെടുക. ഡോ. മാലാ രാമനാഥൻ (പ്രൊഫസർ, അച്ചുതമേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസ്) ആരോഗ്യവും ലിംഗനീതിയും എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കും. ഡോ. ടി.വി. ശേഖർ (പ്രൊഫസർ, ഐ.ഐ.പി.എസ്.) കേരളത്തിലെ വയോജനങ്ങൾ എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കും. ദുർബലവിഭാഗങ്ങളുടെ ആരോഗ്യം എന്ന വിഷയത്തിൽ ഡോ. എ.കെ. ജയശ്രീ (പ്രൊഫസർ, പരിയാരം മെഡിക്കൽ കോളേജ്) സംസാരിക്കും. സംസ്ഥാനത്തിന്റെ ആരോഗ്യസംവിധാനങ്ങൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ഡോ. മാത്യു ജോർജ് (പ്രൊഫസർ, കേരള കേന്ദ്ര സർവകലാശാല) സംസാരിക്കും. 

കോൺഫറൻസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ https://csesindia.org/dialogues-on-kerala-development-1/ എന്ന ലിങ്കിൽ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട നമ്പർ: 9037250233 റംഷാദ് എം. (റിസർച്ച് ഓഫീസർ)