CSES in Media

ഒരു വർഷം പിന്നിട്ടു… ഡിജിറ്റൽ പണമിടപാട് തുടങ്ങിയിടത്തുതന്നെ

This report on CSES study was published in Deshabhimani on 09.11.2017

പണരഹിത ഇടപാടുകാർ 2016ലും ഇക്കഴിഞ്ഞ 3 മാസവും 9.6% മാത്രം

പണരഹിത ഇടപാടു നടത്തുന്ന സർക്കാർ ഉദ്യോഗസ്ഥരും കർഷകരും കുറഞ്ഞു

വർധന വിദ്യാർഥികളിലും സ്വകാര്യസ്ഥാപന ജീവനക്കാരിലും മാത്രം

നോട്ട് അസാധുവാക്കിയതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നായ പണരഹിത വിനിമയവും തുടങ്ങിയിടത്തുതന്നെ. ഒരിക്കലെങ്കിലും പണരഹിത ഇടപാട് നടത്തിയവരുടെ എണ്ണം ഒരു വർഷം കഴിഞ്ഞപ്പോഴും തുടക്കത്തിലുണ്ടായതുതന്നെ. കഴിഞ്ഞ ഡിസംബർ വരെ പണരഹിത ഇടപാട് നടത്തിയവർ 9.6 ശതമാനമായിരുന്നു. ഇക്കഴിഞ്ഞ മൂന്നുമാസത്തിനുള്ളിൽ ഒരിക്കലെങ്കിലും പണരഹിത ഇടപാട് നടത്തിയവരുടെ എണ്ണവും 9.6 തന്നെ. സംസ്ഥാനത്ത് ആദ്യമായി സമ്പൂർണ സാക്ഷരതയും ബാങ്കിങ് സാക്ഷരതയും നേടിയ എറണാകുളം ജില്ലയിലെ ഗ്രാമീണ മേഖലയിലെ കണക്കാണിത്. മറ്റിടങ്ങളിലെ സ്ഥിതി ഇതിലും മോശമാണെന്നുറപ്പ്.

കൊച്ചിയിലെ സെന്റർ ഫോർ സോഷ്യോ-ഇക്കണോമിക് ആന്റ് എൻ‌വയോൺ‌മെന്റൽ സ്റ്റഡീസ്(സി‌എസ്‌ഇ‌എസ്) 2016 ഡിസംബറിലും 2017 നവംബറിലും നടത്തിയ വിവരശേഖരണത്തിലാണ് മോഡിയുടെ നോട്ട് നിരോധനമെന്ന ഭ്രാന്തൻ നടപടിയുടെയും മാറിമാറി പ്രഖ്യാപിച്ച ലക്ഷ്യങ്ങളുടെയും പൊള്ളത്തരം മറനീക്കുന്നത്. കള്ളപ്പണം തടയും, ഭീകരവാദം ചെറുക്കും തുടങ്ങിയ പ്രഖ്യാപനങ്ങൾ കാറ്റുപിടിക്കാതെ വന്നപ്പോഴാണ് കേന്ദ്രസർക്കാർ പണരഹിത വിനിമയം എന്ന ലക്ഷ്യം പ്രഖ്യാപിച്ചത്.

ഒരിക്കലെങ്കിലും പണരഹിത വിനിമയം നടത്തിയവരുടെ ശതമാനക്കണക്ക് കേന്ദ്രസർക്കാർ നടപടി എത്രത്തോളം ജനങ്ങളെ പാപ്പരാക്കി എന്നതിന്റെ തെളിവാണ്. 2016 ഡിസംബർ വരെ 9.6 ശതമാനമായി. പേടി‌എം ഇതിൽ ചെറിയ പങ്കുവഹിച്ചിട്ടുണ്ടാകും. കൈയിൽ പണമില്ലാതെവന്നപ്പോൾ പലർക്കും ഡെബിറ്റ് കാർഡ് ഉപയോഗിക്കേണ്ടിവന്നിട്ടുണ്ടാകും. അതുകൊണ്ടുതന്നെ ഈ വർധന നേട്ടമായി പറയാനാകില്ല. കഴിഞ്ഞ മൂന്നുമാസത്തിനിടെ അത് വീണ്ടും 9.6 ശതമാനത്തിലെത്തി. അക്കൌണ്ടിൽ പണമില്ലാതെ ഏത് കാർഡും ഉപയോഗിക്കാനാകില്ല. സമസ്ത മേഖലയിലും ഉണ്ടായ തകർച്ചയുടെ ചിത്രംകൂടിയാണ് ഇത് വ്യക്തമാകുന്നത്.

ഉയർന്ന വരുമാനക്കാർ, ഉന്നത വിദ്യാഭ്യാസം നേടിയവർ, മുന്നോക്കവിഭാഗക്കാർ, ചെറുപ്പക്കാർ എന്നിവരാണ് പണരഹിത വിനിമയത്തിൽ കുടുതലായുള്ളത്. പട്ടികജാതി, വർഗ വിഭാഗത്തിൽ 3.8 ശതമാനം മാത്രമാണ് ഡിജിറ്റൽ പണമിടപാട് നടത്തുന്നത്. 2017 നവംബറിൽ ഇത് 5.8 ശതമാനമായിരുന്നു.

എ‌പി‌എൽ വിഭാഗക്കാരിൽ 20 ശതമാനം ഡിജിറ്റൽ ഇടപാട് നടത്തുമ്പോൾ ബി‌പി‌എൽ വിഭാഗത്തിൽ അത് 4.6 ശതമാനം മാത്രമാണ്. ആവശ്യമായ ബോധവൽ‌കരണമോ ഗ്രാമങ്ങളിലടക്കം സൌകര്യങ്ങളോ ഏൽപ്പെടുത്താതെയാണ് കറൻസിരഹിത ഇടപാട് പ്രഖ്യാപിച്ചതെന്നതിന്റെ തെളിവുകൂടിയാണിത്.

വിദ്യാർഥികൾ (53 ശതമാനം), സ്വകാര്യസ്ഥാപനങ്ങളിലെ ജോലിക്കാർ (43 ശതമാനം) എന്നീ വിഭാഗത്തിലുള്ളവരാണ് പണരഹിത വിനിമയ സംവിധാനത്തിലേക്ക് കൂടുതലായി വന്നത്. മൊബൈൽ റീചാർജിങ്, പാദരക്ഷ മുതൽ വസ്ത്രം വരെ ഓൺലൈനിൽ വാങ്ങൽ തുടങ്ങി വിദ്യാർഥികൾക്കിടയിൽ വർധിച്ചുവരുന്ന പ്രവണത കണക്കാക്കിയാൽ വിദ്യാർഥികളുടെ അനുപാതവർധന കേന്ദ്ര പദ്ധതിയായി കണക്കാക്കാൻ കഴിയില്ല. സ്വകാര്യസ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവരേറെയും കൊച്ചി മഹാനഗരത്തിലാണ്. സ്ഥാപനങ്ങൾ ശമ്പളമടക്കം ഡിജിറ്റൽ വിനിമയ രീതിയിലേക്ക് മാറ്റിയതും ഇവരുടെ അനുപാതം കൂടാൻ ഇടയാക്കിയിട്ടുണ്ട്.

അതേസമയം സർക്കാർ ഉദ്യോഗസ്ഥർ, കർഷകർ, തൊഴിൽരഹിതർ എന്നീ വിഭാഗത്തിലുള്ളവരുടെ അനുപാതം നന്നായി കുറഞ്ഞു. ഒരിക്കലെങ്കിലും പണരഹിത ഇടപാട് നടത്തുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ അനുപാതം ഒരു വർഷം കൊണ്ട് 37.5 ശതമാനത്തിൽ നിന്ന് 25 ശതമാനമായി കുറഞ്ഞു. കർഷകരുടെ അനുപാതം 25 ശതമാനത്തിൽ നിന്ന് 12.5 ആയി. എന്നാൽ ബാങ്കിൽ ഇടാൻ മാത്രം പണം കൈയിലില്ല എന്നതാണ് ദിവസവേതനക്കാർ അടക്കമുള്ള സാധാരണക്കാരന്റെ സ്ഥിതി.