CSES in Media

ചാറ്റ്‌ ജിപിടിയുടെ അനന്തസാധ്യത തുറന്നുകാട്ടി ചർച്ച

This report was published in Deshabhimani on 08/07/2023

ഇന്റർനെറ്റും സമൂഹമാധ്യമങ്ങളും സൃഷ്‌ടിക്കുന്ന വിവരങ്ങളെ വിശകലനം ചെയ്യാനും സംഗ്രഹിക്കാനുമുള്ള മികച്ച സംവിധാനമാണ്‌ ചാറ്റ്‌ ജിപിടിയും ഭാഷാ മോഡലുകളുമെന്ന്‌ പ്രൊഫ. ജോമോൻ എം ജോസ്‌. മഹാരാജാസ്‌ കോളേജിൽ “ഡാറ്റയുടെ ശക്തി: ചാറ്റ് ജിപിടിയുടെ കാലഘട്ടത്തിൽ’ വിഷയത്തിൽ പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു യുകെയിലെ ഗ്ലാസ്‌ഗോ സർവകലാശാല സ്കൂൾ ഓഫ് കംപ്യൂട്ടിങ്‌ സയൻസിലെ ഇൻഫർമേഷൻ റിട്രീവൽ പ്രൊഫസറായ ജോമോൻ എം ജോസ്‌. സെന്റർ ഫോർ സോഷ്യോ ഇക്കണോമിക് സ്റ്റഡീസും (സിഎസ്ഇഎസ്) മഹാരാജാസ് കോളേജിലെ സാമ്പത്തികശാസ്ത്ര വിഭാഗവും ചേർന്നാണ്‌ ചർച്ച സംഘടിപ്പിച്ചത്‌.

വിവരങ്ങളുടെ അമിതഭാരം വിശകലനം ചെയ്യാനും സംഗ്രഹിക്കാനും വ്യാഖ്യാനിക്കാനുമുള്ള വിവിധ മാതൃകകളെക്കുറിച്ച്‌ അദ്ദേഹം വിശദീകരിച്ചു. സമൂഹമാധ്യമങ്ങളിലെ ചർച്ചകളും വൈറലാകുന്ന പോസ്റ്റുകളും സൈബർ പോരാട്ടങ്ങളും വിശകലനം ചെയ്യാൻ വിവിധ സമീപനങ്ങളുണ്ട്‌. പോസ്റ്റുകളിലും സംവാദങ്ങളിലും ഒളിച്ചുവയ്‌ക്കുന്ന അടിസ്ഥാന പ്രവണതകളും അജൻഡകളും കണ്ടെത്താനാകും. ചാറ്റ് ജിപിടി, അല്ലെങ്കിൽ വലിയ ഭാഷാ മോഡലുകൾ ഇത്തരം വിലയിരുത്തലുകളുടെ കാര്യക്ഷമത വർധിപ്പിക്കുന്നുവെന്നും ജോമോൻ എം ജോസ്‌ പറഞ്ഞു. മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ ഡോ. വി എസ് ജോയി അധ്യക്ഷനായി. കുസാറ്റ്‌ വിസി പ്രൊഫ. പി ജി ശങ്കരൻ, ഡോ. എൻ അജിത്കുമാർ, സന്തോഷ് ടി വർഗീസ് എന്നിവർ സംസാരിച്ചു.