CSES in Media

ഗ്രാമീണ യുവജനങ്ങൾക്കിടയിൽ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം കുറവെന്നു പഠനം

This report on CSES study was published in Manorama on 01-05-2021

ഗ്രാമപ്രദേശങ്ങളിൽ യുവ ജനങ്ങൾക്കിടയിൽ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം കുറവാണെന്നു പഠനം. 18 – 40 പ്രായക്കാരായ സ്ത്രീകളിൽ ജോലിയുള്ളവരുടെ അനുപാതം പുരുഷന്മാരുടെ പകുതിയിൽ താഴെയാണ് – സ്ത്രീകളിൽ 83%, പുരുഷന്മാരിൽ 70%. മണീട് പഞ്ചായത്തിലെ 644 കുടുംബങ്ങളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൊച്ചിയിലെ സെൻറർ ഫോർ സോഷ്യോ എക്കണോമിക് ആൻഡ് എൻവിയോൺമെൻറ് സ്റ്റഡീസ് (സി.എസ്.ഇ.എസ്.) നടത്തിയ പഠനത്തിലാണ് ഈ നിരീക്ഷണം.

തൊഴിൽ പങ്കാളിത്ത നിരക്ക് 36 – 40 പ്രായക്കാരായ പുരുഷന്മാർക്കിടയിൽ 100%, 31- 35 പ്രായക്കാരിൽ 91% എന്നിങ്ങനെയാണ്. 30 വയസ്സിനു മുകളിൽ ഉള്ള യുവാക്കളിൽ ഏകദേശം എല്ലാവരും ജോലി ചെയ്യുന്നു. എന്നാൽ 30 വയസ്സിനു മുകളിലുള്ള സ്ത്രീകളിൽ 45% മാത്രമാണ് ജോലി ചെയ്യുന്നത്. 26 – 30 പ്രായക്കാരായ പുരുഷന്മാരിൽ 87% ജോലി ചെയ്യുമ്പോൾ ഈ പ്രായക്കാരായ സ്ത്രീകൾ 41% മാത്രമാണ് ജോലി ചെയ്യുന്നത്. പട്ടികജാതിയിലും മുന്നാക്ക ജാതിയിലും ഉള്ള പുരുഷന്മാർ തമ്മിൽ തൊഴിൽ പങ്കാളിത്ത നിരക്കിൽ പ്രകടമായ അന്തരം ഇല്ലെങ്കിലും സ്ത്രീകൾക്കിടയിൽ ഉണ്ട്. പട്ടികജാതി വിഭാഗം സ്ത്രീകളിൽ 27%, മുന്നാക്ക വിഭാഗം സ്ത്രീകളിൽ 40% എന്നിങ്ങനെയാണു തൊഴിൽ പങ്കാളിത്ത നിരക്ക് ഡോ. രാഗി തിമോത്തിയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണു പഠനം നടത്തിയത്.

തൊഴിൽ സേന

26 വയസ്സിനു മുകളിലുള്ള പുരുഷന്മാരിൽ എല്ലാവരും ജോലി ചെയ്യുന്നവരോ തൊഴിൽ അന്വേഷിക്കുന്നവരോ ആയതിനാൽ തൊഴിൽ സേനയിൽ ഉൾപ്പെടുന്നു. എന്നാൽ സ്ത്രീകളിൽ 26 – 30 പ്രായക്കാരിൽ 20 ശതമാനവും 31 – 35 പ്രായക്കാരിൽ 25 ശതമാനവും 36 – 40 പ്രായക്കാരിൽ 27 ശതമാനവും തൊഴിലെടുക്കുന്നവരോ തൊഴിൽ അന്വേഷകരോ അല്ല.

സേവനമേഖല

കൊച്ചി നഗരത്തോടുള്ള സാമീപ്യം കൊണ്ടാകാം പഠന വിധേയമാക്കിയവരിൽ ഏറെയും സേവന മേഖലയിൽ ജോലി ചെയ്യുന്നവരാണ്. ജോലി ഉള്ളവരിൽ 79% സ്ത്രീകളും 49% പുരുഷന്മാരും സേവന മേഖലയിൽ. ഇതിൽ പകുതിയോളം സ്ത്രീകൾ വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ, പുരുഷന്മാരിൽ 44% നിർമ്മാണ മേഖല ഉൾപ്പെടുന്ന ദ്വിതീയ മേഖലയിൽ. 2% പുരുഷന്മാരും 1% സ്ത്രീകളും കൃഷി, അനുബന്ധ മേഖലകളിൽ പ്രവർത്തിക്കുന്നു.

തൊഴിലില്ലായ്മ

തൊഴിലില്ലായ്മ നിരക്ക് പുരുഷന്മാർക്കിടയിൽ 13%, സ്ത്രീകൾക്കിടയിൽ 43%. 18 – 25 പ്രായക്കാരായ പുരുഷൻമാരിലും 31 – 35 പ്രായക്കാരായ സ്ത്രീകളിലുമാണു തൊഴിലില്ലായ്മ നിരക്ക് കൂടുതൽ.

വിവാഹവും കുടുംബ പ്രശ്നങ്ങളും സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം കുറയ്ക്കുന്നതായി പഠനത്തിൽ കണ്ടെത്തി.

നിലവിൽ ജോലിയില്ലാത്ത തൊഴിലന്വേഷകർ ആയ യുവതികളിൽ 58% വിവാഹവും കുടുംബ ഉത്തരവാദിത്തങ്ങളും തൊഴിൽ സാധ്യതകളെ ബാധിച്ചതായി അഭിപ്രായപ്പെടുന്നു.

മുൻപു ജോലി ചെയ്തിരുന്ന സ്ത്രീകളിൽ 61% വിവാഹവും കുടുംബ ഉത്തരവാദിത്തങ്ങളും മൂലം ജോലി ഉപേക്ഷിച്ചതായി ചൂണ്ടിക്കാട്ടി. കുടുംബത്തിൻറെ അനുമതി ഇല്ലാത്തതും ദൂരയാത്ര വേണ്ടി വരുന്നതും കുടുംബ ഉത്തരവാദിത്വങ്ങളും മൂലം ജോലി അവസരം ഉപേക്ഷിക്കേണ്ടി വരുന്നവരുമുണ്ട്.

മുൻഗണന

സർക്കാർ ജോലിയോടുള്ള അമിത താല്പര്യം കേരളത്തിൽ തൊഴിലില്ലായ്മ നിരക്ക് ഉയരാൻ കാരണമായി മുൻപു ചില പഠനങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇവിടെ വ്യത്യസ്ത നിരീക്ഷണമാണുള്ളത്. കണ്ടുമുട്ടിയ തൊഴിൽരഹിതരായ സ്ത്രീകളിൽ 8 ശതമാനവും പുരുഷന്മാരിൽ 12 ശതമാനവും മാത്രമാണ് സർക്കാർ ജോലിക്ക് മുൻഗണന പറഞ്ഞത്.

തൊഴിലന്വേഷകരായ പുരുഷന്മാരിൽ 4ൽ 3 പേരും എവിടെയും ജോലി ചെയ്യാൻ തയ്യാറാണെന്ന് പറഞ്ഞപ്പോൾ യുവതികളിൽ 4ൽ 3 പേരും വീടിനടുത്ത് ജോലി ചെയ്യാനാണ് താല്പര്യം എന്ന് അഭിപ്രായപ്പെട്ടു. സ്വയം തൊഴിൽ കണ്ടെത്താനോ സ്വന്തം സംരംഭം തുടങ്ങാനോ ഭൂരിഭാഗം പേർക്കും താല്പര്യമില്ല. തൊഴിൽ അന്വേഷിക്കുന്ന പുരുഷന്മാരിൽ 8 ശതമാനവും സ്ത്രീകളിൽ 3 ശതമാനവും മാത്രമാണ് അതിനു താല്പര്യം കാണിച്ചത്.

പഠനത്തോടൊപ്പം ജോലി

18 വയസ്സിന് മുകളിലുള്ള വിദ്യാർത്ഥികളിൽ ചിലർ പഠനത്തോടൊപ്പം പാർട്ട് ടൈം ആയി ചെറിയ ജോലികൾ ചെയ്യുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിലും സ്ത്രീ, പുരുഷ അന്തരമുണ്ട്.

ഈ വിഭാഗത്തിൽപെടുന്ന പുരുഷന്മാരിൽ 15% പാർട്ട് ടൈം ജോലികളിൽ ഏർപ്പെടുമ്പോൾ സ്ത്രീകളിൽ ഉള്ളത് 4% മാത്രമാണ്.