CSES in Media

അതിദാരിദ്ര്യ നിർമാർജനം: മാറ്റങ്ങൾ ആവശ്യമെന്ന് പഠനം

This report was published in True Copy Think on 14.03.2024

കടുത്ത ദാരിദ്ര്യത്തിലേക്ക് വീഴാൻ സാധ്യതയുള്ളവരെ നേരത്തെ തിരിച്ചറിയുന്നതിനും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കൂടി ശ്രദ്ധ വേണമെന്ന് കൊച്ചിയിലെ സെന്റർ ഫോർ സോഷ്യോ എക്കണോമിക് ആന്റ് എൻവയൺമന്റൽ സ്‌റ്റഡീസ് നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു.

അതിദാരിദ്ര്യം ഇല്ലായ്‌മ ചെയ്യാൻ സംസഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ പ്രശംസനീയമാണെങ്കിലും മാറ്റങ്ങൾ ആവശ്യമാണെന്ന് പഠനം. കടുത്ത ദാരിദ്ര്യത്തിലേക്ക് വീഴാൻ സാധ്യതയുള്ളവരെ നേരത്തെ തിരിച്ചറിയുന്നതിനും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കൂടി ശ്രദ്ധ വേണമെന്ന് കൊച്ചിയിലെ സെന്റർ ഫോർ സോഷ്യോ എക്കണോമിക് ആന്റ് എൻവയൺമന്റൽ സ്‌റ്റഡീസ് (സി എസ് ഇ എസ്‌) നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു.
ഗവേഷകരായ അതുൽ എസ്. ജി, ഡോ. എൻ. അജിത് കുമാർ, ഡോ. പാർവതി സുനൈന, നാഗരാജൻ ആർ ദുരൈ, ബിബിൻ തമ്പി എന്നിവരാണ് പഠനം നടത്തിയത്. നിലവിലെ പദ്ധതികളായ അഗതി രഹിത കേരളം അഥവാ ഡെസ്റ്റിറ്റ്യൂട്ട് ഫ്രീ കേരളയും (DFK) അതിദാരിദ്ര്യ നിർമാർജന പരിപാടിയും (EPEP) യും സംയോജിപ്പിക്കണമെന്ന് പഠനം നിർദേശിക്കുന്നു.

തിരഞ്ഞെടുത്ത മൂന്ന് ഗ്രാമപഞ്ചായത്തുകളിലെ വിപുലമായ ഫീൽഡ് വർക്കിനെ അടിസ്ഥാനമാക്കിയായിരുന്നു പഠനം. തീവ്ര ദരിദ്ര കുടുംബങ്ങൾ ഏറ്റവും കൂടുതലുള്ളതും ഗണ്യമായ ആദിവാസി ജനസംഖ്യയുള്ളതുമായ വടക്കൻ കേരളത്തിലെ പനമരം, തെക്കൻ കേരളത്തിലെ, ഗണ്യമായ മത്സ്യത്തൊഴിലാളി ജനസംഖ്യയുള്ള ആലപ്പാട്, മധ്യകേരളത്തിലെ നഗരസാമീപ്യമുള്ള ഗ്രാമപഞ്ചായത്തായ അശമന്നൂർ എന്നിവയായിരുന്നു പഞ്ചായത്തുകൾ.

ശുപാർശകൾ

കടുത്ത ദാരിദ്ര്യത്തിലേക്ക് വീഴാൻ സാധ്യതയുള്ളവരെ കൂടി ലക്ഷ്യം വെക്കണം:

അതിദാരിദ്ര്യം തുടച്ചുനീക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങൾ പ്രശംസനീയമാണ്. എന്നാൽ ഇതിനുള്ള നിലവിലെ പരിപാടികളായ അഗതിരഹിത കേരളം പദ്ധതിയും അതിദാരിദ്ര്യ നിർമാർജന പരിപാടിയും സംയോജിപ്പിക്കണം. ഇപ്പോൾ ലക്ഷ്യമിടുന്നത് അതിദരിദ്ര കുടുംബങ്ങളെ മാത്രമാണ്. കടുത്ത ദാരിദ്ര്യത്തിലേക്ക് വീഴാൻ സാധ്യതയുള്ളവരെ നേരത്തെ തിരിച്ചറിയുന്നതിനും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കൂടി ശ്രദ്ധ വേണം. അതിദാരിദ്ര്യം തുടച്ചുനീക്കുന്നതിനുള്ള പദ്ധതിയിൽ ഇത്തരം കുടുംബങ്ങളെ ലക്ഷ്യമിട്ടുള്ള ഒരു പുതിയ ഘടകം ആവശ്യമാണെന്ന് പഠനം നിർദേശിക്കുന്നു.

അതിദരിദ്രരെ നേരത്തേ തിരിച്ചറിയുക:

ഒരു കുടുംബത്തിന്റെ ദാരിദ്ര്യത്തിന്റെ കടുപ്പം കൂടുംതോറും അവരെ അതിൽ നിന്ന് കരകയറ്റുന്നത് കൂടുതൽ ബുദ്ധിമുട്ടാകും. അതിനാൽ, അതിദാരിദ്ര്യത്തിലേക്ക് വീഴാൻ സാധ്യതയുള്ള കുടുംബങ്ങളെയും ഇതിനകം അതിദാരിദ്ര്യത്തിലേക്ക് വഴുതിവീണവരെയും നേരത്തെ തിരിച്ചറിയണം. പ്രശ്‌നങ്ങൾ കൂടുതൽ സങ്കീർണ്ണവും പരിഹരിക്കാൻ പ്രയാസകരവുമാകുന്നതിനുമുമ്പ് അവരെ പിന്തുണയ്ക്കുകയും വേണം. ഇത് പ്രാദേശിക തലത്തിൽ മാത്രമേ ചെയ്യാനാകൂ. അങ്ങേയറ്റം ദരിദ്രരായ കുടുംബങ്ങളെ നിലവിലുള്ള വാർഡ് തല സമിതി വർഷം തോറും സന്ദർശിച്ച് അവരുടെ നിലയിലെ മാറ്റവും ആവശ്യങ്ങളും വിലയിരുത്തണം. ഇതിനെ അടിസ്ഥാനമാക്കി മൈക്രോ പ്ലാനുകളിൽ മാററം വരുത്തണം. വാർഡിലെ ഏറ്റവും ദരിദ്രരായ കുടുംബങ്ങളുടെ സ്ഥിതി മെച്ചപ്പെടുത്തുകയോ മോശമാവുകയോ ചെയ്യുന്നത് ഗ്രാമസഭയുടെ ചർച്ചകളിൽ ഇടം പിടിക്കണം.

അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിനായുള്ള പദ്ധതികൾ സംയോജിപ്പിക്കുക:

വർഷങ്ങളോളം നല്ല രീതിയിൽ ഇടപെടലുകൾ ഉണ്ടായിട്ടും അഗതികേരളം പദ്ധതി ഉൾപ്പെട്ട പല കുടുംബങ്ങളും ഇപ്പോഴും അതിദാരിദ്ര്യ നിർമാർജന പദ്ധതിയിലെ അതിദരിദ്ര കുടുംബങ്ങൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ തന്നെ നേരിടുന്നുണ്ടെന്ന് തിരിച്ചറിയണം. അതേസമയം, സ്ഥിതി മെച്ചപ്പെടുത്തുകയും മികച്ച വരുമാനം നേടുകയും ചെയ്യുന്ന കുടുംബങ്ങളുമുണ്ട്. അതിനാൽ, സംയോജിത പരിപാടിയിൽ ഉൾപ്പെടുത്തേണ്ട കുടുംബങ്ങളെ തിരിച്ചറിയാൻ തദ്ദേശസ്ഥാപനങ്ങൾ അഗതിരഹിതകേരളം പദ്ധതിയിൽ ഉൾപ്പെട്ട കുടുംബങ്ങളുടെ ജീവിതനിലവാരം വിലയിരുത്തണം. കടുത്ത ദാരിദ്ര്യം തുടച്ചുനീക്കുന്നതിനുള്ള രണ്ട് വ്യത്യസ്ത പദ്ധതികളായി തുടരേണ്ടതില്ല.

തുടർ പിന്തുണ ഉറപ്പാക്കുക:

കുടുംബങ്ങളെ കടുത്ത ദാരിദ്ര്യത്തിൽനിന്ന് അകറ്റി നിർത്തുന്നതിന് തുടർച്ചയായ പിന്തുണ ആവശ്യമാണ്. പ്രശ്‌നങ്ങൾ അത്ര സങ്കീർണ്ണമാണ്‌. അതിനാൽ, അതിദാരിദ്ര്യ നിർമാർജന പദ്ധതി ഇപ്പോൾ വിഭാവനം ചെയ്തിരിക്കുന്ന അഞ്ച് വർഷത്തിന് ശേഷവും തുടരണം. നിലവിൽ ലക്ഷ്യമിടുന്ന കുടുംബങ്ങൾ കടുത്ത ദാരിദ്ര്യത്തിലേക്ക് തിരികെ പോകുന്നതും പുതിയ കുടുംബങ്ങൾ അതിലേക്ക് വഴുതിവീഴുന്നതും തടയുന്നതിനുള്ള തന്ത്രങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം.

ആഘാതങ്ങൾ നേരിടാനുള്ള സംവിധാനം:

വരുമാനമുള്ള ഒരു അംഗത്തിന്റെ പെട്ടെന്നുള്ള മരണമോ വൈകല്യമോ ആകാം ചില കുടുംബങ്ങളെ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ട പ്രധാന ആഘാതം. ഈ വ്യക്തി കുടുംബത്തിന്റെ ഏക വരുമാന സ്രോതസ്സാണെങ്കിൽ ആഘാതം ഗുരുതരമാകും. സാമൂഹിക ബന്ധങ്ങളും വീട്ടിലെ മറ്റുള്ളവരുടെ പരിചരണവും പ്രാഥമികമായി മരണപ്പെട്ടയാളുടെ ഉത്തരവാദിത്തമാണെങ്കിൽ സ്ഥിതി കൂടുതൽ മോശമാവും. സമയബന്ധിതമായ പിന്തുണ ലഭിച്ചില്ലെങ്കിൽ അത്തരമൊരു കുടുംബം ഒറ്റയടിക്ക് കടുത്ത ദാരിദ്ര്യത്തിലേക്ക് വീഴും. അയൽപക്ക തലത്തിൽ (വാർഡ്) മാത്രമേ ഇത് നേരത്തെ തിരിച്ചറിയാൻ കഴിയൂ. അത്തരം സാഹചര്യങ്ങളിൽ, സാമ്പത്തിക സഹായം ഉൾപ്പെടെയുള്ള അടിയന്തര പിന്തുണ പെട്ടെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. ഇതിനായി, തദ്ദേശ സ്ഥാപന തലത്തിൽ ഒരു ദുരിതാശ്വാസ ഫണ്ട് ആരംഭിക്കണം സംസ്ഥാന-പ്രാദേശിക സർക്കാരുകൾ സംയുക്തമായി വിഭവ-പങ്കിടൽ അടിസ്ഥാനത്തിലും സമൂഹത്തിൽ നിന്നുള്ള സംഭാവനകൾ ഉപയോഗിച്ചും ഈ പദ്ധതി നടപ്പിലാക്കാം.

തിരഞ്ഞെടുക്കൽ സംവിധാനം അവലോകനം ചെയ്യുക:

വരുമാനമുള്ള ഏക അംഗത്തിന്റെ മരണമോ സ്ഥിരമായ വൈകല്യമോ കുടുംബങ്ങളെ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്നതിനാൽ, അത്തരം ആഘാതങ്ങൾ അനുഭവിക്കുന്ന കുടുംബങ്ങളെ വാർഷിക അല്ലെങ്കിൽ ദ്വിവാർഷിക പുനരവലോകനത്തിനായി കാത്തിരിക്കാതെ തന്നെ അതിദരിദ്രരുടെ പട്ടികയിൽ ഉൾപ്പെടുത്തണം. തീവ്ര ദരിദ്രരെ തിരിച്ചറിയുന്നതിന് ഏകീകൃത സമീപനമോ പതിവ് മാനദണ്ഡങ്ങളോ സ്‌കോറിംഗിന്റെ സാങ്കേതികതയോ അനുയോജ്യമല്ലെന്നും ഇത് സൂചിപ്പിക്കുന്നു. ഇക്കാര്യം പരിഗണിച്ചും ഇപിഇപി, ഡിഎഫ്കെ എന്നിവ നടപ്പിലാക്കിയതിന്റെ അനുഭവത്തെ അടിസ്ഥാനമാക്കിയും തിരഞ്ഞെടുക്കൽ സംവിധാനവും ഉൾപ്പെടുത്തൽ മാനദണ്ഡങ്ങളും പരിഷ്കരിക്കണം.

ദീർഘകാല തന്ത്രം:

അതിദരിദ്ര കുടുംബങ്ങളിൽ ആഘാതങ്ങൾ നേരിടാനുള്ള മുന്നൊരുക്കം തീരെയില്ലെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. പ്രതിരോധിക്കാൻ അവർക്ക് കുറച്ച് ആസ്തികളും വളരെ പരിമിതമായ സാമൂഹിക മൂലധനവുമാണുള്ളത്‌. ഭൂമിശാസ്ത്രപരമായ പരാധീനതയുമുണ്ടാകും. അതിനാൽ ഉപജീവന അവസരങ്ങൾ വർദ്ധിപ്പിക്കുക, വരുമാന സ്രോതസ്സുകൾ വൈവിധ്യവൽക്കരിക്കുക, കുട്ടികളുടെ വിദ്യാഭ്യാസ ഫലങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങിയവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതായിരിക്കണം അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിനുള്ള ദീർഘകാല തന്ത്രം.

അനൗപചാരികമായ സാമൂഹിക സംരക്ഷണവുമായി ഔപചാരിക സംവിധാനത്തെ സമന്വയിപ്പിക്കുക:

കടുത്ത ദാരിദ്ര്യത്തിൽ കഴിയുന്ന ആളുകൾക്ക് അനൗപചാരിക സാമൂഹിക സംരക്ഷണം നിർണായകമാണെങ്കിലും ഇതിന് പരിമിതികളുണ്ട്. അവരുടെ സാമൂഹ്യബന്ധങ്ങൾ വലുപ്പത്തിലും വൈവിധ്യത്തിലും പരിമിതമായിരിക്കാം. നിലവിലുള്ള സാമൂഹികവും സാംസ്കാരികവുമായ മാനദണ്ഡങ്ങൾ ചില വിഭാഗങ്ങളെയോ വ്യക്തികളെയോ ഒഴിവാക്കാനുമിടയുണ്ട്‌. സമൂഹത്തിൽ പ്രബലമായ ധാർമ്മിക-സാമൂഹിക ചട്ടങ്ങൾ പാലിക്കാത്തവരും ഒഴിവാക്കപ്പെടാൻ സാധ്യതയുണ്ട്. ഇത് അവരുടെ സാമൂഹിക മൂലധനം പരിമിതപ്പെടുത്തുന്നു. അതിനാൽ, ഔപചാരികമായ സാമൂഹിക സംരക്ഷണ സംവിധാനങ്ങളെ അനൗപചാരിക സാമൂഹിക സംരക്ഷണ സംവിധാനങ്ങളുമായി സംയോജിപ്പിക്കേണ്ടത് പ്രധാനമാണ്. കടുത്ത ദാരിദ്ര്യത്തിൽ കഴിയുന്ന ആളുകൾക്ക് സുസ്ഥിരമായ ഒരു സുരക്ഷാ വല നൽകാൻ അവയുടെ പാരസ്‌പര്യത്തിലൂടെ സാധിക്കും.

വരുമാനവും തൊഴിലും:

അതിദരിദ്ര കുടുംബങ്ങളുടെ തൊഴിൽ സാധ്യതകൾ വർദ്ധിപ്പിക്കുന്നതിന് സംസ്ഥാന, പ്രാദേശിക സർക്കാരുകൾ ഇനിപ്പറയുന്ന നടപടികൾ കൈക്കൊള്ളണം.:

i. ദീൻ ദയാൽ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന (DDU-GKY), കേരള അക്കാദമി ഫോർ സ്‌കിൽ എക്‌സലൻസ്, കുടുംബശ്രീ എന്നിവയുമായി സഹകരിച്ച് തീവ്രദരിദ്രരുടെ സ്കിൽ മെച്ചപ്പെടുത്തുന്നതിന് പിന്തുണ നൽകണം.
ii. വീടുകളിൽ ചെയ്യാൻ കഴിയുന്ന, വരുമാനം ഉണ്ടാക്കാൻ പറ്റുന്ന പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിൽ സഹായിക്കണം.

iii. അങ്ങേയറ്റം ദരിദ്രരായ വീടുകളിലെ പ്രായമായവർക്ക് കുറഞ്ഞ അധ്വാനമുള്ള ജോലിയിൽ ഏർപ്പെടാനുള്ള അവസരങ്ങൾ സൃഷ്ടിക്കുക. ഇത് അവർക്ക് അധിക വരുമാനം മാത്രമല്ല, എന്തെങ്കിലും പ്രയോജനമുള്ള കാര്യം ചെയ്യുന്നു എന്ന സംതൃപ്തിയും നൽകും. വയോജനങ്ങൾക്കായി വിളക്ക് തിരികൾ, ചൂലുകൾ എന്നിവ നിർമ്മിക്കുന്നത് പോലെയുള്ള വീട്ടിൽ നടത്താവുന്ന സംരംഭങ്ങൾ ആരംഭിച്ച സാമൂഹിക സംരംഭകരുണ്ട്‌. തുടങ്ങാനുള്ള സീഡ് ഫണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നൽകണം.
iv. തീവ്ര ദരിദ്ര കുടുംബങ്ങളിലെ യോഗ്യരായ എല്ലാ അംഗങ്ങൾക്കും ദരിദ്രരിൽ ഏറ്റവും ദുർബലരായവർക്കും (അന്ത്യോദയ അന്ന യോജനയുടെ ഗുണഭോക്താക്കൾക്ക്) സാമൂഹിക സുരക്ഷാ പെൻഷൻ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഇതിനായി ജനപ്രതിനിധിയെയും ആശാ വർക്കറെയും ചുമതലപ്പെടുത്തണം.
v. തൊഴിലുറപ്പ് പദ്ധതിയിൽ അതിദരിദ്രരായ കുടുംബങ്ങൾക്ക് മുൻഗണന നൽകണം.

സാമൂഹ്യസുരക്ഷാ പെൻഷനുകളുടെ വിതരണം:

കേരളത്തിന്റെ വിപുലമായ സമൂഹിക സുരക്ഷാ പെൻഷൻ സംവിധാനം അതിദരിദ്ര കുടുംബങ്ങൾക്ക് ഏറെ പ്രയോജനപ്പെടുന്ന ഒന്നാണ്. പകുതിയോളം അതിദരിദ്ര കുടുംബങ്ങളുടെയും പ്രധാന വരുമാനം ഈ പെൻഷനുകളാണ്. നാലിൽ മൂന്നു കുടുംബങ്ങളിലും ഒരoഗത്തിനെങ്കിലും സാമൂഹ്യസുരക്ഷാ പെൻഷൻ കിട്ടുന്നുണ്ട്. മിക്ക പെൻഷനുകളും 1600 രൂപയാണ്. ഇതിൽ കേന്ദ്ര വിഹിതം 200 രൂപയാണ്. 13 ശതമാനം മാത്രം. മാത്രമല്ല, കേരളത്തിൽ സാമൂഹ്യസുരക്ഷാ പെൻഷൻ ലഭിക്കുന്നവരിൽ 15 ശതമാനത്തിന് മാത്രമേ ഈ തുകയും കേന്ദ്രത്തിൽ നിന്ന് കിട്ടുന്നുള്ളൂ. ഈ കുടുംബങ്ങൾക്ക് കടമായി സേവനങ്ങളും സാധനങ്ങളും ലഭിക്കുന്നതിനുള്ള ഗാരന്റിയായി പെൻഷൻ ഉപയോഗപ്പെടുന്നു. അതുകൊണ്ടുതന്നെ പെൻഷൻ എല്ലാ മാസവും തടസ്സമില്ലാതെ വിതരണം ചെയ്യുന്നുണ്ടെന്ന് സംസ്ഥാന സർക്കാർ ഉറപ്പാക്കണം. ഇത് സുഗമമാക്കുന്നതിന്, ഇങ്ങനെയുള്ളവരെ മറ്റുള്ളവരിൽ നിന്ന് വേർതിരിച്ച്ച് ഡാറ്റാബേസിൽ ഉൾപ്പെടുത്തണം.

തീവ്ര ദരിദ്രർക്ക് സൗജന്യ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുക:

പഠനത്തിന് വിധേയമാക്കിയ തീവ്ര ദരിദ്രരിൽ അഞ്ചിൽ മൂന്ന് കുടുംബങ്ങളും നിലവിൽ ഒരു ആരോഗ്യ ഇൻഷുറൻസ് സ്കീമിന്റെയും പരിധിയിൽ വരുന്നില്ലെന്ന് പഠനം പറയുന്നു. ദരിദ്രർക്കുള്ള സാർവത്രിക ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ജനങ്ങളെ അതിദാരിദ്ര്യത്തിൽ നിന്ന് കരകയറ്റുന്നതിന് മാത്രമല്ല, മറ്റുള്ളവർ കടുത്ത ദാരിദ്ര്യത്തിലേക്ക് വീഴാതിരിക്കാനും അത്യാവശ്യമാണ്. പലപ്പോഴും, ഒരു വലിയ അപകടം അല്ലെങ്കിൽ വിട്ടുമാറാത്ത രോഗത്തിന്റെ ചികിത്സാ ചെലവ്, ആളുകളെ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിടും. വരുമാനം നൽകുന്ന ആസ്തികൾ പോലും മെഡിക്കൽ ബില്ലുകൾ അടയ്ക്കാൻ വിൽക്കേണ്ടിവരാം. അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിലെ ഏറ്റവും ഫലപ്രദമായ ഇടപെടലുകളിൽ ഒന്നായതിനാൽ ദരിദ്രർക്കുള്ള സാർവത്രിക ആരോഗ്യ ഇൻഷുറൻസിന് സംസ്ഥാന സർക്കാർ മുൻഗണന നൽകണം. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ എല്ലാ ദരിദ്ര കുടുംബങ്ങളെയും (അങ്ങേയറ്റം ദരിദ്രർ മാത്രമല്ല) ചേർക്കുന്നതിനുള്ള ഉത്തരവാദിത്തം ആശാവർക്കർമാരെ ഏൽപ്പിക്കണം. ഇതിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും ആശാവർക്കർമാർ കുടുംബങ്ങളെ പിന്തുണയ്ക്കണം. കാരണം അവരിൽ പലർക്കും ഇത് സ്വന്തമായി ചെയ്യാൻ കഴിയില്ല.

മാനസിക രോഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക:

അങ്ങേയറ്റം ദരിദ്രരായ കുടുംബങ്ങളിൽ നാലിലൊന്നിലും മാനസിക രോഗമുള്ള ഒരു അംഗമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്‌. കുടുംബത്തിൽ മാനസിക രോഗമുള്ളവരുണ്ടോ എന്നത് അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തുന്നതിനുള്ള ഓര് ഘടകം ആയതുകൊണ്ടുകൂടിയാണിത്. അവരുടെ ആരോഗ്യ സംരക്ഷണത്തിന്റെ അപര്യാപ്തത ഈ കുടുംബങ്ങൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമാണ്. പ്രശ്‌നത്തെ അംഗീകരിക്കാനുള്ള മടിയും പരിചരണം തേടുന്നതിൽ അതുമൂലമുണ്ടാകുന്ന കാലതാമസവും ആരോഗ്യസ്ഥിതി വഷളാകുന്നതിന് കാരണമാകുന്നു. കുടുംബാരോഗ്യകേന്ദ്രങ്ങൾ മുഖേന നടപ്പിലാക്കുന്ന ഡിപ്രഷൻ സ്‌ക്രീനിംഗ് ആന്റ് മാനേജ്‌മെന്റ് പ്രോഗ്രാമായ ‘ആശ്വാസ’വുമായി മാനസികാരോഗ്യ പ്രശ്‌നങ്ങൾ സംശയിക്കുന്ന കേസുകളെ ആശാവർക്കർക്ക് ബന്ധിപ്പിക്കാനാകും. കുറഞ്ഞത് ബ്ലോക്ക് തലത്തിലെങ്കിലും, മാനസികാരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് റിട്ടയേർഡ് മെഡിക്കൽ പ്രൊഫഷണലുകളുടെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്‌. മാനസികരോഗികളിൽ ചിലർക്ക്, പ്രത്യേകിച്ച് ഒറ്റയ്ക്ക് താമസിക്കുന്നവർക്ക്, ചികിത്സാകേന്ദ്രത്തിലെ പരിചരണത്തിലൂടെ പിന്തുണ നൽകേണ്ടതുണ്ട്. മാനസികാരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടത്ര ശ്രമങ്ങൾ രണ്ട് പദ്ധതികളിലും ഇല്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.

പരിചരിക്കുന്നവരെ പിന്തുണയ്ക്കുക:

കുടുംബത്തിലെ പരിചരണചുമതല ഏറ്റെടുക്കുന്നവർക്ക്, പ്രത്യേകിച്ച് സ്‌ത്രീകൾക്ക്, പലപ്പോഴും തൊഴിൽ ചെയ്യുന്നതിന് വീട്ടിനു പുറത്തുപോകാൻ കഴിയാറില്ല.അവർക്ക് വീട്ടിലിരുന്ന് തൊഴിൽ ചെയ്യാനുള്ള സാഹചര്യങ്ങളും സഹായവും ലഭ്യമാക്കണം. അവർക്ക് പരിചരണ രീതികളിൽ പരിശീലനം നൽകുകയും കൗൺസിലിംഗ് സേവനങ്ങൾ നൽകുകയും ചെയ്യണം. കിടപ്പിലായവരെ പരിചരിക്കുന്നവർക്ക് കേരള സാമൂഹിക സുരക്ഷാ മിഷന്റെ ആശ്വാസകിരണം പദ്ധതിപ്രകാരം നൽകുന്ന സഹായം പഠനം നടത്തിയ വീടുകളിൽ ഒന്നും ലഭിക്കുന്നില്ല. ഭൂരിഭാഗം പേർക്കും പദ്ധതിയെക്കുറിച്ച് അറിയുകയില്ലെന്നും പഠനം കണ്ടെത്തി. പദ്ധതി കൂടുതൽ പേരെ ഉൾക്കൊള്ളുന്ന വിധത്തിലാക്കണം.

ജീവിത ക്രമീകരണം:

പഠനത്തിനു വിധേയമാക്കിയവരിൽ, പ്രായമായവർ/ വിട്ടുമാറാത്ത രോഗമുള്ളവർ/ കിടപ്പിലായ/ വൈകല്യമുള്ളവർ ഒറ്റയ്ക്കോ തെരുവിലോ താമസിക്കുന്നവർ തുടങ്ങിയവരുണ്ട്‌. അവർക്ക് പരിചരണം നൽകേണ്ടത് പ്രധാനമാണ്. കുടുംബ പിന്തുണ കുറവുള്ളവർക്ക് കെയർ ഹോമുകളിൽ സൌകര്യങ്ങൾ ലഭ്യമാക്കണം അസിസ്റ്റഡ് ലിവിംഗ് അറേഞ്ച്മെന്റിനുള്ള സാധ്യത ഗ്രാമപഞ്ചായത്ത് തലത്തിലല്ലെങ്കിൽ ബ്ലോക്ക് തലത്തിൽ പരിശോധിക്കണം.

ഗതാഗത സൗകര്യം:

ഗതാഗതസൗകര്യം ഇല്ലാത്തതും കൂടെവരാൻ ആളില്ലാത്തതും ആരോഗ്യ പരിപാലന സൗകര്യങ്ങൾ ലഭിക്കാനുള്ള തടസ്സങ്ങളായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒട്ടുമിക്ക കുടുംബങ്ങളും യാത്രയ്‌ക്ക് ഓട്ടോറിക്ഷകളെയാണ് അടിയന്തര ഘട്ടങ്ങളിൽ ആശ്രയിക്കുന്നത്. ഈ വീടുകളിൽ ഇത്തരം സേവനങ്ങൾ നൽകാൻ തയ്യാറുള്ള ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ പട്ടിക തദ്ദേശ സ്ഥാപന തലത്തിലോ വാർഡ് തലത്തിലോ തയ്യാറാക്കണം. വളരെ ദരിദ്രരായ കുടുംബങ്ങളുടെ കാര്യത്തിൽ അതിനുള്ള ചെലവ് സബ്‌സിഡിയായി നൽകുകുയോ പഞ്ചായത്ത് വഹിക്കുകയോ ചെയ്യണം. ഈ വീടുകളിലേക്ക് റേഷനും മറ്റ് അവശ്യവസ്തുക്കളും വാങ്ങുന്നതിനും വിതരണം ചെയ്യുന്നതിനും ഇത്തരമൊരു ടീമിനെ ഉപയോഗപ്പെടുത്താം.

ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക:

സാമ്പിൾ കുടുംബങ്ങളിൽ 15 ശതമാനത്തിൽ ഭക്ഷണം പാകം ചെയ്യുന്നില്ലെന്ന് കണ്ടെത്തി. പാചകം ചെയ്യാൻ ആരോഗ്യമുള്ളവർ ഇല്ലാത്തതാണ് കാരണം. അവരിൽ ചിലർ ഭക്ഷണത്തിനായി ബന്ധുക്കളെയോ അയൽക്കാരെയോ ആശ്രയിക്കുന്നു. അത് ഇടയ്‌ക്ക് മുടങ്ങാം. അതിനാൽ, ആ സംവിധാനം തകരാറില്ലാതെ പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കാൻ തദ്ദേശസ്ഥാപനങ്ങൾ ഇടപെടണം. മുടക്കമില്ലാതെ ഭക്ഷണം നൽകുന്നതിന് കുടുംബശ്രീ അയൽക്കുട്ടത്തെയോ അയൽപക്കത്തെ കുടുംബത്തെയോ ചുമതല ഏൽപ്പിക്കുക എന്നതാണ് ഒരു സാധ്യത. റേഷൻകടയിൽ നിന്നുള്ള പലചരക്കും DFK-യുടെ കീഴിൽ വിതരണം ചെയ്യുന്ന ഭക്ഷണ കിറ്റുകളും അയൽക്കൂട്ടങ്ങൾ/കുടുംബങ്ങളിലേക്ക് കൊടുക്കാവുന്നതാണ്‌.. വാങ്ങേണ്ട അധിക സാധനങ്ങൾക്കുള്ള ചെലവിനും തൊഴിലാളികളുടെ ചെലവിനും ഒരു നിശ്ചിത തുക തദ്ദേശസ്ഥാപന ഫണ്ടിൽ നിന്നോ പൊതുസമൂഹത്തിൽ നിന്ന് പണം സമാഹരിച്ചോ നൽകണം.

അധിക പോഷകാഹാര പിന്തുണ:

അഗതിരഹിതകേരളം പദ്ധതിയിൽ ഭക്ഷണ കിറ്റുകൾ നൽകാനുള്ള സംരംഭത്തെ സർവ്വേയിൽ പങ്കെടുത്ത ഗുണഭോക്താക്കൾ വളരെയധികം അഭിനന്ദിച്ചു. അതിദാരിദ്ര്യ നിർമാർജന പദ്ധതിയുടെ പരിധിയിലുള്ള വീടുകളിലേക്കും ഇത് വ്യാപിപ്പിക്കണം. അങ്കണവാടികളിൽ കുട്ടികൾക്ക് നൽകുന്ന അമൃതം ന്യൂട്രിമിക്‌സ് പൊടിക്ക് സമാനമായി, വളരെ ദരിദ്രരായ വീടുകളിലെ പ്രായമായവർക്കും കിടപ്പിലായവർക്കും അനുയോജ്യമായ ഉൽപ്പന്നം നൽകണം.. ഇത് ഭക്ഷ്യകിറ്റുകളിൽ ഉൾപ്പെടുത്താം.

അന്ത്യോദയ അന്ന യോജനയിൽ കൂടുതൽ പേരെ ഉൾപ്പെടുത്തുക:

അതിദാരിദ്ര്യ നിർമാർജന പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള കുടുംബങ്ങളിൽ നാലിലൊന്നോളം കുടുംബങ്ങൾ മാത്രമേ അന്ത്യോദയ അന്ന യോജനയുടെ (എഎ വൈ) ഗുണഭോക്താക്കളായുള്ളൂ എന്ന് പഠനം കണ്ടെത്തുന്നു. കൂടുതൽ കുടുംബങ്ങൾ ഗുണഭോക്താക്കളാകാൻ സാധ്യതയു്‌ള്ള‌വരായി ഉണ്ടാകാം. അതിനാൽ, അതിദരിദ്ര കുടുംബങ്ങളിൽ എഎവൈയുടെ ഗുണഭോക്താക്കളാകാൻ യോഗ്യതയുള്ളവർ ഉണ്ടോ എന്ന് വീണ്ടും പരിശോധിക്കണമെന്ന് പഠനം ശുപാർശ ചെയ്യുന്നു.

കുടുംബശ്രീയിൽ കൂടുതൽ പേരെ ഉൾപ്പെടുത്തുക:

ദാരിദ്ര്യ നിർമാർജന പരിപാടികളിൽ ഭൂരിഭാഗവും നടപ്പാക്കുന്നതും കുടുംബശ്രീ മുഖേനയാണ്. സാമൂഹിക പങ്കാളിത്തത്തിനുള്ള പ്രധാന വഴിയും ദരിദ്രകുടുംബങ്ങളുടെ പ്രധാന വായ്പാ സ്രോതസ്സുമാണ് കുടുംബശ്രീ. എന്നിട്ടും അതി ദരിദ്രരായ കുടുംബങ്ങളിൽ പകുതിയോളം കുടുംബശ്രീ ശൃംഖലയുടെ ഭാഗമല്ല. മാത്രമല്ല 14 ശതമാനം ദരിദ്രർക്ക് മാത്രമേ കുടുംബശ്രീയിൽ നിന്ന് വായ്പ ലഭിച്ചിട്ടുള്ളൂ.

കുടുംബശ്രീയിൽ ഇവരെ ഉൾക്കൊള്ളിക്കുന്നത് അത്യാവശ്യമാണ്. പുരുഷന്മാർ മാത്രമുള്ള കുടുംബങ്ങൾ നിലവിലെ വ്യവസ്ഥകൾ അനുസരിച്ച് സംസ്ഥാനത്തിന്റെ ദാരിദ്ര്യ നിർമാർജന പരിപാടിയിൽ നിന്നും ഒഴിവാകും. പുരുഷ അംഗങ്ങൾ മാത്രമുള്ള അതിദരിദ്ര കുടുംബങ്ങളിൽ പല വീടുകളിലും പ്രായമായവരോ അംഗവൈകല്യമുള്ളവരോ ഉണ്ട്. അങ്ങനെയുള്ള കുടുംബങ്ങളെ സംസ്ഥാനത്തിന്റെ ദാരിദ്ര്യ നിർമാർജന പരിപാടിയുമായി ബന്ധിപ്പിക്കുന്നതിനുള്ള ഒരു സംവിധാനം വികസിപ്പിക്കണം. സ്ത്രീകളുള്ള അതിദരിദ്ര കുടുംബങ്ങളിൽ മൂന്നിലൊന്നുo കുടുംബശ്രീയിലില്ല.

വിദ്യാഭ്യാസത്തിലൂടെയുള്ള ഉയർച്ച:

ഒരു കുടുംബം അങ്ങേയറ്റം ദരിദ്രരായി അംഗീകരിക്കപ്പെട്ടാൽ, ഉന്നത വിദ്യാഭ്യാസ തലത്തിൽ ഉൾപ്പെടെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ സംസ്ഥാന, പ്രാദേശിക സർക്കാരുകൾ തുല്യമായി പങ്കിടണം. സി എസ് ആർ ഫണ്ടുകൾ, എൻആർഐകൾ എന്നിവയും ഉപയോഗപ്പെടുത്താം. എന്നാൽ സാമ്പത്തികം മാത്രമല്ല പ്രശ്നം. പഠനത്തിലും തൊഴിൽ നേടുന്നതിനും അവർക്ക് പിന്തുണ ആവശ്യമാണ്. ഇതിനായി, വിരമിച്ച അധ്യാപകരെയും ഉന്നത വിദ്യാഭ്യാസം നേടിയവരെയും ഈ കുട്ടികളുടെ മെന്റർമാരാക്കണം. അവരെ ഉൾപ്പെടുത്തി ഒരു മെൻറർഷിപ്പ് പ്രോഗ്രാം ആരംഭിക്കണം. തദ്ദേശസ്ഥാപനങ്ങളുടെ പിന്തുണയോടെ ഇത്തരം പ്രവർത്തനങ്ങളിൽ ക്ലബ്ബുകളെയും ഗ്രന്ഥശാലകളെയും ഉൾപ്പെടുത്തണം.