CSES in Media

ഗ്രാമീണ യുവാക്കളുടെ തൊഴിൽ പങ്കാളിത്തം: ലിംഗപരമായ അന്തരമുണ്ടെന്ന്‌ പഠനം

This report on CSES study was published in Mathrubhumi on 28-04-2021

ഗ്രാമീണ യുവാക്കളുടെ തൊഴിൽ പങ്കാളിത്തത്തിൽ ലിംഗപരമായ അന്തരം നിലനിൽക്കുന്നുവെന്ന് പഠന റിപ്പോർട്ട്. 18 വയസ്സിനും 40 വയസ്സിനും ഇടയിലുള്ള യുവാക്കൾക്കിടയിൽ കൊച്ചിയിലെ സെന്റർ ഫോർ സോഷ്യോ ഇക്കണോമിക്‌ ആൻഡ് എൻവയോൺമെന്റൽ സ്റ്റഡീസ് (സി.എസ്.ഇ.എസ്.) നടത്തിയ പഠനത്തിലാണ് ഇൗ നിരീക്ഷണം. എറണാകുളം ജില്ലയിലെ മണീട് പഞ്ചായത്തിലെ 644 കുടുംബങ്ങളിലെ യുവാക്കളിൽനിന്നാണ് പഠനത്തിനാധാരമായ വിവരങ്ങൾ ശേഖരിച്ചത്.

സ്ത്രീകൾക്കിടയിൽ തൊഴിൽ പങ്കാളിത്തം കുറവ്

18 മുതൽ 40 വയസ്സ്‌ വരെയുള്ള സ്ത്രീകളിൽ ജോലിയുള്ളവരുടെ അനുപാതം പുരുഷന്മാരുടെ പകുതിയിൽ താഴെ മാത്രമാണ്, സ്ത്രീകളിൽ 33 ശതമാനവും പുരുഷന്മാരിൽ 70 ശതമാനവും. പുരുഷന്മാർക്കിടയിലെ തൊഴിൽ പങ്കാളിത്ത നിരക്ക് 36-40 പ്രായക്കാരിൽ 100 ശതമാനവും 31-35 പ്രായപരിധിയിൽ പെടുന്നവരിൽ 91 ശതമാനവുമാണ്. 30 വയസ്സിനു മുകളിലുള്ള സ്ത്രീകളിൽ 45 ശതമാനം മാത്രമാണ് ജോലി ചെയ്യുന്നത്. 26 മുതൽ 30 വയസ്സ്‌ വരെയുള്ള പുരുഷന്മാരിൽ 87 ശതമാനവും ജോലി ചെയ്യുന്നവരാണെങ്കിൽ, ഇതേ പ്രായത്തിലുള്ള സ്ത്രീകളിൽ 41 ശതമാനം മാത്രമാണ് ജോലി ചെയ്യുന്നത്.

പഠന വിധേയമാക്കിയവരിൽ ഭൂരിഭാഗവും ജോലി ചെയ്യുന്നത് സേവന മേഖലയിലാണ്. ഇതിനൊരു കാരണം പഠനം നടത്തിയ ഗ്രാമം കൊച്ചി നഗരത്തോട് അടുത്തുകിടക്കുന്നുവെന്നതാകാം.

എന്നാൽ, ജോലി ചെയ്യുന്ന മേഖലയുടെ കാര്യത്തിലും ലിംഗപരമായ അന്തരം നിലനിൽക്കുന്നതായി പഠനം പറയുന്നു. ജോലിയുള്ള സ്ത്രീകളിൽ 79 ശതമാനവും സേവന മേഖലയിൽ ജോലി ചെയ്യുമ്പോൾ, 49 ശതമാനം പുരുഷന്മാർ മാത്രമാണ് സേവന മേഖലയിൽ ജോലി ചെയ്യുന്നത്. സേവന മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകളിൽ പകുതിയോളം പേർ വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലാണ് ജോലി ചെയ്യുന്നത്.

പുരുഷന്മാരിൽ 44 ശതമാനം നിർമാണ മേഖല ഉൾപ്പെടുന്ന ദ്വിതീയ മേഖലയിൽ തൊഴിലെടുക്കുമ്പോൾ സ്ത്രീകളിൽ 18 ശതമാനം മാത്രമാണ് ഈ മേഖലയിൽ ജോലി ചെയ്യുന്നത്. രണ്ട് ശതമാനം പുരുഷന്മാരും ഒരു ശതമാനം സ്ത്രീകളും കൃഷിയിലും അനുബന്ധ മേഖലകളിലും പ്രവർത്തിക്കുന്നുണ്ട്.

തൊഴിലില്ലായ്മ നിരക്കിലും സ്ത്രീ-പുരുഷ വ്യത്യാസമുണ്ടെന്ന് പഠനം പറയുന്നു, പുരുഷന്മാർക്കിടയിൽ 13 ശതമാനവും സ്ത്രീകൾക്കിടയിൽ 43 ശതമാനവും. പുരുഷന്മാരിൽ തൊഴിലില്ലായ്മ നിരക്ക് കാര്യമായുള്ളത് 18-25 പ്രായപരിധിയിലുള്ളവരിലാണ്. സ്ത്രീകൾക്കിടയിൽ 31-35 പ്രായപരിധിയിലുള്ളവരിലും.