Press Release

പഞ്ചായത്ത് പദ്ധതികൾ സർക്കാർ സെക്കന്ററി-എയ്‌ഡഡ്‌ സ്കൂളുകളിലെ പ്രൈമറിവിഭാഗത്തിനും ലഭ്യമാക്കണം, സ്‌കൂൾതല കമ്മിറ്റികൾ കുറയ്‌ക്കണം: സിഎസ്‌ഇഎസ്‌ പഠനം

Published on 21.03.2023

ഗ്രാമപഞ്ചായത്ത് പദ്ധതികളുടെ പ്രയോജനം സർക്കാർ സെക്കന്ററി സ്കൂളുകളിലെകളെയും എയ്ഡഡ് സ്ക്കൂളുകളിലെയും പ്രൈമറിവിഭാഗം വിദ്യാർഥികൾക്ക് കൂടി ലഭ്യമാക്കണം എന്ന് സി.എസ്.ഇ.എസ്. പഠനം. നിലവിലുള്ള സംവിധാനത്തിൽ ഗ്രാമപഞ്ചായത്തുകളുടെ നിയന്ത്രണത്തിലുള്ള സർക്കാർ പ്രൈമറി സ്ക്കൂളുകളിലെ വിദ്യാർഥികൾക്ക് ലഭിക്കുന്ന പല ആനുകൂല്യങ്ങളും ജില്ലാപഞ്ചായത്തുകൾക്ക് കീഴിലുള്ള സർക്കാർ സെക്കന്ററി സ്ക്കൂളുകളിലെ പ്രൈമറി വിഭാഗം വിദ്യാർഥികൾക്കും  എയ്‌ഡഡ് സ്ക്കൂളുകളിലെ പ്രൈമറി വിഭാഗം വിദ്യാർഥികൾക്കും ലഭിക്കുന്നില്ല. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ നയപരമായ ഇടപെടൽ ആവശ്യമാണെന്ന്‌  കൊച്ചിയിലെ സെന്റർ ഫോർ സോഷ്യോ എക്കണോമിക്ക്‌ ആന്റ് എൻവയൺമെന്റൽ സ്‌റ്റഡീസ്‌ (സിഎസ്‌ഇഎസ്‌) നടത്തിയ ‘അധികാരവികേന്ദ്രീകരണം സ്ക്കൂൾ വിദ്യാഭ്യാസരംഗത്ത്: കേരളത്തിന്റെ അനുഭവങ്ങൾ‘ എന്ന പഠനം പറയുന്നു. കേരളത്തിന്റെ ജനകീയാസൂത്രണ പ്രസ്ഥാനം  25 വർഷം പൂർത്തിയാക്കിയ സാഹചര്യത്തിലായിരുന്നു പഠനം. മുൻകാല പഠന‐ഗവേഷണ റിപ്പോർട്ടുകൾ വിലയിരുത്തിയും ആഴത്തിലുള്ള ഫീൽഡ്‌ സ്‌റ്റഡിക്കും ശേഷം സി.എസ്.ഇ.എസ്. ഗവേഷകർ ഡോ. എൻ. അജിത് കുമാർ, അശ്വതി റിബേക്ക അശോക്, ബിബിൻ തമ്പി, മറീന എം. നീരയ്ക്കൽ, റംഷാദ് എം. എന്നിവരുടെ നേതൃത്വത്തിലാണ്‌  പഠനറിപ്പോർട്ട്‌  തയ്യാറാക്കിയത്‌. ഭരണ വികേന്ദ്രീകരണത്തിന്റെ ഭാഗമായി സ്‌കൂൾതലത്തിൽ രൂപീകരിച്ചിട്ടുള്ള കമ്മിറ്റികളുടെ എണ്ണം കുറയ്‌ക്കണം, മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് വേണ്ടി തദ്ദേശസ്ഥാപനങ്ങൾ നടത്തുന്ന ബഡ്‌സ്‌ സ്‌കൂളുകൾ മെച്ചപ്പെടുത്തണം, കുട്ടികളുടെ ഗ്രാമസഭകൾ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും നടപ്പാക്കണം എന്നീ നിർദേശങ്ങളും പഠനം മുന്നോട്ടുവെക്കുന്നു.

പ്രൈമറി വിഭാഗങ്ങൾ കൂടിയുള്ള സർക്കാർ സെക്കൻഡറി, ഹയർസെക്കൻഡറി സ്കൂളുകൾ നിയന്ത്രിക്കുന്നത് ജില്ലാ പഞ്ചായത്തുകളാണ്. എന്നാൽ ഇവിടുത്തെ സെക്കൻഡറി, ഹയർസെക്കൻഡറി വിഭാഗങ്ങൾക്കാണ് ജില്ലാ പഞ്ചായത്തുകൾ പൊതുവെ  മുൻഗണന നൽകുന്നത്. ബോർഡ് പരീക്ഷകളിലെ വിദ്യാർഥികളുടെ പ്രകടനമാണ് ഒരു സ്ക്കൂളിന്റെ അക്കാദമികനിലവാരം നിർണയിക്കാനുള്ള മാനദണ്ഡമായി ഇപ്പോഴും ഉപയോഗിക്കുന്നത് എന്നതാണ് സെക്കന്ററി ഹയർ സെക്കന്ററി വിഭാഗങ്ങൾക്ക് ലഭിക്കുന്ന അനഭിലഷണീയമായ മുൻഗണനയ്ക്കുള്ള പ്രധാന കാരണം. അതുകൊണ്ട് ഗ്രാ‍മപഞ്ചായത്തുകൾക്ക് കീഴിലുള്ള പ്രൈമറി സ്ക്കൂളുകളെ അപേക്ഷിച്ച്, സെക്കന്ററി, ഹയർസെക്കന്ററി സ്ക്കൂളുകളിലെ പ്രൈമറി വിഭാഗങ്ങൾക്ക് കുറഞ്ഞ പരിഗണനയേ പലപ്പോഴും ലഭിക്കാറുള്ളൂ. ഈ സ്കൂളുകളിൽ ഗ്രാമപഞ്ചായത്തുകൾക്കും പരിമിതമായ പങ്കേയുള്ളൂ. അതിനാൽ പഞ്ചായത്തുകളുടെ മിക്ക പദ്ധതികളുടെയും പ്രയോജനം ഇവിടുത്തെ പ്രൈമറി വിഭാഗത്തിന്‌ കിട്ടുന്നില്ല. ഉദാഹരണത്തിന് ചില ഗ്രാമപഞ്ചായത്തുകളിൽ സർക്കാർ പ്രൈമറി സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി പഞ്ചായത്ത് നടപ്പിലാക്കുന്ന പ്രഭാതഭക്ഷണം പദ്ധതി പോലും സർക്കാർ സെക്കന്ററി സ്ക്കൂളുകളിലെ പ്രൈമറി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികൾക്ക് ലഭിക്കുന്നില്ല. അതുകൊണ്ട് ഗ്രാമപഞ്ചായത്തിന്റെ പദ്ധതികളിൽ ചിലതിന്റെയെങ്കിലും പ്രയോജനം ജില്ലാ പഞ്ചായത്തിന്റെ സാമ്പത്തിക പിന്തുണയോടെ സെക്കന്ററി-ഹയർ സെക്കന്ററി സ്ക്കൂളുകളിലെ പ്രൈമറി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കണമെന്ന്‌ പഠനം നിർദേശിക്കുന്നു.

ജില്ലാപഞ്ചായത്ത് ഓഫീസുകളും സ്ക്കൂളുകളും തമ്മിലുള്ള അകലം കാരണം ഗ്രാമപഞ്ചായത്തുകളും സ്ക്കൂളുകളും തമ്മിൽ നിലനിൽക്കുന്ന ജൈവികബന്ധം ജില്ലാപഞ്ചായത്തുകളും അവയ്ക്ക് കീഴിലുള്ള സ്ക്കൂളുകളും തമ്മിൽ പലപ്പോഴും ഉണ്ടാകുന്നില്ല. ഗ്രാമപഞ്ചായത്തിനുള്ള ഫണ്ടുവിഹിതം വർധിപ്പിച്ചുകൊണ്ട് സെക്കന്ററി, ഹയർ സെക്കന്ററി സ്ക്കൂളുകളെക്കൂടി ഗ്രാമപഞ്ചായത്തിന്റെ കീഴിൽ കൊണ്ടുവരുന്നതിനെക്കുറിച്ചാലോചിക്കാമെന്നും പഠനം ശുപാർശ ചെയ്യുന്നു. വിപുലമായ ലാബ് സൗകര്യങ്ങളും, ഉയർന്ന യോഗ്യതകളുള്ള അധ്യാപകരുമുള്ള സെക്കന്ററി-ഹയർ സെക്കന്ററി സ്ക്കൂളുകളെ പഞ്ചായത്തിന്റെ ഒരു ക്നോളജ് ഹബ്ബോ, റിസോഴ്സ് സെന്ററോ ആയി ഉപയോഗിക്കാനുള്ള സാധ്യത കൂടി ഇതുവഴി തുറക്കുമെന്നും പഠനം പറയുന്നു.

സംസ്ഥാനത്തെ പകുതിയിലധികം സ്‌കൂളുകളും (54%) എയ്ഡഡ് മേഖലയിലാണ്‌. 58% വിദ്യാർത്ഥികൾ പ്രവേശനം നേടുന്നതും ഇവിടെയാണ്‌.  എയ്ഡഡ് സ്കൂളുകളുടെ മുഴുവൻ ശമ്പളവും നടത്തിപ്പ്‌ ചെലവും സംസ്ഥാന സർക്കാർ വഹിക്കുന്നുണ്ടെങ്കിലും അധികാരവികേന്ദ്രീകരണ പദ്ധതി പ്രകാരം ഈ സ്ഥാപനങ്ങളുടെമേൽ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് നിയമപരമായ അധികാരമില്ല. ഇതുമൂലം സർക്കാർ സ്‌കൂളിലെ വിദ്യാർഥികൾക്ക്‌ ലഭിക്കുന്ന ചില അവസരങ്ങളും സൗകര്യങ്ങളും എയ്ഡഡ് സ്‌കൂൾ വിദ്യാർഥികൾക്ക് ലഭിക്കുന്നില്ല. സർക്കാർ സ്കൂളുകളിലെന്നതു പോലെ, എയ്ഡഡ് സ്‌കൂളുകളിലെ ഭൂരിഭാഗം വിദ്യാർത്ഥികളും സാമ്പത്തികവും-സാമൂഹ്യവുമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നു വരുന്നവരാണ്. ചെലവ് പങ്കിടാൻ എയ്ഡഡ് സ്‌കൂൾ മാനേജ്‌മെന്റ് തയ്യാറാണെങ്കിൽ,  വിദ്യാർത്ഥികൾക്കായി ചില പദ്ധതികൾ നടപ്പാക്കാൻ പഞ്ചായത്തുകൾ തയ്യാറായേക്കും. എന്നാൽ വ്യക്തമായ  മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി വേണം ഇത്തരം പദ്ധതികൾ നടപ്പാക്കാനെന്ന്‌ പഠനം പറയുന്നു.

വികേന്ദ്രീകൃത ഭരണത്തിലെ പ്രധാന പ്രശ്‌നം സ്‌കൂൾതല കമ്മിറ്റികളുടെ ബാഹുല്യമാണ്. പലപ്പോഴും ഒരേ വ്യക്തികളെ തന്നെയാണ് വിവിധ കമ്മിറ്റികളിലേക്ക് നാമനിർദ്ദേശം ചെയ്യുന്നത്. ഈ കമ്മിറ്റികളിൽ മിക്കവയിലും സ്‌കൂളിലെ പ്രധാന അധ്യാപകൻ എക്‌സ് ഒഫീഷ്യോ കൺവീനറോ ചെയർപേഴ്‌സനോ സെക്രട്ടറിയോ ആണ്. നൂറിൽ താഴെ വിദ്യാർത്ഥികളുള്ള സ്കൂളുകളിൽ പോലും അര ഡസനിലധികം കമ്മിറ്റികൾ നിലനിൽക്കുന്നത് വിദ്യാഭ്യാസത്തിന്റെ നിലവാരം കൂട്ടുന്നില്ല; പ്രധാനാധ്യാപകന്റെ ഭരണപരമായ ഉത്തരവാദിത്തം വർദ്ധിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. ഈ കമ്മിറ്റികളിൽ ചിലത് രൂപീകരിച്ചപ്പോൾ പ്രസക്തി ഉണ്ടായിരുന്നിരിക്കാം. എന്നാൽ കമ്മിറ്റികളുടെ എണ്ണക്കൂടുതൽ കാര്യക്ഷമത കുറയാനാണ്‌ ഇപ്പോൾ ഇടയാക്കുന്നത്‌. മിക്ക സ്‌കൂളുകളിലും ഒന്നോ രണ്ടോ കമ്മിറ്റികൾ മാത്രമാണ് സജീവമായിട്ടുള്ളത്. മറ്റ് കമ്മിറ്റികൾ ചട്ടം പാലിക്കാൻ മാത്രം രൂപീകരിക്കുകയാണ്‌ ചെയ്യുന്നത്‌. സ്‌കൂൾതല കമ്മിറ്റികളുടെ എണ്ണം കുറയ്‌ക്കേണ്ടത്‌ അടിയന്തര ആവശ്യമാണെന്നും പഠനം പറയുന്നു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയുടെ (എസ്എംസി) ഉത്തരവാദിത്തങ്ങൾ സ്കൂൾ വികസന സമിതി (എസ്ഡിസി), സ്കൂൾ സപ്പോർട്ട് ഗ്രൂപ്പ് (എസ്എസ്ജി) എന്നിവയുടേതുമായി ഇടകലരുന്നു. വിദ്യാഭ്യാസാവകാശ നിയമം ( RTE )  അനുസരിച്ച് എല്ലാ സ്കൂളുകളിലും എസ്‌എംസി ഉണ്ടായിരിക്കേണ്ടത് നിർബന്ധമായതിനാൽ, എസ്ഡിസി നിർത്തലാക്കാം. എസ്‌എംസിയുടെ പേര് സ്കൂൾ ഡെവലപ്‌മെന്റ് ആന്റ് മാനേജ്‌മെന്റ് കമ്മിറ്റി (എസ്ഡിഎംസി) എന്നു മാറ്റാം. എസ്‌എസ്ജിയുടെ പ്രവർത്തനങ്ങൾ എസ്ഡിഎംസിക്ക് ഏറ്റെടുക്കാൻ കഴിയുന്നതിനാൽ എസ്‌എസ്‌ജിയും നിർത്തലാക്കാം.  

അധികാരവികേന്ദ്രീകരണത്തിന്റെ ഭാഗമായി സ്ക്കൂളുകൾ തദ്ദേശസ്ഥാപനങ്ങൾക്ക് കൈമാറിയതോടെ സ്ക്കൂളുകളുടെ ഭൗതികസൗകര്യങ്ങളിൽ കാര്യമായ പുരോഗതിയുണ്ടായി. അക്കാദമികനിലവാരം കാര്യമായി ഉയർന്നിട്ടുമുണ്ട്. എന്നാൽ ഇനിയും ഏറെ മുന്നേറാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. നിലവിൽ എസ്.എസ്.എൽ.സി. വിജയശതമാനം മാത്രമാണ് അക്കാദമികനിലവാരം അളക്കാനുള്ള സൂചകമായി പൊതുവെ കണക്കാക്കപ്പെടുന്നത്. അതുകൊണ്ടു തന്നെ അക്കാദമികരംഗത്തെ തദ്ദേശസ്ഥാപനങ്ങളുടെ ഇടപെടലുകൾ പലപ്പോഴും എസ്.എസ്.എൽ.സി. കുട്ടികൾക്കുള്ള പ്രത്യേക പരിഹാര ബോധന ക്ലാസുകളിലേക്ക് ചുരുങ്ങുന്നു. അതിനു പകരം പ്രൈമറി തലം മുതൽ കുട്ടികളുടെ പഠനനിലവാരം മോണിറ്റർ ചെയ്യാനുള്ള ഒരു പദ്ധതി തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടപ്പിലാക്കാവുന്നതാണ്. പഠനനിലവാരം കുറഞ്ഞ സ്ക്കൂളുകളെ കണ്ടെത്താനും കാരണങ്ങൾ മനസിലാക്കി ഇടപെടാനും ഇതുവഴി സാധിക്കും. തദ്ദേശസ്ഥാപനങ്ങൾക്ക് കീഴിലുള്ള എയ്ഡഡ് സ്ക്കൂളുകളുൾപ്പെടെയുള്ളവയുടെ അക്കാദമിക-ഭൗതികനിലവാരത്തെ അടിസ്ഥാനപ്പെടുത്തി പഞ്ചായത്ത് തലത്തിൽ സ്ക്കൂൾ വിദ്യാഭ്യാസ റിപ്പോർട്ട് കാർഡുകൾ തയ്യാറാക്കുന്ന സംവിധാനവും ആലോചിക്കേണ്ടതാണ്. ഈ റിപ്പോർട്ട് കാർഡുകളെ സംസ്ഥാനതലത്തിൽ അവലോകനം ചെയ്യാവുന്നതാണ്.

വിജയശതമാനത്തെ മാത്രം അടിസ്ഥാനമാക്കി വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ അളക്കുന്ന നിലവിലത്തെ രീതി ക്ലാസ് മുറികൾക്കകത്ത് നിലനിൽക്കുന്ന അക്കാദമികമായ അസമത്വങ്ങളെ മറച്ചുവെക്കും. അതുകൊണ്ട് സ്ക്കൂളുകളുടെ പ്രകടനത്തെ അളക്കാനുള്ള സൂചകങ്ങൾ തദ്ദേശസ്ഥാപനങ്ങൾ വികസിപ്പിക്കുമ്പോൾ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ നേട്ടങ്ങളെ പ്രത്യേകമായി പരിഗണിക്കണം. ഉദാഹരണത്തിന് ക്ലാസിലെ ആകെ കുട്ടികളിൽ പഠനപരമായി താഴെ നിൽക്കുന്ന 25 ശതമാനം കുട്ടികളുടെ പ്രകടനത്തെ ഒരു സൂചകമാക്കാവുന്നതാണ്.

ശമ്പളം സംസ്ഥാന സർക്കാർ നേരിട്ട് നൽകുന്നതിനാൽ  സർക്കാർ സ്‌കൂളിലെ അധ്യാപകർ തങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ജീവനക്കാരാണെന്ന് അംഗീകരിക്കുന്നത് അപൂർവമാണ്‌. സ്കൂളുകളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ തദ്ദേശഭരണ സ്ഥാപനങ്ങൾ ഇടപെടുന്നത് അഭികാമ്യമല്ലെങ്കിലും, അവരുടെ നിയന്ത്രണത്തിലുള്ള സ്കൂളുകളിൽ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിൽ തദ്ദേശസ്ഥാപനങ്ങൾക്ക് വലിയ പങ്കുണ്ട്. എന്നാൽ തദ്ദേശ സ്ഥാപനങ്ങളുടെ പങ്കും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച ആശയക്കുഴപ്പം സ്കൂൾ ഭാരവാഹികൾക്കും പഞ്ചായത്ത്‌ ഭാരവാഹികൾക്കുമുണ്ട്‌. അതുകൊണ്ട്‌ ഇരുകൂട്ടരും ‘സുരക്ഷിത’ ഇടപെടലുകൾ തെരഞ്ഞെടുക്കുന്നു. പ്രശ്‌നം പരിഹരിക്കുന്നതിന്, പൊതുവിദ്യാഭ്യാസ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേർന്ന് സർക്കാർ സ്‌കൂളുകളിലെ  തദ്ദേശ സ്ഥാപനങ്ങളുടെ ഇടപെടലിന്റെ വ്യാപ്തി തീരുമാനിക്കണം എന്ന് പഠനം നിർദേശിക്കുന്നു.

ചില ഗ്രാമപഞ്ചായത്തുകളിൽ സ്കൂൾ അധ്യാപകർ അവരുടെ സ്കൂൾ സ്ഥിതി ചെയ്യുന്ന വാർഡിലെ ഗ്രാമസഭയിൽ പങ്കെടുക്കാറുണ്ട്. ഈ രീതി സ്ക്കൂൾ അധ്യാപകരും, ജനപ്രതിനിധികളും വാർഡിലെ ജനങ്ങളും തമ്മിലുള്ള ബന്ധം വർധിപ്പിക്കുമെന്നും, അതുവഴി സ്ക്കൂളിന്റെ മെച്ചപ്പെടലിന് വഴിയൊരുക്കുമെന്നും പഠനം നിരീക്ഷിക്കുന്നു. എന്നാൽ പല പഞ്ചായത്തുകളിലും ഈ സമ്പ്രദായം ഇല്ല.  സ്‌കൂൾ സ്ഥിതി ചെയ്യുന്ന വാർഡുകളിലെ ഗ്രാമസഭാ യോഗത്തിൽ സ്‌കൂൾ അധ്യാപകർ പങ്കെടുക്കുന്ന  രീതി സാർവത്രികമാക്കണം.  ഇതിനായി ആസൂത്രണ ബോർഡ്/തദ്ദേശ സ്വയംഭരണ വകുപ്പ് ആവശ്യമായ നിർദ്ദേശങ്ങൾ നൽകണമെന്നും പഠനം നിർദേശിക്കുന്നു.

ദരിദ്ര കുടുംബങ്ങളിലെ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് വേണ്ടി തദ്ദേശസ്ഥാപനങ്ങൾ നടത്തുന്ന ബഡ്സ് സ്കൂളുകൾ ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ട്.  തദ്ദേശസ്ഥാപനങ്ങൾക്ക്‌ വേണ്ടത്ര ഫണ്ടില്ലാത്തതിനാൽ അവയുടെ ചുമതലകൾ പൂർണമായി നിറവേറ്റാൻ ബഡ്‌സ്‌ സ്‌കൂളുകൾക്ക്‌ പലപ്പോഴും കഴിയുന്നില്ല. ബഡ്‌സ് സ്‌കൂളുകളുടെ പ്രാധാന്യം കണക്കിലെടുത്ത്,  ഈ സ്‌കൂളുകളുടെ നടത്തിപ്പിന്റെ ചെലവിന്റെ പകുതിയെങ്കിലും സംസ്ഥാന സർക്കാർ പങ്കിടണം. അംഗവൈകല്യമില്ലാത്ത കുട്ടികൾ പഠിക്കുന്ന സർക്കാർ എയ്‌ഡഡ്‌ സ്‌കൂളുകളിലെ ശമ്പളം സർക്കാർ നൽകുന്ന സാഹചര്യത്തിൽ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കുള്ള സ്‌കൂളുകൾക്ക് അത്തരം പിന്തുണ ലഭിക്കാത്തത് ന്യായീകരിക്കാനാവില്ല. 

ചില സ്കൂൾതല കമ്മിറ്റികളിൽ വിദ്യാർത്ഥികളുടെ നാമമാത്ര പ്രാതിനിധ്യത്തിന് വ്യവസ്ഥയുണ്ട്. മുതിർന്നവർ ആധിപത്യം പുലർത്തുന്ന കമ്മിറ്റികളിൽ കുട്ടികൾ സാധാരണയായി നിശബ്ദത പാലിക്കുന്നു. കുട്ടികളുടെ ഗ്രാമസഭ  അവരുടെ ആവശ്യങ്ങൾ തിരിച്ചറിയാൻ ഫലപ്രദമായ വേദിയാകും.  ഭിന്നശേഷിക്കാരായ കുട്ടികൾക്കായി വാഴയൂർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന പ്രത്യേക ഗ്രാമസഭ, ഭിന്നശേഷിയുള്ള കുട്ടികളുടെ ആവശ്യങ്ങൾ ജനശ്രദ്ധയിൽ കൊണ്ടുവരുന്നതിനും പ്രാദേശികതല ആസൂത്രണത്തിനും ഏറെ സാധ്യതകളുള്ള ഇടപെടലാണെന്ന് പഠനം നിരീക്ഷിക്കുന്നു. വിവിധ തരത്തിലുള്ള വൈകല്യങ്ങളുള്ള കുട്ടികളുടെ വ്യത്യസ്‌തമായ ആവശ്യങ്ങളെക്കുറിച്ച് പഞ്ചായത്ത്‌ പ്രവർത്തകരെ ബോധവൽക്കരിക്കാൻ ഇത് സഹായിക്കുന്നുണ്ട്‌. മറ്റ് പഞ്ചായത്തുകളിൽ  ഈ മാതൃക അനുകരിക്കാവുന്നതാണ്‌.

ഫണ്ടിന്റെ അപര്യാപ്തത വിദ്യാഭ്യാസമേഖലയിൽ കാര്യക്ഷമമായി ഇടപെടുന്നതിൽ തദ്ദേശസ്ഥാപനങ്ങൾക്ക് തടസങ്ങൾ സൃഷ്ടിക്കുന്നുണ്ട്. വിദ്യാഭ്യാസമേഖലയിലെ ഫണ്ട് ഉപയോഗത്തിന്റെ കാര്യക്ഷമത ഇനിയും വർധിപ്പിക്കേണ്ടതുണ്ട്. തെരഞ്ഞെടുക്കപ്പെട്ട തദ്ദേശസ്ഥാപനങ്ങളുടെ 2018-19 മുതൽ 2021-22 വരെയുള്ള ബജറ്റുകളുടെ വിശകലനം സൂചിപ്പിക്കുന്നത് വിദ്യാഭ്യാസത്തിനു വേണ്ടി ഗ്രാമപഞ്ചായത്തുകൾ നീക്കിവെക്കുന്ന ഫണ്ടിന്റെ മൂന്നിൽ രണ്ട് മാത്രമാണ് വിനിയോഗിക്കപ്പെടുന്നത് എന്നാണ്. കേന്ദ്രസർക്കാർ പദ്ധതിയായ സമഗ്ര ശിക്ഷയുടെ സംസ്ഥാന വിഹിതം നൽകുന്നതും, ഭിന്നശേഷി കുട്ടികൾക്കായി സംസ്ഥാനതലത്തിൽ നടപ്പാക്കുന്ന സ്ക്കോളർഷിപ്പ് പദ്ധതിയുടെ ചെലവു വഹിക്കുന്നതും പഞ്ചായത്തുകളാണ്‌. തദ്ദേശസ്ഥാപനങ്ങൾക്ക് കാര്യമായ പങ്കാളിത്തമില്ലാത്ത ഈ രണ്ട് പദ്ധതികൾക്കായാണ് ഗ്രാമപഞ്ചായത്തുകൾ വിദ്യാഭ്യാസമേഖലയ്ക്ക് നീക്കിവെക്കുന്ന ഫണ്ടിന്റെ പകുതിയും ചെലവാക്കപ്പെടുന്നത്.  ഇത് വിദ്യാഭ്യാസമേഖലയിൽ തനതായി ഇടപെടാനുള്ള തദ്ദേശസ്ഥാപനങ്ങളുടെ ശേഷിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. എന്നാൽ സമഗ്രശിക്ഷ നടത്തുന്ന ഇടപെടലുകളിൽ തദ്ദേശസ്ഥാപനങ്ങളുടെ മുൻഗണനകൾക്ക് കാര്യമായ പ്രാധാന്യം കിട്ടുന്നില്ല. സമഗ്രശിക്ഷയുടെ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും തദ്ദേശഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന്‌ പഠനം നിർദേശിക്കുന്നു.

വ്യത്യസ്ത തദ്ദേശസ്ഥാപനങ്ങൾ സ്ക്കൂൾവിദ്യാഭ്യാസരംഗത്ത് നടത്തുന്ന മാതൃകാപരമായ ഇടപെടലുകളും പദ്ധതികളും പഠനം ചൂണ്ടിക്കാണിക്കുന്നു. പ്രീ-പ്രൈമറി വിദ്യാഭ്യാസം ലഭിക്കാത്ത കുട്ടികൾ ഒന്നാം ക്ലാസ്സിൽ ചേരുമ്പോൾ നേരിടാൻ ഇടയുള്ള ബുദ്ധിമുട്ട്‌ പരിഹരിക്കാൻ മാരാരിക്കുളം തെക്ക്‌ ഗ്രാമപഞ്ചായത്ത്‌ നടപ്പാക്കിയ ബാലകൈരളി പദ്ധതി,  അധ്യാപകർ ഇല്ലാതെ വരുമ്പോൾ നികത്താൻ അധ്യാപക പരിശീലനമുള്ള യുവാക്കളെ എൻറോൾ ചെയ്യുന്ന വെമ്പായം ഗ്രാമപഞ്ചായത്തിന്റെ ടീച്ചേഴ്‌സ് ബാങ്ക്, മുനിസിപ്പാലിറ്റിയിലെ എല്ലാ സ്‌കൂളുകളുടെയും പിടിഎ പ്രസിഡന്റുമാരെയും വൈസ് പ്രസിഡന്റുമാരെയും ഉൾപ്പെടുത്തി തിരൂരിൽ രൂപീകരിച്ച പിടിഎ ഫോറം, സ്കൂൾ പിടിഎയിൽ പലപ്പോഴും ചർച്ച ചെയ്യപ്പെടാതെ പോകുന്ന ചെറിയ പ്രശ്നങ്ങൾ പോലും രക്ഷിതാക്കൾക്ക് ഉന്നയിക്കാനുള്ള വേദിയായി അയൽപക്കതലത്തിൽ മൂത്തേടം ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന കോർണർ പിടിഎകൾ, ഭിന്നശേഷിയുള്ള കുട്ടികൾക്കായി കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്ത്‌ വികസിപ്പിച്ചെടുത്ത പാർക്ക് തുടങ്ങിയവ അവയിൽ ചിലതാണ്. പ്രാദേശികമായി രൂപപ്പെടുന്ന ഇത്തരം പദ്ധതികളെ സ്വതന്ത്രമായി വിലയിരുത്താനുള്ള സംവിധാനം സംസ്ഥാനതലത്തിൽ ഉണ്ടാകണമെന്നും പഠനം നിർദേശിക്കുന്നു.  “ഹരിതവിദ്യാലയം“ റിയാലിറ്റി ഷോ പോലെയുള്ള വേദികൾ വിദ്യാഭ്യാസരംഗത്ത് കൂടുതൽ ആവേശത്തോടെ ഇടപെടാനും, വ്യത്യസ്തമായ പദ്ധതികൾക്ക് രൂപം നൽകാനും തദ്ദേശസ്ഥാപനങ്ങളെ പ്രചോദിപ്പിക്കും. സംസ്ഥാന സർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പൊതുവിദ്യാഭ്യാസ പുനരുജ്ജീവന പരിപാടിയിൽ നിന്ന്‌ ആവേശം ഉൾക്കൊണ്ട് പല ഗ്രാമപഞ്ചായത്തുകളും സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളും അന്തരീക്ഷവും മെച്ചപ്പെടുത്താൻ നൂതനമായ പല പദ്ധതികളും  നടപ്പാക്കുന്നതായും പഠനം കണ്ടെത്തുന്നു.  

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ

അശ്വതി റിബേക്ക അശോക് +919958525385 (റിസർച്ച് അസോസിയേറ്റ്, സി.എസ്.ഇ.എസ്)