This report on CSES study was published in Deshabhimani on 08.04.2018
കൊച്ചി: പതിനഞ്ചാം ധനകാര്യ കമീഷൻ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയതുമൂലം കേരളത്തിന് കുറഞ്ഞത് 16,000 കോടി രൂപയുടെ നഷ്ടമെന്ന് പഠനറിപ്പോർട്ട് 2011ലെ ജനസംഖ്യ ആധാരമാക്കുന്നതിലൂടെമാത്രം പതിനാലാം ധനകാര്യകമീഷന്റെ വകയിരുത്തൽ അടിസ്ഥാനമാക്കി കണക്കാക്കിയാൽ 7800 കോടി രൂപ നഷ്ടമാകും. വനവൽക്കരണം അടക്കമുള്ള പാരിസ്ഥിതിക പ്രവർത്തനങ്ങൾ മുൻനിരത്തി പതിനാലാം ധനകമീഷൻ നൽകിയ വിഹിതവും കേരളത്തിന് നഷ്ടമാകുമെന്നാണ് പരിണനാ വിഷയങ്ങൾ നൽകുന്ന സൂചന. ഇതുകൂടി സംഭവിച്ചാൽ 8,200 കോടി രൂപവരെ നഷ്ടമാകാം. മറ്റിനങ്ങളിലും നഷ്ടം വരാമെന്ന് കൊച്ചി സെന്റർ ഫോർ സോഷ്യോ-ഇക്കണോമിക് ആന്റ് എൻവയോൺമെന്റൽ സ്റ്റഡീസ് ചെയർമാൻ ഡോ. കെ.കെ ജോർജും ഫെലോ കെ. കെ കൃഷ്ണകുമാറും ചേർന്ന് തയ്യാറാക്കിയ പഠനം ചൂണ്ടിക്കാട്ടുന്നു.
മാനദണ്ഡം മാറ്റുന്നതിലൂടെ തമിഴ്നാടിന് 10,500 കോടി രൂപ നഷ്ടമാകും. ആന്ധ്രപ്രദേശിനും തെലങ്കാനയ്ക്കും കൂടി 6,500 കോടി രൂപയുടെയും കർണാടകത്തിന് 1,800 കോടി രൂപയുടെയും നഷ്ടമുണ്ടാകും. ഏറ്റവും നേട്ടം ഉത്തർപ്രദേശിനാണ്. 9,300 കോടി രൂപ. കഴിഞ്ഞ ധനകമീഷൻ ശുപാർശയേക്കാൾ കൂടുതലായി അവർക്ക് ലഭിക്കാം. രാജസ്ഥാൻ(7,000 കോടി രൂപ), ബീഹാർ(6800 കോടി രൂപ) എന്നിവയാണ് നേട്ടമുണ്ടാകുന്ന സംസ്ഥാനങ്ങളിൽ രണ്ടും മൂന്നും സ്ഥാനത്ത്.
പതിനഞ്ചാം ധനകമീഷന്റെ പരിശോധനാവിഷയങ്ങളിൽ ഒന്നായിട്ടാണ് കമീഷൻ ശുപാർശയ്ക്ക് 2011ലെ ജനസംഖ്യാ നിയന്ത്രണം പ്രോത്സാഹിപ്പിക്കാൻ കുടുംബാസൂത്രണം ആരംഭിക്കുന്നതിനുമുമ്പുള്ള 1971ലെ ജനസംഖ്യയാണ് മുൻ ധനകമീഷനുകൾ ശുപാർശകൾക്ക് ആടിസ്ഥാനമാക്കിയിരുന്നത്. ഇത് മാറ്റില്ലെന്ന് പാർലമെന്റിലും ഉറപ്പുകൾ നൽകിയിരുന്നു.
1971നും 2011നുമിടയിൽ ഏറ്റവും കുറഞ്ഞ ജനസംഖ്യാവളർച്ചയുണ്ടായ സംസ്ഥാനമാണ് കേരളം. ഇന്ത്യയിലാകെ ഇക്കാലയളവിലെ ജനസംഖ്യാവളർച്ച 120.8 ശതമാനമാണെങ്കിൽ കേരളത്തിന്റേത് 56.4 ശതമാനമാണ്. കേരളത്തിനൊപ്പം നഷ്ടം വരുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ അസമും ഹിമാചൽപ്രദേശും പോലെയുള്ള പ്രത്യേക പരിഗണന കിട്ടേണ്ട സംസ്ഥാനങ്ങളുമുണ്ട്. വരുമാനം കുറഞ്ഞ ഒഡീഷ പോലുള്ള സംസ്ഥാനങ്ങൾക്കും വിഹിതം കുറയും. ഉയർന്ന വരുമാനമുള്ള സംസ്ഥാനങ്ങളായ ഹരിയാന, ഗുജറാത്ത്, മഹാരാഷ്ട എന്നിവ നോട്ടമുണ്ടാക്കുകയും ചെയ്യും.
വിഭജനത്തിനുള്ള ഫോർമുല തയ്യാറാക്കുമ്പോഴും സംസ്ഥാനങ്ങളൂടെ പ്രതിശീർഷ ആഭ്യന്തര ഉൽപ്പാദനം തയ്യാറാക്കുമ്പോഴും ഏത് വർഷമാണ് ആധാരമാക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തിൽ വിഹിതത്തിന്റെ കാര്യത്തിൽ സംസ്ഥാനങ്ങളുടെ സ്ഥാനത്തിൽ ഗണ്യമായ മാറ്റം വരും. പ്രതിശീർഷ ആഭ്യന്തര ഉൽപ്പാദനത്തിന്റെ കാര്യത്തിൽ 2011ലെ ജനസംഖ്യ ആധാരമാക്കിയാൽ കേരളം എട്ടാം സ്ഥാനത്താണ്. എന്നാൽ, 1971ലെ കണക്കെടുത്താൽ ഇത് താഴെ പതിനാറാം സ്ഥാനമാകും.
ജൈവവ്യവസ്ഥയും പരിസ്ഥിതിയും കാലാവസ്ഥാവ്യതിയാനവും പരിഗണിച്ച് സംസ്ഥാനങ്ങൾക്ക്- പ്രത്യേക സഹായം നൽകുന്ന പദ്ധതി പതിനാലാം ധനകമീഷനാണ് ആരംഭിച്ചത്. എന്നാൽ പതിനഞ്ചാം ധനകമീഷന്റെ പരിഗണനാവിഷയങ്ങളിൽ, ഈ വിഷയം പ്രത്യേകം പറയുന്നില്ല. കേരളം പോലെയുള്ള സംസ്ഥാനങ്ങൾക്ക് ഈ ഇനത്തിൽ കിട്ടേണ്ട വിഹിതം നഷ്ടമാകും.