blogs

മീൻ‌കാർക്ക് ചോറുണ്ണണം… നമുക്ക് മീൻ കൂട്ടി ചോറുണ്ണണം

Surabhi Arunkumar (Researcher)

17th April 2020

Disclaimer: The views expressed here are solely of the author and not of CSES

‘മീനില്ലാതെ ഊണിനെക്കുറിച്ച് ചിന്തിക്കാനേ വയ്യ’ എന്നു കരുതിയിരുന്ന മലയാളികൾക്കിടയിലേക്ക് അപ്രതീക്ഷിതമായാണ് കോവിഡ് 19ഉം അതിനെ തുടർന്ന് മത്സ്യമേഖലയുൾപ്പെടുന്ന സമസ്ത മേഖലകളിലേയും അടച്ചു പൂട്ടലും വന്നെത്തിയത്. കേരളത്തിലെ ജനസംഖ്യയുടെ 3.08 ശതമാനം മത്സ്യമേഖലയെ ആശ്രയിച്ച് കഴിയുന്നവരാണ്. സംസ്ഥാനത്ത് 1.8 ലക്ഷം സജീവ മത്സ്യ തൊഴിലാളികളും 1.64 ലക്ഷം അനുബന്ധ തൊഴിലാളികളും ഉണ്ടെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. ലോക്ക് ഡൌൺ കാലം എങ്ങനെ മറികടക്കുമെന്ന് ചിന്തിച്ചിരുന്ന ഈ മേഖലയിലെ തൊഴിലാളികൾക്ക് തെല്ലാശ്വാസം പകർന്ന തീരുമാനമായിരുന്നു ഏപ്രിൽ ആദ്യവാരം സർക്കാർ പ്രഖ്യാപിച്ച ലോക്ക്ഡൌൺ ഇളവുകൾ. ഇതുപ്രകാരം മത്സ്യമേഖല അവശ്യ സർവ്വീസിൽ ഉൾപ്പെടുത്തുകയും, കൊറോണ പോസിറ്റീവ് കേസുകൾ അധികമായി റിപ്പോർട്ട് ചെയ്യപ്പെട്ട കാസറഗോഡ് ഒഴികെയുള്ള ജില്ലകളിൽ മത്സ്യ ബന്ധനം നടത്തുവാനും, ലേലം ഒഴിവാക്കിക്കൊണ്ട് സർക്കാർ നിബന്ധനകൾക്കനുസൃതമായി മത്സ്യ വിപണനം നടത്തുവാനുമുള്ള അനുവാദം സർക്കാർ നൽകുകയുണ്ടായി. മത്സ്യവില നിയന്ത്രിക്കുന്നതിന് ജില്ലാ കളക്ടർ അധ്യക്ഷനായുള്ള ‘ഹാർബർ മാനേജ്മെന്റ് സൊസൈറ്റികളെ’ ചുമതലപ്പെടുത്തുകയും, അതോടൊപ്പം ചെറുകിട വില്പനക്കാർ ഉൾപ്പെടെയുള്ളവർക്ക് ഫിഷറീസ് ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ മത്സ്യം ഓൺലൈനായും, മത്സ്യഫെഡ് വഴിയും നിശ്ചിത പോയന്റുകളിൽ എത്തിക്കുന്നതിനുള്ള സംവിധാനം ഒരുക്കുകയും ചെയ്തു. ഇതൊക്കെയുണ്ടായിട്ടും ‘നാട്ടിലെ ചേട്ടന്മാർ’ മീൻ അന്വേഷിച്ച് ഇരുചക്ര വാഹനങ്ങളിലും മറ്റും കറങ്ങി നടന്ന് ക്രമസമാധാനപാലകരുടെ പണി കൂട്ടി. ഇതിനിടയിലും പ്രധാനപ്പെട്ട തദ്ദേശ മാർക്കറ്റുകളിലും മറ്റും പഴകിയ മത്സ്യമടക്കം പൊന്നും വിലക്കു വിൽക്കുവാൻ ശേഖരിച്ച് വെച്ചതും അധികൃതർ കണ്ടുകെട്ടി. ഇതിനു പുറമെ ഇളവുകൾ ലംഘിച്ച് അയൽ സംസ്ഥാനമായ തമിഴ്‌നാട് മുതൽ ബംഗാളിൽ നിന്നുവരെ ഇവിടുത്തെ തീൻ‌മേശയെ സജ്ജീകരിക്കാൻ മായം കലർത്തിയും അല്ലാതെയും മത്സ്യം എത്തിത്തുടങ്ങി. എന്നാൽ സർക്കാരിന്റെ ശ്രദ്ധ ഇത്തരക്കാരെ കണ്ടുകെട്ടുന്നതിലും തുടരുന്നുണ്ട്.

എന്തായാലും ലോക്ഡൌൺ ഇളവുകളെത്തുടർന്ന് നമ്മുടെ ഉൾനാടൻ, കടലോര മത്സ്യ മേഖല വീണ്ടും ഉഷാറായി തുടങ്ങിയിട്ടുണ്ട്. പരമ്പരാഗത ബോട്ടുകൾ കളത്തിലേക്കിറങ്ങി. ഉൾനാടൻ മേഖലയിലും ചെമ്മീനും ഞണ്ടും ഉൾപ്പെടെയുള്ള വിഭവങ്ങൾ കരയ്ക്കെത്തിച്ച് അതിവേഗം വിറ്റഴിക്കുന്ന കാഴ്ചകളും കണ്ടുവരുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളായി എന്റെ വീടിനു ചേർന്നുള്ള പഞ്ചായത്ത് റോഡിൽ മോട്ടോർ ബൈക്ക് റാലിയെന്നു തോന്നുന്ന വിധമാണ് തുടരെത്തുടരെ ഇരുചക്രവാഹനങ്ങൾ ഒന്നിനു പുറകെ ഒന്നായി കടന്നു പോകുന്നത്. ഒരു സഞ്ചി നിറയെ മീനുമായി കാൽനടയായ് വീടിനുമുന്നിലൂടെ പോയ അയൽ‌പക്കത്തെ ചേട്ടനാണ് പറഞ്ഞത് ഫിഷ് ലാന്റിംഗ് സെന്ററിൽ വഞ്ചിയടുത്തിട്ടുണ്ടെന്നും, ഈ വാഹനങ്ങളൊക്കെ അങ്ങോട്ടേക്കാണെന്നും. ഫോണിലൂടെയും, വാട്സാപ്പിലൂടെയും മത്സ്യതൊഴിലാളികൾ വിവരം തദ്ദേശ വാസികൾക്കും സുഹൃത്തുക്കൾക്കും അയക്കുന്നു. അങ്ങനെ ആ വിവര ശൃംഖല മൂന്ന് നാല് കിലോമീറ്റർ ദൂരം വരെയുള്ളവർക്ക് വരെ മത്സ്യം കൃത്യ സമയത്ത് സ്പോട്ടിൽ വന്ന് വാങ്ങാവുന്ന രീതിയിൽ ക്രമീകരിക്കപ്പെട്ടിരിക്കുന്നു. എന്തായാലും ഇതുവഴി ഇടനിലക്കാരുടെ ചൂഷണം ഒരു പരിധി വരെ ഒഴിവാക്കാൻ കഴിഞ്ഞതോടൊപ്പം മത്സ്യം പിടിക്കുന്നവർക്ക് തങ്ങളുടെ ഉല്പന്നം പ്രതീക്ഷിക്കുന്ന വിലക്ക് വിറ്റഴിക്കാനും കഴിയുന്നുവെന്നത് വളരെ നല്ല കാര്യമായി മാറുന്നു. ഇതിനിടയിലും വൻ‌കിടക്കാരടങ്ങിയ മറ്റൊരു വിഭാഗം തീര പ്രദേശങ്ങളിൽ നിന്ന് ചെറിയ വിലയ്ക്ക് വാങ്ങി സകാര്യ വാഹനങ്ങളിൽ വളരെ ഉയർന്ന വിലയ്ക്ക് വീടുകളിലും മാർക്കറ്റുകളിലും വിതരണം നടത്തുന്നുമുണ്ട്.

എന്നാൽ മത്സ്യവിപണനം അവശ്യസർവീസായി പ്രഖ്യാപിച്ചതിന്റെ ഗുണമൊന്നും ലഭിക്കാതെ കഴിയുന്ന ഒരു കൂട്ടരുണ്ട്. കാലങ്ങളായി മത്സ്യമേഖലയിലെ പരമ്പരാഗത ഹോംഡെലിവറി ശൃംഖല. ഓൺ‌ലൈനിന്റേയും, വാട്സാപ്പിന്റേയും പ്രായോഗിക വശങ്ങളെക്കുറിച്ചറിയാതെ കഴിഞ്ഞ മൂന്നാഴ്ചക്കാലമായി ഇതേ മേഖലയിൽ തങ്ങളുടെ തൊഴിൽ ചെയ്യാൻ കഴിയാതെ സർക്കാർ പ്രഖ്യാപിച്ച ഇളവുകളുടെ ഫലം ലഭിക്കാതെ ഇവർ കാത്തിരിക്കുകയാണ്. മറ്റാരുമല്ല തലച്ചുമടായി വീടുകളിൽ കയറിയിറങ്ങി മീൻ വിൽക്കുന്ന നമ്മുടെ ചേച്ചിമാർ (ചേട്ടൻ‌മാരുമുണ്ട്) ആണ്. മത്സ്യം ഉൾനാടൻ – കടലോര മേഖലയിൽ നിന്ന് നേരിട്ടോ മാർക്കറ്റുകളിൽ നിന്നോ ശേഖരിച്ച് പൊതു ഗതാഗതത്തെ ആശ്രയിച്ച് നഗര പ്രദേശങ്ങളിലും മറ്റും വീട് വീടാന്തരം കയറിയിറങ്ങി വില്പന നടത്തുന്നവരാണ് ഇക്കൂട്ടരിൽ അധികവും. കുടുംബത്തിലെ ദൈനംദിന ചിലവുകൾക്കും, കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ആവശ്യങ്ങൾക്കും കൈത്താങ്ങാകുവാനാണ് മിക്കവാറും സ്ത്രീകൾ ഈ തൊഴിൽ ചെയ്ത് വരുന്നത്. മത്സ്യം ശേഖരിക്കുന്നതിനായും, വിറ്റഴിക്കുന്നതിനുമായുള്ള യാത്രകൾക്ക് ഇക്കൂട്ടർ പ്രധാനമായും ആശ്രയിക്കുന്നത് പ്രൈവറ്റ്, സർക്കാർ ബസ്സുകളെയാണ്. അതിരാവിലെ വീട്ടിൽ നിന്ന് പുറപ്പെട്ട് മത്സ്യം തീരപ്രദേശത്ത് നിന്നോ തദ്ദേശ മാർക്കറ്റുകളിൽ നിന്നോ വാങ്ങി നഗര പ്രദേശങ്ങളിൽ വീടുകൾ കയറിയിറങ്ങി വില്പന നടത്തി കിലോ മീറ്ററുകൾ യാത്ര ചെയ്ത് വൈകിട്ടാണ് അവരവുടെ വീടുകളിൽ തിരിച്ചെത്തുന്നത്. മറ്റെല്ലാ മേഖലയിലുമെന്നതു പോലെ മത്സ്യമേഖലയിലും കാര്യമായ ഇടപെടൽ സർക്കാർ ഈ ദിവസങ്ങളിൽ കൊണ്ടുവരികയും, അത് ഭൂരിഭാഗം വരുന്ന മത്സ്യതൊഴിലാളികൾക്ക് വലിയ ആശ്വാസമാവുകയും ചെയ്തു. മറ്റെല്ലാ അവശ്യ സർവ്വീസുകളിലും ഹോം ഡെലിവറി ഉൾപ്പെടെയുള്ള സംവിധാനം കോവിഡിനെതിരെയുള്ള പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കൊണ്ടുവന്നപ്പോൾ കാലങ്ങളായി മത്സ്യം ഹോം ഡെലിവറി നടത്തിപ്പോന്ന നമ്മുടെ ചേച്ചിമാരും, ചേട്ടന്മാരും ലോക്ക് ഡൌൺ മൂലം തങ്ങളുടെ കച്ചവടം എന്നന്നേക്കുമായി നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ്. അവരെ എങ്ങനെ കായിക അകല നിബന്ധനകൾക്കനുസൃതമായി സർക്കാർ നിയന്ത്രിത മത്സ്യവിതരണസംവിധാനങ്ങളോട് കൂട്ടിച്ചേർക്കാമെന്നുള്ളത് ചിന്തിക്കണ്ടതല്ലേ.