CSES in Media

ഗ്രാമീണ മേഖലയില്‍ യുവതികളുടെ തൊഴില്‍ പങ്കാളിത്തം യുവാക്കളുടേതിന്റെ പകുതിയെന്നു പഠനം

This report on CSES study was published in Deshabhimani on 27-04-2021

ഗ്രാമീണ മേഖലയില്‍ യുവതികൾക്കിടയിൽ തൊഴിൽ പങ്കാളിത്തം ഗണ്യമായി കുറഞ്ഞുനില്‍ക്കുന്നതായി പഠന റിപ്പോര്‍ട്ട്. 18 മുതൽ 40 വയസ്സു വരെയുള്ള സ്ത്രീകളിൽ ജോലിയുള്ളവരുടെ അനുപാതം പുരുഷന്മാരുടെ പകുതിയിൽ താഴെ മാത്രമേ ഉള്ളൂ — സ്ത്രീകളിൽ 33 ശതമാനവും, പുരുഷന്മാരിൽ 70 ശതമാനവും. പുരുഷന്മാർക്കിടയിലെ തൊഴിൽ പങ്കാളിത്ത നിരക്ക് (work participation rate) 36-40 പ്രായപരിധിയിൽപെടുന്നവരിൽ 100 ശതമാനവും, 31-35 പ്രായപരിധിയിൽപെടുന്നവരിൽ 91 ശതമാനവുമാണ്.

അതായത്, 30 വയസ്സിനു മുകളിലുള്ള യുവാക്കളിൽ ഏതാണ്ട് എല്ലാവരും ജോലിയുള്ളവരാണ്. എന്നാൽ 30 വയസ്സിനു മുകളിലുള്ള സ്ത്രീകളിൽ 45 ശതമാനം മാത്രമാണ് ജോലി ചെയ്യുന്നത്. 26 മുതൽ 30 വയസ്സു വരെയുള്ള പുരുഷന്മാരിൽ 87 ശതമാനവും ജോലി ചെയ്യുന്നവരാണെങ്കിൽ, ഇതേ പ്രായത്തിലുള്ള സ്ത്രീകളിൽ 41 ശതമാനം മാത്രമാണ് ജോലി ചെയ്യുന്നത്. ഗ്രാമീണ യുവാക്കളുടെ തൊഴിൽ പങ്കാളിത്തത്തിൽ ലിംഗപരമായ അന്തരം സാരമായി  നിലനിൽക്കുന്നുവെന്നാണ് കണ്ടെത്തല്‍.

18 വയസ്സിനും 40 വയസ്സിനും ഇടയിൽ പ്രായമുള്ള യുവാക്കൾക്കിടയിൽ കൊച്ചിയിലെ സെന്റർ ഫോർ സോഷ്യോ-എക്കണോമിക്ക് ആന്റ് എൻവയൺമെന്റൽ സ്റ്റഡീസ് (സി.എസ്.ഇ.എസ്.) നടത്തിയ പഠനത്തിലാണ് ഈ നിരീക്ഷണം. സി.എസ്.ഇ.എസ്. ഗവേഷകരായ ഡോ. രാഖി തിമോത്തി, അനഘ സി.ആർ., സ്വാതി മോഹനൻ, ജയൻ കെ.എം., ബിബിൻ തമ്പി എന്നിവരാണ് പഠനത്തിന് നേതൃത്വം നൽകിയത്. എറണാകുളം ജില്ലയിലെ മണീട് പഞ്ചായത്തിലെ 644 കുടുംബങ്ങളിലെ യുവാക്കൾക്കിടയിൽ നിന്നാണ് ഈ പഠനത്തിനാധാരമായ വിവരങ്ങൾ ശേഖരിച്ചത്.

സമൂഹത്തിൽ നിലനിൽക്കുന്ന ലിംഗപദവീപരമായ വ്യവസ്ഥകൾ തൊഴിൽമേഖലയിലും പ്രതിഫലിക്കുന്നുണ്ടെന്ന നിഗമനമാണ്  പഠനം മുന്നോട്ടുവെക്കുന്നത്. കുടുംബത്തിന്റെ വരുമാനസ്രോതസ്സ് പുരുഷന്മാരാണെന്ന കാഴ്ചപ്പാട് മാറി സ്ത്രീകൾക്കും പുരുഷന്മാർക്കും വീട്ടിലും സമൂഹത്തിലും തുല്യ പങ്കാണെന്ന ചിന്തയിലേക്ക് സമൂഹം ഇനിയും വികസിക്കേണ്ടതുണ്ടെന്നു പഠനം പറയുന്നു. ഇതിനായി ബോധപൂർവമായ ഇടപെടലുകൾ ഉണ്ടാകണം.

പട്ടികജാതിയിലും, മുന്നോക്കജാതിയിലും ഉൾപ്പെടുന്ന പുരുഷന്മാർ തമ്മിൽ തൊഴിൽ പങ്കാളിത്ത നിരക്കിൽ പ്രകടമായ അന്തരം നിലനിൽക്കുന്നില്ല. അതേസമയം സ്ത്രീകൾക്കിടയിൽ ശ്രദ്ധാർഹമായ വ്യത്യാസം നിലനിൽക്കുന്നുമുണ്ട്. പട്ടികജാതി വിഭാഗത്തിലുള്ള സ്ത്രീകളിൽ 27 ശതമാനവും, മുന്നോക്കവിഭാഗത്തിൽപെടുന്ന സ്ത്രീകളിൽ 40 ശതമാനവുമാണ് തൊഴിൽ പങ്കാളിത്തനിരക്ക്. പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന യുവതികൾ തൊഴിലിന്റെ കാര്യത്തിൽ ഇപ്പോഴും പിന്നോക്കാവസ്ഥയിലാണെന്ന് ഈ കണക്കുകൾ സൂചിപ്പിക്കുന്നു. ഒ.ബി.സി. വിഭാഗത്തിൽപ്പെടുന്ന സ്ത്രീകളുടെ അവസ്ഥയും പട്ടികജാതി വിഭാഗത്തിൽപ്പെടുന്നവരിൽ നിന്ന് അത്ര വ്യത്യസ്തമല്ല.

ജോലി ചെയ്യുന്നുമില്ല, തൊഴിലന്വേഷിക്കുന്നുമില്ല

26 വയസ്സിനു മുകളിലുള്ള പുരുഷന്മാരിൽ ഏകദേശം എല്ലാവരും തന്നെ നിലവിൽ ജോലി ചെയ്യുന്നവരോ, തൊഴിലന്വേഷകരോ ആണ്; അതുകൊണ്ടു തന്നെ തൊഴിൽസേനയിൽ (labour force) ഉൾപ്പെടുന്നവരുമാണ്. എന്നാൽ സ്ത്രീകളിൽ 26-30 പ്രായപരിധിയിലുള്ളവരിൽ 20 ശതമാനവും, 31-35 പ്രായപരിധിയിലുള്ളവരിൽ 25 ശതമാനവും, 36-40 പ്രായപരിധിയിലുള്ളവരിൽ 27 ശതമാനവും തൊഴിലെടുക്കുന്നവരോ തൊഴിലന്വേഷകരോ അല്ല. ഇത്തരത്തിൽ സ്ത്രീകൾക്കിടയിലെ കുറഞ്ഞ തൊഴിൽ പങ്കാളിത്ത നിരക്കിനോടൊപ്പം, സ്ത്രീകൾ തൊഴിൽസേനയിൽ നിന്ന് തന്നെ പുറത്താകുന്നതായും പഠനം സൂചിപ്പിക്കുന്നു.

സേവനമേഖല പ്രധാന തൊഴിൽദാതാവായി മാറുന്നു

പഠനവിധേയമാക്കിയവരിൽ ഭൂരിഭാഗവും ജോലി ചെയ്യുന്നത് സേവനമേഖലയിലാണ്. ഇതിനൊരു കാരണം പഠനം നടത്തിയ ഗ്രാമം കൊച്ചി നഗരത്തോട് അടുത്തു കിടക്കുന്നുവെന്നതാകാം. എന്നാൽ ജോലി ചെയ്യുന്ന മേഖലയുടെ കാര്യത്തിലും ലിംഗപരമായ അന്തരം നിലനിൽക്കുന്നതായി പഠനം പറയുന്നു. ജോലിയുള്ള സ്ത്രീകളിൽ 79 ശതമാനവും സേവനമേഖലയിൽ ജോലി ചെയ്യുമ്പോൾ, 49 ശതമാനം പുരുഷന്മാർ മാത്രമാണ് സേവനമേഖലയിൽ ജോലി ചെയ്യുന്നത്. സേവനമേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകളിൽ പകുതിയോളം പേർ വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലാണ് ജോലി ചെയ്യുന്നത്. പുരുഷന്മാരിൽ 44 ശതമാനം നിർമാണമേഖല ഉൾപ്പെടുന്ന ദ്വിതീയമേഖലയിൽ തൊഴിലെടുക്കുമ്പോൾ സ്ത്രീകളിൽ 18 ശതമാനം മാത്രമാണ് ഈ മേഖലയിൽ ജോലി ചെയ്യുന്നത്. ജോലിയെടുക്കുന്ന പുരുഷന്മാരിൽ 2 ശതമാനം പുരുഷന്മാരും 1 ശതമാനം സ്ത്രീകളും കൃഷിയിലും അനുബന്ധ മേഖലകളിലും പ്രവർത്തിക്കുന്നു.

സ്ത്രീകൾക്കിടയിൽ ഉയർന്ന തൊഴിലില്ലായ്മ

തൊഴിലില്ലായ്മ നിരക്കിലും സ്ത്രീ-പുരുഷ വ്യത്യാസമുണ്ടെന്ന് പഠനം പറയുന്നു. പുരുഷന്മാർക്കിടയിൽ 13 ശതമാനമാണ് തൊഴിലില്ലായ്മ നിരക്കെങ്കിൽ സ്ത്രീകൾക്കിടയിൽ 43 ശതമാനമാണ്. പുരുഷന്മാരിൽ തൊഴിലില്ലായ്മ നിരക്ക് കാര്യമായുള്ളത് 18-25 പ്രായപരിധിയിലുള്ളവരിലാണ്. സ്ത്രീകൾക്കിടയിൽ 31-35 പ്രായപരിധിയിലുള്ളവരിലാണ് തൊഴിലില്ലായ്മ നിരക്ക് കൂടുതൽ.

വിവാഹവും കുടുംബപ്രശ്നങ്ങളും സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം കുറയ്ക്കുന്നതായും പഠനം പറയുന്നു. നിലവിൽ ജോലി ഇല്ലാത്ത, എന്നാൽ തൊഴിലന്വേഷകരായ യുവതികളിൽ 58 ശതമാനവും വിവാഹവും പ്രസവവും, കുടുംബത്തിലെ മറ്റുത്തരവാദിത്തങ്ങളും തങ്ങളുടെ തൊഴിൽസാധ്യതകളെ പ്രതികൂലമായി ബാധിച്ചുവെന്ന് അഭിപ്രായപ്പെട്ടു. പുരുഷന്മാരിൽ കേവലം 4 ശതമാനം മാത്രമേ ഇത്തരം കാരണങ്ങൾ തങ്ങളുടെ തൊഴിൽസാധ്യതകളെ പ്രതികൂലമായി ബാധിച്ചതായി കരുതുന്നുള്ളൂ. മുമ്പ് ജോലി ചെയ്തിരുന്ന സ്ത്രീകളിൽ 61 ശതമാനവും വിവാഹവും കുടുംബ ഉത്തരവാദിത്തങ്ങളുമാണ് തങ്ങൾ ജോലിയുപേക്ഷിക്കാൻ കാരണമായി ചൂണ്ടിക്കാട്ടിയത്. എന്നാൽ 6 ശതമാനം പുരുഷന്മാർ മാത്രമാണ് ഇതേ അഭിപ്രായം പങ്കുവെച്ചത്. ഇതേ കാരണങ്ങൾ കൊണ്ട് തങ്ങൾ ജോലി മാറാൻ നിർബന്ധിക്കപ്പെട്ടതായും സ്ത്രീകളിൽ ചിലർ പറയുകയുണ്ടായി. കുടുംബത്തിൽ നിന്ന് അനുമതി ലഭിക്കാത്തതു കൊണ്ടും, ദൂരയാത്ര വേണ്ടി വരുമെന്നുള്ളതു കൊണ്ടും, പ്രസവം, കുടുംബത്തിലെ ഉത്തരവാദിത്തങ്ങൾ എന്നിവ കാരണവും ലഭിച്ച ജോലി നിരസിക്കേണ്ടി വന്ന യുവതികളെയും പഠനത്തിനിടയിൽ കണ്ടുമുട്ടുകയുണ്ടായി.

തൊഴിലന്വേഷണത്തിന്റെ രീതി

നിലവിൽ ജോലിയില്ലാത്ത എന്നാൽ തൊഴിലന്വേഷകരായ യുവാക്കളിൽ പകുതിയും ജോലി ലഭിക്കാനായി പ്രത്യേകിച്ച് എന്തെങ്കിലും തയ്യാറെടുപ്പുകൾ നടത്തുന്നില്ലെന്ന് പഠനം പറയുന്നു. എന്നാൽ തൊഴിലന്വേഷകരായ പുരുഷന്മാർ തൊഴിലന്വേഷകരായ സ്ത്രീകളെക്കാൾ തീവ്രമായി ജോലി അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ ആറു മാസങ്ങൾക്കിടയിൽ അപേക്ഷിച്ച ജോലികളുടെ എണ്ണത്തിൽ നിന്നാണ് തൊഴിലന്വേഷണത്തിന്റെ തീവ്രത പഠനം കണക്കാക്കിയത്. തൊഴിലന്വേഷകരായ സ്ത്രീകളിൽ 57 ശതമാനവും കഴിഞ്ഞ ആറു മാസത്തിനിടയിൽ ഒരു അപേക്ഷ പോലും ജോലിക്കായി നൽകാത്തവരാണ്. എന്നാൽ പുരുഷന്മാർക്കിടയിൽ ഈ അനുപാതം 24 ശതമാനം മാത്രമാണ്.

ജോലിക്കായുള്ള മുൻഗണന

സർക്കാർ ജോലിയോടുള്ള അമിതമായ താല്പര്യം കേരളത്തിലെ യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മാ നിരക്ക് ഉയരാൻ കാരണമാകുന്നതായി മുൻപ് നടന്നിട്ടുള്ള പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ഇതിൽ നിന്നു വ്യത്യസ്തമായ നിരീക്ഷണമാണ് ഈ പഠനം മുന്നോട്ടുവെക്കുന്നത്. പഠനത്തിനിടയിൽ കണ്ടുമുട്ടിയ തൊഴിൽരഹിതരായ സ്ത്രീകളിൽ 8 ശതമാനവും, പുരുഷന്മാരിൽ 12 ശതമാനവും മാത്രമേ തങ്ങൾ സർക്കാർ ജോലിക്ക് മുൻഗണന നൽകുന്നതായി അഭിപ്രായപ്പെട്ടുള്ളൂ. സ്വയം തൊഴിൽ കണ്ടെത്താനോ, സ്വന്തമായി സംരംഭം തുടങ്ങാനോ ഭൂരിഭാഗം പേർക്കും താല്പ്രര്യമില്ല. തൊഴിലന്വേഷിക്കുന്ന പുരുഷന്മാരിൽ 8 ശതമാനവും, സ്ത്രീകളിൽ 3 ശതമാനവും മാത്രമേ സ്വയംതൊഴിലിനോ, സ്വന്തമായി സംരംഭം തുടങ്ങാനോ ഉള്ള താല്പര്യം പ്രകടിപ്പിച്ചുള്ളൂ.

തൊഴിലന്വേഷകരായ പുരുഷന്മാരിൽ നാലിൽ മൂന്നു പേരും എവിടെ വേണമെങ്കിലും ജോലി ചെയ്യാൻ തങ്ങൾ തയ്യാറാണെന്നു പറഞ്ഞപ്പോൾ യുവതികളിൽ നാലിൽ മൂന്നു പേരും വീടിനടുത്തു തന്നെ ജോലി ചെയ്യാനാണ് താല്പര്യം എന്ന് അഭിപ്രായപ്പെട്ടു. ജീവിക്കുന്ന സാമൂഹ്യ-സാംസ്ക്കാരിക-കുടുംബ സാഹചര്യങ്ങളുടെ സ്വാധീനമായിരിക്കാം ഈ വ്യത്യാസത്തിനു കാരണം.

പഠനത്തോടൊപ്പം ജോലിയും

18 വയസ്സിനു മുകളിലുള്ള വിദ്യാർഥികളിൽ ചിലർ പഠനത്തോടൊപ്പം പാർട്ട് ടൈം ആയി ചെറിയ ജോലികൾ ചെയ്യുന്നുണ്ട്. എന്നാൽ സ്ത്രീ-പുരുഷ അന്തരം പാർട്ട് ടൈം ജോലിയിലും നിലനിൽക്കുന്നു. ഈ വിഭാഗത്തിൽപ്പെടുന്ന പുരുഷന്മാരിൽ 15 ശതമാനം പാർട്ട് ടൈം ജോലികളിലേർപ്പെടുമ്പോൾ സ്ത്രീകളിലിത് 4 ശതമാനം മാത്രമാണ്.

തൊഴിൽ മേഖലയിലെ സ്ത്രീ-പുരുഷ അന്തരം കുറയ്ക്കാനായി…

വിവാഹം, പ്രസവം, കുട്ടികളുടെ പരിപാലനം, കുടുംബത്തിലെ മറ്റുത്തരവാദിത്തങ്ങൾ എന്നിവയാണ് വരുമാനദായകമായ ജോലികളിൽ ഏർപ്പെടുന്നതിൽ നിന്ന് സ്ത്രീകളെ പ്രധാനമായും തടയുന്നതെന്ന് പഠനം നിരീക്ഷിക്കുന്നു. കുട്ടികളെയും പ്രായമായവരെയും പരിപാലിക്കാനായി സംസ്ഥാനത്ത് നിലവിലുള്ള സൗകര്യങ്ങൾ ജോലിയെടുക്കുന്ന സ്ത്രീകളെ എത്രമാത്രം സഹായിക്കുന്നുണ്ടെന്ന ഒരവലോകനം നടത്തേണ്ടതുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ സ്ത്രീകളെ തൊഴിൽമേഖലയിലേക്ക് കൊണ്ടുവരാനായുള്ള പദ്ധതികൾ സർക്കാർ തലത്തിൽ രൂപീകരിക്കേണ്ടതാണ്.

സ്ത്രീകളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള നൈപുണ്യവികസന പരിശീലനങ്ങളും, ജോബ് ഫെയറുകളും, സ്വയം തൊഴിൽ പദ്ധതികളും തൊഴിൽ മേഖലയിലേക്ക് കൂടുതൽ സ്ത്രീകളെ ആകർഷിക്കാൻ സഹായിക്കും. പല കാരണങ്ങൾ കൊണ്ട് ജോലിയുപേക്ഷിക്കേണ്ടി വന്ന സ്ത്രീകൾക്ക് തിരിച്ച് തൊഴിൽമേഖലയിൽ പ്രവേശിക്കാനായി പ്രത്യേക സൗകര്യങ്ങളൊരുക്കി കൊടുക്കുന്ന സ്ഥാപനങ്ങൾക്ക് വിവിധ തരത്തിലുള്ള പ്രോത്സാഹനങ്ങൾ നൽകുന്നതും ആലോചിക്കാവുന്നതാണ്. വീട്ടുജോലികളിലും കുടുംബപരമായ മറ്റുത്തരവാദിത്തങ്ങളിലും പങ്കാളികളാകാനായി പുരുഷന്മാരെ ബോധവൽക്കരിക്കുന്ന തരത്തിലുള്ള ഇടപെടലുകൾ വേണമെന്നും പഠനം നിർദേശിക്കുന്നു.