CSES in Media

അതിദാരിദ്ര്യ നിർമ്മാർജ്ജനം; സംസ്ഥാന പദ്ധതികൾ ഗുണകരമെന്ന്‌ സിഎസ്‌ഇഎസ്‌ പഠനം

This report was published in Deshabhimani on 15.03.2024

അതിദാരിദ്ര്യത്തിലേക്കു വീഴാൻ സാധ്യതയുള്ളവരെയും കണ്ടെത്തണം

അതിദാരിദ്ര്യം ഇല്ലായ്‌മ ചെയ്യാൻ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ പ്രശംസനീയമാണെങ്കിലും ചെറിയ മാറ്റങ്ങൾകൂടി വരുത്തിയാൽ കൂടുതൽ ഗുണകരമാകുമെന്ന്‌ പഠനം. കടുത്ത ദാരിദ്ര്യത്തിലേക്ക് വീഴാൻ സാധ്യതയുള്ളവരെ നേരത്തേ തിരിച്ചറിയുന്നതിനും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുംകൂടി ശ്രദ്ധവേണമെന്ന്‌ കൊച്ചിയിലെ സെന്റർ ഫോർ സോഷ്യോ ഇക്കണോമിക്‌ ആൻഡ്‌ എൻവയൺമന്റൽ സ്‌റ്റഡീസ്‌ (സിഎസ്‌ഇഎസ്‌) നടത്തിയ പഠനം നിർദേശിക്കുന്നു.

ഒരു കുടുംബം ദാരിദ്ര്യത്തിൽ അകപ്പെട്ടാൽ അവരെ അതിൽനിന്ന് കരകയറ്റുന്നത് കൂടുതൽ ബുദ്ധിമുട്ടാകും. പ്രശ്‌നങ്ങൾ കൂടുതൽ സങ്കീർണവും പരിഹരിക്കാൻ പ്രയാസകരവുമാകുന്നതിനുംമുമ്പ് അവരെ പിന്തുണയ്ക്കണം.  ഇത്തരം കുടുംബങ്ങളെ വാർഷിക, ദ്വൈവാർഷിക പുനരവലോകനങ്ങൾക്കായി കാത്തിരിക്കാതെ അതിദരിദ്രരുടെ പട്ടികയിൽ ഉൾപ്പെടുത്തണം. ഈ പദ്ധതിയിലേക്ക്‌ കുടുംബങ്ങളെ തെരഞ്ഞെടുക്കൽ സംവിധാനവും ഉൾപ്പെടുത്തൽ മാനദണ്ഡങ്ങളും പരിഷ്കരിക്കണം. അങ്ങേയറ്റം ദരിദ്രരായ കുടുംബങ്ങളെ വാർഡുതല സമിതി സന്ദർശിച്ച് അവരുടെ നിലയിലെ മാറ്റവും ആവശ്യങ്ങളും വിലയിരുത്തണം. ഇതിനെ അടിസ്ഥാനമാക്കി മൈക്രോ പ്ലാനുകളിൽ മാറ്റം വരുത്തണം.

നല്ല രീതിയിൽ ഇടപെടലുകളുണ്ടായിട്ടും അഗതിരഹിത കേരളം പദ്ധതിയിൽ ഉൾപ്പെട്ട പല കുടുംബങ്ങളും ഇപ്പോഴും വെല്ലുവിളി നേരിടുന്നു. കുടുംബങ്ങളെ കടുത്ത ദാരിദ്ര്യത്തിൽനിന്ന് മോചിപ്പിക്കുന്നതിന്‌ ഇപ്പോൾ വിഭാവനം ചെയ്‌ത അഞ്ചു വർഷത്തിനുശേഷവും പദ്ധതികൾ തുടരണം. വടക്കൻ കേരളത്തിലെ പനമരം, തെക്കൻ കേരളത്തിലെ ആലപ്പാട്, മധ്യകേരളത്തിലെ അശമന്നൂർ പഞ്ചായത്തുകളിൽ നടത്തിയ വിപുലമായ ഫീൽഡ് സർവേയെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്‌. ഗവേഷകരായ എസ്‌ ജി അതുൽ, ഡോ. എൻ അജിത്കുമാർ, ഡോ. പാർവതി സുനൈന, നാഗരാജൻ ആർ ദുരൈ, ബിബിൻ തമ്പി എന്നിവരാണ്‌ പഠനത്തിന്‌ നേതൃത്വം നൽകിയത്‌.