CSES in Media

‘ഉയർന്ന ആയുർദൈർഘ്യം കേരളത്തിന്റെ വെല്ലുവിളി‘

This report was published in Madhyamam daily on 12/01/2023

സാമൂഹികശാസ്ത്ര ഗവേഷകരംഗത്ത് 25 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി സെന്റർ ഫോർ സോഷ്യോ-എക്കണോമിക്ക് ആന്റ് എൻവയൺമെന്റൽ സ്റ്റഡീസ് (സി.എസ്.ഇ.എസ്.) ആരംഭിക്കുന്ന “ഡയലോഗ്‌സ് ഓൺ കേരള ഡെവലപ്പ്മെന്റ്“ എന്ന കോൺഫറൻസ് പരമ്പര പ്ലാനിങ് ബോർഡ് വൈസ് ചെയർപേഴ്സൺ പ്രഫ. വി.കെ. രാമചന്ദ്രൻ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു. ആരോഗ്യവും ജനസംഖ്യാപരവുമായ സൂചികകളിൽ കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിലാണെങ്കിലും ഉയർന്ന ആയുർദൈർഘ്യം ഉൾപ്പെടെയുള്ള ജനസംഖ്യാപരമായ മാറ്റങ്ങൾ ഉയർത്തുന്ന പുതിയ വെല്ലുവിളികളെ നേരിടുക എന്നതിലേക്കാണ് ശ്രദ്ധ ഇനി പതിയേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

തൈക്കാട് കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫയറിൽ നടക്കുന്ന സമ്മേളനത്തിൽ “മാറുന്ന കേരളത്തിന്റെ വെല്ലുവിളികൾ: ആരോഗ്യം, ജനസംഖ്യാമാറ്റം” എന്ന വിഷയമാണ് ചർച്ച ചെയ്യുന്നത്. സി.എസ്.ഇ.എസ്. ഡയറക്ടർ ഡോ. എൻ. അജിത് കുമാർ ആമുഖപ്രഭാഷണം നടത്തി. ഉദ്‌ഘാടന സെഷനിൽ കേരളത്തിന്റെ ജനസംഖ്യാപരമായ മാറ്റങ്ങളെക്കുറിച്ച് ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപുലേഷൻ സയൻസസ് ഡയറക്‌ടർ ഡോ. കെ.എസ്. ജെയിംസ് സംസാരിച്ചു. കേരളത്തിന്റെ ആരോഗ്യ-പരിചരണമേഖലകൾ നേരിടുന്ന പുതിയ വെല്ലുവിളികളെക്കുറിച്ച് അച്യുതമേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസ് തലവൻ ഡോ. ബിജു സോമൻ സംസാരിച്ചു. ആരോഗ്യമേഖലയിലെ സർക്കാർ നിക്ഷേപം ഇനിയും ഉയർത്തേണ്ട ആവശ്യകതയെക്കുറിച്ച് കോഴിക്കോട് ഗവൺ‌മെന്റ് മെഡിക്കൽ കോളേജ് പതോളജി വിഭാഗം മുൻ പ്രഫ. ഡോ. കെ.പി. അരവിന്ദൻ സംസാരിച്ചു. ആരോഗ്യമേഖലയിൽ കേരളസർക്കാർ ഉയർന്ന നിക്ഷേപം നടത്തുന്നുണ്ടെങ്കിലും വ്യക്തിഗത ചെലവുകൾ കൂടുതലാണ്. ആരോഗ്യപ്രവർത്തകരുടെ എണ്ണം ആവശ്യത്തിനില്ലാത്തത് വലിയ വെല്ലുവിളിയാണ് – അദ്ദേഹം പറഞ്ഞു. ജനസംഖ്യാപരമായ മാറ്റങ്ങൾ ആരോഗ്യ മേഖലയിലുണ്ടാക്കുന്ന പ്രതിഫലനങ്ങൾ, ആരോഗ്യ മേഖലയിലെ അസമത്വങ്ങൾ എന്നീ വിഷയങ്ങൾ ചർച്ച ചെയ്തു. ഡോ. രഖാൽ ഗെയ്തൊണ്ടെ, ഡോ. ടി.വി. ശേഖർ എന്നിവർ അധ്യക്ഷത വഹിച്ചു. രണ്ടു സെഷനുകളിലായി 12 അക്കാദമിക പേപ്പറുകൾ അവതരിപ്പിക്കപ്പെട്ടു.