Press Release

കോവിഡ്-19 കേരളത്തിലെ ഗ്രാമീണമേഖലയിലെ ദരിദ്രകുടുംബങ്ങളുടെ തൊഴിലിനെയും കടബാധ്യതയെയും ബാധിച്ചതെങ്ങനെ?

Published on 14-01-2021

കൊച്ചിയിലെ സെന്റർ ഫോർ സോഷ്യോ-എക്കണോമിക്ക് ആന്റ് എൻവയണ്മെന്റൽ സ്റ്റഡീസ് നടത്തിയ പഠനത്തിൽ കോവിഡ്-19ന്റെ വ്യാപനവും അതിന്റെ ഭാഗമായുണ്ടായ നിയന്ത്രണങ്ങളും കാരണം കേരളത്തിന്റെ ഗ്രാമീണമേഖലയിലെ മൂന്നിൽ രണ്ട് ദരിദ്ര കുടുംബങ്ങളുടെയും വരുമാനം പകുതിയിൽ താഴെയായതായി കണ്ടെത്തി. 18 ശതമാനം ഗ്രാമീണ ദരിദ്ര കുടുംബങ്ങളുടെ വരുമാനം പൂർണമായും ഇല്ലാതായി. 2020 സെപ്തംബർ മാസത്തിലാണ്പഠനത്തിനാവശ്യമായ വിവരശേഖരണം നടന്നത്.

കേരളത്തിലങ്ങോളമിങ്ങോളമുള്ള ദരിദ്ര കുടുംബങ്ങളിൽ നിന്ന് സിസ്റ്റമാറ്റിക്ക് റാൻഡം സാമ്പ്ലിങ്ങ് രീതി ഉപയോഗിച്ച് തെരഞ്ഞെടുത്ത 230 കുടുംബങ്ങൾക്കിടയിൽ ടെലിഫോൺ വഴി നടത്തിയ സർവേയിലൂടെയാണ് പഠനത്തിനാധാരമായ വിവരങ്ങൾ ശേഖരിച്ചത്. റേഷൻ കാർഡിന്റെ നിറത്തെ അടിസ്ഥാനമാക്കിയാണ് പഠനം ദരിദ്ര കുടുംബങ്ങളെ നിർവചിച്ചിരിക്കുന്നത്. കേരളത്തിൽ പ്രാബല്യത്തിലുള്ള നാല് റേഷൻ കാർഡുകളിൽ ഏറ്റവും താഴെയുള്ളവർക്ക് നൽകുന്ന മഞ്ഞ, പിങ്ക് കാർഡുകൾ കൈവശമുള്ളവരെയാണ് പഠനത്തിനായി തെരഞ്ഞെടുത്തത്. കോവിഡ് വ്യാപനവും അതിന്റെ ഭാഗമായുണ്ടായ ലോക്ക്ഡൗണും, മറ്റു നിയന്ത്രണങ്ങളും കേരളത്തിലെ ഗ്രാമീണമേഖലയിലെ ദരിദ്രകുടുംബങ്ങളുടെ തൊഴിലിനെയും, വരുമാനത്തെയും, കടബാധ്യതയെയും എങ്ങനെയൊക്കെ ബാധിച്ചു എന്ന് മനസിലാക്കുകയായിരുന്നു പഠനത്തിന്റെ പ്രധാന ലക്ഷ്യം.

തൊഴിൽനിലയിലുണ്ടായ മാറ്റം

സർവേ നടത്തിയ കുടുംബങ്ങളിൽ ലോക്ക്ഡൗണിന് മുമ്പ് ജോലി ചെയ്തിരുന്നവരിൽ നാലിൽ മൂന്ന് പേർക്ക് കോവിഡ് കാലയളവിൽ ജോലി നഷ്ടപ്പെടുകയോ, ജോലി ലഭിക്കാതിരിക്കുകയോ, ജോലി ചെയ്യുന്ന സമയം കുറയുകയോ (അതിന്റെ ഭാഗമായി വരുമാനവും കുറഞ്ഞു) ചെയ്തു.

കോവിഡ് പോലെയുള്ള ദുരന്തകാലത്തുണ്ടാകുന്ന തൊഴിൽ ദൗർലഭ്യത്തെ മറികടക്കാനുതകുന്ന തരത്തിൽ തൊഴിലുറപ്പു പദ്ധതിയെ മാറ്റിയെടുക്കാവുന്നതാണ്. നിലവിൽ കേരളത്തിൽ തൊഴിലുറപ്പ് പദ്ധതി പ്രവർത്തിക്കുന്നുണ്ടെങ്കിലും, കോവിഡിന്റെ പശ്ചാത്തലത്തിൽ 65 വയസ്സിന് മുകളിലുള്ളവർക്ക് പദ്ധതിയിൽ പങ്കെടുക്കാൻ അനുവാദമില്ല. പ്രായമുള്ളവർക്കും സുരക്ഷിതമായി പങ്കെടുക്കാവുന്ന തരത്തിൽ തൊഴിലുറപ്പ് പദ്ധതിയുടെ കീഴിൽ വരുന്ന ജോലികളെ വിപുലപ്പെടുത്താവുന്നതാണ്.

അതുപോലെ തന്നെ സഹകരണസംഘങ്ങൾ, കുടുംബശ്രീ എന്നിവയുടെ സാധ്യതകളെ സംയോജിപ്പിച്ചുകൊണ്ട് പ്രാദേശികതലത്തിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സംരംഭകത്വം പ്രോത്സാഹിപ്പിക്കാനുമുള്ള പദ്ധതികൾ ആവിഷ്ക്കരിക്കാൻ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് കഴിയണം. പള്ളിയാക്കൽ സഹകരണ ബാങ്ക് നടത്തുന്ന ഇടപെടലുകൾ പോലെ പ്രാദേശികസമ്പദ്‌വ്യവസ്ഥയെ ചലനാത്മകമാക്കുന്ന ഇടപെടലുകളെ മനസിലാക്കാനും നടപ്പിൽവരുത്താനുമുള്ള ശ്രമങ്ങൾ ഉണ്ടാകണം.

കടബാധ്യത

പഠനവിധേയമാക്കിയ കുടുംബങ്ങളിൽ 72 ശതമാനത്തിനും മഹാമാരികാലത്തെ മറികടക്കാനായി വായ്പ എടുക്കേണ്ടി വന്നു. കേരളത്തിൽ ലോക്ക്ഡൗൺ നടപ്പിലാക്കിയ മാർച്ച് 23 മുതൽ സർവേ നടത്തിയ സെപ്തംബർ വരെയുള്ള കാലയളവിൽ കേരളത്തിലെ ഗ്രാമീണമേഖലയിലെ ദരിദ്രകുടുംബങ്ങൾ ശരാശരി 40,667 രൂപ വായ്പയെടുത്തിട്ടുണ്ട്. കുടുംബശ്രീയെയും, സുഹൃത്തുക്കളെയും, ബന്ധുക്കളെയുമാണ് ഈ വിഭാഗത്തിൽപ്പെടുന്ന കുടുംബങ്ങൾ ഈ മഹാമാരികാലത്ത് വായ്പയ്ക്കായി പ്രധാനമായും ആശ്രയിച്ചത്.

വായ്പാ സ്രോതസ്സ്കുടുംബങ്ങളുടെ ശതമാനം
കുടുംബശ്രീ57.2
സുഹൃത്തുക്കളും ബന്ധുക്കളും39.2
പ്രാഥമിക സഹകരണ സംഘങ്ങൾ22.9
പലിശക്കാർ12.0
വാണിജ്യബാങ്കുകൾ10.8
ബാങ്കിംഗേതര സാമ്പത്തികസ്ഥാപനങ്ങൾ9.6
സ്വകാര്യ മൈക്രോ-ഫിനാൻസ് സ്ഥാപനങ്ങൾ5.4
ജില്ലാ സഹകരണ ബാങ്കുകൾ3.0
മറ്റ് സ്വയം സഹായ സഹകരണ സംഘങ്ങൾ3.0
പട്ടിക: കോവിഡ്-19 കാലത്ത് ഗ്രാമീണദരിദ്രകുടുംബങ്ങൾ ആശ്രയിച്ച വായ്പാസ്രോതസ്സുകൾ

മറ്റ് ദുരന്തകാലങ്ങളിലെന്ന പോലെ ഈ മഹാമാരി കാലത്തും, കേരളത്തിൽ കുടുംബശ്രീ ഒരു പ്രധാന ക്രൈസിസ് മാനേജ്‌മെന്റ് മെക്കാനിസം ആയി പ്രവർത്തിച്ചു. കോവിഡ് കാലത്തെ സാമ്പത്തികപരാധീനതകളെ മറികടക്കാൻ ദരിദ്ര കുടുംബങ്ങളെ സഹായിക്കുന്നതിനായി കുടുംബശ്രീ വഴി വിതരണം ചെയ്യപ്പെട്ട “മുഖ്യമന്ത്രിയുടെ സഹായഹസ്തം” വായ്പകൾ ഈ മഹാമാരി കാലത്തെ അതിജീവിക്കാൻ തങ്ങളെ സഹായിച്ചതായി സർവേയിൽ പങ്കെടുത്ത പല കുടുംബങ്ങളും അഭിപ്രായപ്പെട്ടു. പക്ഷേ, ഗ്രാമീണമേഖലയിലെ ദരിദ്രകുടുംബങ്ങളിൽ 30 ശതമാനവും കുടുംബശ്രീക്ക് പുറത്താണെന്ന് പഠനം കണ്ടെത്തി. ദുരന്തകാലത്ത് സാമ്പത്തികബുദ്ധിമുട്ടുകളുള്ളവർക്കിടയിൽ സർക്കാർ സഹായം എത്തിക്കാനായി വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു പ്ലാറ്റ്‌ഫോമാണ് കുടുംബശ്രീ. ദരിദ്ര കുടുംബങ്ങൾക്ക് കുറഞ്ഞ പലിശനിരക്കിൽ വളരെ എളുപ്പത്തിൽ ലഭ്യമായ ഒരു വായ്പാസ്രോതസ്സും കൂടിയാണ് കുടുംബശ്രീ. കുടുംബശ്രീ ശൃംഖലയ്ക്ക് പുറത്തുനിൽക്കുന്ന 30 ശതമാനം കുടുംബങ്ങൾക്കും മുന്നിൽ അതുകൊണ്ടുതന്നെ, ദുരന്തകാലത്തെ അതിജീവിക്കാനുള്ള ഒരു പ്രധാനപ്പെട്ട മാർഗമാണ് അടഞ്ഞുകിടക്കുന്നത്. ഈ സ്ഥിതിവിശേഷം മൂലം പെട്ടെന്നുണ്ടാകുന്ന  സാമ്പത്തികാഘാതങ്ങൾ ഈ കുടുംബങ്ങളെ കൂടുതൽ മോശമായി ബാധിക്കാൻ ഇടയാക്കിയേക്കാം. കുടുംബശ്രീ അംഗത്വമുള്ള കുടുംബങ്ങളും അംഗത്വമില്ലാത്ത കുടുംബങ്ങളും തമ്മിലുള്ള വ്യത്യാസം വായ്പയ്ക്കായി അവർ ആശ്രയിക്കുന്ന സ്രോതസ്സുകളിൽ പ്രതിഫലിക്കുന്നുണ്ട്. കുടുംബശ്രീ അംഗത്വമില്ലാത്ത കുടുംബങ്ങൾ, കുടുംബശ്രീ അംഗത്വമുള്ള കുടുംബങ്ങളെ അപേക്ഷിച്ച് വായ്പയ്ക്കായി പലിശക്കാരെയും, സുഹൃത്തുക്കളെയും, ബന്ധുക്കളെയും ആണ് കൂടുതലായി ആശ്രയിക്കുന്നത്. കുടുംബശ്രീ ശൃംഖലയ്ക്ക് പുറത്തുള്ള ദരിദ്രകുടുംബങ്ങളെ കണ്ടെത്താനും, അവരെ കുടുംബശ്രീയിലേക്ക് കൊണ്ടുവന്ന് അവരുടെ സാമൂഹ്യസുരക്ഷിതത്വം ഉറപ്പുവരുത്താനുമുള്ള നടപടികൾ സർക്കാർ അടിയന്തിരമായി സ്വീകരിക്കണം.

കോവിഡ് മഹാമാരികാലത്തെ സാമ്പത്തികപരാധീനതയുടെ സമയത്തും ഗ്രാമീണമേഖലയിലെ 30 ശതമാനം ദരിദ്രകുടുംബങ്ങൾ വായ്പാതിരിച്ചടവിനായി മാത്രം വായ്പ എടുക്കാൻ നിർബന്ധിതരായി എന്ന് പഠനം പറയുന്നു. സർവേയിയിലൂടെയും, ബാങ്കുദ്യോഗസ്ഥരുമായും കുടുംബശ്രീ ഉദ്യോഗസ്ഥരുമായും നടത്തിയ ഇന്റർവ്യൂവിലൂടെയും മനസിലാക്കാൻ സാധിച്ചത് കോവിഡ് കാലത്ത് റിസർവ് ബാങ്ക് പ്രഖ്യാപിച്ച മൊറട്ടോറിയം പാവപ്പെട്ടവരെ പ്രതീക്ഷിച്ചതു പോലെ സഹായിച്ചില്ല എന്നതാണ്. പ്രധാനമായും രണ്ട് കാരണങ്ങളാണ് അതിനുള്ളത്; ഒന്ന്, മൊറട്ടോറിയത്തിന്റെ രീതിയെക്കുറിച്ച് നിലവിലുള്ള അവ്യക്തത —നിർബന്ധിത മൊറട്ടോറിയമല്ല റിസർവ് ബാങ്ക് പ്രഖ്യാപിച്ചത്; പകരം മൊറട്ടോറിയം അനുവദിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരം ധനകാര്യസ്ഥാപനങ്ങൾക്ക് നൽകി, രണ്ട്, മൊറട്ടോറിയം കാലത്ത് പലിശ ഒഴിവാക്കിയിരുന്നില്ല. പല ധനകാര്യസ്ഥാപനങ്ങളും മൊറട്ടോറിയം കാലയളവിൽ കുടുംബങ്ങളെ വായ്പാതിരിച്ചടവിന് നിർബന്ധിച്ചിരുന്നതായും പഠനത്തിനിടയിൽ ശ്രദ്ധയിൽപ്പെട്ടു. ഇതുപോലെയുള്ള അവസരങ്ങളിൽ ധനകാര്യസ്ഥാപനങ്ങളുടെ ഇഷ്ടത്തിന് വിടാതെ റിസർവ് ബാങ്ക് പോലെയുള്ള നിയന്ത്രണസംവിധാനങ്ങൾ അർഥശങ്കക്കിടയില്ലാത്ത വിധത്തിൽ വ്യക്തമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുന്നതാകും അഭികാമ്യം. ദുരന്തസമയങ്ങളിൽ വായ്പയെപ്പറ്റിയുള്ള മാർഗനിർദേശങ്ങൾ താഴെത്തട്ടിലേക്കെത്തുന്നുവെന്ന് ഉറപ്പാക്കാനുള്ള സംവിധാനവും സ്വകാര്യ ധനകാര്യസ്ഥാപനങ്ങൾ വായ്പാതിരിച്ചടവിന്റെ പേരിൽ പീഡിപ്പിക്കുന്നില്ല എന്നുറപ്പ് വരുത്താനുള്ള സംവിധാനവും സംസ്ഥാനതലത്തിൽ ഉണ്ടാകണം.

സി.എസ്.ഇ.എസ്. ഗവേഷകരായ അശ്വതി റിബേക്ക അശോക്, ഡോ. രാഖി തിമോത്തി, ബിബിൻ തമ്പി, റംഷാദ് എം. ബെൻ റോയിസ് ജോസ്, ദീപിക പി.എസ്. എന്നിവരാണ് പഠനത്തിൽ പങ്കാളികളായത്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

അശ്വതി റിബേക്ക അശോക്

Ph: 9958525385/8075095152

E-Mail: aswathirasok@gmail.com