blogs

ആരോഗ്യ പൂർണ്ണമായ മനസ്സും ശരീരവും ഉറപ്പാക്കാം…

ലോക മാനസികാരോഗ്യ ദിനത്തിൽ, മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഈ മേഖലയിൽ നിലനിൽക്കുന്ന തെറ്റായ ധാരണകളെക്കുറിച്ചും സാർവത്രികമായി ലഭ്യമാവേണ്ട മാനസികാരോഗ്യ സേവനങ്ങളെക്കുറിച്ചും സി.എസ്.ഇ.എസ്. റിസർച്ചറും ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ സൈക്കോ-സോഷ്യൽ സപ്പോർട്ട് ടീം അംഗവുമായിരുന്ന റംഷാദ് എം. എഴുതുന്നു.

കഴിഞ്ഞ ദിവസം ഒരു സുഹൃത്തുമായി സംസാരിക്കുന്നതിനിടെയാണ് കോവിഡാനന്തര കാലത്ത് മാനസികാരോഗ്യം വളരെ വ്യാപകമായി പൊതു സമൂഹം ചർച്ച ചെയ്യപ്പെടാൻ തുടങ്ങിയിരിക്കുന്നു എന്ന കാര്യം ശ്രദ്ധിക്കുന്നത്. തുടർച്ചയായ പ്രകൃതി ദുരന്തങ്ങളും കോവിഡ് കാലവും സമൂഹത്തിൽ പല തരത്തിലുമുള്ള ചർച്ചകൾക്കും തിരിച്ചറിവുകൾക്കും മാറ്റങ്ങൾക്കും കാരണമായിട്ടുണ്ട്. അത്തരത്തിലുള്ള ഒരു പ്രധാന കാര്യം തന്നെയാണ് മാനസികാരോഗ്യത്തിനു കിട്ടിയ ശ്രദ്ധയും. ശാരീരികാരോഗ്യം പോലെ തന്നെ മാനസികാരോഗ്യത്തിനു കൂടി പരിഗണന കൊടുക്കാൻ സർക്കാരും മറ്റ് സംവിധാനങ്ങളും തയ്യാറായാകുന്നതും കാണാൻ കഴിയുന്നു. അടുത്ത കാലത്ത് സിനിമാ മേഖലയിലും മറ്റുമായി പ്രവർത്തിക്കുന്ന പല പ്രമുഖരും അവരുടെ മാനസികാരോഗ്യത്തെക്കുറിച്ച് തുറന്ന് സംസാരിക്കാൻ തയ്യാറായത് കാണുകയുണ്ടായി. പൊതു സമൂഹത്തിൽ നിലനിലനിൽക്കുന്ന അസ്പൃശ്യതയെയും തെറ്റിധാരണകളെയും തിരുത്താൻ ഇത് സഹായിക്കും എന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം.

വളരെ വ്യാപകമായി തെറ്റിദ്ധരിക്കപ്പെട്ട ഒരു മേഖലയാണ് മാനസികാരോഗ്യ ചികിത്സ. വിദ്യാഭ്യാസപരമായും സാമൂഹികമായും മികച്ച നിലയിൽ പ്രവർത്തിക്കുന്നവർ പോലും ഇത്തരം തെറ്റിദ്ധാരണകളിൽ നിന്നും മുക്തരല്ല എന്നത് നമ്മുടെ മുന്നിലെ യാഥാർത്ഥ്യമാണ്. വളരെ രഹസ്യമായി മാത്രം ചെയ്യേണ്ട ഒന്നാണ് ഇന്ന് ഈ ചികിത്സ എന്ന പൊതു ബോധത്തിലാണ് ഇപ്പോഴും നമ്മുടെ സമൂഹമുള്ളത്. മാനസികാരോഗ്യത്തിൽ പിന്തുണ ആവശ്യമായവരെ ഒരു പ്രൊഫഷണൽ സഹായം സ്വീകരിക്കുന്നതിന് ഉപദേശിക്കുക എന്നത് നമ്മുടെ സമൂഹത്തിന് ശീലമാകേണ്ടതുണ്ട്.  

എന്താണ് മാനസികാരോഗ്യമെന്നും, എപ്പോഴാണ് ഒരാൾക്ക് മാനസികാരോഗ്യ സംരക്ഷണത്തിന് ഒരു പ്രൊഫഷണൽ പിന്തുണ ആവശ്യമായി വരുന്നതെന്നും നമ്മിൽ പലർക്കും അറിയില്ലെന്നത് ഒരു യാഥാർത്ഥ്യമാണ്. സൈക്കോളജിയും, സൈക്യാട്രിയും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് പോലും തിരിച്ചറിയാൻ കഴിയാത്ത സാമൂഹ്യ സാഹചര്യമാണ് നമുക്കുള്ളത്. ഇക്കാര്യത്തിൽ പൊതു സമൂഹത്തിൽ വലിയതോതിലുള്ള പ്രചാരണം നടക്കണം.

പരസ്പരം സംസാരിച്ചാലോ, കാര്യങ്ങൾ ഷെയർ ചെയ്താലോ, കൂടെ ഇരുന്നാലോ, യാത്രപോയാലോ, നല്ല സിനിമയോ സംഗീതമോ ആസ്വദിച്ചാലോ തീരുന്നതല്ല എല്ലാ മാനസികാരോഗ്യ പ്രശ്നങ്ങളും. ലോകാരോഗ്യ സംഘടന പറയുന്നത്, ഉറക്ക കുറവ്, തനിയെ സംസാരിക്കുക, കാരണമില്ലാതെയുള്ള ശാരീരിക രോഗം, വെപ്രാളം, അകാരണമായ സംശയവും ഭയവും, ദേഷ്യം, ഉത്കണ്ഠ, തനിയെ ചിരിക്കുക, സമൂഹത്തിൽ നിന്നും പിൻ‌വലിയൽ, മദ്യപാനസക്തി, ആത്മഹത്യ പ്രവണത, നെഞ്ചിടിപ്പ്, ഉന്മേഷക്കുറവ്, വിഷാദം തുടങ്ങിയവ പ്രശ്നങ്ങൾ രൂപപ്പെടാൻ തുടങ്ങിയാൽ നിർബന്ധമായും പ്രൊഫഷണൽ സഹായം തേടേണ്ടതാണ്.

പലപ്പോഴും ആത്മഹത്യാശ്രമം പോലുള്ള കടും ‌പ്രവർത്തികൾ ചെയ്യുന്നത് വരെയോ, പരിപൂർണ്ണ സൌഖ്യം സാധ്യമല്ലാത്ത വിധം ഏറ്റവും ഗുരുതരമായ സ്റ്റേജിൽ ആ വ്യക്തി എത്തിച്ചേരുന്നത് വരെയോ പ്രൊഫഷണൽ സഹായം നിഷേധിക്കപ്പെടുന്നതുമായ സംഭവങ്ങൾ നിരവധിയാണ്. മാനസികാരോഗ്യ പ്രശ്നങ്ങളെയെല്ലാം “മാനസിക വിഭ്രാന്തി”യായികാണുന്ന പൊതുബോധം തന്നെയാണ് ഇവിടെയും വില്ലനാവുന്നത്.

ശാരീരികാരോഗ്യ പരിചരണം എല്ലാവർക്കും ലഭ്യമാകുന്ന ഒരു സാഹചര്യം നമ്മുടെ സംസ്ഥാനത്ത് നിലവിലുണ്ട്. പക്ഷേ മാനസികാരോഗ്യത്തിന്റെ കാര്യത്തിൽ പരിപൂർണ്ണാർത്ഥത്തിൽ ഇത് ഇനിയും സാധ്യമായിട്ടില്ല. പൊതു ജനാരോഗ്യത്തിന്റെ ഭാഗമായി പല ശ്രമങ്ങൾക്കും സർക്കാർ തുടക്കമിട്ടെങ്കിലും (നിലവിൽ എല്ലാ ജില്ലകളിലും മാനസികാരോഗ്യ പരിപാടി സർക്കാർ നടപ്പിലാക്കിയിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെ സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിലും, താലൂക്ക് ആശുപത്രികളിലും മാനസികാരോഗ്യ ക്ലിനിക്കുകൾ പ്രവർത്തിക്കുന്നു. കൂടാതെ ആർദ്രം മിഷന്റെ ഭാഗമായി പ്രാഥമികാരോഗ്യ രംഗത്തും ചില ഇടപെടലുകൾക്ക് സർക്കാർ തുടക്കമിട്ടിരിക്കുന്നു)  അത് വേണ്ട വിധത്തിൽ പൊതുജന സ്വീകാര്യത നേടുന്നതിലും, സമൂഹ്യാവബോധത്തെ സൃഷ്ടിക്കുന്നതിലും നമ്മൾ ഒരുപാട് മുന്നേറേണ്ടതുണ്ട്. നമ്മുടെ തെറ്റായ കാഴ്ചപ്പാടിന്റെയും പ്രചാരണങ്ങളുടെയും ഭാഗമായി വ്യക്തികൾക്ക് അവരുടെ മാനസികാരോഗ്യം നിലനിർത്താനും സംരക്ഷിക്കാനും സാധിക്കാതെ വരുന്നത് ഗുരുതരമായ അവകാശ ലംഘനം തന്നെയാണ്. ഈ കാര്യത്തിൽ ഗൌരവതരമായ ചർച്ചകൾക്കും തുടർ പ്രവർത്തനങ്ങൾക്കും നാം തയ്യാറാവേണ്ടതുണ്ട്.

ഈ വർഷത്തെ അന്താരാഷ്ട്ര മാനസികാരോഗ്യ ദിനത്തിന്റെ സന്ദേശം “അസമത്വ ലോകത്തിലും മാനസികാരോഗ്യം ഉറപ്പ് വരുത്താം” എന്നതാണ്. ഈ സന്ദേശത്തെ പല തരത്തിൽ വായിക്കാമെങ്കിലും, നമ്മുടെ സംസ്ഥാനത്തിന്റെ സാഹചര്യത്തിൽ സൌകര്യങ്ങളുടെ അഭാവത്തെക്കാൾ വലിയ പ്രശ്നം പ്രൊഫഷണൽ സപ്പോർട്ടിലേക്ക് എത്തിച്ചേരാനുള്ള സാമൂഹ്യ സാഹചര്യമില്ലായ്മയാണ്. ഈ മേഖലയിലുള്ള ഭയവും ആശങ്കയും  മാറ്റുന്നതിനും, ഏതൊരാൾക്കും അവരുടെ സ്വകാര്യത ഉറപ്പാക്കികൊണ്ട് തന്നെ ആശ്രയിക്കാവുന്നതുമായ ഒരു സംവിധാനമാണ്, ദിശയുടെ ഭാഗമായി ആരംഭിച്ച “ഒറ്റയ്ക്കല്ല ഒപ്പമുണ്ട്” എന്ന ടെലി കൌൺസലിംഗ് പദ്ധതി. ഇത് വലിയൊരു വിജയമായിമാറി എന്ന കാര്യത്തിൽ ഒരു സംശയവുമില്ല, ഏറ്റവും സാധാരണക്കാരായ ആളുകളും, വിദ്യാർത്ഥികളും, വീട്ടമ്മമാരും, ദിവസ വേതനക്കാരും, വീട്ടിൽ ഒറ്റക്കായിപോയ മുതിർന്ന പൌരന്മാരും അടക്കം നിരവധി പേരോട് ഈ പദ്ധതിയുടെ ഭാഗമായി സംസാരിക്കാൻ കഴിഞ്ഞതും അവർക്ക് വേണ്ട പിന്തുണ നൽകാൻ കഴിഞ്ഞതും വളരെയധികം ആത്മസംതൃപ്തി നൽകിയ അനുഭവമാണ്. ഈ പദ്ധതി കോവിഡ് കാലത്ത് തുടക്കമിട്ടതാണെങ്കിലും ഇതിന്റെ പ്രാധാന്യം ഉൾക്കൊണ്ടു കൊണ്ട് ഇതിനു തുടർച്ചയുണ്ടാവേണ്ടതുണ്ട്, ഈ വർഷത്തെ അന്താരാഷ്ട്ര മാനസികാരോഗ്യ ദിന സന്ദേശം ഇതിനെ അടിവരയിടുന്നതാണ്. തീർച്ചയായും ഇത്തരം ഹെല്പ് ലൈനുകളും സാമൂഹ്യ പിന്തുണാ സംവിധാനങ്ങളും കൂടുതൽ വ്യാപകമാക്കേണ്ടതും ഏറ്റവും സാധാരണക്കാരിലേക്ക് എത്തിച്ചേരേണ്ടതുമുണ്ട്.