CSES in Media

കൊവിഡ്: ഗ്രാമീണ ദരിദ്ര കുടുംബങ്ങളുടെ വരുമാ‍നം പകുതിയിൽ താഴെയായെന്ന് പഠനം

This report on CSES Study was published in Madhyamam on 14/01/2021

കോവിഡ് വ്യാപനവും അനുബന്ധ നിയന്ത്രണങ്ങളും മൂലം സംസ്ഥാനത്ത് ഗ്രാമീണമേഖലയിൽ മൂന്നിൽ രണ്ട് ദരിദ്ര കുടുംബങ്ങളുടെയും വരുമാനം പകുതിയിൽ താഴെയായെന്ന് പഠനം. 18 ശതമാനം ഗ്രാമീണ ദരിദ്ര കുടുംബങ്ങളുടെ വരുമാനം പൂർണമായി ഇല്ലാതായെന്നും കൊച്ചിയിലെ സെന്റർ ഫോർ സോഷ്യോ ഇക്കണോമിക്ക് ആന്റ് എൻവയൺമെന്റൽ സ്റ്റഡീസ് (സി.എസ്.ഇ.എസ്.) നടത്തിയ പഠനത്തിൽ കണ്ടെത്തി. കഴിഞ്ഞ സെപ്റ്റംബറിലാണ് 230 കുടുംബങ്ങൾക്കിടയിൽ ടെലിഫോൺ സർവേയിലൂടെ സി.എസ്.ഇ.എസ്. വിവരശേഖരണം നടത്തിയത്.

മഞ്ഞ, പിങ്ക് റേഷങ്ക് കാർഡുള്ള ദരിദ്ര കുടുംബങ്ങളെയാണ് പഠനത്തിന് തെരഞ്ഞെടുത്തത്. സർവേ നടത്തിയ കുടുംബങ്ങളിൽ മുമ്പ് ജോലി ചെയ്തിരുന്നവരിൽ നാലിൽ മൂന്നു പേർക്ക് കോവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെടുകയോ തൊഴിൽ ലഭിക്കാതിരിക്കുകയോ തൊഴിൽ സമയം കുറയുകയോ ചെയ്തു. കോവിഡ് പ്രതിസന്ധി മറികടക്കാൻ 72 ശതമാനം കുടുംബങ്ങൾക്കും വായ്പ എടുക്കേണ്ടിവന്നു. 57.2 ശതമാനം കുടുംബങ്ങളും വായ്പക്കായി കുടുംബശ്രീയെ ആണ് ആശ്രയിച്ചത്, പ്രാഥമിക സഹകരണ സംഘങ്ങളിൽ നിന്ന് 22.9 ശതമാനവും പലിശക്കാരിൽ 12 ശതമാനവും വായ്പയെടുത്തു.

ഗ്രാമീണ ദരിദ്ര കുടുംബങ്ങളിൽ 30 ശതമാനവും കുടുംബശ്രീക്ക് പുറത്താണെന്നും പഠനത്തിൽ കണ്ടെത്തി.