CSES in Media

ഇത് ജനകീയ കാലാവസ്ഥാ അതിജീവനത്തിന്‍റെ കാലം

This report was published in Metro Vaartha on 25.03.2026

കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുന്നിട്ടിറങ്ങണമെന്ന് മുൻ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. കേരളത്തിന്‍റെ അതിജീവന മാതൃകകളെക്കുറിച്ചുള്ള ലേഖനം.

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ചർച്ചകൾ ആഗോള-ദേശീയ വേദികളിൽ മാത്രം ഒതുങ്ങിനിൽക്കാതെ സാധാരണക്കാരിലേക്ക് ഇറങ്ങിച്ചെല്ലണമെന്ന് കേരളത്തിന്‍റെ മുൻ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. സെന്‍റർ ഫൊർ സോഷ്യോ ഇക്കണോമിക് ആൻഡ് എൻവയോൺമെന്‍റൽ സ്റ്റഡീസ് (CSES) പുറത്തിറക്കിയ വർക്കിങ് പേപ്പറിലാണ്, കടുത്ത കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കാൻ സമൂഹത്തെ സജ്ജമാക്കുന്നതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള (LSG) നിർണായക പങ്കിനെക്കുറിച്ച് അവർ ഊന്നിപ്പറയുന്നത്.

2018-ലെ പ്രളയം കേരളത്തിന്‍റെ പരിസ്ഥിതിലോല അവസ്ഥ തുറന്നുകാട്ടിയ ഒരു വഴിത്തിരിവായിരുന്നു. ദുരന്ത നിവാരണത്തിലും കാലാവസ്ഥാ അതിജീവനത്തിലും തദ്ദേശ ഭരണകൂടങ്ങളുടെ പങ്ക് എത്രത്തോളം വലുതാണെന്ന് അന്ന് തെളിയിക്കപ്പെട്ടു.

പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞൻ കെ.കെ. ജോർജിനെ അനുസ്മരിക്കുന്ന പ്രബന്ധത്തിൽ ശാരദ മുരളീധരൻ കുറിക്കുന്നത് ഇങ്ങനെയാണ്: ”കാലാവസ്ഥാ സംരക്ഷണം എന്നത് കാലങ്ങളായി ദേശീയ സർക്കാരുകളുടെയും ആഗോള സംഘടനകളുടെയും മാത്രം ഉത്തരവാദിത്വമായാണ് കണ്ടുവരുന്നത്. എന്നാൽ, കേരളം ഇതിൽ നിന്ന് വ്യത്യസ്തമായ ഒരു പാത വെട്ടിത്തെളിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ തലത്തിൽ രൂപപ്പെടുന്ന റിസ്ക് ഇൻഫോംഡ് മാസ്റ്റർ പ്ലാനുകൾ, ദുരന്ത ആഘാതങ്ങൾ വിലയിരുത്താനുള്ള സംവിധാനങ്ങൾ, പ്രാദേശിക കാലാവസ്ഥാ പ്രവചന മാതൃകകൾ എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. ഈ പരീക്ഷണങ്ങളെ പുതിയ സാങ്കേതികവിദ്യയുടെയും വിജ്ഞാന സംവിധാനങ്ങളുടെയും സഹായത്തോടെ കൂടുതൽ ആഴത്തിൽ കൊണ്ടുപോകണം.”

2005-ലെ ദുരന്ത നിവാരണ നിയമം കേന്ദ്ര-സംസ്ഥാന-തദ്ദേശ തലങ്ങളിൽ കൃത്യമായ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നുണ്ടെങ്കിലും, 2018-ലെ പ്രളയമാണ് തദ്ദേശ സ്ഥാപനങ്ങളുടെ ജാഗ്രതയെ ലോകത്തിനു കാണിച്ചുതന്നത്. പ്രാദേശികമായ അറിവുകൾ ഉപയോഗിച്ച് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും ആൾനാശം കുറയ്ക്കുന്നതിലും അവ വഹിച്ച പങ്ക് വലുതായിരുന്നു. ഇതിനുശേഷം ജൈവവൈവിധ്യം, കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി സംരക്ഷണം, ദുരന്ത നിവാരണം എന്നിവയ്ക്കായി പ്രത്യേക വർക്കിങ് ഗ്രൂപ്പുകൾ തദ്ദേശ ഭരണസംവിധാനത്തിന്‍റെ ഭാഗമായി മാറി.

ഹരിത നിർമാണ രീതികളെ പ്രോത്സാഹിപ്പിക്കാനും ഉത്തരവാദിത്വത്തോടെയുള്ള അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കാനും ശക്തമായ മാലിന്യ സംസ്കരണ സംവിധാനങ്ങൾ നടപ്പിലാക്കാനും തദ്ദേശ സ്ഥാപനങ്ങളെ പ്രാപ്തരാക്കേണ്ടത് സർക്കാരിന്‍റെ കടമയാണെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു. സബ്‌സിഡികൾ കാലാവസ്ഥാ സൗഹൃദമായ പ്രവർത്തനങ്ങൾക്കായി മാറ്റിവയ്ക്കണമെന്നും പുതിയ സാങ്കേതികവിദ്യകളും വിവരങ്ങളും (Data) തദ്ദേശ സ്ഥാപനങ്ങൾക്ക് കൃത്യമായി ലഭ്യമാക്കണമെന്നും അവർ നിർദേശിക്കുന്നു.

ബഹിരാകാശ സാങ്കേതികവിദ്യയുടെ വളർച്ച കാലാവസ്ഥാ വിവരങ്ങൾ വിശകലനം ചെയ്യുന്നത് എളുപ്പമാക്കിയിട്ടുണ്ട്. ഈ വിവരങ്ങളെ സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിലുള്ള പ്രവർത്തന പദ്ധതികളാക്കി മാറ്റാൻ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്‌ട്രേഷൻ (KILA) സഹായം നൽകണം. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ കിലയ്ക്ക് ഒരു നോളജ് ഹബ്ബായി പ്രവർത്തിക്കാൻ കഴിയും. കാലാവസ്ഥാ പ്രതിരോധം തദ്ദേശ ഭരണത്തിന്‍റെ അവിഭാജ്യ ഘടകമായി മാറണം. ഇതിനായി പരിസ്ഥിതി സൗഹൃദമായ കാഴ്ചപ്പാടുകളുള്ള വിദഗ്ധരുടെ സേവനം ഈ മേഖലയിൽ ആവശ്യമാണ്.

പ്രാദേശികമായ പ്രത്യേകതകൾ പരിഗണിച്ചുകൊണ്ടുള്ള ആക്ഷൻ പ്ലാനുകൾ ഓരോ തദ്ദേശ സ്ഥാപനവും തയാറാക്കണം. ഇത്തരം പ്രവർത്തനങ്ങളിലെ മികവ് പരിഗണിച്ച് അവർക്ക് ലഭിക്കുന്ന ഗ്രാന്‍റുകളുടെ ഒരു ഭാഗം നൽകുന്നത് ഈ മാറ്റത്തിന് വേഗം കൂട്ടുമെന്നും ശാരദ മുരളീധരൻ തന്‍റെ പ്രബന്ധത്തിൽ വ്യക്തമാക്കുന്നു.