CSES in Media

അശമന്നൂർ ഗ്രാമ പഞ്ചായത്ത് ആസ്തികൾ ഡിജിറ്റൽ ആകുന്നു

This report on CSES was published on 23-02-2022

അശമന്നൂർ ഗ്രാമ പഞ്ചായത്തിലെ ആസ്തികളുടെ ഡിജിറ്റൈസേഷൻ പ്രവർത്തനത്തിന് തുടക്കമായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഷിജി ഷാജി പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ജോബി ഐസക്ക്, സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺമാരായ ശ്രീമതി. ലത രാമചന്ദ്രൻ, ശ്രീമതി. ഗീതാ രാജീവ്, വാർഡ് മെമ്പർ ശ്രീമതി. സുബി ഷാജി എന്നിവർ പങ്കെടുത്തു.
ഗ്രാമ പഞ്ചായത്തിന്റെ ആസ്തികളായ റോഡുകൾ, കെട്ടിടങ്ങൾ, കുടിവെള്ള സൌകര്യങ്ങൾ, ജലസേചന സൌകര്യങ്ങൾ, തെരുവ് വിളക്കുകൾ, പാലങ്ങൾ, കലുങ്കുകൾ, പഞ്ചായത്ത് പുറമ്പോക്ക്/ഭൂമി, മാലിന്യ സംസ്കരണ സംവിധാനങ്ങൾ തുടങ്ങി പഞ്ചായത്തിൽ വരുന്ന മുഴുവൻ ആസ്തികളുടെയും രജിസ്റ്റർ വിശദമായ പരിശോധനയിലൂടെ പുതുക്കുകയും, ഇവ ജിയോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റത്തിന്റെ (ജി.ഐ.എസ്.) സഹായത്തോടെ ഡിജിറ്റൈസും ചെയ്യുന്നു.

ജി.ഐ.എസ്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ, പഞ്ചായത്തിനു കീഴിൽ വരുന്ന മുഴുവൻ ആസ്തികളേയും ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് കൊണ്ട് വരുന്നതിലൂടെ, ആസ്തികൾ സംബന്ധിച്ച വിവരങ്ങൾ അതിന്റെ സ്ഥാനമടക്കം വളരെ കൃത്യമായും എളുപ്പത്തിലും മനസ്സിലാക്കുന്നതിനും, വികസന-ഭരണ പ്രവർത്തനങ്ങൾ എളുപ്പത്തിലാക്കുന്നതിനും സഹായകമാകും. വികസന പ്രവർത്തനങ്ങളുടെ ആസൂത്രണത്തിനും, ശാസ്ത്രീയമായ തെരഞ്ഞെടുപ്പിനും, നിർവ്വഹണത്തിനും സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിലൂടെ കൂടുതൽ സുതാര്യവും ജനകീയവും ആധുനികവുമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ പഞ്ചായത്തിനു സാധിക്കും. ജി.ഐ.എസ്. സാങ്കേതിക വിദ്യയിലൂടെ ഗ്രാമ പഞ്ചായത്ത് ആസ്തികൾ ഡിജിറ്റൈസ് ചെയ്യുന്ന കൂവപ്പടി ബ്ലോക്ക് അതിർത്തിയിലെ ആദ്യ ഗ്രാമ പഞ്ചായത്തായി മാറുകയാണ് അശമന്നൂർ. കൂടുതൽ വിവരങ്ങൾ കൂട്ടിച്ചേർക്കാനും നിരന്തരം പരിഷ്കരിക്കാനും കഴിയാവുന്ന സൌകര്യത്തോട് കൂടിയാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ സോഷ്യോ-എക്കണോമിക് ആന്റ് എൻ‌വയൺ‌മെന്റൽ സ്റ്റഡീസ് (സി.എസ്.ഇ.എസ്.) ആണ് പദ്ധതിയുടെ നിർവ്വഹണ സഹായ ഏജൻസി.