This report was published in Kerala Kaumudi on 24.07.2024
യുവജനങ്ങൾക്ക് തൊഴിൽ അവസരം വർദ്ധിപ്പിക്കാൻ 10,000 കോടി രൂപയുടെ പദ്ധതിയല്ലാതെ കാർഷിക മേഖലയ്ക്ക് പോലും പരിഗണന നൽകാത്ത ബഡ്ജറ്റാണ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചത്. കാർഷിക മേഖലയ്‌ക്കായി സ്‌കീമുകൾ പറയുന്നുണ്ടെങ്കിലും അധിക വിഹിതമില്ല. പല പ്രഖ്യാപനങ്ങളും മുൻ ബഡ്ജറ്റിലുള്ളതാണ്.
ബീഹാറിനും ആന്ധ്രാപ്രദേശിനും മാത്രമാണ് വലിയ പരിഗണന. അവർക്ക് പ്രത്യേക പാക്കേജ് മാത്രമല്ല, വെള്ളപ്പൊക്ക ദുരിതാശ്വാസം ടൂറിസം വികസനം തുടങ്ങിയ വലിയ സ്കീമുകളിൽ പ്രധാന പരിഗണനയും നൽകി. എന്നാൽ എല്ലാവർഷവും പ്രകൃതിദുരന്തങ്ങൾ നേരിടുന്ന കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളെ പരിഗണിച്ചില്ല.
ആരോഗ്യ കുടുംബ ക്ഷേമ മേഖലയിൽ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള തുകയിൽ 1000 കോടിയുടെ കുറവുണ്ട്. സംസ്ഥാനങ്ങൾക്കുള്ള ഭക്ഷ്യ സബ്സിഡി വിഹിതവും കുറഞ്ഞു. ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പു പദ്ധതിക്ക് അധിക വകയിരുത്തലില്ല. 2022-24ൽ 90,000 കോടി രൂപ ചെലവഴിച്ചെങ്കിൽ ഇത്തവണ 86,000 കോടി മാത്രമാണ് പ്രഖ്യാപിച്ചത്. കാർഷിക സബ്സിഡി യൂറിയയ്ക്ക് 1.69 ലക്ഷം കോടിയിൽ നിന്ന് 1.19 ലക്ഷം കോടിയായി കുറഞ്ഞു.
പ്രധാന മന്ത്രി ഗരീബ് കല്യാൺ അന്നയോജന പദ്ധതിയിൽ 2022-23 ൽ 2.72 ലക്ഷം കോടി രൂപ ചെലവുണ്ടായിരുന്നത് 23-24 ൽ 2.12 ലക്ഷം കോടിയിലേക്ക് താഴ്ന്നു. ഇത്തവണ 2.05 ലക്ഷം കോടി രൂപയായി കുറച്ചു. റെയിൽവേക്കും കാര്യമായ പരിഗണനയില്ല. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് ബാധകമായ പാത ഇരട്ടിപ്പിക്കലിന് 6000 കോടിയുടെ കുറവാണ് വകയിരുത്തിയിരിക്കുന്നത്.