This report was published in True Copy Think on 26/03/2023
ഗ്രാമപഞ്ചായത്തുകളുടെ നിയന്ത്രണത്തിലുള്ള സര്‍ക്കാര്‍ പ്രൈമറി സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന പല ആനുകൂല്യങ്ങളും ജില്ലാപഞ്ചായത്തുകള്‍ക്കു കീഴിലുള്ള സര്‍ക്കാര്‍ സെക്കന്ററി സ്കൂളുകളിലെ പ്രൈമറി വിഭാഗം വിദ്യാര്‍ഥികള്‍ക്കും എയ്ഡഡ് സ്കൂളുകളിലെ പ്രൈമറി വിഭാഗം വിദ്യാര്‍ഥികള്‍ക്കും ലഭിക്കുന്നില്ലെന്നും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നയപരമായ ഇടപെടല്‍ ആവശ്യമാണെന്നും പഠനം.
ഗ്രാമപഞ്ചായത്ത് പദ്ധതികളുടെ പ്രയോജനം സര്‍ക്കാര്‍ സെക്കന്ററി സ്കൂളുകളിലെയും എയ്ഡഡ് സ്കൂളുകളിലെയും പ്രൈമറിവിഭാഗം വിദ്യാര്‍ഥികള്‍ക്ക് കൂടി ലഭ്യമാക്കണമെന്ന് കൊച്ചിയിലെ സെന്റര്‍ ഫോര്‍ സോഷ്യോ എക്കണോമിക്ക് ആൻറ് എന്വയണ്മെന്റല് സ്റ്റഡീസ് (സി.എസ്.ഇ.എസ്) പഠനം. നിലവിലുള്ള സംവിധാനത്തില്‍ ഗ്രാമപഞ്ചായത്തുകളുടെ നിയന്ത്രണത്തിലുള്ള സര്‍ക്കാര്‍ പ്രൈമറി സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന പല ആനുകൂല്യങ്ങളും ജില്ലാപഞ്ചായത്തുകള്‍ക്കു കീഴിലുള്ള സര്‍ക്കാര്‍ സെക്കന്ററി സ്കൂളുകളിലെ പ്രൈമറി വിഭാഗം വിദ്യാര്‍ഥികള്‍ക്കും എയ്ഡഡ് സ്കൂളുകളിലെ പ്രൈമറി വിഭാഗം വിദ്യാര്‍ഥികള്‍ക്കും ലഭിക്കുന്നില്ല. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നയപരമായ ഇടപെടല്‍ ആവശ്യമാണെന്ന് ‘അധികാരവികേന്ദ്രീകരണം സ്കൂള്‍ വിദ്യാഭ്യാസ രംഗത്ത്: കേരളത്തിന്റെ അനുഭവങ്ങള്‍’ എന്ന പഠനം പറയുന്നു. കേരളത്തിന്റെ ജനകീയാസൂത്രണ പ്രസ്ഥാനം 25 വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലായിരുന്നു പഠനം.
ഭരണവികേന്ദ്രീകരണത്തിന്റെ ഭാഗമായി സ്കൂള്‍തലത്തില്‍ രൂപീകരിച്ച കമ്മിറ്റികളുടെ എണ്ണം കുറയ്ക്കണം, മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി തദ്ദേശസ്ഥാപനങ്ങള്‍ നടത്തുന്ന ബഡ്സ് സ്കൂളുകള്‍ മെച്ചപ്പെടുത്തണം, കുട്ടികളുടെ ഗ്രാമസഭകള്‍ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും നടപ്പാക്കണം എന്നീ നിര്‍ദേശങ്ങളും പഠനം മുന്നോട്ടുവെക്കുന്നു.
അവഗണിക്കപ്പെടുന്ന പ്രൈമറി
പ്രൈമറി വിഭാഗങ്ങള്‍ കൂടിയുള്ള സര്‍ക്കാര്‍ സെക്കന്‍ഡറി, ഹയര്‍സെക്കന്‍ഡറി സ്കൂളുകള്‍ നിയന്ത്രിക്കുന്നത് ജില്ലാ പഞ്ചായത്തുകളാണ്. എന്നാല്‍ ഇവിടുത്തെ സെക്കന്‍ഡറി, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങള്‍ക്കാണ് ജില്ലാ പഞ്ചായത്തുകള്‍ പൊതുവെ മുന്‍ഗണന നല്‍കുന്നത്. ബോര്‍ഡ് പരീക്ഷകളിലെ വിദ്യാര്‍ഥികളുടെ പ്രകടനമാണ് ഒരു സ്കൂളിന്റെ അക്കാദമിക നിലവാരം നിര്‍ണയിക്കാനുള്ള മാനദണ്ഡമായി ഇപ്പോഴും ഉപയോഗിക്കുന്നത് എന്നതാണ് സെക്കന്‍ഡറി ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന അനഭിലഷണീയമായ മുന്‍ഗണനയ്ക്കുള്ള പ്രധാന കാരണം. അതുകൊണ്ട് ഗ്രാമപഞ്ചായത്തുകള്ക്കുകീഴിലുള്ള പ്രൈമറി സ്കൂളുകളെ അപേക്ഷിച്ച്, സെക്കന്‍ഡറി- ഹയര്‍സെക്കന്‍ഡറി സ്ക്കൂളുകളിലെ പ്രൈമറി വിഭാഗങ്ങള്‍ക്ക് കുറഞ്ഞ പരിഗണനയേ പലപ്പോഴും ലഭിക്കാറുള്ളൂ. ഈ സ്കൂളുകളില്‍ ഗ്രാമപഞ്ചായത്തുകള്‍ക്കും പരിമിതമായ പങ്കേയുള്ളൂ. അതിനാല്‍ പഞ്ചായത്തുകളുടെ മിക്ക പദ്ധതികളുടെയും പ്രയോജനം ഇവിടുത്തെ പ്രൈമറി വിഭാഗത്തിന് കിട്ടുന്നില്ല.
ഉദാഹരണത്തിന് ചില ഗ്രാമപഞ്ചായത്തുകളില്‍ സര്‍ക്കാര്‍ പ്രൈമറി സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കായി പഞ്ചായത്ത് നടപ്പിലാക്കുന്ന പ്രഭാതഭക്ഷണം പദ്ധതി പോലും സര്‍ക്കാര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്രൈമറി വിഭാഗത്തില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ലഭിക്കുന്നില്ല. അതുകൊണ്ട് ഗ്രാമപഞ്ചായത്തിന്റെ പദ്ധതികളില്‍ ചിലതിന്റെയെങ്കിലും പ്രയോജനം ജില്ലാ പഞ്ചായത്തിന്റെ സാമ്പത്തിക പിന്തുണയോടെ സെക്കന്‍ഡറി- ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്രൈമറി വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കണമെന്ന് പഠനം നിര്‍ദേശിക്കുന്നു.
ജില്ലാ പഞ്ചായത്ത് ഓഫീസുകളും സ്കൂളുകളും തമ്മിലുള്ള അകലം കാരണം ഗ്രാമപഞ്ചായത്തുകളും സ്കൂളുകളും തമ്മില്‍ നിലനില്‍ക്കുന്ന ജൈവികബന്ധം ജില്ലാപഞ്ചായത്തുകളും അവയ്ക്ക് കീഴിലുള്ള സ്കൂളുകളും തമ്മില്‍ പലപ്പോഴും ഉണ്ടാകുന്നില്ല. ഗ്രാമപഞ്ചായത്തിനുള്ള ഫണ്ടുവിഹിതം വര്‍ധിപ്പിച്ച് സെക്കന്ററി, ഹയര്‍ സെക്കന്‍ഡറി സ്കൂളുകളെക്കൂടി ഗ്രാമപഞ്ചായത്തിന്റെ കീഴില്‍ കൊണ്ടുവരുന്നതിനെക്കുറിച്ചാലോചിക്കാമെന്നും പഠനം ശുപാര്‍ശ ചെയ്യുന്നു. വിപുലമായ ലാബ് സൗകര്യങ്ങളും ഉയര്‍ന്ന യോഗ്യതകളുള്ള അധ്യാപകരുമുള്ള സെക്കന്ററി- ഹയര്‍ സെക്കന്ററി സ്കൂളുകളെ പഞ്ചായത്തിന്റെ ഒരു നോളജ്ഹബ്ബോ റിസോഴ്സ് സെന്ററോ ആയി ഉപയോഗിക്കാനുള്ള സാധ്യത കൂടി ഇതുവഴി തുറക്കുമെന്നും പഠനം പറയുന്നു.
സംസ്ഥാനത്തെ പകുതിയിലധികം സ്കൂളുകളും (54%) എയ്ഡഡ് മേഖലയിലാണ്. 58%വിദ്യാര്‍ഥികള്‍ പ്രവേശനം നേടുന്നതും ഇവിടെയാണ്. എയ്ഡഡ് സ്കൂളുകളുടെ മുഴുവന്‍ ശമ്പളവും നടത്തിപ്പ് ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കുന്നുണ്ടെങ്കിലും അധികാര വികേന്ദ്രീകരണ പദ്ധതി പ്രകാരം ഈ സ്ഥാപനങ്ങളുടെമേല്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് നിയമപരമായ അധികാരമില്ല. ഇതുമൂലം സര്‍ക്കാര്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന ചില അവസരങ്ങളും സൗകര്യങ്ങളും എയ്ഡഡ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നില്ല. സര്‍ക്കാര്‍ സ്കൂളുകളിലെന്നതു പോലെ, എയ്ഡഡ് സ്കൂളുകളിലെ ഭൂരിഭാഗം വിദ്യാര്‍ഥികളും സാമ്പത്തികവും സാമൂഹ്യവുമായി പിന്നാക്കം നില്ക്കുന്ന കുടുംബങ്ങളില്‍ നിന്ന് വരുന്നവരാണ്. ചെലവ് പങ്കിടാന്‍ എയ്ഡഡ് സ്കൂള്‍ മാനേജ്മെൻറ് തയ്യാറാണെങ്കില്‍, വിദ്യാര്‍ഥികള്‍ക്കായി ചില പദ്ധതികള്‍ നടപ്പാക്കാന്‍ പഞ്ചായത്തുകള്‍ തയ്യാറായേക്കും. എന്നാല്‍ വ്യക്തമായ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി വേണം ഇത്തരം പദ്ധതികള്‍ നടപ്പാക്കാനെന്ന് പഠനം പറയുന്നു.
സ്കൂൾ തല കമ്മിറ്റികളുടെ പ്രളയം
വികേന്ദ്രീകൃത ഭരണത്തിലെ പ്രധാന പ്രശ്നം സ്കൂള്‍തല കമ്മിറ്റികളുടെ ബാഹുല്യമാണ്. പലപ്പോഴും ഒരേ വ്യക്തികളെ തന്നെയാണ് വിവിധ കമ്മിറ്റികളിലേക്ക് നാമനിര്‍ദ്ദേശം ചെയ്യുന്നത്. ഈ കമ്മിറ്റികളില്‍ മിക്കവയിലും സ്കൂളിലെ പ്രധാന അധ്യാപകർ എക്സ് ഒഫീഷ്യോ കണ്‍വീനറോ ചെയര്‍പേഴ്സനോ സെക്രട്ടറിയോ ആണ്. നൂറില്‍ താഴെ വിദ്യാര്‍ഥികളുള്ള സ്കൂളുകളില്‍ പോലും അര ഡസനിലധികം കമ്മിറ്റികള്‍ നിലനില്‍ക്കുന്നത് വിദ്യാഭ്യാസത്തിന്റെ നിലവാരം കൂട്ടുന്നില്ല; പ്രധാനാധ്യാപകരുടെ ഭരണപരമായ ഉത്തരവാദിത്തം വര്‍ദ്ധിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. ഈ കമ്മിറ്റികളില്‍ ചിലത് രൂപീകരിച്ചപ്പോള്‍ പ്രസക്തി ഉണ്ടായിരുന്നിരിക്കാം. എന്നാല്‍ കമ്മിറ്റികളുടെ എണ്ണക്കൂടുതല്‍ കാര്യക്ഷമത കുറയാനാണ് ഇടയാക്കുന്നത്. മിക്ക സ്കൂളുകളിലും ഒന്നോ രണ്ടോ കമ്മിറ്റികള്‍ മാത്രമാണ് സജീവമായിട്ടുള്ളത്. മറ്റ് കമ്മിറ്റികള്‍ ചട്ടം പാലിക്കാന്‍ മാത്രം രൂപീകരിക്കുകയാണ് ചെയ്യുന്നത്. സ്കൂള്‍തല കമ്മിറ്റികളുടെ എണ്ണം കുറയ്ക്കേണ്ടത് അടിയന്തര ആവശ്യമാണെന്നും പഠനം പറയുന്നു.
സ്കൂള്‍ മാനേജ്മെൻറ് കമ്മിറ്റിയുടെ (എസ്.എം.സി) ഉത്തരവാദിത്തങ്ങള്‍ സ്കൂള്‍ വികസന സമിതി (എസ്.ഡി.സി), സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ് (എസ്.എസ്.ജി) എന്നിവയുടേതുമായി ഇടകലരുന്നു. വിദ്യാഭ്യാസാവകാശ നിയമം (RTE) അനുസരിച്ച് എല്ലാ സ്കൂളുകളിലും എസ്.എം.സി ഉണ്ടായിരിക്കേണ്ടത് നിര്‍ബന്ധമായതിനാല്‍, എസ്.ഡി.സി നിര്‍ത്തലാക്കാം. എസ്.എം.സിയുടെ പേര് സ്കൂള്‍ ഡെവലപ്മെൻറ് ആൻറ് മാനേജ്മെൻറ് കമ്മിറ്റി (എസ്.ഡി.എം.സി) എന്നു മാറ്റാം. എസ്.എസ്.ജിയുടെ പ്രവര്‍ത്തനങ്ങള്‍ എസ്.ഡി.എം.സിക്ക് ഏറ്റെടുക്കാന്‍ കഴിയുന്നതിനാല്‍ എസ്.എസ്.ജിയും നിര്‍ത്തലാക്കാം.
ലക്ഷ്യം എസ്.എസ്.എൽ.സി മാത്രമാകുന്നു
അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി സ്കൂളുകള്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കൈമാറിയതോടെ സ്കൂളുകളുടെ ഭൗതികസൗകര്യങ്ങളില് കാര്യമായ പുരോഗതിയുണ്ടായി. അക്കാദമിക നിലവാരം കാര്യമായി ഉയര്‍ന്നിട്ടുമുണ്ട്. എന്നാല്‍ ഇനിയും ഏറെ മുന്നേറാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. നിലവില്‍ എസ്.എസ്.എല്‍.സി. വിജയശതമാനം മാത്രമാണ് അക്കാദമിക നിലവാരം അളക്കാനുള്ള സൂചകമായി പൊതുവെ കണക്കാക്കപ്പെടുന്നത്. അതുകൊണ്ടു തന്നെ അക്കാദമികരംഗത്തെ തദ്ദേശസ്ഥാപനങ്ങളുടെ ഇടപെടലുകള്‍ പലപ്പോഴും എസ്.എസ്.എല്‍.സി. കുട്ടികള്‍ക്കുള്ള പ്രത്യേക പരിഹാര ബോധന ക്ലാസുകളിലേക്ക് ചുരുങ്ങുന്നു. അതിനു പകരം പ്രൈമറി തലം മുതല്‍ കുട്ടികളുടെ പഠനനിലവാരം മോണിറ്റര്‍ ചെയ്യാനുള്ള പദ്ധതി തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടപ്പിലാക്കാവുന്നതാണ്. പഠനനിലവാരം കുറഞ്ഞ സ്കൂളുകളെ കണ്ടെത്താനും കാരണങ്ങള്‍ മനസിലാക്കി ഇടപെടാനും ഇതുവഴി സാധിക്കും. തദ്ദേശസ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള എയ്ഡഡ് സ്കൂളുകളുള്‍പ്പെടെയുള്ളവയുടെ അക്കാദമിക-ഭൗതികനിലവാരത്തെ അടിസ്ഥാനപ്പെടുത്തി പഞ്ചായത്ത് തലത്തില്‍ സ്കൂള്‍ വിദ്യാഭ്യാസ റിപ്പോര്‍ട്ട് കാര്‍ഡുകള്‍ തയ്യാറാക്കുന്ന സംവിധാനവും ആലോചിക്കേണ്ടതാണ്. ഈ റിപ്പോര്‍ട്ട് കാര്‍ഡുകളെ സംസ്ഥാനതലത്തില്‍ അവലോകനം ചെയ്യാവുന്നതാണ്.
വിജയശതമാനത്തെ മാത്രം അടിസ്ഥാനമാക്കി വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ അളക്കുന്ന നിലവിലത്തെ രീതി ക്ലാസ് മുറികള്‍ക്കകത്ത് നിലനില്‍ക്കുന്ന അക്കാദമികമായ അസമത്വങ്ങളെ മറച്ചുവെക്കും. അതുകൊണ്ട് സ്കൂളുകളുടെ പ്രകടനത്തെ അളക്കാനുള്ള സൂചകങ്ങള്‍ തദ്ദേശസ്ഥാപനങ്ങള്‍ വികസിപ്പിക്കുമ്പോള്‍ പിന്നാക്കം നില്ക്കുന്ന കുട്ടികളുടെ നേട്ടങ്ങളെ പ്രത്യേകമായി പരിഗണിക്കണം. ഉദാഹരണത്തിന് ക്ലാസിലെ ആകെ കുട്ടികളില്‍ പഠനപരമായി താഴെ നില്ക്കുന്ന 25 ശതമാനം കുട്ടികളുടെ പ്രകടനത്തെ ഒരു സൂചകമാക്കാവുന്നതാണ്.
ഗ്രാമസഭയിൽ വേണം അധ്യാപകരും
ശമ്പളം സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് നല്കുന്നതിനാല് സര്‍ക്കാര്‍ സ്കൂളിലെ അധ്യാപകര്‍, തങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ജീവനക്കാരാണെന്ന് അംഗീകരിക്കുന്നത് അപൂര്‍വമാണ്. സ്കൂളുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഇടപെടുന്നത് അഭികാമ്യമല്ലെങ്കിലും, അവരുടെ നിയന്ത്രണത്തിലുള്ള സ്കൂളുകളില്‍ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് വലിയ പങ്കുണ്ട്. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങളുടെ പങ്കും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച ആശയക്കുഴപ്പം സ്കൂള്‍ ഭാരവാഹികള്‍ക്കും പഞ്ചായത്ത് ഭാരവാഹികള്‍ക്കുമുണ്ട്. അതുകൊണ്ട് ഇരുകൂട്ടരും ‘സുരക്ഷിത’ ഇടപെടലുകള്‍ തെരഞ്ഞെടുക്കുന്നു. പ്രശ്നം പരിഹരിക്കുന്നതിന്, പൊതുവിദ്യാഭ്യാസ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേര്‍ന്ന് സര്‍ക്കാര്‍ സ്കൂളുകളിലെ തദ്ദേശ സ്ഥാപനങ്ങളുടെ ഇടപെടലിന്റെ വ്യാപ്തി തീരുമാനിക്കണം എന്ന് പഠനം നിര്‍ദേശിക്കുന്നു.
ചില ഗ്രാമപഞ്ചായത്തുകളില്‍ സ്കൂള്‍ അധ്യാപകര്‍ അവരുടെ സ്കൂള്‍ സ്ഥിതി ചെയ്യുന്ന വാര്‍ഡിലെ ഗ്രാമസഭയില്‍ പങ്കെടുക്കാറുണ്ട്. ഈ രീതി സ്കൂള്‍ അധ്യാപകരും, ജനപ്രതിനിധികളും വാര്‍ഡിലെ ജനങ്ങളും തമ്മിലുള്ള ബന്ധം വര്‍ധിപ്പിക്കുമെന്നും, അതുവഴി സ്ക്കൂളിന്റെ മെച്ചപ്പെടലിന് വഴിയൊരുക്കുമെന്നും പഠനം നിരീക്ഷിക്കുന്നു. എന്നാല്‍ പല പഞ്ചായത്തുകളിലും ഈ സമ്പ്രദായം ഇല്ല. സ്കൂള്‍ സ്ഥിതി ചെയ്യുന്ന വാര്‍ഡുകളിലെ ഗ്രാമസഭാ യോഗത്തില്‍ സ്കൂള്‍ അധ്യാപകര്‍ പങ്കെടുക്കുന്ന രീതി സാര്‍വത്രികമാക്കണം. ഇതിനായി ആസൂത്രണ ബോര്‍ഡ്/തദ്ദേശ സ്വയംഭരണ വകുപ്പ് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും പഠനം നിര്‍ദേശിക്കുന്നു.
ദരിദ്ര കുടുംബങ്ങളിലെ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് വേണ്ടി തദ്ദേശസ്ഥാപനങ്ങള്‍ നടത്തുന്ന ബഡ്സ് സ്കൂളുകള്‍ ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ട്. തദ്ദേശസ്ഥാപനങ്ങള്‍ക്ക് വേണ്ടത്ര ഫണ്ടില്ലാത്തതിനാല്‍ അവയുടെ ചുമതലകള്‍ പൂര്‍ണമായി നിറവേറ്റാന്‍ ബഡ്സ് സ്കൂളുകള്‍ക്ക് പലപ്പോഴും കഴിയുന്നില്ല. ബഡ്സ് സ്കൂളുകളുടെ പ്രാധാന്യം കണക്കിലെടുത്ത്, ഈ സ്കൂളുകളുടെ നടത്തിപ്പിന്റെ ചെലവിന്റെ പകുതിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ പങ്കിടണം. അംഗവൈകല്യമില്ലാത്ത കുട്ടികള്‍ പഠിക്കുന്ന സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളിലെ ശമ്പളം സര്‍ക്കാര്‍ നല്കുന്ന സാഹചര്യത്തില്‍ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കുള്ള സ്കൂളുകള്‍ക്ക് അത്തരം പിന്തുണ ലഭിക്കാത്തത് ന്യായീകരിക്കാനാവില്ല.
ചില സ്കൂള്‍തല കമ്മിറ്റികളില്‍ വിദ്യാര്‍ത്ഥികളുടെ നാമമാത്ര പ്രാതിനിധ്യത്തിന് വ്യവസ്ഥയുണ്ട്. മുതിര്‍ന്നവര്‍ ആധിപത്യം പുലര്‍ത്തുന്ന കമ്മിറ്റികളില്‍ കുട്ടികള്‍ സാധാരണയായി നിശ്ശബ്ദത പാലിക്കുന്നു. കുട്ടികളുടെ ഗ്രാമസഭ അവരുടെ ആവശ്യങ്ങള്‍ തിരിച്ചറിയാന്‍ ഫലപ്രദമായ വേദിയാകും. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി വാഴയൂര്‍ ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന പ്രത്യേക ഗ്രാമസഭ, ഭിന്നശേഷിയുള്ള കുട്ടികളുടെ ആവശ്യങ്ങള്‍ ജനശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും പ്രാദേശികതല ആസൂത്രണത്തിനും ഏറെ സാധ്യതകളുള്ള ഇടപെടലാണെന്ന് പഠനം നിരീക്ഷിക്കുന്നു. വിവിധ തരത്തിലുള്ള വൈകല്യങ്ങളുള്ള കുട്ടികളുടെ വ്യത്യസ്തമായ ആവശ്യങ്ങളെക്കുറിച്ച് പഞ്ചായത്ത് പ്രവര്‍ത്തകരെ ബോധവല്‍ക്കരിക്കാന്‍ ഇത് സഹായിക്കുന്നുണ്ട്. മറ്റ് പഞ്ചായത്തുകളില്‍ ഈ മാതൃക അനുകരിക്കാവുന്നതാണ്.
ഫണ്ട് വിനിയോഗം എങ്ങനെ?
ഫണ്ടിന്റെ അപര്യാപ്തത വിദ്യാഭ്യാസമേഖലയില്‍ കാര്യക്ഷമമായി ഇടപെടുന്നതില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് തടസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. വിദ്യാഭ്യാസമേഖലയിലെ ഫണ്ട് ഉപയോഗത്തിന്റെ കാര്യക്ഷമത ഇനിയും വര്‍ധിപ്പിക്കേണ്ടതുണ്ട്. തെരഞ്ഞെടുക്കപ്പെട്ട തദ്ദേശസ്ഥാപനങ്ങളുടെ 2018-19 മുതല്‍ 2021-22 വരെയുള്ള ബജറ്റുകളുടെ വിശകലനം സൂചിപ്പിക്കുന്നത് വിദ്യാഭ്യാസത്തിനു വേണ്ടി ഗ്രാമപഞ്ചായത്തുകള്‍ നീക്കിവെക്കുന്ന ഫണ്ടിന്റെ മൂന്നില്‍ രണ്ട് മാത്രമാണ് വിനിയോഗിക്കപ്പെടുന്നത് എന്നാണ്. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ സമഗ്ര ശിക്ഷയുടെ സംസ്ഥാന വിഹിതം നല്‍കുന്നതും, ഭിന്നശേഷി കുട്ടികള്‍ക്കായി സംസ്ഥാനതലത്തില്‍ നടപ്പാക്കുന്ന സ്കോളര്‍ഷിപ്പ് പദ്ധതിയുടെ ചെലവു വഹിക്കുന്നതും പഞ്ചായത്തുകളാണ്. തദ്ദേശസ്ഥാപനങ്ങള്‍ക്ക് കാര്യമായ പങ്കാളിത്തമില്ലാത്ത ഈ രണ്ട് പദ്ധതികള്‍ക്കായാണ് ഗ്രാമപഞ്ചായത്തുകള്‍ വിദ്യാഭ്യാസമേഖലയ്ക്ക് നീക്കിവെക്കുന്ന ഫണ്ടിന്റെ പകുതിയും ചെലവാക്കപ്പെടുന്നത്. ഇത് വിദ്യാഭ്യാസമേഖലയില്‍ തനതായി ഇടപെടാനുള്ള തദ്ദേശസ്ഥാപനങ്ങളുടെ ശേഷിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. എന്നാല്‍ സമഗ്രശിക്ഷ നടത്തുന്ന ഇടപെടലുകളില്‍ തദ്ദേശസ്ഥാപനങ്ങളുടെ മുന്‍ഗണനകള്‍ക്ക് കാര്യമായ പ്രാധാന്യം കിട്ടുന്നില്ല. സമഗ്രശിക്ഷയുടെ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും തദ്ദേശഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് പഠനം നിര്‍ദേശിക്കുന്നു.
ചില മാതൃകകൾ
വ്യത്യസ്ത തദ്ദേശസ്ഥാപനങ്ങള്‍ സ്ക്കൂള്‍വിദ്യാഭ്യാസരംഗത്ത് നടത്തുന്ന മാതൃകാപരമായ ഇടപെടലുകളും പദ്ധതികളും പഠനം ചൂണ്ടിക്കാണിക്കുന്നു. പ്രീ-പ്രൈമറി വിദ്യാഭ്യാസം ലഭിക്കാത്ത കുട്ടികള്‍ ഒന്നാം ക്ലാസില്‍ ചേരുമ്പോള്‍ നേരിടാന്‍ ഇടയുള്ള ബുദ്ധിമുട്ട് പരിഹരിക്കാന്‍ മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് നടപ്പാക്കിയ ബാലകൈരളി പദ്ധതി, അധ്യാപകര്‍ ഇല്ലാതെ വരുമ്പോള്‍ നികത്താന്‍ അധ്യാപക പരിശീലനമുള്ള യുവാക്കളെ എന്റോള്‍ ചെയ്യുന്ന വെമ്പായം ഗ്രാമപഞ്ചായത്തിന്റെ ടീച്ചേഴ്സ് ബാങ്ക്, മുനിസിപ്പാലിറ്റിയിലെ എല്ലാ സ്കൂളുകളുടെയും പി ടി എ പ്രസിഡന്റുമാരെയും വൈസ് പ്രസിഡന്റുമാരെയും ഉള്‍പ്പെടുത്തി തിരൂരില്‍ രൂപീകരിച്ച പി ടി എ ഫോറം, സ്കൂള്‍ പി ടി എയില്‍ പലപ്പോഴും ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്ന ചെറിയ പ്രശ്നങ്ങള്‍ പോലും രക്ഷിതാക്കള്‍ക്ക് ഉന്നയിക്കാനുള്ള വേദിയായി അയല്‍പക്കതലത്തില്‍ മൂത്തേടം ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന കോര്‍ണര്‍ പി ടി എകള്‍, ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്ത് വികസിപ്പിച്ചെടുത്ത പാര്‍ക്ക് തുടങ്ങിയവ അവയില്‍ ചിലതാണ്.
പ്രാദേശികമായി രൂപപ്പെടുന്ന ഇത്തരം പദ്ധതികളെ സ്വതന്ത്രമായി വിലയിരുത്താനുള്ള സംവിധാനം സംസ്ഥാനതലത്തില്‍ ഉണ്ടാകണമെന്നും പഠനം നിര്‍ദേശിക്കുന്നു. ‘ഹരിതവിദ്യാലയം’ റിയാലിറ്റി ഷോ പോലെയുള്ള വേദികള്‍ വിദ്യാഭ്യാസരംഗത്ത് കൂടുതല്‍ ആവേശത്തോടെ ഇടപെടാനും, വ്യത്യസ്തമായ പദ്ധതികള്‍ക്ക് രൂപം നല്‍കാനും തദ്ദേശസ്ഥാപനങ്ങളെ പ്രചോദിപ്പിക്കും. സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പൊതുവിദ്യാഭ്യാസ പുനരുജ്ജീവന പരിപാടിയില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ട് പല ഗ്രാമപഞ്ചായത്തുകളുംസ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളും അന്തരീക്ഷവും മെച്ചപ്പെടുത്താന്‍ നൂതനമായ പല പദ്ധതികളും നടപ്പാക്കുന്നതായും പഠനം കണ്ടെത്തുന്നു.
മുന്‍കാല പഠനഗവേഷണ റിപ്പോര്‍ട്ടുകള്‍ വിലയിരുത്തിയും ആഴത്തിലുള്ള ഫീല്‍ഡ് സ്റ്റഡിക്കും ശേഷം സി.എസ്.ഇ.എസ്. ഗവേഷകര്‍ ഡോ. എന്‍. അജിത് കുമാര്‍, അശ്വതി റിബേക്ക അശോക്, ബിബിന്‍ തമ്പി, മറീന എം. നീരയ്ക്കല്‍, റംഷാദ് എം. എന്നിവരുടെ നേതൃത്വത്തിലാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്.