CSES in Media

ഉയർന്ന കൂലി, തൊഴില്‍, ജീവിതസാഹചര്യം : അതിഥിത്തൊഴിലാളികളെ കേരളം ആകര്‍ഷിക്കുന്നത് ഇങ്ങനെയൊക്കെ

This report on CSES study was published in Deshabhimani on 18-04-2021

ഉയർന്ന ദിവസക്കൂലിയും കേരളത്തിലെ മികച്ച ജീവിത, തൊഴിൽ സാഹചര്യങ്ങളുമാണ്‌‌ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്ന്‌ അവിദഗ്‌ധ തൊഴിലാളികളുടെ വരവ്‌  വർധിക്കാൻ കാരണമെന്ന്‌ പഠനറിപ്പോർട്ട്.‌ വർഷംമുഴുവൻ തൊഴിൽ ലഭ്യത, വ്യത്യസ്‌ത മേഖലകളിൽ  തൊഴിൽ വൈദഗ്‌ധ്യം നേടാനുള്ള അവസരം, മറ്റു സംസ്ഥാനങ്ങളിലേതുപോലുള്ള വിവേചനം ഇല്ലായ്‌മ,  സ്‌ത്രീ തൊഴിലാളികൾക്കുള്ള സുരക്ഷിതത്വം എന്നിവയും തൊഴിലാളികളുടെ കേരളത്തിലേക്കുള്ള കുത്തൊഴുക്കിനു കാരണമാണെന്ന്‌ കൊച്ചിയിലെ സെന്റർ ഫോർ സോഷ്യോ എക്കണോമിക്‌ എൻവയൺമെന്റൽ സ്‌റ്റഡീസ്‌ നടത്തിയ പഠനത്തിൽ കണ്ടെത്തി. കാർഷികേതര തൊഴിലുകൾക്കുള്ള അവസരം കേരളത്തിൽ കൂടുതലാണെന്നതും  ഗ്രാമ–-നഗര വ്യത്യാസമില്ലാതെ ലഭിക്കുന്ന മികച്ച ജീവിതസാഹചര്യവും അതിഥിത്തൊഴിലാളികളെ ആകർഷിക്കുന്നതായി പഠനത്തിന്‌ നേതൃത്വം നൽകിയ സിഎസ്‌ഇഎസ്‌ ഡയറക്ടർ ഡോ. എൻ അജിത്‌കുമാർ പറഞ്ഞു.

കേന്ദ്രസർക്കാരിന്റെ ലേബർ ബ്യൂറോ കണക്കുപ്രകാരം ഉയർന്ന ശരാശരി ദിവസക്കൂലി കേരളത്തിലാണ്; 767.50 രൂപ‌. ദേശീയ ശരാശരി 320.85 രൂപ മാത്രമാണ്‌.  തമിഴ്‌നാട്‌ 557.38 രൂപ, ഹിമാചൽ പ്രദേശ്‌ 501 രൂപ. ജമ്മു കശ്‌മീർ 450 രൂപ എന്നിവയാണ്‌ അടുത്തുള്ളത്‌. ഗുജറാത്തിൽ 265 രൂപ, യുപിയിൽ 247.03 രൂപ, ഒഡിഷയിൽ 239.29 രൂപ, മധ്യപ്രദേശിൽ 222.01 രൂപ എന്നിങ്ങനെയാണ്‌ ദിവസക്കൂലി.

കേരളത്തിൽ ഉയർന്ന വിദ്യാഭ്യാസ നിരക്കുള്ളതിനാൽ  തൊഴിൽതേടി മറ്റു രാജ്യങ്ങളിൽ കുടിയേറുന്നവരുടെ നിരക്ക്‌ കൂടുന്നു‌. 20നും 34നും ഇടയിൽ‌ പ്രായമുള്ള തൊഴിലാളികളുടെ ലഭ്യത 1991ൽ 50 ശതമാനമായിരുന്നെങ്കിൽ 2011ൽ അത്‌ 38 ശതമാനമായി.

കേരളത്തിലെ അതിവേഗത്തിലുള്ള നഗരവൽക്കരണവും അവിദഗ്‌ധ തൊഴിലുകളുടെ ലഭ്യത കൂട്ടിയിട്ടുണ്ട്‌. നഗര ജനസംഖ്യ 1981ൽ 18.7 ശതമാനമായിരുന്നെങ്കിൽ 1991ൽ 26.4 ശതമാനമായി. നഗരവൽക്കരണം നടക്കുന്ന പ്രദേശങ്ങളുടെ ശതമാനം ഈ കാലയളവിൽ 31.2 ശതമാനത്തിൽ നിന്ന്‌ 47.7 ശതമാനത്തിലേക്ക്‌ ഉയർന്നു.

2015 മുതൽ 19വരെ കേരളത്തിലെത്തിയ ഉത്തരേന്ത്യൻ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നുള്ള അതിഥി തൊഴിലാളികളിൽ നടത്തിയ വിവരശേഖരണവും തുടർന്നുള്ള വിശകലനത്തിൽനിന്നുമാണ്‌ റിപ്പോർട്ടിലെ കണ്ടെത്തലുകൾ. 1960ൽ ആരംഭിക്കുകയും 1990കളിൽ ഏറ്റവും ഉയർന്ന നിരക്കിലെത്തുകയും ചെയ്‌ത തമിഴ്‌നാട്ടിൽ്നിന്നുള്ള അവിദഗ്‌ധ തൊഴിലാളികളുടെ വരവ്‌ അവിടെ തൊഴിൽ അവസരം കൂടിയതോടെ കുറഞ്ഞിട്ടുണ്ടെന്നും റിപ്പോർട്ട്‌ പറയുന്നു.

2015 മുതല്‍ 19വരെ കേരളത്തിലെത്തിയ ഉത്തരേന്ത്യന്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള അതിഥി തൊഴിലാളികളില്‍ നടത്തിയ വിവരശേഖരണവും തുടര്‍ന്നുള്ള വിശകലനത്തില്‍നിന്നുമാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍. 1960ല്‍ ആരംഭിക്കുകയും 1990കളില്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തുകയും ചെയ്‌ത തമിഴ്‌നാട്ടില്‍നിന്നുള്ള അവിദഗ്ധ തൊഴിലാളികളുടെ വരവ് അവിടെ തൊഴില്‍ അവസരം കൂടിയതോടെ കുറഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.