Press Release

അധികാരവികേന്ദ്രീകരണം കേരളത്തിന്റെ സാമൂഹിക വികസനത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തി: ഡോ. തോമസ് ഐസക്ക്

Published on 28-10-2020

1996-ൽ ജനകീയാസൂണത്തിലൂടെ കേരളത്തിൽ ശക്തിപ്പെട്ട അധികാര വികേന്ദ്രികരണം കേരളത്തിന്റെ വിവിധ വികസന മേഖലകളിൽ നിർണായക മാറ്റങ്ങൾ സൃഷ്ടിച്ചതായി സംസ്ഥാന ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് അഭിപ്രായപ്പെട്ടു. ഡോ.കെ. രാജേഷ് രചിച്ച “ലോക്കൽ പൊളിറ്റിക്ക്സ് ആന്റ് പാർട്ടിസിപ്പേറ്ററി പ്ലാനിംഗ് ഇൻ കേരള” (പ്രാദേശിക രാഷ്ട്രീയവും പങ്കാളിത്ത ആസൂത്രണവും കേരളത്തിൽ) എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെന്റർ ഫോർ സോഷ്യോ-ഇക്കണോമിക്ക് ആന്റ് എൻവയൺമെന്റൽ സ്റ്റഡീസ് (സി.എസ്.ഇ.എസ്.) ചെയർമാൻ പ്രൊഫസർ കെ.കെ. ജോർജ് പുസ്തകം ഏറ്റു വാങ്ങി.

കേരളത്തിന്റെ ജനകീയാസൂത്രണത്തിന്റെ പരിണാമത്തെ ദീർഘകാലാടിസ്ഥാനത്തിൽ അവലോകനം ചെയ്യാനുള്ള ഒരു ശ്രമമാണെന്ന് ഈ പുസ്തകമെന്ന് ഡോ. തോമസ് ഐസക്ക് വിലയിരുത്തി. ജനകീയാസൂത്രണത്തിന്റെ ക്യാമ്പയിൻ മോഡിൽ നിന്ന് തുടർന്നുവന്ന സർക്കാർ അവതരിപ്പിച്ച കേരള ഡെവലപ്പ്മെന്റ് പ്രോഗ്രാമിന്റെ ഇൻസ്റ്റിറ്റ്യൂഷണൽ മോഡിലേക്ക് കേരളത്തിന്റെ അധികാരവികേന്ദ്രീകരണ പ്രക്രിയ പരിവർത്തനം ചെയ്യപ്പെട്ടത് അധികാരവികേന്ദ്രീകരണത്തിലൂടെ വിഭാവനം ചെയ്ത ഗുണഫലങ്ങൾ പൂർണമായും സാക്ഷാത്ക്കരിക്കുന്നതിന് തടസ്സങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു ജനകീയപ്രസ്ഥാനം എന്ന നിലയിൽമാത്രമായി ഒരു പദ്ധതിയും മുന്നോട്ടു പോകില്ല, ഏതെങ്കിലും ഘട്ടത്തിൽ വ്യവസ്ഥാപിതമായാൽ മാത്രമേ ആ പദ്ധതിക്ക് തുടർച്ച കിട്ടുകയുള്ളൂ. ജനകീയാസൂത്രണത്തെ സംബന്ധിച്ച്, പക്ഷേ ആ മാറ്റം വളരെ നേരത്തെയായിപ്പോയി. ഇത് അധികാരവികേന്ദ്രീകരണപ്രക്രിയയിലെ ജനകീയപങ്കാളിത്തത്തിൽ കാര്യമായ കുറവുണ്ടാക്കി. ഗ്രാമസഭകളിലെ ജനപങ്കാളിത്തം കുറഞ്ഞു, ചർച്ചകളുടെ ഗൗരവം ചോർന്നു, ടാസ്ക്ക്ഫോഴ്സുകളുടെയും വിദഗ്ദ്ധസമിതികളുടെയും പ്രവർത്തനങ്ങൾ ദുർബലമായി, സന്നദ്ധപ്രവർത്തകരുടെ ഇടപെടലുകൾ ഇല്ലാതായി. ഭരണമാറ്റങ്ങൾ, ജനകീയാസൂത്രണപ്രസ്ഥാനവുമായി ബന്ധപ്പെട്ട് ബോധപൂർവം ഉയർത്തിയ വിവാദങ്ങൾ തുടങ്ങിയവ കേരളത്തിന്റെ അധികാരവികേന്ദ്രീകരണപ്രക്രിയയെ ദുർബലപ്പെടുത്തിയിട്ടുണ്ടെന്നുള്ള നിരീക്ഷണവും ഡോ. തോമസ് ഐസക്ക് പങ്കുവെച്ചു.

എന്നാൽ ഈ പരിമിതികൾക്കെല്ലാമപ്പുറം ഇരുപത്തഞ്ചു വർഷത്തെ അധികാരവികേന്ദ്രീകരണാനുഭവങ്ങൾ കേരളീയസമൂഹത്തിൽ അഭിമാനകരമായ മാറ്റങ്ങൾക്ക് കാരണമായിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗ്രാമസഭകളിലെ ഹാജർ മാത്രമല്ല ജനകീയ പങ്കാളിത്തം വിശകലനം ചെയ്യാനുള്ള ഏകമാനദണ്ഡം. ഗ്രാമസഭകൾക്ക് പുറമെ ജനപങ്കാളിത്തത്തിന്റെ മറ്റൊരുപാട് വേദികൾ സൃഷ്ടിക്കാൻ കേരളത്തിന്റെ അധികാരവികേന്ദ്രീകരണപ്രക്രിയയ്ക്കായി. ഇത്തരം വേദികൾ ഇന്നും ഒരുപരിധി വരെ സജീവമായി ഇടപെടലുകൾ നടത്തുന്നുമുണ്ട്. ഔപചാരിക രാഷ്ട്രീയ-അധികാര ഘടനകൾക്ക് പുറത്തുള്ള പൗരസംഘടനകൾക്ക് തങ്ങൾക്ക് താല്പര്യമുള്ള മേഖലകളിൽ ഇടപെടുന്നതിനുള്ള വിപുലമായ ഇടം ഒരുക്കിയെന്നതാണ് കേരളത്തിന്റെ അധികാരവികേന്ദ്രീകരണപ്രക്രിയയുടെ ഏറ്റവും വലിയ നേട്ടം. അതുകൊണ്ടു തന്നെ അധികാ‍രവികേന്ദ്രീകരണപ്രക്രിയയ്ക്ക് വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സാമൂഹ്യമേഖലകളിൽ കേരളം നടത്തിയ കുതിച്ചുചാട്ടത്തിൽ വലിയ പങ്കുണ്ടെന്ന് കൂടി അദ്ദേഹം നിരീക്ഷിച്ചു.

ഉല്പാദനരംഗത്തെ നിശ്ചലതയെയും, സാമൂഹ്യസേവന മേഖലകളിലെ ഗുണമേന്മയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെയും മറികടക്കാൻ കേരളത്തിന്റെ അധികാരവികേന്ദ്രീകരണപ്രക്രിയയ്ക്ക് സാധിച്ചിട്ടുണ്ടെന്ന് പുസ്തകം പരിചയപ്പെടുത്തിക്കൊണ്ട് പ്രമുഖ ചരിത്രകാരനും കേരള ചരിത്ര ഗവേഷണ കൗൺസിൽ ചെയർമാനുമായ പ്രൊഫസർ പി.കെ. മൈക്കൾ തരകൻ പറഞ്ഞു. എന്നാൽ സംസ്ഥാനത്തിന്റെ അധികാരവികേന്ദ്രീകരണഘടന ഇനിയും കൂടുതൽ ജനാധിപത്യവൽക്കരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സെന്റർ ഫോർ സോഷ്യോ-ഇക്കണോമിക്ക് ആന്റ് എൻവയൺമെന്റൽ സ്റ്റഡീസും, കളമശേരി സെന്റ് പോൾസ് കോളേജ് എക്കണോമിക്സ് വിഭാഗവും സംയുക്തമായാണ് ഓൺലൈൻ പ്രകാശന ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങിൽ   സെന്റ് പോൾസ്  കോളേജ് സാമ്പത്തിക ശാസ്ത്രം മേധാവി ഡോ. ജസ്റ്റിൻ ജോർജ് സ്വാഗതവും, സി.എസ്.ഇ.എസ്  സീനിയർ ഫെലോ കെ.കെ. കൃഷ്ണകുമാർ നന്ദിയും പറഞ്ഞു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ശ്രീ. എ.പി. മുരളീധരൻ ആശംസകൾ അറിയിച്ചു.