This report was published in Deshabhimani on 15/09/2023
രാജ്യത്ത് തുടരുന്ന സാമ്പത്തിക കേന്ദ്രീകരണ നയം സംസ്ഥാനങ്ങളുടെ വികസനത്തെയും ക്ഷേമ പദ്ധതികളെയും പ്രതികൂലമായി ബാധിക്കുകയും പ്രതിപക്ഷ സംസ്ഥാനങ്ങളിലെ രാഷ്ട്രീയത്തിൽ കേന്ദ്രത്തിന് ഇടപെടാൻ അവസരം നൽകുകയുമാണെന്ന് പ്രശസ്ത സാമ്പത്തിക വിദഗ്ധൻ ഡോ. സി പി ചന്ദ്രശേഖർ പറഞ്ഞു. സാമ്പത്തിക സ്രോതസ്സുകളെല്ലാം കേന്ദ്രസർക്കാരിൽമാത്രം കേന്ദ്രീകരിക്കുന്നത് രാഷ്ട്രീയ കേന്ദ്രീകരണത്തിന്റെ ഭാഗമാണെന്നും ഭരണഘടന ഉറപ്പു നൽകുന്ന ഫെഡറലിസത്തെ ദുർബലപ്പെടുത്തുകയുമാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിൽ പ്രൊഫ. കെ കെ ജോർജ് അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു ഡൽഹി ജവാഹർലാൽ നെഹ്റു സർവകലാശാല മുൻ പ്രൊഫസർകൂടിയായ സി പി ചന്ദ്രശേഖർ.
സാമ്പത്തിക കേന്ദ്രീകരണം ശക്തമാക്കിയതോടെ, മൂന്നിൽ രണ്ട് വരുമാനത്തിലും സംസ്ഥാനങ്ങൾക്ക് യാതൊരു നിയന്ത്രണവുമില്ലാതായി. മൂല്യവർധിത നികുതിയും ചരക്കുസേവന നികുതിയും ഏർപ്പെടുത്തിയതോടെ സംസ്ഥാനങ്ങൾക്ക് നികുതിവരുമാനം ഗണ്യമായി കുറഞ്ഞു. വായ്പ എടുക്കുന്നതിനുള്ള പരിധിയും വെട്ടിക്കുറക്കുകയാണ്. ഇത് സംസ്ഥാനങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾക്കുള്ള മൂലധനനിക്ഷേപം കണ്ടെത്തുന്നതിലും പെൻഷൻ ഉൾപ്പടെയുള്ള ക്ഷേമ പദ്ധതികൾക്കും പണം കണ്ടെത്തുന്നതിനെയും പ്രതികൂലമായി ബാധിക്കുന്നു.
സാമ്പത്തിക ഉദാരവൽക്കരണവും അതിന്റെ മൽസരാധിഷ്ഠിത വ്യവസ്ഥകളും സാമ്പത്തിക കേന്ദ്രീകരണത്തെ ലഘൂകരിക്കാൻസഹായിക്കുമെന്നു പറഞ്ഞാണ് നടപ്പാക്കിതുടങ്ങിയതെങ്കിലും സമ്പത്തിന്റെ കേന്ദ്രീകരണം വർധിപ്പിക്കുകയാണ് ചെയ്തതെന്നും രാജ്യത്തിന്റെ അനുഭവം തെളിയിക്കുന്നു.
2021ൽ രാജ്യത്തിന്റെ 40.5 ശതമാനം സമ്പത്ത് ഒരു ശതമാനത്തിന്റെ കയ്യിലാണെന്നു കണക്കുകൾ വന്നു. രാജ്യത്തെ ശതകോടീശ്വരൻമാരുടെ എണ്ണം 2020ലെ 102ൽ നിന്ന് 2022ൽ 166 ലെത്തി. 2012നും 2021നും രാജ്യത്തുണ്ടായ സമ്പത്തിൽ 40 ശതമാനത്തിലധികം ജനസംഖ്യയുടെ ഒരു ശതമാനത്തിന്റെ കയ്യിലായപ്പോൾ മൂന്നു ശതമാനം മാത്രമാണ് ജനസംഖ്യയുടെ 50 ശതമാനത്തിനായി വീതിക്കപ്പെട്ടത്. –- സി പി ചന്ദ്രശേഖർ പറഞ്ഞു കൊച്ചിയിലെ സെന്റർ ഫോർ സോഷ്യോ– എക്കണോമിക് ആൻഡ് എൻവയൺമെന്റൽ സ്റ്റഡീസും (സിഎസ്ഇഎസ്), കുസാറ്റ് സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസും എം ജി സർവകലാശാലയിലെ ഡോ. കെ എൻ രാജ് സ്റ്റഡി സെന്ററും ചേർന്നാണ് പ്രഭാഷണം സംഘടിപ്പിച്ചത്.