This report was published in Trucopy Webzine (Packet 25) on 17/05/2021
ഉല്പാദനക്ഷമരായ സ്ത്രീകളില്‍ 35 ശതമാനം മാത്രമേ ജോലി ചെയ്യുകയോ തൊഴിലന്വേഷിക്കുകയോ ചെയ്യുന്നുള്ളൂ. അതായത് കേരളത്തിലെ സ്ത്രീകളില്‍ ബഹുഭൂരിപക്ഷവും ജോലി അന്വേഷിക്കുന്നവര്‍ പോലും അല്ലെന്നര്‍ഥം- കൊച്ചിയിലെ സെൻറര്‍ ഫോര്‍ സോഷ്യോ-എക്കണോമിക്ക് ആൻറ് എന്‍വയൺമെൻറൽ സ്റ്റഡീസ് നടത്തിയ ഗ്രാമതല പഠനം
കേരളത്തിന്റെ വികസനാനുഭവങ്ങളും ലിംഗപദവിയും തമ്മില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ചില വിടവുകളെക്കുറിച്ച് ഗൗരവകരമായ ചര്‍ച്ചകള്‍ ഉയര്‍ന്നുവരുന്ന ഒരു കാലഘട്ടമാണിത്. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയവയുമായി ബന്ധപ്പെട്ട സാമൂഹ്യസൂചകങ്ങളില്‍ സ്ത്രീ- പുരുഷ അന്തരം വളരെ കുറവാണെന്നത് (പല സൂചകങ്ങളിലും സ്ത്രീകള്‍ പുരുഷന്മാരെക്കാള് മുന്നിലുമാണ്) കേരള വികസന പാതയുടെ ഒരു പ്രത്യേകതയായി പലപ്പോഴും ഉയര്ത്തിക്കാണിക്കപ്പെട്ടിട്ടുള്ളതാണ്. എന്നാല്‍ ഈ സൂചകങ്ങള്‍ അടയാളപ്പെടുത്തുന്ന ലിംഗനീതി കേരളത്തിന്റെ തൊഴില്‍ മേഖലയില്‍ പ്രതിഫലിക്കുന്നില്ല എന്നതാണ് വസ്തുത. പുരുഷന്മാരെ അപേക്ഷിച്ച് വളരെ കുറഞ്ഞ ശതമാനം സ്ത്രീകള്‍ മാത്രമാണ് കേരളത്തില്‍ തൊഴിലിലേര്‍പ്പെടുന്നത് എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ഉയർന്ന വിദ്യാഭ്യാസം, കുറഞ്ഞ തൊഴിൽ പങ്കാളിത്തം
എന്‍.എസ്.എസ്.ഒ (നാഷനൽ സാമ്പിൾ സർവേ ഓർഗനൈഷേസൻ) യുടെ ഏറ്റവും പുതിയ തൊഴില്‍ സര്‍വേ (2018-19) പ്രകാരം കേരളത്തില്‍ 15 വയസിനും 59 വയസിനുമിടയിലുള്ള പുരുഷന്മാരില് 74 ശതമാനവും ജോലി ചെയ്യുന്നവരാണെങ്കില്‍, ഇതേ പ്രായത്തിലുള്ള സ്ത്രീകളില്‍ 29 ശതമാനം മാത്രമാണ് ജോലി ചെയ്യുന്നത്. തൊഴിലില്ലായ്മ പൊതുവെ ഒരു വലിയ പ്രശ്നമായ കേരളത്തില്‍ സ്ത്രീകള്‍ക്കിടയിലാണ് തൊഴിലില്ലായ്മ കൂടുതല്‍ രൂക്ഷം (പുരുഷന്മാര്ക്കിടയില് 23 ശതമാനവും സ്ത്രീകള്‍ക്കിടയില്‍ 55 ശതമാനവുമാണ് തൊഴിലില്ലായ്മ നിരക്ക്). ദേശീയതലത്തിലുള്ള കണക്കു കൂടി പരിഗണിക്കുമ്പോഴാണ് മലയാളി സ്ത്രീകള്‍ക്കിടയിലെ തൊഴിലില്ലായ്മയുടെ തീവ്രത കൂടുതല്‍ വ്യക്തമാകുന്നത് – 17 ശതമാനം വീതം മാത്രമാണ് ദേശീയതലത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമിടയിലെ തൊഴിലില്ലായ്മ. ഉല്പാദനക്ഷമരായ സ്ത്രീകളില്‍ 35 ശതമാനം മാത്രമേ ജോലി ചെയ്യുകയോ തൊഴിലന്വേഷിക്കുകയോ ചെയ്യുന്നുള്ളൂവെന്നതും ശ്രദ്ധപതിയേണ്ട വിഷയമാണ് (പുരുഷന്മാരില് 78 ശതമാനവും). അതായത് കേരളത്തിലെ സ്ത്രീകളില്‍ ബഹുഭൂരിപക്ഷവും ജോലി അന്വേഷിക്കുന്നവര്‍ പോലും അല്ലെന്നര്‍ഥം.
കേരളത്തിലെ സ്ത്രീകള്‍ കൈവരിച്ച ഉയര്‍ന്ന വിദ്യാഭ്യാസനേട്ടങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍, സ്ത്രീകളുടെ ഈ കുറഞ്ഞ തൊഴില്‍ പങ്കാളിത്തം പ്രശ്നവല്‍ക്കരിക്കപ്പെടേണ്ടത് തന്നെയാണ്. കുടുംബതലത്തിലും, വ്യക്തിതലത്തിലുമുള്ള തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ജീവിക്കുന്ന സാമൂഹിക-സാംസ്ക്കാരിക അന്തരീക്ഷത്തിനുള്ള സ്വാധീനത്തെക്കുറിച്ച് ധാരാളം പഠനങ്ങള്‍ പറയുന്നുണ്ട്. മലയാളി സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തത്തിലും, ജോലിയുമായി ബന്ധപ്പെട്ട അവരുടെ തെരഞ്ഞെടുപ്പുകളിലും ഈ ഘടകങ്ങള്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട് എന്ന് നിസംശയം പറയാം.
കുട്ടികളെ വളര്‍ത്തലും, വീട്ടിലെ ഉത്തരവാദിത്തങ്ങളുമാണ് കേരളത്തില്‍ സ്ത്രീകളുടെ, പ്രത്യേകിച്ച് യുവതികളുടെ, കുറഞ്ഞ തൊഴില്‍ പങ്കാളിത്തത്തിനു കാരണമായി പലപ്പോഴും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഈ ഉത്തരവാദിത്തങ്ങള്‍ സ്വയം ഏറ്റെടുത്തുകൊണ്ട് തൊഴില്‍രംഗത്ത് നിന്നുള്ള മലയാളി സ്ത്രീകളുടെ മാറിനില്ക്കല് അവരുടെ സ്വതന്ത്രമായ തെരഞ്ഞെടുപ്പാണോ എന്നത് പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്.
ദേശീയ തലത്തില്‍ നടത്തപ്പെടുന്ന സര്‍വേകളില്‍ നിന്ന് ലഭ്യമാകുന്ന സെക്കന്ററി ഡേറ്റ ഉപയോഗിച്ച് ഇത്തരത്തിലൊരു പരിശോധന നടത്തി നിഗമനത്തിലെത്താന്‍ പരിമിതികളുണ്ട്. പ്രാദേശികതലത്തില്‍ കൂടുതല്‍ സൂക്ഷ്മവും ആഴത്തിലുള്ളതുമായ ഒരു പഠനം ഇതിനാവശ്യമാണ്. കേരളത്തിലെ യുവാക്കളുടെ തൊഴില്‍ മേഖലയിലെ പങ്കാളിത്തത്തെക്കുറിച്ച് അടുത്തിടെ കൊച്ചിയിലെ സെന്റര്‍ ഫോര്‍ സോഷ്യോ-എക്കണോമിക്ക് ആന്റ് എന്വയണ്മെന്റല് സ്റ്റഡീസ് (സി.എസ്.ഇ.എസ്.) നടത്തിയ ഒരു ഗ്രാമതലപഠനം ഇത്തരം ഒരു അന്വേഷണമാണ് ലക്ഷ്യം വെച്ചത്. ലേഖിക നേതൃത്വം നല്കിയ ഈ പഠനത്തെ അടിസ്ഥാനമാക്കി മലയാളി യുവതികളുടെ തൊഴില്‍ പങ്കാളിത്തത്തെ കുറിച്ചും അവയെ നിര്‍ണയിക്കുന്ന ഘടകങ്ങളെക്കുറിച്ചുമുള്ള ഒരു പ്രാഥമികാന്വേഷണമാണ് ഈ കുറിപ്പ്.
8 മുതല്‍ 40 വയസ്സു വരെയുള്ള സ്ത്രീകളില്‍ ജോലിയുള്ളവരുടെ അനുപാതം പുരുഷന്മാരുടെ പകുതിയില്‍ താഴെ മാത്രമാണ് – സ്ത്രീകളില്‍ 33 ശതമാനവും, പുരുഷന്മാരില് 70 ശതമാനവും.
എറണാകുളം ജില്ലയിലെ മണീട് ഗ്രാമപഞ്ചായത്തിലെ 18 വയസ്സിനും 40 വയസ്സിനുമിടയിലുള്ള യുവാക്കള്‍ക്കിടയില്‍ നടത്തിയ പഠനത്തിലൂടെ താഴെ പറയുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനാണ് ഞങ്ങള്‍ ശ്രമിച്ചത്:
- വ്യക്തികളുടെ തൊഴില്‍ പങ്കാളിത്തത്തെ നിര്‍ണയിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയാണ്?
- ലിംഗപരമായ വ്യത്യാസങ്ങള്‍ ഈ കാരണങ്ങളില്‍ പ്രതിഫലിക്കുന്നുണ്ടോ? വിവാഹവും മറ്റ് കുടുംബ ഉത്തരവാദിത്തങ്ങളും മലയാളിസ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തത്തെയും ജോലി സംബന്ധമായ തെരഞ്ഞെടുപ്പുകളെയും എങ്ങനെയൊക്കെയാണ് സ്വാധീനിക്കുന്നത്?
- എന്തുകൊണ്ടാണ് ബഹുഭൂരിപക്ഷം സ്ത്രീകളും തൊഴിലന്വേഷകര്‍ പോലും അല്ലാതാകുന്നത്?
വിവാഹവും കുടുംബവും വില്ലന്മാർ
എന്‍.എസ്.എസ്.ഒ. നല്കുന്ന ഡേറ്റയോട് താരതമ്യപ്പെടുത്താവുന്ന വിവരങ്ങളാണ് പഠനത്തില്‍ നിന്ന് ഞങ്ങള്‍ക്ക് ലഭിച്ചത്. വളരെ വേഗത്തില്‍ വളരുന്ന എറണാകുളം നഗരത്തോട് ചേര്‍ന്നുകിടക്കുന്ന ഒരു പ്രദേശമായിട്ടു പോലും മണീട് പഞ്ചായത്തില്‍ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം വളരെ കുറവാണ്. 18 മുതല്‍ 40 വയസ്സു വരെയുള്ള സ്ത്രീകളില്‍ ജോലിയുള്ളവരുടെ അനുപാതം പുരുഷന്മാരുടെ പകുതിയില്‍ താഴെ മാത്രമാണ് – സ്ത്രീകളില്‍ 33 ശതമാനവും, പുരുഷന്മാരില് 70 ശതമാനവും. 30 വയസ്സിനും 40 വയസ്സിനും ഇടയിലുള്ള പുരുഷന്മാരില് ഏതാണ്ട് എല്ലാവരും ജോലിയുള്ളവരാണെങ്കില്‍ സ്ത്രീകളില്‍ 45 ശതമാനം മാത്രമാണ് ജോലി ചെയ്യുന്നത്.
തൊഴിലില്ലായ്മ നിരക്കിലും ഇതേ സ്ത്രീ-പുരുഷ അന്തരം സുവ്യക്തമാണ്. പുരുഷന്മാര്ക്കിടയില് 13 ശതമാനമാണ് തൊഴിലില്ലായ്മ നിരക്കെങ്കില്‍ സ്ത്രീകള്‍ക്കിടയില്‍ 43 ശതമാനമാണ് – 30 ശതമാനം അധികം (പട്ടിക ഒന്ന്). ഇതിനു പുറമെ ഒരു വലിയ വിഭാഗം യുവതികള്‍ തൊഴില്‍ മേഖലയില്‍ നിന്നു തന്നെ പുറത്താകുന്നുണ്ട് – അതായത് ഇവര്‍ നിലവില്‍ ജോലി ചെയ്യുന്നില്ല എന്നു മാത്രമല്ല, ജോലി അന്വേഷിക്കുന്നുപോലുമില്ല.
സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തവും സാമൂഹ്യസാഹചര്യങ്ങളും
പ്രതീക്ഷിച്ചതു പോലെ തന്നെ വിവാഹവും, കുടുംബത്തിലെ മറ്റുത്തരവാദിത്തങ്ങളുമാണ് തങ്ങള്‍ ജോലിക്ക് പോകാത്തതിന് പ്രധാന കാരണമായി സ്ത്രീകള്‍ ചൂണ്ടിക്കാട്ടിയത്. നിലവില്‍ ജോലിയുള്ളവരോ തൊഴില്‍ അന്വേഷിക്കുന്നവരോ ആയ സ്ത്രീകളില്‍ 58 ശതമാനവും വിവാഹശേഷം ജീവിതപങ്കാളിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും തീരുമാനങ്ങളും, പ്രസവവും, കുടുംബത്തിലെ ഉത്തരവാദിത്തങ്ങളും തങ്ങളുടെ തൊഴില്‍സാധ്യതകളെ പ്രതികൂലമായി ബാധിച്ചുവെന്ന് അഭിപ്രായപ്പെട്ടു. അതേസമയം പുരുഷന്മാരില് കേവലം 4 ശതമാനം മാത്രമേ ഇത്തരം കാരണങ്ങള്‍ തങ്ങളുടെ തൊഴില്‍സാധ്യതകളെ പ്രതികൂലമായി ബാധിച്ചതായി കരുതുന്നുള്ളൂ. വിവാഹശേഷം ഭര്‍ത്താവിന്റെ ജോലിസ്ഥലത്തേക്ക് സ്ത്രീകള്‍ സ്ഥലം മാറുകയെന്നതാണല്ലോ ഇപ്പോഴും തുടർന്നുവരുന്ന നാട്ടുനടപ്പ്. ഈ പ്രക്രിയയില്‍ പലപ്പോഴും അവളുടെ ജോലിക്കോ, തൊഴില്‍ സാധ്യതകള്‍ക്കോ, ഇഷ്ടങ്ങള്‍ക്കോ പരിഗണനകള്‍ ലഭിക്കാറില്ല എന്നതു തന്നെയാണ് ഈ പഠനവും വ്യക്തമാക്കുന്നത്.
നിലവില്‍ ജോലിയില്ലാത്ത യുവതികളില്‍ പലരും മുമ്പ് ജോലി ചെയ്തിരുന്നവരാണ്. ഇവരോട് ജോലിയുപേക്ഷിക്കാനുണ്ടായ കാരണം അന്വേഷിച്ചപ്പോള്‍, 61 ശതമാനവും വിവാഹവും കുടുംബ ഉത്തരവാദിത്തങ്ങളും തന്നെയാണ് കാരണങ്ങളായി ചൂണ്ടിക്കാണിച്ചത്; എന്നാല്‍ കേവലം ആറു ശതമാനം പുരുഷന്മാര്ക്കാണ് ഈ കാരണങ്ങള്‍ കൊണ്ട് ജോലിയുപേക്ഷിക്കേണ്ടി വന്നത്.
തൊഴില്‍രഹിതരായ സ്ത്രീകളില്‍ 12 ശതമാനവും, പുരുഷന്മാരില് 8 ശതമാനവും മാത്രമേ തങ്ങള്‍ സര്‍ക്കാര്‍ ജോലിക്ക് മുന്‍ഗണന നല്‍കുന്നതായി അഭിപ്രായപ്പെട്ടുള്ളൂ. സ്വയം തൊഴില്‍ കണ്ടെത്താനോ, സ്വന്തമായി സംരംഭം തുടങ്ങാനോ ഭൂരിഭാഗം പേര്‍ക്കും താല്പര്യമില്ല എന്നതും വ്യക്തമായി.
“”വിവാഹത്തിനു മുമ്പ് ഞാന്‍ ഒരു ഐ.ടി. കമ്പനിയില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. വിവാഹശേഷം ജോലിയില്‍ നിന്ന് ആറു മാസത്തെ ലീവ് എടുക്കണമെന്ന് എന്റെ ഭര്‍ത്താവ് നിര്‍ബന്ധം പിടിച്ചു. ഞാന്‍ ഒരുക്കമായിരുന്നില്ല. എന്നാല്‍ എന്നെ പിന്തുണയ്ക്കാന്‍ ആരുമുണ്ടായിരുന്നില്ല. അതുകൊണ്ട് അവസാനം എനിക്ക് പുള്ളിയുടെ നിര്‍ബന്ധത്തിന് വഴങ്ങേണ്ടി വന്നു.” ; 26 വയസ്സുള്ള ഒരു ബി.ടെക്ക്. ബിരുദധാരി പറയുന്നു.
വീട്ടിലെ ഉത്തരവാദിത്തങ്ങള്‍ കാരണം ജോലി വിടേണ്ടി വന്ന തന്റെ കഥ രമ്യ ഞങ്ങളുമായി പങ്കുവെച്ചു. കുടുംബകാര്യങ്ങള്‍ നോക്കി വീട്ടില്‍ തന്നെ ഒതുങ്ങിക്കൂടിയിരിക്കുകയാണ് ഈ മുപ്പത്തേഴുകാരി ഇപ്പോള്‍: “”ഭര്‍ത്താവിന്റെ അമ്മ തളര്‍ന്നുകിടക്കുകയാണ്. വിവാഹശേഷം അമ്മയെ നോക്കേണ്ട ചുമതല എന്റേതു മാത്രമായി. ഞാന്‍ ബി.കോം. വരെ പഠിച്ചതാണ്. വിവാഹത്തിനു മുമ്പുവരെ ഒരു ഫിനാന്‍ഷ്യല്‍ കമ്പനിയില്‍ ജോലി ചെയ്യുന്നുമുണ്ടായിരുന്നു. എന്നാല്‍ ഇനി ഇപ്പോള്‍ ജോലിക്കു പോകാന്‍ ഒരു നിവൃത്തിയുമില്ല. അപ്പോള്‍ പിന്നെ ജോലി അന്വേഷിക്കുന്നതിലും അര്‍ഥമില്ലല്ലോ.”
മുന്‍ഗണന സർക്കാർ ജോലിക്ക്
സര്‍ക്കാര്‍ ജോലിയോടുള്ള അമിതമായ താല്പര്യം കേരളത്തിലെ യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് ഉയരാന്‍ കാരണമാകുന്നതായി മുന്‍പ് നടന്നിട്ടുള്ള പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ നിന്നു വ്യത്യസ്തമായ നിരീക്ഷണമാണ് സി.എസ്.ഇ.എസ്. സര്‍വേയിലൂടെ ഞങ്ങള്‍ക്ക് ലഭിച്ചത്. പഠനത്തിനിടയില്‍ കണ്ടുമുട്ടിയ തൊഴില്‍രഹിതരായ സ്ത്രീകളില്‍ 12 ശതമാനവും, പുരുഷന്മാരില് 8 ശതമാനവും മാത്രമേ തങ്ങള്‍ സര്‍ക്കാര്‍ ജോലിക്ക് മുന്‍ഗണന നല്‍കുന്നതായി അഭിപ്രായപ്പെട്ടുള്ളൂ. സ്വയം തൊഴില്‍ കണ്ടെത്താനോ, സ്വന്തമായി സംരംഭം തുടങ്ങാനോ ഭൂരിഭാഗം പേര്‍ക്കും താല്പര്യമില്ല എന്നതും വ്യക്തമായി.
ജോലിസ്ഥലം, ജോലിസമയം, തൊഴിലിന്റെ രീതി എന്നിവയൊക്കെയായി ബന്ധപ്പെട്ട് ജീവിതപങ്കാളിയും, കുടുംബവുമൊക്കെ നിഷ്ക്കര്‍ഷിക്കുന്ന നിയന്ത്രണങ്ങള്‍ സ്ത്രീകളുടെ തൊഴില്‍ സംബന്ധമായ തെരഞ്ഞെടുപ്പുകളെ പലപ്പോഴും പരിമിതപ്പെടുത്താറുണ്ട്. വീടിനടുത്തു തന്നെ ജോലി കിട്ടണമെന്നുള്ള അതിയായ താല്പര്യം സ്ത്രീകള്‍ക്കിടയില്‍ കൂടുതലാണെന്ന് പഠനം നിരീക്ഷിക്കുന്നു.
തൊഴിലന്വേഷകരായ പുരുഷന്മാരില് നാലില്‍ മൂന്നു പേരും എവിടെ വേണമെങ്കിലും ജോലി ചെയ്യാന്‍ തങ്ങള്‍ തയ്യാറാണെന്നു പറഞ്ഞപ്പോള്‍ സ്ത്രീകളില്‍ നാലില്‍ മൂന്നു പേരും വീടിനടുത്തു തന്നെ ജോലി ചെയ്യാനാണ് താല്പര്യം എന്ന് അഭിപ്രായപ്പെട്ടു
തൊഴിലന്വേഷകരായ പുരുഷന്മാരില് നാലില്‍ മൂന്നു പേരും എവിടെ വേണമെങ്കിലും ജോലി ചെയ്യാന്‍ തങ്ങള്‍ തയ്യാറാണെന്നു പറഞ്ഞപ്പോള്‍ സ്ത്രീകളില്‍ നാലില്‍ മൂന്നു പേരും വീടിനടുത്തു തന്നെ ജോലി ചെയ്യാനാണ് താല്പര്യം എന്ന് അഭിപ്രായപ്പെട്ടു. ജീവിക്കുന്ന സാമൂഹ്യ- സാംസ്ക്കാരിക- കുടുംബ സാഹചര്യങ്ങളുടെ സ്വാധീനവും സമ്മര്‍ദവുമായിരിക്കാം ഈ വ്യത്യാസത്തിനു കാരണം. സ്ത്രീകളുടെ തൊഴില്‍ തെരഞ്ഞെടുപ്പുകളില്‍ കടന്നുവരുന്ന ഇത്തരം പരിമിതികള്‍ അതാത് തൊഴില്‍ മേഖലയിലെ അവരുടെ മുന്നേറ്റങ്ങളെ പിന്നോട്ടടിപ്പിക്കുന്നതിന് കാരണമാകുന്നുണ്ടെന്നതില്‍ സംശയമില്ല.
ഇതേ കാരണങ്ങളൊക്കെ കൊണ്ടുതന്നെ ജോലി മാറേണ്ടി വന്ന സ്ത്രീകളെയും പഠനത്തിനിടയില്‍ കണ്ടുമുട്ടിയിരുന്നു. വിവാഹം തന്റെ തൊഴില്‍ ജീവിതത്തെ ബാധിച്ചതിനെക്കുറിച്ച് നീനു, 28 വയസ്സുകാരിയായ ഒരു മുന്‍ നഴ്സ് ഞങ്ങളോട് പറയുകയുണ്ടായി. ജനറല്‍ നഴ്സിംഗ് കഴിഞ്ഞ നീനു ഇപ്പോള്‍ ഭര്‍ത്താവിന്റെ വീടിനടുത്തുള്ള ഒരു മെഡിക്കല്‍ ഷോപ്പില്‍ ഒരു സെയില്‍സ് വുമണ്‍ ആയി ജോലി ചെയ്യുകയാണ്. വിവാഹത്തിനു ശേഷം നീനു നഴ്സിംഗ് മേഖലയില്‍ ജോലി അന്വേഷിച്ചതു പോലുമില്ല: “”എനിക്ക് രണ്ടു വയസ്സുള്ള ഒരു കുഞ്ഞുണ്ട്. നൈറ്റ് ഡ്യൂട്ടിക്കൊന്നും പോകാന്‍ സാധിക്കില്ല. അതുകൊണ്ട് ഞാന്‍ പകല്‍ സമയത്തുള്ള ജോലി അന്വേഷിക്കാനാരംഭിച്ചു. രണ്ടര വര്‍ഷമായി ഞാന്‍ നഴ്സിംഗ് മേഖല വിട്ടിട്ട്. ഇനി തിരിച്ചുപോകാന്‍ പറ്റുമോയെന്ന് സംശയവുമാണ്.”
ഏത് ജോലി ചെയ്യണമെന്നുള്ള വ്യക്തിപരമായ തീരുമാനങ്ങളെ നിര്‍ണയിക്കുന്നതില്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന ലിംഗപദവീപരമായ ബോധ്യങ്ങള്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട് എന്നാണ് ഞങ്ങള്‍ മനസിലാക്കിയത്. നിലവില്‍ ജോലിയുള്ള എല്ലാവരോടും ഈ സര്‍വേയുടെ ഭാഗമായി തങ്ങളുടെ ജോലിയില്‍ അവര്‍ കാണുന്ന ഗുണമെന്താണ് എന്ന് ചോദിച്ചിരുന്നു. സാമ്പത്തികനേട്ടം, അത്ര കണിശമല്ലാത്ത ജോലി സമയം, ജോലി നല്കുന്ന സംതൃപ്തി എന്നിവയൊക്കെയാണ് പ്രധാനമായും ഉയര്‍ന്നുവന്ന അഭിപ്രായങ്ങള്‍. എന്നാല്‍ പുരുഷന്മാരെ അപേക്ഷിച്ച് കൂടുതല്‍ സ്ത്രീകള്‍ വീട്ടിലെ ഉത്തരവാദിത്തങ്ങള്‍ കൂടി കൈകാര്യം ചെയ്യാന്‍ പറ്റുന്ന സാഹചര്യം, വീടിനടുത്തുള്ള ജോലിസ്ഥലം എന്നിവയൊക്കെ തങ്ങളുടെ ജോലിയുടെ ഗുണങ്ങളായി എടുത്തു പറഞ്ഞു.
ജീവിതപങ്കാളിയും, കുടുംബാംഗങ്ങളും നിഷ്ക്കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ക്കും, വീട്ടില്‍ അവര്‍ നിര്‍വഹിക്കേണ്ട ഉത്തരവാദിത്തങ്ങള്‍ക്കും അനുയോജ്യമാണോ എന്ന് പരിശോധിച്ചു മാത്രമേ സ്ത്രീകള്‍ക്ക് ഓരോ ജോലിയും അപേക്ഷിക്കാന്‍ സാധിക്കൂ. അത്തരം ജോലികളുടെ എണ്ണം സ്വാഭാവികമായും കുറവുമായിരിക്കും.
ഇത്തരത്തില്‍ തങ്ങള്‍ക്കനുയോജ്യമായ ജോലിസ്ഥലത്തെയും, ജോലി സമയത്തെയും, ജോലിയുടെ രീതികളെയും കുറിച്ച് സ്ത്രീകള്‍ പുലര്‍ത്തുന്ന മുന്‍ഗണനകളാണ് കേരളത്തിലെ സ്ത്രീകളുടെ ഉയര്‍ന്ന തൊഴിലില്ലായ്മയ്ക്ക് കാരണമാകുന്നതെന്ന് ഒറ്റനോട്ടത്തില്‍ തോന്നാമെങ്കിലും (ആ തരത്തില്‍ ജോലിക്കു പോകാതിരിക്കുന്നത് സ്ത്രീകളുടെ സ്വന്തമായ തെരഞ്ഞെടുപ്പുകളാണ് എന്നു വേണമെങ്കിലും വാദിക്കാം), ഇത്തരത്തിലുള്ള മുന്‍ഗണനകളിലേക്ക് അവരെ കൊണ്ടെത്തിക്കുന്ന സാമൂഹ്യ-സാംസ്ക്കാരിക സാഹചര്യങ്ങളെ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വിധേയമാക്കേണ്ട ഒരു ഘട്ടത്തിലാണ് കേരളം ഇപ്പോള്‍.
തൊഴിലന്വേഷണത്തിന്റെ രീതി
തൊഴിലന്വേഷണത്തിന്റെ തീവ്രത പരിശോധിച്ചാലും വ്യക്തമായ സ്ത്രീ-പുരുഷ അന്തരം കാണാം. തൊഴിലന്വേഷകരായ പുരുഷന്മാരാണ് തൊഴിലന്വേഷകരായ സ്ത്രീകളെക്കാള്‍ തീവ്രമായി ജോലി അന്വേഷിക്കുന്നത്. കഴിഞ്ഞ ആറു മാസങ്ങള്‍ക്കിടയില്‍ അപേക്ഷിച്ച ജോലികളുടെ എണ്ണത്തില്‍ നിന്നാണ് തൊഴിലന്വേഷണത്തിന്റെ തീവ്രത പഠനം കണക്കാക്കിയത്. തൊഴിലന്വേഷകരായ സ്ത്രീകളില്‍ 57 ശതമാനവും കഴിഞ്ഞ ആറു മാസത്തിനിടയില്‍ ഒരു ജോലി അപേക്ഷ പോലും നല്‍കാത്തവരാണ്. എന്നാല്‍ പുരുഷന്മാര്ക്കിടയില് ഈ അനുപാതം 24 ശതമാനം മാത്രമാണ്. പുരുഷന്മാരെ അപേക്ഷിച്ച് കുറഞ്ഞ എണ്ണം ജോലികള്‍ക്ക് മാത്രം സ്ത്രീകള്‍ അപേക്ഷിക്കാനുള്ള ഒരു പ്രധാന കാരണം നമ്മള് മുമ്പേ കണ്ടതു തന്നെയാകാം. ജീവിതപങ്കാളിയും, കുടുംബാംഗങ്ങളും നിഷ്ക്കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ക്കും, വീട്ടില്‍ അവര്‍ നിര്‍വഹിക്കേണ്ട ഉത്തരവാദിത്തങ്ങള്‍ക്കും അനുയോജ്യമാണോ എന്ന് പരിശോധിച്ചു മാത്രമേ സ്ത്രീകള്‍ക്ക് ഓരോ ജോലിയും അപേക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. അത്തരത്തിലുള്ള ജോലികളുടെ എണ്ണം സ്വാഭാവികമായും കുറവുമായിരിക്കും.
കുടുംബത്തിന്റെ വരുമാനസ്രോതസ്സ് പുരുഷന്മാരാണെന്ന കാഴ്ചപ്പാട് മാറി സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും വീട്ടിലും സമൂഹത്തിലും തുല്യ പങ്കാണെന്ന ചിന്തയിലേക്ക് സമൂഹം വികസിച്ചെങ്കില്‍ മാത്രമേ ഈ അവസ്ഥയ്ക്ക് ഒരു ശാശ്വത പരിഹാരമുണ്ടാകൂ.
തൊഴില്‍ മേഖലയിലെ ലിംഗ അസമത്വങ്ങള്‍ കുറയ്ക്കാനായി…
സമൂഹത്തില്‍ നിലനില്‍ക്കുന്ന ലിംഗപദവീപരമായ വ്യവസ്ഥകള്‍ തൊഴില്‍മേഖലയിലും പ്രതിഫലിക്കുന്നുണ്ടെന്ന് തിരിച്ചറിയുക എന്നത് വളരെ പ്രധാനമാണ്. പലപ്പോഴും സ്ത്രീകളുടെ ജോലിസംബന്ധമായ സ്വതന്ത്ര തെരഞ്ഞെടുപ്പുകളെ ഈ സാമൂഹ്യസാഹചര്യങ്ങള്‍ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നാണ് പഠനത്തിലൂടെ ഞങ്ങള്‍ മനസിലാക്കിയത്. പരസ്യമായും അല്ലാതെയും സമൂഹം സ്ത്രീകള്‍ക്ക് മേല്‍ അടിച്ചേല്പിച്ചിരിക്കുന്ന പെരുമാറ്റച്ചട്ടങ്ങള്ക്കനുസൃതമായ ഒരു തൊഴില്‍ കണ്ടെത്താന്‍ സാധിക്കാത്തത് സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തത്തെ കാര്യമായി കുറയ്ക്കുന്നുണ്ട്. കേരളസമൂഹത്തില്‍ അന്തര്‍ലീനമായിരിക്കുന്ന ഈ പെരുമാറ്റചട്ടങ്ങളെ പൊളിച്ചെഴുതുക എന്നത് അതുകൊണ്ടുതന്നെ വളരെ പ്രധാനമാണ്. കുടുംബത്തിന്റെ വരുമാനസ്രോതസ്സ് പുരുഷന്മാരാണെന്ന കാഴ്ചപ്പാട് മാറി സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും വീട്ടിലും സമൂഹത്തിലും തുല്യ പങ്കാണെന്ന ചിന്തയിലേക്ക് സമൂഹം വികസിച്ചെങ്കില്‍ മാത്രമേ ഈ അവസ്ഥയ്ക്ക് ഒരു ശാശ്വത പരിഹാരമുണ്ടാകൂ. ഇതിനാവശ്യമായ ബോധപൂര്‍വമായ ഇടപെടലുകള്‍ കാലഘട്ടത്തിന്റെ ആവശ്യവുമാണ്.
വിവാഹം, പ്രസവം, കുട്ടികളുടെ പരിപാലനം, കുടുംബത്തിലെ മറ്റുത്തരവാദിത്തങ്ങള്‍ എന്നിവയാണ് വരുമാനദായകമായ ജോലികളില്‍ ഏര്‍പ്പെടുന്നതില്‍ നിന്ന് സ്ത്രീകളെ പ്രധാനമായും തടയുന്നതെന്ന് നമ്മള് കണ്ടുകഴിഞ്ഞു. കുട്ടികളെയും പ്രായമായവരെയും പരിപാലിക്കാനായി സംസ്ഥാനത്ത് നിലവിലുള്ള സൗകര്യങ്ങള്‍ ജോലി ചെയ്യുന്നവരെ പിന്തുണയ്ക്കാന്‍ എത്രമാത്രം പര്യാപ്തമാണെന്നതിനെക്കുറിച്ച് ഒരവലോകനം നടത്തേണ്ടതുണ്ട്.
ലിംഗസമത്വ- സ്ത്രീശാക്തീകരണ നയം (2017), കേരള സംസ്ഥാന കരട് തൊഴില്‍ നയം (2017) എന്നിവയിലൂടെ തൊഴില്‍രംഗത്തെ സ്ത്രീപ്രാതിനിധ്യം വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാര്‍ തന്നെ ഊന്നുന്ന ഒരു സംസ്ഥാനത്ത് ഇത്തരത്തിലുള്ള അവലോകനങ്ങള്‍ വളരെ വളരെ പ്രധാനമാണ്. വീട്ടുജോലികളിലും കുടുംബപരമായ മറ്റുത്തരവാദിത്തങ്ങളിലും പങ്കാളികളാകാനായി പുരുഷന്മാരെ ബോധവല്‍ക്കരിക്കുന്ന തരത്തിലുള്ള ഇടപെടലുകളും ഉണ്ടാകണം. കോവിഡ് ലോക്ക്ഡൗണ്‍ കാലത്തെ പത്രസമ്മേളനങ്ങളില്‍ കേരളത്തിന്റെ മുഖ്യമന്ത്രി വീട്ടുത്തരവാദിത്തങ്ങളില്‍ പുരുഷന്മാര് കൂടി പങ്കാളികളാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വീണ്ടും വീണ്ടും ഓര്‍മിപ്പിച്ചുവെന്നത് സ്വാഗതാര്‍ഹമാണ്. ഈ അടുത്ത കാലത്ത് സംസ്ഥാന സര്‍ക്കാരിന്റെ വനിതാ-ശിശു വികസന വകുപ്പ് “ഇനി വേണ്ട വിട്ടുവീഴ്ച’ എന്ന തലക്കെട്ടില്‍ നടത്തിയ ക്യാമ്പയിനുകളും സമൂഹത്തില്‍ ലിംഗനീതിയെക്കുറിച്ചുള്ള അവബോധമുയര്‍ത്താനുതകുന്ന തരത്തില്‍ മാതൃകാപരമായ ഒരിടപെടലായിരുന്നു.
കരിയര്‍ ബ്രേക്ക് ചെയ്ത് വീട്ടിലിരിക്കുന്ന അഭ്യസ്തവിദ്യരായ സ്ത്രീകളെ തൊഴില്‍സേനയിലേക്ക് മടക്കിക്കൊണ്ടുവരാനായുള്ള കര്‍മപരിപാടികള്‍ കഴിഞ്ഞ ബജറ്റില്‍ സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതിനു പുറമെ സ്ത്രീകളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള നൈപുണ്യവികസന പരിശീലനങ്ങള്‍, ജോബ് ഫെയറുകള്‍, സ്വയം തൊഴില്‍ പദ്ധതികള്‍ എന്നിവ സംഘടിപ്പിക്കുന്നതും തൊഴില്‍ മേഖലയിലേക്ക് കൂടുതല്‍ സ്ത്രീകളെ ആകര്‍ഷിക്കാന്‍ സഹായകമാകും. പല കാരണങ്ങള്‍ കൊണ്ട് ജോലിയുപേക്ഷിക്കേണ്ടി വന്ന സ്ത്രീകള്‍ക്ക് തിരിച്ച് തൊഴില്‍മേഖലയില്‍ പ്രവേശിക്കാനായി പ്രത്യേക സൗകര്യങ്ങളൊരുക്കി കൊടുക്കുന്ന സ്ഥാപനങ്ങള്‍ക്ക് വിവിധ തരത്തിലുള്ള പ്രോത്സാഹനങ്ങള്‍ നല്‍കുന്നതും സര്‍ക്കാര്‍ തലത്തില്‍ ആലോചിക്കാവുന്നതാണ്. കരിയര്‍ ബ്രേക്ക് ചെയ്ത് വീട്ടിലിരിക്കുന്ന അഭ്യസ്തവിദ്യരായ സ്ത്രീകളെ തൊഴില്‍സേനയിലേക്ക് മടക്കിക്കൊണ്ടുവരാനായുള്ള കര്‍മപരിപാടികള്‍ കഴിഞ്ഞ ബജറ്റില്‍ സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പദ്ധതികള്‍ നടപ്പിലാകുന്നത് കേരളത്തിന്റെ തൊഴില്‍മേഖലയിലെ സ്ത്രീ പങ്കാളിത്തത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.