Press Release

കേന്ദ്ര – സംസ്ഥാന സാമ്പത്തിക ബന്ധങ്ങൾ സംബന്ധിച്ച് ഉൾക്കാഴ്ച നൽകുന്ന പഠനങ്ങളും അനുമാനങ്ങളും നടത്തിയ ധനശാസ്ത്രജ്ഞനായിരുന്നു പ്രൊഫ. കെ. കെ. ജോർജ്- കെ.എൻ. ബാലഗോപാൽ

Published on 01.10.2022

കേന്ദ്ര – സംസ്ഥാന സാമ്പത്തിക ബന്ധങ്ങൾ സംബന്ധിച്ച് ഉൾക്കാഴ്ച നൽകുന്ന പഠനങ്ങളും അനുമാനങ്ങളും നടത്തിയ ധനശാസ്ത്രജ്ഞനായിരുന്നു പ്രൊഫ. കെ. കെ. ജോർജ് എന്ന് ധനകാര്യ മന്ത്രി ശ്രീ കെ.എൻ. ബാലഗോപാൽ. സെന്റർ ഫോർ ബജറ്റ് സ്റ്റഡീസ് (കൊച്ചിൻ യൂണിവേഴ്സിറ്റി), സെന്റർ ഫോർ സോഷ്യോ-എക്കണോമിക്ക് ആന്റ് എൻ‌വയണ്മെന്റൽ സ്റ്റഡീസ് (CSES), ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആന്റ് ടാക്സേഷൻ (GIFT) എന്നിവർ ചേർന്ന് സംഘടിപ്പിച്ച പ്രൊഫ. കെകെ . ജോർജ് അനുസ്മരണ പ്രഭാഷണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക ശാസ്ത്രത്തിന്റെയോ പൊതു ധനകാര്യത്തിന്റേയോ പരിമിതമായ അതിരുകളിൽ  ഒതുങ്ങി നിൽക്കുന്നതായിരുന്നില്ല പ്രൊഫ. ജോർജ്ജിന്റെ സംഭാവനകളെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിന്റെ രണ്ടാം തലമുറ വികസന വെല്ലുവിളികളെ സംബന്ധിച്ച് ആദ്യം പ്രതിപാദിച്ച ഗവേഷകരിൽ പ്രധാനിയാണ്. ധനകമ്മീഷൻ മാനദണ്ഡങ്ങൾ സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ നിഗമനങ്ങൾ ഇന്ന് കേരളം പ്രായോഗികമായി അഭിമുഖീകരിക്കുകയാണ്. ആകെ  വരുമാനത്തിന്റെ  മൂന്നിൽ ഒന്നു മാത്രമാണ് സംസ്ഥാനങ്ങൾക്ക് ലഭിക്കുന്നത്. അതേ സമയം ഉത്തരവാദിത്തങ്ങളുടെ മൂന്നിൽ രണ്ടും വഹിക്കുന്നതും സംസ്ഥാന സർക്കാരുകളാണ്. ഈ അസന്തുലിതാവസ്ഥയാണ് ഇന്ത്യൻ ധനഫെഡറലിസത്തിന്റെ അടിസ്ഥാന പ്രശ്നമെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.

കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ സെമിനാർ ഹാൾ കോംപ്ലക്സിൽ വെച്ചു നടന്ന ചടങ്ങിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക്ക് ഫിനാൻസ് ആന്റ് പോളിസി (NIPFP) മുൻ ഡയറക്ടറും, പ്രമുഖനായ പബ്ലിക്ക് ഫിനാൻസ് വിദഗ്ദനുമായ പ്രൊഫ. പിനാകി ചക്രവർത്തി പ്രൊഫ. കെ.കെ. ജോർജ് സ്മാരക പ്രഭാഷണം നടത്തി. “ധന ഉത്തരവാദിത്ത നിയമങ്ങൾ സംബന്ധിച്ച് അസ്ഥിര കാലത്തുണ്ടാകേണ്ട പുനരാലോചനകൾ” എന്ന വിഷയത്തെ അധികരിച്ച് അദ്ദേഹം സംസാരിച്ചു. കോവിഡ് മഹാമാരിയും റഷ്യ – ഉക്രയിൻ യുദ്ധവും ആഗോളധന വ്യവസ്ഥയിൽ വലിയ ആഘാതം സൃഷ്ടിച്ചിട്ടുണ്ട്. വളർച്ചാ മുരടിപ്പ് , വിലക്കയറ്റം, സർക്കാരുകളുടെ ഉയർന്ന കട ബാദ്ധ്യത, ഉയരുന്ന കമ്മി എന്നിവയാണ് ആഗോളമായി അനുഭവപ്പെടുന്ന പ്രവണതകൾ. ഈ പ്രതിസന്ധി തരണം ചെയ്യുന്നതിനായി സ്വീകരിക്കുന്ന സമീപനങ്ങൾക്ക് ചില പൊതു സ്വഭാവങ്ങൾ പ്രകടമാണ്. ഉത്തേജക പാക്കേജുകൾ, ഉയർന്ന പണലഭ്യത സൃഷ്ടിക്കൽ, ഈ സമീപനങ്ങൾ മൂലം ഉയരുന്ന കടബാദ്ധ്യതയും തിരിച്ചടവ് ചെലവുകളും എല്ലാം ഇത്തരം പൊതു പ്രതിഫലനങ്ങളാണ്. ഈ സ്ഥിതിവിശേഷത്തെ എങ്ങനെ നേരിടും എന്നത് സവിശേഷ പ്രാധാന്യമുള്ള നയ പ്രശ്നമായി മാറിയിരിക്കുന്നു. ധനയാഥാസ്ഥിതികത്വത്തിൽ ഊന്നുന്ന സമീപനങ്ങൾ അപര്യാപ്തമാകുകയാണ്. ദേശീയവരുമാനവും കടവും തമ്മിലുള്ള അനുപാതം തുടങ്ങിയ സാധാരണ മാനദണ്ഡങ്ങൾ യാന്ത്രികമായി ഉപയോഗപ്രദമാകില്ല. ധനദൃഡീകരണം (Fiscal Consolidation) സംബന്ധിച്ച സാധാരണ വഴികളും പോരാതെ വരുന്നതാണ് ആഗോള സാമ്പത്തിക സ്ഥിതി വിശേഷം. വളർച്ചയുടെ പാത തിരിച്ചു പിടിക്കുക, മാനവ ദുരിതങ്ങൾക്ക്  ആശ്വാസമാവുക എന്നീ ലക്ഷ്യങ്ങൾ ബലികഴിച്ച് ധനദൃഡീകരണം കൈവരിക്കാനാകില്ല. ഉയർന്ന  ദേശീയ വരുമാന വളർച്ച കട ഭാരം ലഘുകരിക്കും. കടവും ദേശീയവരുമാനവും തമ്മിലുള്ള അനുപാതം താഴും . അതേ സമയം യാന്ത്രികമായി കടം കുറയ്ക്കുന്നതു കൊണ്ട് വളർച്ച കൈവരിക്കാനോ ഇന്നത്തെ പ്രതിസന്ധിക്ക് പരിഹാരം കാണാനോ കഴിയില്ല. സർക്കാരുകൾക്ക് കൂടുതൽ ധനലഭ്യത ഉറപ്പാക്കണം. തികഞ്ഞ ഉത്തരവാദിത്തത്തോടെ ഇതുറപ്പാക്കാനാകണം. ധനവിനിയോഗത്തിന്റെ കാര്യക്ഷമത ഗണ്യമായി ഉയരണം. അതേ സമയം ഭൗതിക ആസ്തി സൃഷ്ടിയും മാനവവിഭവ ശേഷി വർദ്ധനവും തമ്മിൽ യാന്ത്രിക വേർതിരിവ് പുലർത്തുന്നത് ഈ പ്രതിസന്ധ ഘട്ടത്തിൽ ഗുണകരമാവുകയുമില്ല. ഇവിടെയാണ് കൂടുതൽ വ്യക്തതയുള്ള ധന സമീപനങ്ങളുടെ ആവശ്യകത – പ്രൊഫ. പിനാകി കൂട്ടിച്ചേർത്തു.

കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ സെമിനാർ ഹാൾ കോംപ്ലക്സിൽ വെച്ചു നടന്ന ചടങ്ങിന് കൊച്ചിൻ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. കെ.എൻ. മധുസൂദനൻ അധ്യക്ഷത വഹിച്ചു. 2022 ആഗസ്റ്റ് 11ന് അന്തരിച്ച പ്രശസ്ത സാമ്പത്തികശാസ്ത്രജ്ഞനായിരുന്നു പ്രൊഫ. കെ.കെ. ജോർജ്. കൊച്ചിയിലെ സെന്റർ ഫോർ സോഷ്യോ-എക്കണോമിക്ക് ആന്റ് എൻ‌വയണ്മെന്റ് സ്റ്റഡീസിന്റെ (CSES) സ്ഥാപക ചെയർപേഴ്സണായിരുന്നു അദ്ദേഹം. മരണം വരെ അദ്ദേഹം ആ സ്ഥാനത്ത് തുടർന്നു. പ്രൊഫ. ജോർജിനോടുള്ള ആദരസൂചകമായി CSESന്റെ കഴിഞ്ഞ 25 വർഷങ്ങളിലെ അക്കാദമികസംഭാവനകളെ അടയാളപ്പെടുത്തുന്ന സ്മരണികയും ചടങ്ങിൽ പ്രകാശനം ചെയ്തു. 

പ്രൊഫ. എം.കെ. സുകുമാരൻ നായർ (ഓണററി ഡയറക്ടർ, സെന്റർ ഫോർ ബജറ്റ് സ്റ്റഡീസ്, കുസാറ്റ്), പ്രൊഫ. കെ.ജെ. ജോസഫ് (ഡയറക്ടർ, GIFT), ഡോ. പാർവതി സുനൈന (അസോസിയേറ്റ് ഫെലോ, CSES), ഡോ. എൻ. അജിത്ത് കുമാർ (ഡയറക്ടർ, CSES) തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.