CSES in Media

കാലാവസ്ഥാ വ്യതിയാനം ചെറുകിട കർഷകരെ കൂടുതൽ ദുരിതത്തിലാക്കും: പ്രൊഫ. മധുര സ്വാമിനാഥൻ

This report was published in Deshabhimani on 21/07/2023

പ്രവചനാതീതമായ കാലാവസ്ഥാ സ്വഭാവങ്ങൾ സാമൂഹ്യ സാമ്പത്തിക ഘടനയും സാഹചര്യങ്ങളും മൂലം ദുരിതമനുഭവിക്കുന്ന ചെറുകിട നാമമാത്ര കർഷകരുടെ നിലനിൽപ്പിനെ കൂടുതൽ ദുരിതത്തിലാക്കുമെന്ന് ബാംഗ്ളൂർ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സാമ്പത്തിക വിശകലന വിഭാഗം മേധാവി പ്രൊഫ മധുര സ്വാമിനാഥൻ പറഞ്ഞു. സെന്റർ ഫോർ സോഷ്യോ ഇക്കണോമിക് ആന്റ് എൻവയോൺമെന്റൽ സ്റ്റഡീസ്, ആലുവ യുസി കോളേജ് ധനതത്വശാസ്ത്ര വിഭാഗം, കുസാറ്റ് സ്ത്രീ പഠന കേന്ദ്രം എന്നിവ സംയുക്തമായി സംഘടിപ്പിച്ച പബ്ളിക് ലക്ചറിൽ സംസാരിക്കുകയായിരുന്നു മധുര സ്വാമിനാഥൻ.

കാലാവസ്ഥാ വ്യതിയാനത്തെ ചെറുത്ത് കൃഷിയും ജീവിതവും മുന്നോട്ടു കൊണ്ടുപോകുന്നതിനാവശ്യമായ അറിവും സാങ്കേതിക വിദ്യകളും ചെറുകിട നാമമാത്ര കാർഷിക മേഖലയ്‌ക്ക് ലഭ്യമാക്കണം. ഇതിനാവശ്യമായ സാമ്പത്തിക, സാങ്കേതിക, സാമൂഹ്യ പിൻതുണ ചെറുകിട കാർഷിക മേഖലയ്ക്ക് ലഭ്യമാക്കുന്ന സമീപനമാണ് സ്വീകരിക്കേണ്ടത്. കൂടുതൽ വിളവു ലഭിക്കുന്നതും കാലാവസ്ഥാമാറ്റത്തിന്റെ ദുരിതങ്ങളെ പ്രതിരോധിക്കുന്നതുമായ വിത്തുകളും തൈകളും വിളക്രമവും എല്ലാം സ്വായത്തമാക്കി മാത്രമേ വർദ്ധിക്കുന്ന ഈ ദുരിതത്തെ നേരിടാനാകു. ഒറ്റ വിതയിൽ നിന്നും കൂടുതൽ തവണ വിളവെടുക്കാൻ കഴിയുന്നയിനം നെൽച്ചെടികൾ ഈ രംഗത്തെ വലിയ പ്രതീക്ഷയാണ്. ഇത്തരത്തിലുള്ള അറിവിനും സങ്കേതങ്ങൾക്കും മാത്രമേ കാർഷിക മേഖലയ്‌ക്ക് കാലാവസ്ഥാ മാറ്റത്തിന്റെ ദുരിതത്തിൽ നിന്നും ആശ്വാസമേകാൻ കഴിയു. മധുര സ്വാമിനാഥൻ പറഞ്ഞു.

കാലാവസ്ഥാ മാറ്റത്തിനാധാരമായ കാർബൺ വാതക ബഹിർഗമനത്തിന്റെ മഹാഭൂരിപക്ഷവും വികസിത ലോകത്തിന്റെ പങ്കാണ്. ഈ ഭീഷണി ലഘൂകരിക്കാനുള്ള അച്ചടക്കത്തിന്റെ ഭാരം പാവപ്പെട്ട രാജ്യങ്ങൾക്കു മേൽ അടിച്ചേൽപ്പിക്കുന്നത് അനീതിയാണ്. ഈ പ്രവണത ഇന്ത്യ പോലുള്ള രാജ്യങ്ങളുടെ വികസന വഴികളെ തടുത്തു നിർത്തും. അന്തർദേശീയ കരാറുകളുടെ ഭാഗമായി രാജ്യത്തിന് കാർബൺ ബഹിർഗമനം കുറയ്‌ക്കുന്നതിനുള്ള സമീപനങ്ങൾ സ്വീകരിക്കേണ്ടി വരുന്നുണ്ട്. ചെറുകിട കാർഷിക മേഖലയെ വരിഞ്ഞിടുന്ന നിയന്ത്രണങ്ങളാകരുത് ഇതിനുള്ള മാർഗമെന്നും, അത് കടുത്ത അനീതിയായിരിക്കുമെന്നും അവർ പറഞ്ഞു.

കാലാവസ്ഥാ മാറ്റം കാർഷിക മേഖലയെ ബാധിക്കുന്നതെങ്ങനെ എന്നതു കൃത്യതയോടെ മനസിലാക്കാൻ കൂടുതൽ പ്രാദേശികമായ പഠനങ്ങൾ നടക്കേണ്ടതുണ്ട്. കാലാവസ്ഥാ മാറ്റമുണ്ടാക്കുന്ന തീവ്ര സ്ഥിതികളുമായി പരമാവധി പൊരുത്തപ്പെട്ട് കാർഷിക വൃത്തിയിൽ ഏർപ്പെടുന്നതിനുള്ള അറിവും സാങ്കേതിക വിദ്യകളും ലഭ്യമാക്കാൻ ഇത്തരം പഠനങ്ങൾ അനിവാര്യമാണ്. കർണ്ണാടകയിൽ നടത്തിയ പഠനം ഇത്തരം പ്രാദേശിക പഠനങ്ങളുടെ ആവശ്യകതയും സാദ്ധ്യതയും വ്യക്തമാക്കുന്നതാണെന്നും മധുര സ്വാമിനാഥൻ കൂട്ടിച്ചേർത്തു.

ആലുവ യുസി കോളേജിൽ നടന്ന പ്രഭാഷണ പരിപാടിയിൽ CSES ഡയറക്ടർ ഡോ എൻ. അജിത് കുമാർ , ഫെലോ ഡോ. രാഖിതിമോത്തി, UC കോളേജ് സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവി ഡോ ആൻജോർജ് എന്നിവർ പങ്കെടുത്തു.