CSES in MediaKKG in media

കേരളത്തിന് കൂടുതൽ ധനസഹായം അനുവദിക്കാൻ പതിമൂന്നാം ധനക്കമ്മീഷൻ തയാറാകണമെന്ന്

This report on CSES study was published in Deepika on 07.02.2009

കേരളത്തിന്റെ തനതായ വികസനപാത അംഗീകരിച്ചും, അതിന്റെ സവിശേഷനേട്ടങ്ങൾക്കൊപ്പം കോട്ടങ്ങളും അത് സൃഷ്ടിക്കുന്ന പ്രത്യേക പ്രശ്നങ്ങളും തിരിച്ചറിഞ്ഞും കേരളത്തിന് കൂടുതൽ ധനസഹായം അനുവദിക്കാൻ പതിമൂന്നാം ധനക്കമ്മീഷൻ തയ്യാറാവണമെന്ന് നിർദേശം. കൊച്ചിയിലെ സെന്റർ ഫോർ സോഷ്യോ-എകണോമിക്സ് ആൻഡ് എൻവയോൺമെന്റൽ സ്റ്റഡീസ് കേരളത്തിന്റെ വികസനാനുഭവവും ധനക്കമ്മീഷനുകളും എന്ന പഠന റിപ്പോർട്ടിലാണ് ഇക്കാര്യം നിർദേശിച്ചിരിക്കുന്നത്.

പത്താം ധനക്കമ്മീഷൻ സംസ്ഥാനങ്ങൾക്ക് അനുവദിച്ച തുകയിൽ കേരളത്തിന്റെ വിഹിതം 3.4 ശതമാനമായിരുന്നു. പതിനൊന്നാം കമ്മീഷൻ ഇത് 2.8 ശതമാനമായി കുറച്ചു. 12-ആം കമ്മീഷനാകട്ടെ ഇത് 2.6 ശതമാനമായി വീണ്ടും കുറച്ചു. പതിനൊന്നാം ധനക്കമ്മീഷന്റെ കാലയളവായ 2000-05 കാലത്ത് പത്താം ധനക്കമ്മീഷന്റെ ശിപാർശയെ അപേക്ഷിച്ചുണ്ടായ കുറവിലൂടെ കേരളത്തിന് 3664 കോടി രൂപയുടെ നഷ്ടമുണ്ടായതായി പഠനം കണ്ടെത്തി.

പതിമൂന്നാം ധനക്കമ്മീഷന്റെ പരിഗണനാ വിഷയങ്ങളിൽ സുസ്ഥിര വികസനത്തിനു്  അനുയോജ്യമായ വിധത്തിൽ ജൈവവ്യവസ്ഥയെയും പരിസ്ഥിതിയെയും കാലാവസ്ഥാ വ്യതിയാനത്തെയും കൈകാര്യം ചെയ്യേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പറയുന്നുണ്ട്. സംസ്ഥാനത്തിന്റെ പ്രകൃതിവിഭവ സമ്പത്ത് സംരക്ഷിക്കാൻ കൂടുതൽ ധനസഹായം ആവശ്യപ്പെടാനുള്ള അവസരമാണിത്.

വരുമാന നഷ്ടം, വനം ശാസ്ത്രീയമായി നിലനിർത്താൻ വേണ്ടി വരുന്ന ചെലവ് തുടങ്ങിയ ഇനങ്ങളിലും സാമ്പത്തിക മേഖലയിൽ കാർഷികോത്പാദനത്തിലും തൊഴിലവസരത്തിലും നഷ്ടം സഹിച്ച് രാജ്യത്തിന് ഒരു കാർബൺ ആഗിരണമേഖലയായി കേരളം പ്രവർത്തിക്കുന്നതിന് തീർച്ചയായും നഷ്ടപരിഹാരം ലഭിക്കേണ്ടതാണെന്നും ലോകത്തിന്റെയും രാജ്യത്തിന്റെയും നേട്ടത്തിനായി, കേരളത്തിന്റെ വനസമ്പത്തും ജൈവവ്യവസ്ഥയും പരിസ്ഥിതി കാലാവസ്ഥയും നിയന്ത്രിക്കാൻ കൂടുതൽ തുക ലഭിക്കാൻ കേരളത്തിന് ന്യായമായും അർഹതയുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.