This report was published in Deshabhimani daily on 16.05.2024
അതി ദരിദ്ര കുടുംബങ്ങളായി സംസ്ഥാന സർക്കാർ കണ്ടെത്തിയിട്ടുള്ള കുടുംബങ്ങളിൽ നാലിലൊന്നിലും മാനസിക രോഗമുള്ള ഒരംഗമുണ്ടെന്ന് കൊച്ചിയിലെ സെന്റർ ഫോർ സോഷ്യോ എക്കണോമിക് ആന്റ് എൻവയൺമന്റൽ സ്‌റ്റഡീസ് (CSES) നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിലുള്ളവരുടെ ആരോഗ്യ സംരക്ഷണത്തിന്റെ അപര്യാപ്തത ഈ കുടുംബങ്ങൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമാണെന്നും പഠനം പറയുന്നു.
ഗവേഷകരായ അതുൽ എസ് ജി, ഡോ. എൻ അജിത് കുമാർ, ഡോ. പാർവതി സുനൈന, നാഗരാജൻ ആർ ദുരൈ, ബിബിൻ തമ്പി എന്നിവരാണ് പഠനം നടത്തിയത്. തിരഞ്ഞെടുത്ത മൂന്ന് ഗ്രാമപഞ്ചായത്തുകളിൽ ഫീൽഡ് വർക്കിനെ അടിസ്ഥാനമാക്കിയായിരുന്നു പഠനം. അതി ദരിദ്ര കുടുംബങ്ങൾ ഏറ്റവും കൂടുതലുള്ളതും ഗണ്യമായ ആദിവാസി ജനസംഖ്യയുള്ളതുമായ വടക്കൻ കേരളത്തിലെ പനമരം, തെക്കൻ കേരളത്തിലെ ഗണ്യമായ മത്സ്യത്തൊഴിലാളി ജനസംഖ്യയുള്ള ആലപ്പാട്, മധ്യകേരളത്തിലെ നഗരസാമീപ്യമുള്ള ഗ്രാമപഞ്ചായത്തായ അശമന്നൂർ എന്നിവിടങ്ങളിലായിരുന്നു പഠനം.
മാനസികരോഗം ഉള്ളവർ പൊതുവെ തൊഴിൽ ചെയ്യുന്നവരല്ല. അതി ദാരിദ്ര്യ നിർമാർജനത്തിനായി നിലവിലുള്ള പദ്ധതികളിൽ ഈ പ്രശ്നം പരിഹരിക്കുന്നതിന് വളരെ പരിമിതമായ വ്യവസ്ഥകളാണുള്ളത്. അതി ദരിദ്രരുടെ ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾ പരിഹരിക്കുന്നതിനുള്ള സംരംഭങ്ങളിൽ മാനസികരോഗങ്ങൾ വളരെ അപൂർവമായി മാത്രമേ പരിഗണിക്കപ്പെടുന്നുള്ളൂവെന്ന് തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പഠനസംഘത്തോട് പറഞ്ഞു.
വീട്ടിൽ മനസികരോഗമുള്ളവർ ഉണ്ടാകുമ്പോൾ, മറ്റ് അംഗങ്ങളുടെ പരിചരണ ചുമതലകൾ വർധിക്കുകയാണ്. ഇതുകാരണം നിരവധി സ്ത്രീകളാണ് ജോലി ഉപേക്ഷിക്കേണ്ടിവരുന്നതെന്നും പഠനത്തിൽ കണ്ടെത്തി. പരിചരിക്കുന്നവർ പ്രായമായ മാതാപിതാക്കൾ ആയിരിക്കുമ്പോൾ സ്ഥിതി കൂടുതൽ വഷളാകുന്നു. പരിചരിക്കുന്നവരുടെ മരണം ഈ വിഭാഗത്തിലുള്ള ജനങ്ങളെ പലപ്പോഴും ഒറ്റയ്ക്കാക്കുന്നു.
അതി ദരിദ്ര കുടുംബങ്ങളിലെ മറ്റംഗങ്ങൾക്ക് പുറത്തുള്ളവരിൽ നിന്ന് ലഭിക്കുന്ന പിന്തുണ മാനസിക രോഗമുള്ള അംഗങ്ങൾക്ക് ലഭിക്കുന്നില്ലെന്നും പഠനം വ്യക്തമാക്കുന്നു. മനസികരോഗമുള്ളവരുടെ ആരോഗ്യ സംരക്ഷണത്തിന്റെ അപര്യാപ്തത ഈ കുടുംബങ്ങൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമാണ്. പ്രശ്‌നത്തെ അംഗീകരിക്കാനുള്ള മടിയും പരിചരണം തേടുന്നതിൽ ഉണ്ടാകുന്ന കാലതാമസവും ആരോഗ്യസ്ഥിതി വഷളാകുന്നതിന് കാരണമാകുന്നു. മാനസിക രോഗത്തെക്കുറിച്ചും മാനസിക രോഗമുള്ളവരെ എങ്ങനെ പരിപാലിക്കാമെന്നതിനെക്കുറിച്ചും സമൂഹത്തിൽ കൃത്യമായ അവബോധം ഉണ്ടാകേണ്ടതാണ് ഇതിന്റെ പരിഹാരം.
കുടുംബാരോഗ്യകേന്ദ്രങ്ങൾ (എഫ്എച്ച്‌സി) മുഖേന നടപ്പിലാക്കുന്ന ഡിപ്രഷൻ സ്‌ക്രീനിംഗ് ആന്റ് മാനേജ്മെന്റ് പ്രോഗ്രാമായ ‘ആശ്വാസം’ഇത്തരത്തിലുള്ള പദ്ധതിയാണ്. ഇതിലൂടെ മാനസികാരോഗ്യ പ്രശ്‌നങ്ങൾ സംശയിക്കുന്ന കേസുകളെ ആശാവർക്കർക്ക് അറിയാനാകും. മരുന്നുകളുടെ വിതരണം, കൂടുതൽ ചികിത്സവേണ്ടവരെ റഫർ ചെയ്യൽ, ചികിത്സാ പിന്തുണയോടെയുള്ള സ്ക്രീനിംഗും രോഗനിർണയവും തുടങ്ങിയവ പദ്ധതിയിൽ ഉൾപ്പെടുന്നു.