Press Release

ഡയലോഗ്സ് ഓൺ കേരളാ ഡെവലപ്പ്മെന്റ് #1

Published on 11-01-2023

കേരളവികസനവുമായി ബന്ധപ്പെട്ട് ഗൗരവകരമായ അക്കാദമിക-നയരൂപീകരണ ചർച്ചകൾക്ക് വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെ സെന്റർ ഫോർ സോഷ്യോ-ഇക്കണോമിക് ആന്റ് എൻ‌വയൺ‌മെന്റൽ സ്റ്റഡീസ് (സി.എസ്.ഇ.എസ്.)  “ഡയലോഗ്സ് ഓൺ കേരളാ ഡെവലപ്പ്മെന്റ്” (Dialogues on Kerala Development) എന്ന കോൺഫറൻസ് സീരീസിന് 2023 ജനുവരി 12-ന് തിരുവനന്തപുരത്ത് തുടക്കം കുറിക്കുകയാണ്. കേരളം അഭിമുഖീകരിക്കുന്ന ഒരു വികസന പ്രശ്നത്തെ മുൻനിർത്തി മൂന്നുവർഷത്തിലൊരിക്കൽ ചർച്ചകൾ സംഘടിപ്പിക്കുക എന്നതാണ് സി.എസ്.ഇ.എസ്. ആരംഭിക്കുന്ന ദേശീയ കോൺഫറൻസ് പരമ്പര ലക്ഷ്യം വെക്കുന്നത്. കേരളത്തിന്റെ വിവിധ വികസനപ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കുകയോ, വിവിധ തലങ്ങളിൽ  ഇടപെടുകയോ ചെയ്യുന്ന സാമൂഹിക ശാസ്ത്രജ്ഞർ, നയരൂപീകരണകർത്താക്കൾ, അക്കാദമികവിദഗ്ധർ, പ്രാക്ടീഷണർമാർ, വിദ്യാർത്ഥികൾ എന്നിവരെ ഒരുമിച്ച് കൊണ്ടുവന്ന് കേരളവികസനവുമായി ബന്ധപ്പെട്ട നയരൂപീകരണത്തെ സഹായിക്കുക എന്നതാണ് ഈ കോൺഫറൻസ് പരമ്പരയിലൂടെ ഉദ്ദേശിക്കുന്നത്. ഓരോ കോൺഫറൻസും കേരളം നേരിടുന്ന ഒരു വികസനപ്രശ്‌നമായിരിക്കും ചർച്ച ചെയ്യുക.

കഴിഞ്ഞ 25 വർഷങ്ങളായി കേരളവികസനവുമായി ബന്ധപ്പെട്ട വ്യത്യസ്തമേഖലകളിൽ ആഴത്തിലുള്ള പഠനങ്ങൾ നടത്തുന്ന ഒരു സ്വതന്ത്ര ഗവേഷണസ്ഥാപനമാണ് സി.എസ്.ഇ.എസ്. സ്വന്തമായ നിലയിലും, കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും, ദേശീയതലത്തിലും അന്തർദേശീയതലത്തിലുമുള്ള ഏജൻസികൾക്കും വേണ്ടിയും സി.എസ്.ഇ.എസ്. നടത്തിയ പഠനങ്ങൾ കേരളവികസനവുമായി ബന്ധപ്പെട്ട ഗൗരവകരമായ അക്കാദമികചർച്ചകൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഈയടുത്ത് നിര്യാതനായ പ്രശസ്ത സാമ്പത്തികശാസ്ത്രജ്ഞൻ പ്രൊഫ. കെ.കെ. ജോർജ് സ്ഥാപകചെയർപേ‌ഴ്‌സണായ സി.എസ്.ഇ.എസ്. കേരളത്തിന്റെ ഗവേഷകരംഗത്ത് 25 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് “ഡയലോഗ്‌സ് ഓൺ കേരളാ ഡെവലപ്പ്‌മെ‌ന്റ് എന്ന കോൺഫറൻസ് പരമ്പരയ്ക്ക് തുടക്കം കുറിക്കുന്നത്. ഗുണമേന്മയുള്ള ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുക, പൊതുജനങ്ങളും നയരൂപീകരണകർത്താക്കളും തമ്മിലുള്ള വിടവ് നികത്തുക എന്നീ ലക്ഷ്യങ്ങളെ മുൻനിർത്തിയാണ് സി.എസ്.ഇ.എസ്. ഇത്തരമൊരു കോൺഫറൻസ് പരമ്പരയ്ക്ക് ആരംഭിക്കുന്നത്.

ജനുവരി 12, 13 തീയതികളിൽ തിരുവനന്തപുരം തൈക്കാടുള്ള കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആന്റ് ഫാമിലി വെൽഫയറിൽ )KSHIFW) നടക്കുന്ന പ്രഥമ ദ്വിദിന കോൺഫറൻസിൽ “മാറുന്ന കേരളത്തിന്റെ വെല്ലുവിളികൾആരോഗ്യംജനസംഖ്യാമാറ്റം” Challenges of Health and Demographic Transition) എന്ന വിഷയമാണ് ചർച്ച ചെയ്യുക. കേരളം നേരിടുന്ന ആരോഗ്യപരവും ജനസംഖ്യാപരവുമായ പുതിയ വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ വിപുലമായ ചർച്ചകൾക്കു ശേഷമാണ് പ്രഥമ ദേശീയ കോൺഫറൻസിനായി ഈ വിഷയം തെരഞ്ഞെടുത്തത്.

ആരോഗ്യവും ജനസംഖ്യാപരവുമായ സൂചികകളിൽ കേരളം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിലാണെന്നത് ദേശീയതലത്തിലുള്ള ഡേറ്റ വ്യക്തമാക്കുന്നുണ്ട്. ആയുർദൈർഘ്യവും ശിശുമരണനിരക്കുൾപ്പെടെയുള്ള സൂചികകളിൽ കേരളം വികസിതരാജ്യങ്ങൾക്കു തുല്യമാണ്. എന്നാൽ ജനസംഖ്യാപരമായ ഈ മാറ്റങ്ങൾ ആരോഗ്യമേഖലയിൽ പുതിയ തരത്തിലുള്ള വെല്ലുവിളികൾ കേരളസമൂഹത്തിനു മുന്നിൽ അവതരിപ്പിക്കുന്നുണ്ട്. ഉദാഹരണത്തിന്  വയോജനങ്ങളുടെ അനുപാതം ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളം. അതുകൊണ്ടു തന്നെ ജീവിതശൈലീരോഗങ്ങൾ കേരളത്തിൽ വർധിച്ചുവരികയാണ്. നൂതനമായ പരിഹാരമാർഗങ്ങൾ ഈ സ്ഥിതിവിശേഷം ആവശ്യപ്പെടുന്നുണ്ട്. ഇതിനോടൊപ്പം ആദിവാസി സമൂഹം, മത്സ്യത്തൊഴിലാളി സമൂഹം, അതിഥിത്തൊഴിലാളികൾ, ഭിന്നശേഷിക്കാർ, വയോജനങ്ങൾ തുടങ്ങിയ ദുർബലവിഭാഗങ്ങളുടെ ആരോഗ്യാവശ്യങ്ങൾ പ്രത്യേക പരിഗണന അർഹിക്കുന്നുണ്ട്. പ്രളയവും, കോവിഡ്-19 ഉം ഉൾപ്പെടെ ഈയടുത്തകാലത്തുണ്ടായ സമാനതകളില്ലാത്ത പ്രകൃതി ദുരന്തങ്ങൾ ഉയർത്തുന്ന പുതിയ വെല്ലുവിളികളും ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. ഈ പശ്ചാത്തലത്തിൽ കേരളത്തിന്റെ ജനസംഖ്യാപരമായ മാറ്റങ്ങളും ആരോഗ്യ മേഖലയുമായും ബന്ധപ്പെട്ട് ഗവേഷണം നടത്തുന്നവർ, വിദ്യാർത്ഥികൾ, പ്രാക്ടീഷണർമാർ, നയരൂപീകരണകർത്താക്കൾ എന്നിവരെ ഒരു വേദിയിൽ കൊണ്ടുവന്ന് കേരളം നേരിടുന്ന പുതിയ വെല്ലുവിളികളെയും അവയെ നേരിടാൻ സംസ്ഥാനം കൈക്കൊള്ളുന്ന ഇടപെടലുകളുകളെയും കുറിച്ച് ചർച്ച ചെയ്യുക, ഈ മേഖലയിൽ സംസ്ഥാനത്തിന്റെ മുന്നോട്ടുള്ള പാതയെക്കുറിച്ച് ആഴത്തിലുള്ള വിചിന്തനം നടത്തുക എന്നതാണ് പ്രഥമ കോൺഫറൻസ് ലക്ഷ്യംവെക്കുന്നത്.

ഈ കോൺഫറൻസ് സീരീസ് ജനുവരി 12-ന് തിരുവനന്തപുരം തൈക്കാടുള്ള കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആന്റ് ഫാമിലി വെൽഫയറിൽ (KSHIFW) കേരള സംസ്ഥാന പ്ലാനിങ് ബോർഡ് വൈസ് ചെയർപേഴ്സൺ, പ്രൊഫ. വി.കെ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഉദ്‌ഘാടന സെഷനിൽ വ്യത്യസ്ത വിഷയങ്ങളിലായി മൂന്ന് മുഖ്യപ്രഭാഷകരാണുണ്ടാവുക. കേരളത്തിന്റെ ജനസംഖ്യാപരമായ മാറ്റങ്ങളെക്കുറിച്ച് ഡോ. കെ.എസ്. ജെയിംസ് (ഡയറക്ടർ, ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസസ്) സംസാരിക്കും. സാംക്രമികരോഗങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ), ഡോ. ബിജു സോമൻ (പ്രൊഫസർ, അച്ചുതമേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസ്) ചർച്ച ചെയ്യും. കോവിഡ്-19 പകർച്ചവ്യാധിയുടെയും, വർധിക്കുന്ന ജീവിതശൈലീരോഗങ്ങളുടെയും പശ്ചാത്തലത്തിൽ ജനസംഖ്യാപരമായ മാറ്റങ്ങൾ കേരളത്തിന്റെ ആരോഗ്യമേഖലയിലുണ്ടാക്കുന്ന വെല്ലുവിളികളെക്കുറിച്ച് ഡോ. കെ.പി. അരവിന്ദൻ (മുൻ പ്രൊഫസർ, കോഴിക്കോട് ഗവൺ‌മെന്റ് മെഡിക്കൽ കോളേജ്) സംസാരിക്കും.

കേരളത്തിന്റെ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട ഗവേഷണങ്ങളിൽ സമാനതകളില്ലാത്ത സംഭാവനകൾ നടത്തിയ പരിചയസമ്പന്നരായ ഗവേഷകരായിരിക്കും കോൺഫറൻസിന്റെ രണ്ടാം ദിവസമായ പതിമൂന്നാം തീയതി ഉച്ചകഴിഞ്ഞ് നടക്കുന്ന കൺക്ലൂഡിംഗ് പ്ലീനറിയിൽ സംസാരിക്കുക. ഡോ. ഇരുദയ രാജൻ (സ്ഥാപക ചെയർപേഴ്സൺ, ഐ.ഐ.എം.എ.ഡി. & മുൻ പ്രൊഫസർ, സി.ഡി.എസ്.) അധ്യക്ഷത വഹിക്കുന്ന ഈ സെഷനിൽ നാല് പ്രബന്ധങ്ങളായിരിക്കും അവതരിപ്പിക്കപ്പെടുക. ഡോ. മാലാ രാമനാഥൻ (പ്രൊഫസർ, അച്ചുതമേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസ്) ആരോഗ്യവും ലിംഗനീതിയും എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കും. ഡോ. ടി.വി. ശേഖർ (പ്രൊഫസർ, ഐ.ഐ.പി.എസ്.) കേരളത്തിലെ വയോജനങ്ങൾ എന്ന വിഷയത്തെക്കുറിച്ച് ചർച്ച ചെയ്യും. ദുർബലവിഭാഗങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ഡോ. എ.കെ. ജയശ്രീ (പ്രൊഫസർ, പരിയാരം മെഡിക്കൽ കോളേജ്) സംസാരിക്കും. സംസ്ഥാനത്തിന്റെ ആരോഗ്യസംവിധാനങ്ങൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ഡോ. മാത്യു ജോർജ് (പ്രൊഫസർ, കേരള കേന്ദ്ര സർവകലാശാല) ചർച്ച ചെയ്യും.

ഇവർക്കു പുറമെ ഡോ. രഖാൽ ഗെയ്തൊണ്ടെ (പ്രൊഫസർ, അച്ചുതമേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസ്), ഡോ. ഡി. രാധാ ദേവി (മുൻ പ്രൊഫസർ, ഐ.ഐ.പി.എസ്.) ഡോ. ജയ്ദീപ് മേനോൻ (കാർഡിയോളജിസ്റ്റ്, അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്), ഡോ. ബിപിൻ കെ. ഗോപാൽ (ഡെപ്യൂട്ടി ഡി.എച്ച്.എസ്., എൻ.വി.ബി.ഡി.സി.പി.), ഡോ. വി. ജിതേഷ് (എക്സി. ഡയറക്ടർ, സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റർ), ഡോ. പ്രവീൺ പൈ (സ്ഥാപക ചെയർപേഴ്സൺ, മാജിക്സ്) തുടങ്ങിയവർ കോൺഫറൻസിന്റെ വിവിധ സെഷനുകളിൽ പങ്കെടുത്ത് സംസാരിക്കും. രണ്ടു ദിവസങ്ങളിലായി നാലു പാരലൽ സെഷനുകളിൽ നടക്കുന്ന ഈ കോൺഫറൻസ് ആരോഗ്യ മേഖലയിലെ അസമത്വങ്ങൾ, ജനസംഖ്യാപരമായ മാറ്റങ്ങൾ ആരോഗ്യ മേഖലയിൽ ഉണ്ടാക്കുന്ന പ്രതിഫലനങ്ങൾ, സർക്കാർ സംവിധാനങ്ങളും കേരളത്തിന്റെ മാറുന്ന ആരോഗ്യ സാഹചര്യവും, വയോജനാരോഗ്യവും പരിചരണവും തുടങ്ങിയ മേഖലകൾ ചർച്ച ചെയ്യും.

കോൺഫറൻസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ https://csesindia.org/dialogues-on-kerala-development-1/ എന്ന ലിങ്കിൽ ലഭ്യമാണ്

കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട നമ്പർ: 9037250233 റംഷാദ് എം. (റിസർച്ച് ഓഫീസർ)