blogs

ഒറ്റയ്ക്കല്ല, ഒരുമിച്ചാണ് നിലനില്പ്

ഈ ലോക പരിസ്ഥിതി ദിനത്തിൽ നമ്മുടെ ആവാസവ്യവസ്ഥയെ സുരക്ഷിതമായി നിലനിർത്തേണ്ട ആവശ്യകതയെക്കുറിച്ച് സി.എസ്.ഇ.എസ്. സീനിയർ റിസർച്ച് ഓഫീസർ ബിബിൻ തമ്പി എഴുതുന്നു

ആവാസ വ്യവസ്ഥയുടെ പുന:സ്ഥാപനം എന്നതാണ് 2021 ലെ ലോക പരിസ്ഥിതി ദിനത്തിന്റെ ചിന്താ വിഷയം. ആവാസ വ്യവസ്ഥകളുടെ തകർച്ച തടയുക, അവ പുന:സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്രസഭ അടുത്ത പത്തുവർഷത്തേക്ക് നടത്തുന്ന ക്യാമ്പയിന്റെ തുടക്കം കൂടിയാണ് ഈ ജൂൺ 5. സൂക്ഷ്മാണുക്കൾ ലോകത്തെ പിടിച്ചുലക്കുന്ന ഈ കാലഘട്ടത്തിൽ ഇത്തരമൊരു ചിന്ത കൂടുതൽ പ്രാധാന്യമർഹിക്കുന്നതാണ്. മാറിയ ലോക സാഹചര്യത്തിൽ ജൈവവൈവിധ്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കി അതു സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളിൽ സജീവമാകുക എന്ന ആഹ്വാനത്തോടെയാണ് കഴിഞ്ഞ വർഷം ലോക പരിസ്ഥിതി ദിനം ആചരിച്ചത്. അതിൽ നിന്നും കുറെക്കൂടി വിപുലമായ പദ്ധതിക്കാണ് ഈ വർഷം തുടക്കമിടുന്നത്.

ഈ ഭൂമിയിൽ ഏതെങ്കിലും ഒന്നിന് മാത്രമായി ആരോഗ്യത്തോടെ കഴിയാനാകില്ല എന്ന തിരിച്ചറിവിലാണ് ശാസ്ത്ര സമൂഹം. പർവതങ്ങൾ, വനങ്ങൾ, സമുദ്രങ്ങൾ, തടാകങ്ങൾ, നദികൾ, നീർത്തടങ്ങൾ, കൃഷിയിടങ്ങൾ, ജനവാസ പ്രദേശങ്ങൾ തുടങ്ങി വ്യത്യസ്തങ്ങളായ ആവാസ വ്യവസ്ഥകളാണ് നമുക്ക് ചുറ്റിലും ഉള്ളത്. കുറ്റിക്കാടുകളും, കുളങ്ങളും പോലെയുള്ള സൂക്ഷ്മ ആവാസ വ്യവസ്ഥകളും ഉണ്ട്. ചെറുതും വലുതുമായ ഈ ആവാസ വ്യവസ്ഥകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ ഒരോ ജീവജാലത്തിനും അതിന്റേതായ പങ്ക് വഹിക്കാനുണ്ട്. മുമ്പ് വനപ്രദേശങ്ങളായിരുന്ന ചില ഇടങ്ങൾ മരുഭൂമികളായോ, കൃഷി ഭൂമികളായോ, ജനവാസ കേന്ദ്രങ്ങളായോ ഒക്കെ മാറിയിരിക്കുന്നു; കുന്നുകളായിരുന്ന ഇടങ്ങൾ ഉപേക്ഷിക്കപ്പെട്ട ക്വാറികളായി പരിണമിച്ചിരിക്കുന്നു; തടാകങ്ങളും, കായലുകളും ഒക്കെ നികത്തപ്പെട്ട് കെട്ടിട സമുച്ചയങ്ങളായിരിക്കുന്നു. സമുദ്രം ദിനം പ്രതി മലിനമാക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

ജനസംഖ്യാസമ്മർദ്ദവും, വർധിച്ചു വരുന്ന വ്യവസായ ആവശ്യങ്ങളും, നഗരവൽക്കരണവുമൊക്കെ നമ്മുടെ വനപ്രദേശത്തിന്റെയും, വൃക്ഷാവരത്തിന്റെയും  ശോഷണത്തിന് കാരണമാകുന്നുണ്ട്. ഫോറസ്റ്റ് സർവെ ഓഫ് ഇന്ത്യ 1989ലെ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി സാറ്റലൈറ്റ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ രാജ്യത്തെ  വനാവരണ വിസ്തൃതി കണക്കാക്കിയപ്പോൾ അത് ഔദ്യോഗിക രേഖകൾ പ്രകാരമുള്ള വനവിസ്തൃതിയിൽ നിന്നും 11 മില്യൺ ഹെക്ടർ കുറവാണെന്ന് കണ്ടു. എന്നാൽ 2019 ലെ റിപ്പോർട്ട് പ്രകാരം നിരവധി പ്രവർത്തനങ്ങളുടെ ഭാഗമായി 7.2 മില്യൺ ഹെക്ടർ വനാവരണം തിരിച്ചു പിടിക്കാൻ നമുക്കായിട്ടുണ്ടെന്ന് കാണുന്നു. 1989 ലെ റിപ്പോർട്ടിൽ കേരളത്തിൽ കുറവ് രേഖപ്പെടുത്തിയിരുന്നത് ഔദ്യോഗിക രേഖകൾ പ്രകാരമുള്ള കണക്കിൽ നിന്നും 0.1 മില്യൺ ഹെക്ടർ വിസ്തൃതിയാണെങ്കിൽ 2019ലെത്തി നിൽക്കുമ്പോൾ കേരളം തിരിച്ച് പിടിച്ചതാകട്ടെ 1 മില്യൺ ഹെക്ടർ വനാവരണമാണ്. അതായത് രാജ്യത്തിന്റെ ആകെ വിസ്തൃതിയുടെ 1 ശതമാനം മാത്രം വരുന്ന കേരളത്തിലാണ് തിരിച്ചു പിടിച്ച വനാവരണത്തിന്റെ 15 ശതമാനത്തോളം വരുന്നത്. ആകെ വിസ്തൃതിയുടെ പകുതിയിലധികം ഭാഗവും വനാവരണമായി സൂക്ഷിക്കുന്ന കേരളത്തിന് ധനകാര്യ കമ്മീഷൻ പ്രത്യേക പരിഗണന നൽകേണ്ടതുണ്ട് എന്ന വാദം ആദ്യമായി മുന്നോട് വെച്ചത് CSES  ചെയർമാൻ പ്രൊഫ. കെ.കെ.ജോർജ്ജ്, കെ.കെ. കൃഷ്ണകുമാർ എന്നിവർ ചേർന്ന് നടത്തിയ ഒരു പഠനത്തിലായിരുന്നു. പതിനാലാം ധനകാര്യ കമ്മീഷൻ സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം തീരുമാനിക്കുന്നതിൽ വനാവരണത്തിന്റെ വിസ്തൃതി ഒരു മാനദണ്ഡമായി അംഗീകരിക്കുകയും ചെയ്തു. ഇതെല്ലാം സൂചിപ്പിക്കുന്നത് ആവാസ വ്യവസ്ഥയുടെ പുന:സ്ഥാപനം സാധ്യമാണ് എന്നും കേരളത്തിന് അതിനായി മുന്നിൽ നിന്ന് പ്രവർത്തിക്കാൻ കഴിയും എന്നാണ്. വിവിധങ്ങളായ ആവാസ വ്യവസ്ഥകൾ ദൈനം ദിനം മലിനീകരിക്കപ്പെടുന്നതായി മലിനീകരണ നിയന്ത്രണ  ബോർഡിന്റെ പഠനങ്ങളും വെളിപ്പെടുത്തുന്നുണ്ട്.

ആവാസ വ്യവസ്ഥകൾ മാറുന്നതിൽ വിവിധ ഘടകങ്ങൾ പ്രവർത്തിച്ചിട്ടുണ്ടാകാം. എന്നാൽ മനുഷ്യന്റെ സുഖാന്വേഷണത്തിന്റെ ഭാഗമായി മാറ്റിമറിക്കപ്പെട്ടവയാണ് ഇവയിൽ ഏറെയും. മാറ്റപ്പെട്ട എല്ലാ ആവാസ വ്യവസ്ഥകളേയും പഴയപടി ആക്കുക എന്നത് പ്രായോഗികമല്ല. എന്നാൽ മരുവൽക്കരിക്കപ്പെട്ട പലഭൂമികളിലും വനവൽക്കരണം സാധ്യമാണ്. വരണ്ട പല പുഴകളെയും വീണ്ടെടുത്ത അനുഭവങ്ങൾ നമുക്ക് മുന്നിലുണ്ട്. നല്ല പരിപാലനത്തിലൂടെ നീർത്തടങ്ങളെ സ‌മൃദ്ധമാക്കുന്നതിനും കഴിയും. മലിനീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ജലാശയങ്ങളെയും, കാടിനെയും, പ്രകൃതിയെയുമൊക്കെ ഒത്തുപിടിച്ചാൽ നമുക്ക് ഒരു പരിധി വരെയെങ്കിലും വീണ്ടെടുക്കാൻ കഴിയും.

നമുക്കോരുരുത്തർക്കും വ്യക്തിപരമായി ചെയ്യാൻ നിരവധി കാര്യങ്ങൾ ഉണ്ട്. ജലാശയങ്ങൾ, വനപ്രദേശങ്ങൾ, പൊതുവിടങ്ങൾ എന്നിവിടങ്ങളിലേക്ക് പ്ലാസ്റ്റിക് പോലെയുള്ള മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക എന്ന ഒറ്റ പ്രവൃത്തി കൊണ്ട് മാത്രം ആവാസ വ്യവസ്ഥയെ സംരക്ഷിക്കുന്നതിനുള്ള വലിയൊരു പ്രവർത്തനത്തിന്റെ ഭാഗമാകാൻ നമുക്ക് കഴിയും. നമ്മുടെ പുരയിടത്തിലെ  ജൈവമാലിന്യങ്ങളെ വളമാക്കി മണ്ണിലേക്ക് എത്തിക്കുക വഴിയും, പ്രദേശത്തിനനുയോജ്യമായ സസ്യജാലങ്ങളെ പരിപാലിക്കുക വഴിയും, മണ്ണ്, ജല സംരക്ഷണ പ്രവർത്തനങ്ങൾ ശാസ്ത്രീയമായി നടത്തുക വഴിയുമൊക്കെ ഈ പ്രവർത്തനങ്ങളെ കൂടുതൽ മികവാർന്നതാക്കി തീർക്കാൻ സാധിക്കും.

ഈ ഉത്തരവാദിത്തം കൂടുതൽ വിപുലമായി നടപ്പിലാക്കണം. അതിനായി വിവിധ തലങ്ങളിലുള്ള സർക്കാർ സംവിധാനങ്ങൾ, സന്നദ്ധ സംഘടനകൾ, പ്രൊഫഷണൽ കൂട്ടായ്മകൾ എന്നിവ സ്വന്തമായും സംയോജിതമായും നിരവധിയായ പ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ടതുണ്ട്. വികസന പ്രവർത്തനങ്ങളിൽ സംയോജിത നീർത്തടാധിഷ്ടിത വികസന സമീപനം സ്വീകരിക്കേണ്ടതിന്റെ പ്രധാന്യത്തിലേക്കും ഇത് വിരൽ ചൂണ്ടുന്നുണ്ട്. ഒമ്പതാം പഞ്ചവത്സര പദ്ധതി കാലം മുതൽ ഇതിനുള്ള ശ്രമങ്ങൾ കേരളത്തിൽ ആരംഭിച്ചെങ്കിലും വികസന പ്രവർത്തനങ്ങൾ മുഴുവനും നീർത്തടാധിഷ്ടിതമാക്കുന്നതിന് ഇനിയും കഴിഞ്ഞിട്ടില്ല. ഒമ്പതാം പദ്ധതി കാലയളവിൽ ബ്ലോക്ക് തലത്തിൽ നീർത്തടാധിഷ്ടിത അവലോകന രേഖ തയ്യാറാക്കുന്നതിൽ അത് അവസാനിച്ചു. ഗ്രാമ വികസന വകുപ്പിന്റെ കീഴിൽ നിരവധി നീർത്തട വികസന പരിപാടികൾ നടപ്പിലാക്കിയിട്ടുണ്ടെങ്കിലും പൊതു വികസന സമീപനത്തിൽ ഈ ഒരു സങ്കല്പം കൊണ്ടു വരുന്നതിന് ഇനിയും ശ്രമിക്കേണ്ടതുണ്ട്. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ആസൂത്രണവും, നിർവ്വഹണവും നീർത്തടാധിഷ്ഠിതമാക്കും എന്ന കേരള സർക്കാരിന്റെ പ്രഖ്യാപനം ഈ അവസരത്തിൽ പ്രത്യാശ ഉളവാക്കുന്നതാണ്. ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യം 2030ൽ (Sustainable Development Goal 2030) പതിനേഴാമത്തെ ലക്ഷ്യം, വ്യത്യസ്ത തലങ്ങളിലുള്ള സഹകരണം ആണ്. ആഗോള തലം മുതൽ പ്രാദേശിക തലം വരെ വ്യത്യസ്ത സംവിധാനങ്ങൾ ലക്ഷ്യ പൂർത്തീകരണത്തിനായി ഒരുമിക്കണമെന്ന് ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്യുന്നു.

ഏകാരോഗ്യം (One Health) എന്ന സങ്കല്പത്തിലാണ് ഇന്ന് ശാസ്ത്രലോകം എത്തി നിൽക്കുന്നത്. ഒരു ആവാസ വ്യവസ്ഥയിൽ ഏതെങ്കിലും ഒരു ജീവിക്ക് മാത്രമായി ആരോഗ്യത്തോടെ നിലനിൽക്കാൻ കഴിയില്ലെന്നും അതിനാൽ അവിടത്തെ ഓരോ ജീവ ജാലത്തിന്റെ ആരോഗ്യവും ജീവിത സാഹചര്യങ്ങളും സംരക്ഷിക്കപ്പെടേണ്ടത് മനുഷ്യന്റെ ആരോഗ്യത്തിനും, സമാധാനപൂർണമായ ജീവിതത്തിനും അത്യാവശ്യമാണ് എന്ന തിരിച്ചറീവിലാണ് ലോകം ഇന്നുള്ളത്. നല്ലൊരു നാളേക്കായി നാം ഒരോരുത്തരും ഈ ഭൂമുഖത്തെ ഓരോ ആവാസ വ്യവസ്ഥയെ സംരക്ഷിക്കേണ്ട ചെറുതും വലുതുമായ പ്രവർത്തനങ്ങളിൽ ഭാഗഭാക്കാകേണ്ട സമയമാണിത്.