CSES in Media

കേരളത്തിലും കൂടുമോ ഒഴിഞ്ഞ കൂടുകൾ?

CSES Working Paper (No.31) is referred in detail by N.S. Madhavan in his regular column in Malayala Manorama on 10-09-2021

കേരളത്തിനു വാർധക്യമേറുകയാണ്. അതിന്റെ സാമൂഹികവും സാമ്പത്തികവുമായ മാറ്റങ്ങൾക്കു കേരളം തയാറെടുക്കണമെന്നാണു കൊച്ചിയിലെ ‘സെന്റർ ഫോർ സോഷ്യോ- ഇക്കണോമിക് ആൻഡ് എൻവയൺമെന്റൽ സ്റ്റഡിസ്’ (സിഎസ്ഇഎസ്) അടുത്തിടെ പുറത്തുവിട്ട സുപ്രധാന പഠനം ചൂണ്ടിക്കാണിക്കുന്നത്. ഈ മാറ്റങ്ങൾ ഉയർത്തുന്ന വെല്ലുവിളികളെപ്പറ്റി പഠിച്ചു റിപ്പോർട്ട് തയാറാക്കിയത് അവിടത്തെ അസോഷ്യേറ്റ് ഫെലോയായ ഡോ. ബൈശാലി ഗോസ്വാമിയാണ്. 

ജനസംഖ്യ മാറ്റമില്ലാതെ തുടരാൻ ഓരോ ദമ്പതികൾക്കും ശരാശരി 2.1 കുട്ടികൾ‍ വേണമെന്നാണു ജനസംഖ്യാശാസ്ത്രം പറയുന്നത്. അതായത്, ആ ദമ്പതികൾക്കു പകരമായി കുട്ടികൾ വരുന്നു. കേരളം ഈ പ്രത്യുൽപാദനനിരക്ക് 1988ൽ തന്നെ നേടി. അതിനുശേഷം കേരളത്തിലെ പ്രത്യുൽപാദനനിരക്ക് രണ്ടിൽ താഴെയായി, 1.7നും 1.9നും ഇടയിൽ തുടരുന്നു. ചില താലുക്കുകളിൽ ജനസംഖ്യവർധനയുടെ തോത് ഇപ്പോൾതന്നെ പൂജ്യത്തിൽ താഴെ(നെഗറ്റിവ്) ആണ്. 

പ്രത്യുൽപാദന നിരക്ക് കുറയുന്നതിനൊപ്പം കേരളത്തിൽ ആയുർദൈർഘ്യം കൂടുന്നുമുണ്ട്. 1970-75ൽ 62 വയസ്സ് ആയിരുന്നു ആയുർദൈർഘ്യമെങ്കിൽ ഇപ്പോൾ 75 വയസ്സിനു മുകളിലാണത്. പാശ്ചാത്യരാജ്യങ്ങളിലെപ്പോലെ അതിവൃദ്ധതയിലേക്കുള്ള (ആയുർദൈർഘ്യം 80നു മേൽ) നമ്മുടെ യാത്ര പതുക്കെയാകാനുള്ള കാരണം ഒരുപക്ഷേ കേരളത്തിൽ രോഗങ്ങൾ കൂടുതലാണെന്നതാകും. എതായാലും, സിഎസ്ഇഎസിന്റെ പഠനമനുസരിച്ച്, ഉയരുന്ന ആയുർദൈർഘ്യവും കുറയുന്ന പ്രത്യുൽപാദനനിരക്കും ജനസംഖ്യാപരമായ മാറ്റത്തിലേക്കാണു വിരൽചൂണ്ടുന്നത്. 

ഇത്തരം മാറ്റങ്ങളിലൂടെ കടന്നുപോയ വികസിതരാജ്യങ്ങളിൽനിന്നു നമ്മൾ പാഠം പഠിക്കേണ്ടതുണ്ട്. അവ കുടുംബവ്യവസ്ഥയെ ബാധിച്ചേക്കാം. ജനസംഖ്യയിൽ ചെറുപ്പക്കാരുടെ എണ്ണം കുറയുമ്പോൾ വീടുകൾ ശൂന്യമാകുന്നു. ‘ഒറ്റക്കുട്ടി’ നയമുണ്ടായിരുന്ന ചൈനയിൽ മക്കളില്ലാത്ത, വൃദ്ധരായ മാതാപിതാക്കൾ വസിക്കുന്ന വീടുകളെ ‘ഒഴിഞ്ഞു കിടക്കുന്ന കൂടുകൾ’ എന്നാണു വിളിക്കുന്നത്. കേരളത്തിലും ഒഴിഞ്ഞ കൂടുകൾ കാണാൻ തുടങ്ങിയിട്ടു കാലം കുറച്ചായി. പാശ്ചാത്യരാജ്യങ്ങളിലും മറ്റും വയോജനപരിപാലനം മക്കൾക്കു പകരം, മിക്കപ്പോഴും ക്ലിനിക്കുകളിലാണു നടക്കുന്നത്. അത്തരത്തിലുള്ള ഒരു സമൂഹമായി മാറാൻ സാധ്യതയുള്ള കേരളത്തിൽ പ്രായമുള്ളവരെ ശുശ്രൂഷിക്കാനുള്ള സൗകര്യങ്ങൾ വളരെക്കുറവാണ്. ചുരുക്കത്തിൽ, വയോധികരുടെ സംഖ്യ കൂടിവരുന്ന ഒരു സമൂഹത്തിനുവേണ്ടി നാം ഇനിയും തയാറെടുത്തിട്ടില്ല. ഈ രംഗത്തു സർക്കാരിന്റെ ശ്രദ്ധ അടിയന്തരമായി പതിയണമെന്നാണ് ഈ പഠനത്തിലെ നിഗമനങ്ങൾ അടിവരയിട്ടു പറയുന്നത്. ഇതിനു രാഷ്ട്രീയമായ ഒരു മാനം കൂടിയുണ്ട് എന്ന കാര്യവും രാഷ്ട്രീയപാർട്ടികൾ മറക്കരുത്: വയോധികരും ഒരു വോട്ടുബാങ്ക് ആവാം. യുഎസിൽ ട്രംപ് ജയിച്ച തിരഞ്ഞെടുപ്പിലും ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ വിടാൻ ഇടയാക്കിയ ബ്രെക്സിറ്റ് വോട്ടെടുപ്പിലും വയോധികരുടെ വോട്ട് നിർണായകമായ പങ്കു വഹിച്ചു എന്നാണു പഠനങ്ങൾ പറയുന്നത്.