This report on CSES study was published in Madhyamam on 28/04/2021
സംസ്ഥാനത്ത് ഗ്രാമീണ മേഖലയിലെ ചെറുപ്പക്കാർക്കിടയിൽ ലിംഗപരമായ അന്തരം വലുതെന്നും സ്ത്രീകളിലെ തൊഴിലില്ലായ്മ കൂടുതലെന്നും പഠനം. 18 മുതൽ 40 വയസ്സു വരെയുള്ള സ്ത്രീകളിൽ ജോലിയുള്ളവരുടെ അനുപാതം പുരുഷന്മാരുടെ പകുതിയിലും കുറവാണ്. ഈ പ്രായപരിധിയിലുള്ള പുരുഷന്മാരിൽ 70 ശതമാനം പേർക്കും ജോലിയുണ്ടെങ്കിൽ സ്ത്രീകളിൽ ഇത് 33 ശതമാനം മാത്രമാണ്. കൊച്ചിയിലെ സെൻറർ ഫോർ സോഷ്യോ- ഇക്കണോമിക് ആൻഡ് എൻവയൺമെൻറൽ സ്റ്റഡീസ് (സി.എസ്.ഇ.എസ്) നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.
30 വയസ്സിനു മുകളിലുള്ള യുവാക്കളിൽ ഏതാണ്ട് എല്ലാവരും ജോലിയുള്ളവരാണെങ്കിലും 30ന് മുകളിലുള്ള സ്ത്രീകളിൽ 45 ശതമാനം മാത്രമാണ് ജോലി ചെയ്യുന്നത്. 26 മുതൽ 30വരെയുള്ള പുരുഷന്മാരിൽ 87 ശതമാനവും ജോലി ചെയ്യുന്നവരാണെങ്കിൽ, ഇതേ പ്രായത്തിലുള്ള സ്ത്രീ ജോലിക്കാർ 41 ശതമാനം മാത്രം.
വിവാഹവും കുടുംബപ്രശ്നങ്ങളും സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം കുറക്കുന്നതായും പഠനം പറയുന്നു. 58 ശതമാനം യുവതികൾ വിവാഹവും പ്രസവവും കുടുംബത്തിലെ മറ്റ് ഉത്തരവാദിത്തങ്ങളും തങ്ങളുടെ തൊഴിൽസാധ്യതകളെ പ്രതികൂലമായി ബാധിെച്ചന്ന് അഭിപ്രായപ്പെട്ടു. പുരുഷന്മാരിൽ നാല് ശതമാനം മാത്രമാണിത്. സ്ത്രീകളിൽ 61 ശതമാനവും വിവാഹവും കുടുംബ ഉത്തരവാദിത്തങ്ങളുമാണ് ജോലി ഉപേക്ഷിക്കാൻ കാരണമായി ചൂണ്ടിക്കാട്ടിയത്. എന്നാൽ, ആറുശതമാനം പുരുഷന്മാർ മാത്രമാണ് ഇതേ അഭിപ്രായം പങ്കുവെച്ചത്.
പുരുഷന്മാർക്കിടയിൽ 13 ശതമാനമാണ് തൊഴിലില്ലായ്മയെങ്കിൽ സ്ത്രീകൾക്കിടയിൽ 43 ശതമാനമാണ്. ജാതി വ്യത്യാസം പുരുഷന്മാരിലെ തൊഴിൽ പങ്കാളിത്ത നിരക്കിൽ കാര്യമായ അന്തരമുണ്ടാക്കുന്നില്ലെങ്കിലും പട്ടികജാതി സ്ത്രീകളിൽ 27 ശതമാനവും മുന്നാക്കവിഭാഗ സ്ത്രീകളിൽ 40 ശതമാനവുമാണ് തൊഴിൽ പങ്കാളിത്തനിരക്ക്. 18 വയസ്സിനു മുകളിലുള്ള വിദ്യാർഥികളിൽ 15 ശതമാനം പുരുഷന്മാർ പാർട്ട് ടൈം ജോലി ചെയ്യുമ്പോൾ സ്ത്രീകൾക്കിടയിൽ ഇത് നാലു ശതമാനം മാത്രമാണ്.
കുടുംബത്തിെൻറ വരുമാനസ്രോതസ്സ് പുരുഷന്മാരാണെന്ന കാഴ്ചപ്പാട് മാറി സ്ത്രീകൾക്കും പുരുഷന്മാർക്കും വീട്ടിലും സമൂഹത്തിലും തുല്യപങ്കാണെന്ന ചിന്തയിലേക്ക് എത്തുന്നതിനുള്ള ഇടപെടലുകൾ ഉണ്ടാകണമെന്ന നിർദേശമാണ് പഠനം മുന്നോട്ടുവെക്കുന്നത്.