CSES in Media

അതിദാരിദ്ര്യ നിർമ്മാർജനം: മാറ്റങ്ങൾ വേണമെന്ന് പഠനം

This report was published in Janayugom on 14.03.2024

അതിദാരിദ്ര്യം ഇല്ലായ്മ ചെയ്യാൻ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ പ്രശംസനീയമാണെങ്കിലും മാറ്റങ്ങൾ വേണമെന്ന് പഠനം. കടുത്ത ദാരിദ്ര്യത്തിലേക്ക് വീഴാൻ സാധ്യതയുള്ളവരെ നേരത്തെ തിരിച്ചറിയുന്നതിനും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കൂടി ശ്രദ്ധ വേണമെന്ന് കൊച്ചിയിലെ സെൻ്റർ ഫോർ സോഷ്യോ ഇക്കണോമിക് ആന്റ് എൻവയൺമെൻ്റൽ സ്റ്റഡീസ് (സിഎസ്ഇഎസ്) നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു.

നിലവിലെ പദ്ധതികളായ അഗതിരഹിത കേരളം (ഡിഎഫ്കെ), അതിദാരിദ്ര്യ നിർമാർജന പരിപാടി (ഇപിഇപി) എന്നിവ സംയോജിപ്പിക്കണമെന്ന നിർദേശം പഠനം മുന്നോട്ടുവയ്ക്കുന്നു. തിരഞ്ഞെടുത്ത മൂന്ന് ഗ്രാമപഞ്ചായത്തുകളിലെ ഫീൽഡ് വർക്ക് അടിസ്ഥാനമാക്കിയാണ് പഠനം തയ്യാറാക്കിയത്.

തീവ്രദരിദ്ര കുടുംബങ്ങൾ ഏറ്റവും കൂടുതലുള്ളതും ഗണ്യമായ ആദിവാസി ജനസംഖ്യയുള്ളതുമായ വടക്കൻ കേരളത്തിലെ പനമരം, ഗണ്യമായ മത്സ്യത്തൊഴിലാളി ജനതയുള്ള ആലപ്പാട്, മധ്യകേരളത്തിലെ നഗര സാമീപ്യമുള്ള ഗ്രാമപഞ്ചായത്തായ അശമന്നൂർ എന്നിവിടങ്ങളിലായിരുന്നു സർവേ. അതുൽ എസ് ജി, ഡോ.എൻ അജിത് കുമാർ, ഡോ. പാർവതി സുനൈന, നാഗരാജൻ ആർ ദുരൈ, ബിബിൻ തമ്പി എന്നിവരായിരുന്നു പഠനം നടത്തിയത്.

അതിദാരിദ്ര്യം തുടച്ചുനീക്കുന്നതിനുള്ള പദ്ധതിയിൽ അത്തരം കുടുംബങ്ങളെ ലക്ഷ്യമിട്ടുള്ള ഒരു പുതിയ ഘടകം ആവശ്യമാണ്. അങ്ങേയറ്റം ദരിദ്രരായ കുടുംബങ്ങളെ നിലവിലുള്ള വാർഡ്‌തല സമിതി വർഷംതോറും സന്ദർശിച്ച് അവരുടെ നിലയിലെ മാറ്റവും ആവശ്യങ്ങളും വിലയിരുത്തണം. ഇതിനെ അടിസ്ഥാനമാക്കി മൈക്രോ പ്ലാനുകളിൽ മാറ്റം വരുത്തണം.

അതിദാരിദ്ര്യ നിർമ്മാർജനത്തിനായുള്ള പദ്ധതികൾ സംയോജിപ്പിക്കുകയും, സംയോജിത പരിപാടിയിൽ ഉൾപ്പെടുത്തേണ്ട കുടുംബങ്ങളെ തിരിച്ചറിയാൻ തദ്ദേശസ്ഥാപനങ്ങൾ അഗതിരഹിതകേരളം പദ്ധതിയിൽ ഉൾപ്പെട്ട കുടുംബങ്ങളുടെ ജീവിതനിലവാരം വിലയിരുത്തുകയും വേണം. അതിദാരിദ്ര്യ നിർമാർജന പദ്ധതി ഇപ്പോൾ വിഭാവനം ചെയ്തിരിക്കുന്ന അഞ്ച് വർഷത്തിന് ശേഷവും തുടരണം.

ഇതിനായി തദ്ദേശ സ്ഥാപന തലത്തിൽ ദുരിതാശ്വാസ ഫണ്ട് ആരംഭിക്കണം. തീവ്ര ദരിദ്രരെ തിരിച്ചറിയുന്നതിന് ഏകീകൃത സമീപനമോ പതിവ് മാനദണ്ഡങ്ങളോ സ്കോറിങ്ങിന്റെ സാങ്കേതികതയോ അനുയോജ്യമല്ലെന്നും സൂചിപ്പിക്കുന്നു.

ഇപിഇപി, ഡിഎഫ്‌കെ എന്നിവ നടപ്പിലാക്കിയതിന്റെ അനുഭവത്തെ അടിസ്ഥാനമാക്കി തിരഞ്ഞെടുക്കൽ സംവിധാനവും ഉൾപ്പെടുത്തൽ മാനദണ്ഡങ്ങളും പരിഷ്കരിക്കണമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.